Pages

Thursday, February 28, 2019

സന്തോഷം സന്തോഷം

             എന്റെ വീട്ടില്‍ ഒരു അപ്രഖ്യാപിത മത്സരം നടക്കുന്നുണ്ട്. സമ്മാനങ്ങള്‍ നേടുന്നതിലുള്ള മത്സരമാണത്. ഞാനും എന്റെ മൂന്ന് മക്കളുമാണ് മത്സരാര്‍ത്ഥികള്‍. കട്ടക്ക് കട്ട മത്സരം തന്നെ നടക്കുന്നതിനാല്‍ പുതിയതായി പണി കഴിപ്പിച്ച ഷോകേസും നിറഞ്ഞു കഴിഞ്ഞു ! മക്കളും ഞാനും കൂടി ഇതുവരെ അതില്‍ എത്തിച്ചിരിക്കുന്നത് 144 ഓളം മെമെന്റോകളും ട്രോഫികളും ഷീല്‍ഡുകളും ഫലകങ്ങളും ! മക്കള്‍ ഇപ്പോഴും മത്സരങ്ങളില്‍ പങ്കെടുക്കുന്നു , ഞാനും എനിക്ക് കഴിയുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നു.

               ഏറ്റവും ഇളയവളായ ലൂന മോള്‍ മത്സരക്കളത്തില്‍ ഇറങ്ങിത്തുടങ്ങിയിട്ടേ ഉള്ളൂ. രണ്ട് മാസം മുമ്പ് ബാലഭൂമിയുടെ മത്സരത്തില്‍ അവള്‍ക്ക് സമ്മാനം കിട്ടിയത് ഇവിടെ ഞാന്‍ പറഞ്ഞിരുന്നു.  ദിവസങ്ങള്‍ക്ക് മുമ്പ് ബാലഭൂമിയിലൂടെത്തന്നെ അവള്‍ക്ക് വീണ്ടും സമ്മാനം കിട്ടി. ഇത്തവണ അടിക്കുറിപ്പ് മത്സരത്തിനായിരുന്നു സമ്മാനം. 2007ല്‍ മനോരമയുടെ ഒരു അടിക്കുറിപ്പ് മത്സരത്തില്‍ ഞാനും സമ്മാനാര്‍ഹന്‍ ആയിരുന്നു ! പിന്നീടും നിരവധി അടിക്കുറിപ്പ് മത്സരങ്ങളില്‍ ഞാന്‍ പങ്കെടുത്തെങ്കിലും സമ്മാനം കിട്ടിയത് ക്വിസ് മത്സരത്തിലായിരുന്നു !

               മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ലൂനമോള്‍ക്ക് ബാലഭൂമിയില്‍ നിന്നുള്ള ആദ്യസമ്മാനമായ ഇന്‍സ്ട്രുമെന്റ് ബോക്സ് ഇന്ന് കിട്ടി. അവള്‍ക്ക് ഉപകാരപ്പെടില്ലെങ്കിലും എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ പോകുന്ന രണ്ടാമത്തെ മോള്‍ ലുഅക്ക് പുത്തന്‍ ബോക്സ് ആയി !!
             ദേ പിന്നാലെ എനിക്കും കിട്ടി അടുത്തത് !!

(66)+ (46) + (21)

ചാലിയാർ (എന്റെ അരീക്കോട് - 3)

             പുഴ ഒരു നാടിന്റെ ജീവനാഡിയാണ് എന്നതിൽ എനിക്ക് സംശയമില്ല. കാരണം കുന്നിൻ മുകളിലുള്ള എന്റെ പുരയിടത്തിലെ 22 കോൽ താഴ്ചയുള്ള കിണറിൽ വെള്ളം പൊങ്ങുന്നതും താഴുന്നതും പുഴയിലെ വെള്ളത്തിന്റെ ലെവലിനസരിച്ചായിരുന്നു. ഇപ്പോൾ പുഴയിലെ വെള്ളം ഒരു സ്ഥിരം ലെവലിൽ ആയതിനാൽ കിണറിലെ വെള്ളവും സ്ഥിരമാണ്. പുഴക്കരയിലെ മിക്ക വീട്ടിലെയും കിണറുകളുടെയും സ്ഥിതി ഇതു തന്നെയായിരിക്കും.

             കുട്ടിക്കാലത്ത് ചാലിയാറിന്റെ തീരത്തെ മണൽ‌പരപ്പിൽ ഞങ്ങൾ പല കളികളും കളിച്ചിരുന്നു. ഫുട്ബാൾ തന്നെയായിരുന്നു അതിൽ പ്രധാനം. മണൽ‌പരപ്പിൽ ഓടിക്കളിച്ചവന് പിന്നീട് ഗ്രൌണ്ടിൽ കളിക്കുമ്പോൾ ക്ഷീണം തോന്നുകയില്ല എന്ന് അന്ന് പറയാറുണ്ടായിരുന്നു. അന്ന് അതിന്റെ പൊരുൾ അറിഞ്ഞിരുന്നില്ല. മണലിൽ ഓടാൻ കൂടുതൽ ഊർജ്ജം വേണമെന്നും ഗ്രൌണ്ടിൽ ഓടാൻ അത്രയും ഊർജ്ജം ആവശ്യമില്ലെന്നും, അതിനാലാണ് അങ്ങനെ പറഞ്ഞിരുന്നത് എന്നും കാലം പിന്നിട്ടപ്പോൾ മനസ്സിലായി.

              അക്കാലത്ത് ചാലിയാർ സുന്ദരിയായിരുന്നു. വിശാലമായ മണൽ‌പരപ്പും തെളിഞ്ഞ വെള്ളവും ഇരു കരയിലും ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും നീലാകാശവും കൂടി സൃഷ്ടിക്കുന്ന ഫ്രെയിം ഹൃദ്യമായ ഒരു കാഴ്ച തന്നെയായിരുന്നു. തടയണ വന്നതിനാൽ കെട്ടി നിർത്തപ്പെട്ട ഇന്നത്തെ വെള്ളത്തിന് ഒരു തരം കറുത്ത പച്ച നിറമാണ്.കരയുടെ അടുത്ത് പോലും  നദിയുടെ അടിത്തട്ട് കാണാൻ സാധിക്കില്ല. മണൽ‌പരപ്പ് ചില സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു.

            അടുത്തിടെ ഞാൻ പെങ്ങളുടെ മകനെയും എന്റെ കുഞ്ഞു മോനെയും കൂട്ടി ചാലിയാറിൽ ഒന്നിറങ്ങി. കരയിൽ മരത്തോട് ബന്ധിപ്പിച്ച കുഞ്ഞുതോണി എന്നെ പഴയ പല ഓർമ്മകളിലേക്കും കൊണ്ടുപോയി. അമ്മാവന്റെ അടുത്ത് നിന്ന് കിട്ടിയ ഒരു അനുഭവം പെട്ടെന്ന് മനസ്സിലൂടെ കടന്നുപോയി. തോണിയുടെ ആ ഫ്രെയിം ക്യാമറയിൽ ഒന്ന് പകർത്താൻ  തോന്നി. കുട്ടികളെ തോണിയിൽ കയറ്റി ഇരുത്തി ഞാൻ ഒരു ഫോട്ടോ എടുത്തു. ചാലിയാർ വീണ്ടും ഫോട്ടോയിൽ സുന്ദരിയായി. 
            കുട്ടികളെയും കൊണ്ട് മുമ്പ് പലസമയത്തും ചാലിയാറിന്റെ സൌന്ദര്യം ആസ്വദിക്കാനും കാറ്റ് കൊണ്ടിരിക്കാനും പോയിട്ടുണ്ട്. അന്ന് മൊബൈൽ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഇല്ലാത്തതിനാൽ അവ ഒന്നും പകർത്താൻ സാധിച്ചിരുന്നില്ല.
           ഇരുട്ട് പടരാൻ തുടങ്ങി. ചാലിയാറിന് അതിന്റെ യഥാർത്ഥ സൌന്ദര്യം തിരിച്ച് കിട്ടുന്ന നല്ല ദിനം സ്വപ്നം കണ്ട് ഞാൻ നദിയിൽ നിന്നും കയറി.

Tuesday, February 26, 2019

തൊട്ടുകളി

              കളിക്കാരുടെ എണ്ണം വളരെ കൂടുമ്പോഴും വളരെ കുറയുമ്പോഴും കളിക്കുന്ന ഒരു കളിയാണ് തൊട്ടുകളി. കളിക്കാനുള്ളവർ മുഴുവൻ അണിനിരന്ന് ഒന്ന് , രണ്ട് എന്നിങ്ങനെ എണ്ണിത്തുടങ്ങും. മിക്കവാറും പത്ത് എന്ന് എണ്ണുന്നവൻ ‘കള്ളൻ’ ആവും. അതായത് മറ്റുള്ളവരെ ഓടിത്തൊടേണ്ടത് അവനാണ്.

              എണ്ണിക്കഴിയുന്നതോടെ തന്നെ കളി ആരംഭിക്കുകയായി. ‘കള്ളൻ’ ഓരോരുത്തരുടെയും പിന്നാലെ ഓടും. മുടിയിലോ ഷർട്ടിലോ തൊട്ടാൽ തൊട്ടതായി പരിഗണിക്കില്ല.അതായത് തൊട്ടു എന്ന് തൊടപ്പെട്ടയാൾക്ക് ഫീൽ ചെയ്യണം. അത് പലപ്പോഴും തർക്കത്തിന് ഇടയാക്കുന്നതിനാൽ ‘കള്ളൻ’ പുറത്ത് അടിക്കുകയാണ് ചെയ്യാറ്‌. അടിയുടെ ശക്തി കൂടിയാൽ കളി അടിപിടിയിൽ കലാശിക്കാനും അത് മതി.

              ഒരാളെ തൊടുന്നതോട് കൂടി കള്ളൻ മാറി. പുതിയ കള്ളൻ അപ്പോൾ തന്നെ ‘ചാർജ്ജെ‘ടുക്കും. തൊട്ടടുത്ത് നിൽക്കുന്നവന്റെ പിന്നാലെ ഓടാൻ തുടങ്ങും. വെട്ടിച്ച് ഓടാൻ കഴിയുന്നവനും സ്പീഡിൽ ഓടാൻ കഴിയുന്നവനും പല കളികളിലും ഒരിക്കൽ പോലും കള്ളനാവാറില്ല. അത് കളിയിൽ ഒരു ക്രെഡിറ്റ് ആണ്. എന്നാൽ ചിലർ സ്ഥിരം കള്ളൻ ആയിക്കൊണ്ടേ ഇരിക്കും. അത്തരക്കാർക്ക്, സഹതാപം കൊണ്ട് മാത്രമേ പിന്നെ രക്ഷയുള്ളൂ. അതായത് എല്ലാവരും തീരുമാനിച്ച് കൊണ്ട് അയാളെ ഇനിയും തൊടുന്നത് വിലയ്ക്കണം. അല്ലെങ്കിൽ അയാൾക്ക് വേണ്ടി മറ്റൊരാൾ കുരിശ് ഏറ്റെടുക്കണം.അതുമല്ലെങ്കിൽ ആരെങ്കിലും അയാൾക്ക് തൊടാൻ നിന്ന് കൊടുക്കണം.

             തൊടാൻ നിന്ന് കൊടുക്കുന്നത് കളി നിയമ പ്രകാരം ശിക്ഷാർഹമാണ്. അത് പലപ്പോഴും ഇഷ്ടക്കാരന് വേണ്ടി ആണ് നിന്നു കൊടുക്കുന്നത് എന്നതു കൊണ്ടാണത്. കളിയിൽ എല്ലാവരും തുല്യരായതിനാൽ സ്വജനപക്ഷപാതവും സ്വവർഗ്ഗപ്രേമവും ഒന്നും ഭൂഷണമല്ല എന്ന് കളികളിൽ കൂടി അന്ന് ഞങ്ങൾ പഠിച്ചിരുന്നു. എന്നാൽ ഒരാൾ വളരെയധികം ഓടി തളർന്ന് കഴിഞ്ഞാൽ അയാൾക്ക് തൊടാൻ നിന്ന് കൊടുക്കാം.

             കളിക്കിടയിൽ അല്പം വിശ്രമിക്കാനോ വെള്ളം കുടിക്കാനോ മറ്റെന്തെങ്കിലും ആവശ്യം നിറവേറ്റാനോ ഷോർട്ട് ബ്രേക് എടുക്കാവുന്നതാണ്. ‘എനിക്കായിട്ടില്ല’ എന്ന് പറഞ്ഞായിരുന്നു ഞങ്ങളുടെ കാലത്ത് ഈ ഷോർട്ട് ബ്രേക് എടുത്തിരുന്നത്. എന്നാൽ ഇന്ന് “സുല്ല്” എന്ന് പറഞ്ഞാണ് ഷോർട്ട് ബ്രേക് എടുക്കുന്നത്. തൊടാൻ വേണ്ടി ഓടി അടുത്ത് എത്തുമ്പോൾ സുല്ല് വിളിക്കുന്ന വിരുതൻമാരുണ്ട്. ഇതും പലപ്പോഴും തർക്കങ്ങൾക്കും കളി തടസ്സപ്പെടുത്താനും കാരണമാകാറുണ്ട്.

             തൊട്ടുകളി യഥാർത്ഥത്തിൽ സ്റ്റാമിനയുടെ ഒരു പരീക്ഷണം കൂടിയാണ്. പെട്ടെന്ന് ക്ഷീണിക്കുന്നവർക്ക് ഇത് ഒട്ടും അനുയോജ്യമല്ല. ഒരു തൊട്ടുകളി കഴിഞ്ഞാൽ തല മുതൽ പാദം വരെ വിയർപ്പിൽ മുങ്ങി ആയിരുന്നു ഞങ്ങളിൽ പലരും കര കയറിയിരുന്നത്. ആണും പെണ്ണും എല്ലാം ഒരുമിച്ചായിരുന്നു കളിച്ചിരുന്നതും. സ്കൂളിൽ തൊട്ടുകളി പെൺകുട്ടികളുടെ മാത്രം കളിയാണ്. നീന്തൽ വശമുള്ളവർ പുഴയിലും തൊട്ടുകളി കളിച്ചിരുന്നു.

             ഇന്ന് ഇതിന്റെ വകഭേദങ്ങൾ പലതും കാണുന്നുണ്ടെങ്കിലും എന്റെ കുട്ടിക്കാലത്തെ തൊട്ടുകളി ഏകദേശം അന്യം നിന്നു കഴിഞ്ഞു.

Saturday, February 23, 2019

ബാപ്പയുടെ മകൻ

             അരീക്കോട് പാലം ഉത്ഘാടനം ചെയ്യപ്പെടുന്നതിന് മുമ്പ് കോഴിക്കോട്ടേക്ക് പോയിരുന്നത് കൊണ്ടോട്ടി വഴി മാത്രമായിരുന്നു (ഇന്ന് കോഴിക്കോട്ടേക്ക് ആരും പോകാത്ത വഴിയും അതു തന്നെ!). വേനലവധിക്കാലത്ത് ബാപ്പയുടെ നാടായ നൊച്ചാട്ടേക്ക് ഞങ്ങൾ പോയിരുന്നത് അതു വഴിയായിരുന്നു. ഈ  യാത്രയില്‍ കോഴിക്കോട് കഴിഞ്ഞാല്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു സ്ഥലപ്പേരാണ് അത്തോളി.ഇടുങ്ങിയ റോഡ് എത്തുമ്പോള്‍ മനസ്സിലാക്കാം അത്തോളി എത്തി എന്ന്. എന്റെ കുട്ടിക്കാലത്തെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന (മഞ്ചേരിയുടെ എം.എല്‍.എ യും) സി.എച്.മുഹമ്മദ് കോയയുടെ ജന്മനാട് കൂടിയായിരുന്നു അത്തോളി. എന്റെ പിതാവിന്റെ അദ്ധ്യാപക ജീവിതം ആരംഭിക്കുന്നതും അത്തോളിയില്‍ നിന്നാണെന്ന് മുമ്പെന്നോ ബാപ്പ പങ്കു വച്ചതായി  ഞാന്‍ ഓര്‍ക്കുന്നു.

             പല നാടുകളുടെയും മുഖഛായ മാറിയപോലെ അത്തോളിയും മാറി. പക്ഷെ റോഡ് ഇന്നും ഇടുങ്ങിയത് തന്നെ. അതിനാൽ അത്തോളി എത്തുന്നത് പെട്ടെന്ന് അറിയാൻ ഇന്നും സാധിക്കും. റോഡ് വക്കിൽ തന്നെയുള്ള ഹൈസ്കൂളിന്റെ ഗേറ്റിന് മുമ്പിൽ തന്നെയാണ് ബസ്‌സ്റ്റോപ്പും. ബാപ്പയുടെ അദ്ധ്യാപകാരങ്ങേറ്റം നടന്ന സ്കൂൾ പലതവണ ബസ്സിലിരുന്ന് കണ്ടിരുന്നു. ബാപ്പ ജീവിച്ചിരുന്ന സമയത്തും പിന്നീടും ഈ സ്കൂളിനെപ്പറ്റി അധികം കാര്യങ്ങൾ പറയാത്തതിനാൽ അവിടെ സന്ദർശിക്കാൻ ഇന്നുവരെ തോന്നിയതേ ഇല്ല.

          ദിവസങ്ങൾക്ക് മുമ്പ് എന്റെ സഹപ്രവർത്തകയും അത്തോളി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ സൽമ ടീച്ചർ ഒരു ചെറിയ ആവശ്യവുമായി എന്നെ സമീപിച്ചു.സ്കൂളിലെ സയൻസ് - ഐ ടി ക്ലബുകളിലെ അംഗങ്ങൾക്ക് വേണ്ടി ഒരു മോട്ടിവേഷൻ ക്ലാസ് എടുക്കണം.പൂർവ്വ വിദ്യാർത്ഥീ സംഘടനകൾക്കാണ് ഇത്തരം സംഗതികൾ അറേഞ്ച് ചെയ്യാനുള്ള ചുമതല നൽകിയിരിക്കുന്നത്.

        പ്ലസ് വണ്ണിന് താഴെയുള്ള കുട്ടികൾക്ക് ക്ലാസെടുത്തുള്ള പരിചയം വളരെ കുറവായതിനാൽ ചെറിയൊരു ആശങ്കയോടെയാണ് ഞാൻ അത് ഏറ്റെടുത്തത്. കുട്ടികൾക്ക് ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ‘ഷാഹിനയുടെ സ്കൂൾ’ എന്ന പുസ്തകം വായിച്ച പരിചയത്തിൽ നിന്നും ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. സയൻസിന് ദൈനംദിന ജീവിതവുമായിട്ടുള്ള ബന്ധത്തിലൂന്നി അല്പം നർമ്മത്തോടെ അവതരിപ്പിച്ചാൽ കുട്ടികളെ പിടിച്ചിരുത്താൻ സാധിക്കും എന്നതായിരുന്നു അതിൽ പ്രധാനം.

           അങ്ങനെ തികച്ചും യാദൃശ്ചികമായി, ബാപ്പ അരങ്ങേറ്റം നടത്തിയ  അതേ സ്കൂളില്‍,  അത്തോളിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഞാനും ഈ രംഗത്ത് അരങ്ങേറ്റം നടത്തി. ഉച്ചക്ക് ശേഷമായിട്ടും ഒന്നര മണിക്കൂറോളം കുട്ടികളെ ഉണർത്തിയിരുത്താൻ സാധിച്ചു. ക്ലാസിന് ശേഷം, കുട്ടികൾക്കും അദ്ധ്യാപകർക്കും ഉണ്ടായ സംശയങ്ങൾക്ക് മറുപടിയും നൽകി. വർഷങ്ങളായി എൻ.എസ്.എസ് മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കുന്ന എനിക്കും ഈ വ്യത്യസ്തത ഇഷ്ടപ്പെട്ടു.
അവസരം ഒരുക്കി തന്ന സൽമ ടീച്ചർക്കും, സ്കൂളധികൃതർക്കും, സാകൂതം ശ്രദ്ധിച്ച പ്രിയപ്പെട്ട മക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.

Wednesday, February 20, 2019

റോബിന്‍‌ഹുഡ്

             R L Green എഴുതിയ Adventures of Robin Hood എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ സംഗൃഹീത പുനരാഖ്യാനം (അതെന്താണാവോ?) ആണ് “റോബിന്‍‌ഹുഡ്“ എന്ന പുസ്തകം. 2013 ഡിസംബർ മാസത്തിൽ എന്റെ രണ്ടാമത്തെ മകൾ ലുഅ അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോൾ അവൾക്ക് വായിക്കാനായി അനിയൻ സമ്മാനിച്ച പുസ്തകങ്ങളിൽ ഒന്നായിരുന്നു ഇത്.

           റോബിന്‍‌ഹുഡ് കഥകളിൽ ഏറ്റവും പ്രശസ്തമായത് എന്നാണ് ആമുഖത്തിൽ ആർ.എൽ.ഗ്രീനിന്റെ പുസ്തകത്തെപ്പറ്റി പറയുന്നത്. ധനികരെ കൊള്ളയടിച്ച്  പാവപ്പെട്ടവരെ സഹായിക്കുന്ന റോബിന്‍‌ഹുഡ് ഇംഗ്ലണ്ടിലെ കായംകുളം കൊച്ചുണ്ണി ആണെന്നാണ് ഞാൻ കേട്ടിരുന്നത്. കഥ വായിച്ചപ്പോൾ അത് ഏകദേശം ഒക്കെ ശരിയാണ്‌താനും.

          പക്ഷെ, കെ.പി സുമതി നിർവ്വഹിച്ച സംഗൃഹീത പുനരാഖ്യാനം ആണോ ഡോ.പി.കെ രാജശേഖരൻ നടത്തിയ എഡിറ്റിംഗ് ആണോ എന്നറിയില്ല പുസ്തകം വായിക്കാൻ ഒരു സുഖവും ഇല്ല. സംഭവം നടക്കുന്നത് എവിടെയെന്നോ സംഭാഷണങ്ങൾ ആര് തമ്മിലെന്നോ എന്നൊന്നും ചില സമയത്ത് ഒട്ടും മനസ്സിലാകുന്നില്ല. പരസ്പര ബന്ധമില്ലാത്ത കൊച്ചു കൊച്ചു അദ്ധ്യായങ്ങളും കൂടി ആയപ്പോൾ വായന വിരസമാകുന്നു.

          റോബിന്‍‌ഹുഡ് എത്ര വലിയ വില്ലാളി വീരനാണെങ്കിലും ചില സംഗതികൾ വായനക്കാർക്ക് ദഹിക്കും എന്ന് തോന്നുന്നില്ല.ഷരീഫിനും പ്രിൻസ് ജോണിനും എതിരെ പൊരുതുന്ന റോബിന്‍‌ഹുഡ് അവർ സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് പോലെയുള്ള മത്സരങ്ങളിൽ കൂളായി പങ്കെടുക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നുണ്ട്. എന്നിട്ടും റോബിന്‍‌ഹുഡ്  ഷെർവുഡ് വനത്തിൽ തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു.തങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്ന റോബിന്‍‌ഹുഡിനെ പിടിക്കാൻ സമീപത്തെ ഷെർവുഡ് വനം വരെ പോകാൻപോലും ഈ ഭരണാധികൾക്ക് മിടുക്കില്ല എന്ന് വിശ്വസിക്കാൻ വയ്യ. പിന്നെ റോബിന്‍‌ഹുഡിന്റെ വേഷം മാറിയുള്ള യാത്ര - ആജന്മ ശത്രുവിനെ തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിൽ വേഷം മാറുന്നത് കേട്ട്‌കേൾവി പോലും ഇല്ല.

           അങ്ങനെ അങ്ങനെ വിശ്വസാഹിത്യമാല വിഭാഗത്തിൽ ഇറക്കിയ ഈ പുസ്തകത്തിൽ നിരവധി കല്ല്‌കടികൾ അനുഭവപ്പെട്ടു. പാശ്ചാത്യ നാടോടിക്കഥകളിൽ മുൻ‌പന്തിയിൽ നിൽക്കുന്ന റോബിന്‍‌ഹുഡ് കഥകൾ സംഗ്രഹിച്ച് എഴുതിയപ്പോൾ വികൃതമായിപ്പോയി എന്നാണ് എന്റെ അഭിപ്രായം.മുഖ്യ കഥാപാത്രങ്ങളെ തുടക്കത്തിൽ തന്നെ പരിചയപ്പെടുത്തുന്നത് കൊണ്ട് അവർ ആരെന്ന് ഇടക്കിടക്ക് റഫർ ചെയ്യാൻ സാധിക്കുന്നുണ്ട് എന്നത് ഒരു ഗുണം തന്നെ. കഥ ശരിക്കും ആസ്വദിക്കണമെങ്കിൽ ഇംഗ്ലീഷ് പതിപ്പ് തന്നെ വായിക്കേണ്ടി വരും.

പുസ്തകം :റോബിന്‍‌ഹുഡ്
രചയിതാവ്: ആർ എൽ ഗ്രീൻ
പേജ് : 88
വില: 50 രൂപ
പബ്ലിഷേഴ്സ്:ഡി സി ബുക്സ്.