Pages

Thursday, August 06, 2020

ഒരു ബർത്ഡേ അബദ്ധം

"ഇന്ന് എന്റെ ബർത്ഡേ ആണ് ട്ടോ.." ആബു മാസ്റ്റർ തന്റെ ജന്മദിനത്തെപ്പറ്റി ഭാര്യ കുഞ്ഞിമ്മുവിനെ ഓർമ്മിപ്പിച്ചു.

"അതിനെന്താ? വൃക്ഷത്തൈ നട്ടില്ലേ?" കുഞ്ഞിമ്മുവിന്റെ മറു ചോദ്യം പെട്ടെന്ന് തന്നെ വന്നു.

"അതേ..വൃക്ഷത്തൈ നട്ടു ...ബട്ട് ..?"

"വേറെ എന്ത് വട്ടാ ഇനി ?" എല്ലാ ജന്മദിനത്തിലും ഒരു വൃക്ഷത്തൈ വയ്ക്കുന്ന ആബു മാസ്റ്ററുടെ പ്രത്യേകതരം വട്ടിനെ കുഞ്ഞിമ്മു അവസരോചിതമായി ഒന്ന് താങ്ങി.

"എന്റെ ഒരു സന്തോഷത്തിന് ഇന്ന് ഉച്ചക്ക് നമുക്ക് ഫ്രൈഡ് റൈസ് ആക്കാം .. ഞാൻ നട്ട ഉളളിയിൽ നിന്നുള്ള ഉള്ളിത്തണ്ട് ഉപയോഗിച്ച് ഞാൻ നട്ട മല്ലിയുടെ ഇല കൊണ്ട് ചമ്മന്തി അരച്ച് ഞാൻ.... '' ആബു മാസ്റ്റർ പറയാൻ തുടങ്ങി.

"ഏയ് നിക്ക്...നിക്ക്.... ഞാൻ തന്ന ഉള്ളിയും മല്ലിയും നട്ട്, ഞാൻ കത്തിച്ച വിറകിന്റെ ചാരവും ഇട്ട്..... " മാഷ് മുഴുവനാക്കുന്നതിന് മുമ്പ് കുഞ്ഞിമ്മു ഇടയിൽ കയറി പറഞ്ഞു.

"നിർത്ത് ...
രണ്ടാളും നിർത്ത് ... ഞാൻ ഒഴിച്ച വെള്ളം കൊണ്ട് വളർന്നു വന്ന, ഞാൻ തലോടിയത് കൊണ്ട് പുഷ്ടിപ്പെട്ട..." ആബു മാസ്റ്ററുടെയും കുഞ്ഞിമ്മുവിന്റെയും മോളും രംഗ പ്രവേശനം ചെയ്തു.

"ആ ... ഓകെ... ഓകെ...
എങ്കിൽ നമ്മുടെ വീട്ടിലുണ്ടായ ഉള്ളിത്തണ്ടും നാം നട്ടു വളർത്തിയ മല്ലിയിലയും മറ്റും ഉപയോഗിച്ച് നാം ഉണ്ടാക്കുന്ന ഫ്രൈഡ് റൈസ്...'' ആബു മാസ്റ്റർ സംഗതി വേഗം കോമ്പ്രമൈസാക്കി.

ശേഷം ആബു മാസ്റ്റർ അടുക്കളത്തോട്ടത്തിലേക്ക് നീങ്ങി.കുഞ്ഞിമ്മു വസ്ത്രം അലക്കുവാനും പോയി.അടുക്കളത്തോട്ടത്തിൽ നിന്ന് ആവശ്യമായ വിഭവങ്ങൾ ശേഖരിച്ച് ആബു മാസ്റ്റർ അടുക്കളയിൽ കൊണ്ട് വെച്ചു.അലക്കലും കുളിക്കലും കഴിഞ്ഞ് കുഞ്ഞിമ്മു അടുക്കളയിൽ എത്തി.

"ഇത് എന്തിന്റെ ഇലയാ?" അടുക്കളയിൽ നിന്നുള്ള കുഞ്ഞിമ്മുവിന്റെ ചോദ്യം കേട്ട് ആബു മാസ്റ്റർ ഞെട്ടി.

'അടുക്കളത്തോട്ടത്തിൽ നിന്ന് വെട്ടിയ ഉള്ളിത്തണ്ടും മല്ലി ഇലയും പച്ചമുളകും മാത്രമേ താൻ അവിടെ കൊണ്ടു വച്ചിട്ടുള്ളൂ ... അത് മൂന്നും അവൾക്ക് തിരിച്ചറിയുകയും ചെയ്യും... പിന്നെ എന്താ ഇങ്ങനെ ഒരു ചോദ്യം?' ആബു മാസ്റ്റർ ആലോചിച്ചു.

"അത്.... ഒന്ന് ഉള്ളിത്തണ്ട്..."
ആബു മാസ്റ്റർ ഉറക്കെ വിളിച്ച് പറഞ്ഞു.

"അത് എനിക്ക് മനസ്സിലായി.."

"മറ്റേത്... മല്ലിച്ചെപ്പ് എന്ന് നീ വിളിക്കുന്ന മല്ലിയില...."

"ഇത് കാരറ്റിന്റെ ഇലയാ മനുഷ്യാ...
മല്ലിച്ചെപ്പ് അല്ല"

‘ങേ ! മല്ലി നട്ടാൽ കാരറ്റ് മുളക്കുമോ?’
ആബു മാസ്റ്റർ ആത്മഗതം ചെയ്തു.

"മല്ലിയില അടുക്കളപ്പടി കടന്നാൽ അയൽവാസി വരെ അറിയും... ഇത് ഒരു ഗന്ധവും ഇല്ലല്ലോ …"

"ങേ ! ഇനി ഞാൻ പറിച്ച് വച്ചത് വെണ്ടയുടെ ഇലയെങ്ങാനുമാണോ?
മാറിപ്പോയോ പടച്ചോനേ ?" ആബു മാസ്റ്റർ വേഗം അടുക്കളയിലേക്കോടി.

മാസ്റ്റർ അടുക്കളയിൽ എത്തിയപ്പോൾ കുഞ്ഞിമ്മു ഫ്രിഡ്‌ജ്‌ തുറന്നു.ഫ്രിഡ്‌ജിൽ ഉണ്ടായിരുന്ന മല്ലിയിലയുടെ അവശിഷ്ടം കയ്യിലെടുത്ത് ഒന്നമർത്തിയ ശേഷം ആബു മാസ്റ്ററുടെ മൂക്കിനോടടുപ്പിച്ചു. അതിന്റെ വാസന ആബു മാസ്റ്ററുടെ ആന്തരികാവയവങ്ങളെ മുഴുവൻ ഉണർത്തി. ശേഷം മാസ്റ്റർ തോട്ടത്തിൽ നിന്നും പറിച്ച് കൊണ്ടു വച്ച ഇല ഒന്ന് പിച്ചി കയ്യിലിട്ട് ഞെരിച്ച് അതും മാസ്റ്ററുടെ മൂക്കിൻ തുമ്പത്ത് കാണിച്ച് കൊടുത്തു. രൂക്ഷഗന്ധം കാരണം മാസ്റ്റർക്ക് ഓക്കാനം വന്നു.

"എടീ ... അല്ലെങ്കിലും മല്ലിയില കൊണ്ടുള്ള ചമ്മന്തി ചെലോൽക്ക് ഇഷ്ടാവും ചെലോൽക്ക് ഇഷ്ടാവൂല... അയ്നൊരു കൊയപ്പുല്ല... ഞമ്മക്ക് ഇലച്ചമ്മന്തി ഒഴിവാക്കി തേങ്ങാ ചമ്മന്തി ആക്കാം ..
അതാവുമ്പം നിനക്കും എളുപ്പമാവുമല്ലോ… മാത്രമല്ല ഇലകളിൽ പുഴുക്കളും ഉള്ള കാലമാ...” ആബു മാസ്റ്റർ മെല്ലെ തടിയൂരി.

ശേഷം താൻ പറിച്ചെടുത്ത 'മല്ലിയില' യും എടുത്ത് ആബു മാസ്റ്റർ മുറ്റത്തേക്കിറങ്ങി.നാലഞ്ച് ചട്ടികളിൽ വളർന്ന് വരുന്ന സോ കാൾഡ് മല്ലിച്ചെടിയുടെയും ഇലയുടെയും ക്ലോസപ്പും കാൻറിഡും എല്ലാം മൊബൈലിൽ പകർത്തി നേരെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു.

"ഹാപ്പി ബർത്ത് ഡേ"ഫേസ്‌ബുക്ക് തുറന്ന ഉടനെ ആശംസാ സന്ദേശം വന്നു.
ഇത്രയും തിരക്കിനിടയിലും സൂക്കറണ്ണൻ തന്റെ ബർത്ഡേ കൃത്യമായി ഓർമ്മിച്ച് വച്ചതിൽ ആബു മാസ്റ്റർക്ക് അഭിമാനം തോന്നി.

താൻ നേരിട്ടുകൊണ്ടിരിക്കുന്ന 'മല്ലിയില' പ്രശ്‍നം പരിഹരിക്കാൻ സൂക്കറണ്ണനെ തന്നെ ഏൽപിക്കാൻ ആബു മാസ്റ്റർ തീരുമാനിച്ചു. താനംഗമായ എല്ലാ കൃഷി ഗ്രൂപ്പുകളിലും ‘പ്രതി’യുടെ ഫോട്ടോ പതിച്ചു.

നിമിഷങ്ങൾക്കകം, ഗൾഫ് യുദ്ധത്തിൽ ഇറാഖ്‌ - കുവൈത്ത് അതിർത്തിയിൽ മിസൈൽ പാഞ്ഞിരുന്ന പോലെ ഫേസ് ബുക്കിൽ അഭിപ്രായങ്ങൾ പായാൻ തുടങ്ങി.

"ഇത് മല്ലിയില തന്നെ...അതിന്റെ ഇലയുടെ ഷേപ്പ് കണ്ടാൽ അറിഞ്ഞു കൂടെ..." ഒരാൾ പറഞ്ഞു.

"ഏയ്...മല്ലിയില ഇങ്ങനെ അല്ലേയല്ല.കണ്ടിട്ട് തക്കാളി ഇല പോലെയുണ്ട്..." വേറൊരാൾ പറഞ്ഞു.

"മല്ലിയില കണ്ടാലും അറിയാത്ത സ്ത്രീകളോ?" ഒരു സ്ത്രീ തന്നെ കുഞ്ഞിമ്മുവിനെ കളിയാക്കി കമന്റിട്ടു.

"യൂ ആർ അബ്സോലൂട്ടിലി കറക്ട്...കേരി ഓൺ മൈ ഡിയർ" കമന്റ് കണ്ട ആബു മാസ്റ്റർ ഇത് തന്നോട് തന്നെയാണോ പറയുന്നത് എന്ന് സംശയിച്ചു.

"ഇതിന്റെ പേര് ഫ്ലാറ്റ് ലീഫ് പാഴ്‌സലി എന്നാണ്" മറ്റൊരു വിദ്വാൻ പറഞ്ഞു.

പ്രാദേശികമായ അടുക്കളയിൽ തോറ്റെങ്കിലും ആഗോളതലത്തിലുള്ള ഫേസ്‌ബുക്കിൽ തനിക്ക് ഉറച്ച പിന്തുണ കിട്ടുന്നതിൽ ആബു മാസ്റ്റർ ധൃതംഗപുളകിതനായി. ബർത്ത് ഡേയിൽ പിണയുമായിരുന്ന വലിയൊരു അബദ്ധത്തിൽ നിന്നും തൽകാലം രക്ഷപ്പെട്ടതിൽ ആബു മാസ്റ്റർ ഒരു ദീർഘശ്വാസം വിട്ടു.

                                                              ഇതാണ് ആ പ്രതി

10 comments:

Geetha said...

അപ്പോ പിറന്നാൾ ആശംസകൾ ... എന്നിട്ടത് എന്തിന്റെ ഇലയാണെന്നു പറഞ്ഞില്ലല്ലോ മാഷേ .. കാരറ്റിന്റെ ഇലയോ ...

വീകെ. said...

പിറന്നാളാശംസകൾ..

വീകെ. said...

മല്ലി നട്ടാൽ കാരറ്റ് മുളക്കുമോ...?
പറയാൻ പറ്റില്ല, മുളക്കുമായിരിക്കും.
കാലം വല്ലാത്തതാ...!

Areekkodan | അരീക്കോടന്‍ said...

ഗീതാജി... നന്ദി .Celery ആണെന്നും Flat Leaf Parsley ആണെന്നും അഭിപ്രായങ്ങൾ. രണ്ടും ഞാൻ ആദ്യമായി കേൾക്കുകയാ.

Areekkodan | അരീക്കോടന്‍ said...

വീ.കെ ..... ശരിയാ

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ...വളരെ നന്ദി

മഹേഷ് മേനോൻ said...



ഇത്തിരി വൈകിയാലും പിറന്നാൾ ആശംസകൾ..... അങ്ങനെ അബദ്ധം പറ്റിയാലും വിട്ടുകൊടുക്കാമോ മാഷേ... വല്ല ഇറാനിയൻ അല്ലെങ്കിൽ സുഡാനിയൻ മല്ലി ആണെന്ന് വെച്ച് കാച്ചാര്ന്നില്ലേ :-D

Areekkodan | അരീക്കോടന്‍ said...

മഹേഷ്...നന്ദി.കിട്ടി...കിട്ടി...ഇമ്മിണി ബല്യ ഒരു പേര്.Flat Leaf Parsley !!

Muralee Mukundan , ബിലാത്തിപട്ടണം said...

ഫ്ലാറ്റ് ലീഫ് പാഴ്‌സലി പറ്റിച്ച പിറന്നാൾ പണി

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ...നന്ദി.അതെന്നെ, പാഴ്‌സലി പറ്റിച്ച പിറന്നാൾ പണി

Post a Comment

നന്ദി....വീണ്ടും വരിക