Pages

Friday, August 17, 2018

എന്റെ ജീവിതയാത്ര (My Journey)

                  കുട നന്നാക്കുന്ന ചോയി വായിച്ചു കഴിഞ്ഞ് അടുത്ത പുസ്തകത്തിനായി എന്റെ ലൈബ്രറിയില്‍ പരതുമ്പോഴാണ് യാദൃശ്ചികമായി ഡോ.എ.പി.ജെയുടെ ‘എന്റെ ജീവിതയാത്ര‘ ശ്രദ്ധയില്‍ പെട്ടത്. അന്ന് അദ്ദേഹത്തിന്റെ മരണത്തിന്റെ മൂന്നാം വാര്‍ഷികം കൂടിയായിരുന്നു. 2017 ഒക്റ്റോബര്‍ 21ന് കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഒരു ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ അവര്‍ തന്ന മെമെന്റൊ ആയിരുന്നു ആ പുസ്തകം.

             രാമേശ്വരത്തെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് ലോകമറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമപൌരനുമായി മാറിയ ഡോ.എ.പി.ജെ അബ്ദുല്‍കലാം തന്റെ എട്ടു പതിറ്റാണ്ട് നീണ്ട വളര്‍ച്ചയുടെ പിന്നിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും ഓര്‍ത്തെടുക്കുകയാണ് ഈ പുസ്തകത്തില്‍. ബാല്യം മുതല്‍  പ്രോത്സാഹനമായും താങ്ങായും തണലായും നിന്ന ചില വ്യക്തികളെയും മാതാപിതാക്കളെയും ഈ  കൃതിയിലൂ‍ടെ അദ്ദേഹം പരിചയപ്പെടുത്തുന്നു.തന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്താന്‍ സഹായിച്ച മാര്‍ഗ്ഗദര്‍ശികളെയും അദ്ദേഹം വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.

               ഈ പുസ്തകം വായിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ രാമേശ്വരവും ധനുഷ്കോടിയും സന്ദര്‍ശിച്ചിരുന്നു.അതിനാല്‍ തന്നെ പുസ്തകം നല്ല വായനാസുഖം തന്നു. പ്രത്യേകിച്ചും ആദ്യത്തെ മൂന്ന് അധ്യായങ്ങളായ പിതാവിന്റെ പ്രഭാത സവാരി,വള്ളം,എട്ടാം വയസ്സില്‍ ജോലി ചെയ്യുന്ന ബാലന്‍ എന്നിവ വായിക്കുമ്പോള്‍ ആ സ്ഥലങ്ങള്‍ നമ്മുടെ മനസ്സിലൂടെ മിന്നിമറയും. എന്റെ അമ്മയും പെങ്ങളും എന്ന അധ്യായവും എ.പി.ജെയുടെ കുടുംബ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആദ്യഗുരുവും അളിയനുമായ ജലാലുദ്ദീനിന്റെ മരണം എ.പി.ജെ യെ ഏറെ ദുഖിതനാക്കുന്നുണ്ട്. ’നമ്മുടെ കുട്ടിക്കാലം പൂര്‍ണ്ണമായി നമുക്ക് പിന്നില്‍ ഉപേക്ഷിക്കപ്പെട്ടു പോകുന്ന ചില സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചിലപ്പൊഴെങ്കിലും ഉണ്ടാകാറുണ്ട്’ എന്ന വരിയിലൂടെ അദ്ദേഹം അത് വായനക്കാരുമായി പങ്ക് വയ്ക്കുന്നു.

             വായനയുടെ മഹത്വവും ആവശ്യകതയും മനസ്സിലാക്കിത്തരുന്ന അധ്യായമാണ് ‘എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍‘. എ.പി.ജെയെ സ്വാധീനിച്ച മൂന്ന് പുസ്തകങ്ങളെപ്പറ്റിയും അതില്‍ ഒന്ന് അദ്ദേഹം കാലങ്ങളോളം സൂക്ഷിച്ച് വച്ച രീതിയും വായിക്കുമ്പോള്‍ ഏതൊരു പുസ്തക പ്രേമിയും തരിച്ചിരിക്കും. പുതിയ തലമുറയോട് എ.പി.ജെ പറയുന്നത് ‘ പുസ്തകങ്ങളെ സുഹൃത്തുക്കളാക്കുക, അവരായിരിക്കും നിങ്ങളുടെ എപ്പോഴത്തെയും നല്ല സുഹൃത്തുക്കളും വഴികാട്ടിയും’ എന്നാണ്. അതെ ഇത്തരം പുസ്തകങ്ങള്‍ നമുക്ക് എന്നും ഒരു വഴികാട്ടി  തന്നെയായിരിക്കും.
പുസ്തകം  : എന്റെ ജീവിതയാത്ര
രചയിതാവ് : ഡോ എ.പി.ജെ അബ്ദുല്‍കലാം
വിവര്‍ത്തനം : റോബി അഗസ്റ്റിന്‍ മുണ്ടക്കല്‍
പ്രസാധകർ : ഡി സി ബുക്സ്
വില  : 140 രൂപ

പേജ്  : 142 


ജ്വലിക്കുന്ന മനസ്സുകളുടെ വായനാക്കുറിപ്പ് വായിക്കാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.

Wednesday, August 15, 2018

സാമൂഹ്യമാധ്യമങ്ങൾ

            ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുന്നതിനെപ്പറ്റി നാം കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി.എന്നാൽ അത് ചുരുങ്ങി ചുരുങ്ങി ഇത്രയും ചെറുതാകും എന്ന് നാമാരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള വർത്തമാനങ്ങളും ചിത്രങ്ങളും വിവരങ്ങളും നമ്മുടെ വീട്ടിൽ എത്തുന്നത് കമ്പ്യൂട്ടറിലെ ഒരു ക്ലിക്കിലൂടെയോ സ്മാർട്ട്‌ഫോണിലെ ഒരു ടച്ചിലൂടെയോ ആണ്. സാമൂഹ്യമാധ്യമങ്ങളും ഇന്റെർനെറ്റിനോടൊപ്പം പടർന്ന് പന്തലിച്ചതിനാൽ ആരാണ് വമ്പൻ എന്ന ചോദ്യം കൂടി ഉയരുന്നു.

             2015ലെ ഒരു കണക്കെടുപ്പ് പ്രകാരം കൌമാരപ്രായക്കാരിൽ മിക്കവരും ആഴ്ചയിൽ ശരാശരി 27 മണിക്കൂർ സമയം സോഷ്യൽ മീഡിയകളിൽ ചെലവഴിക്കുന്നു.ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ വോട്ടിംഗിൽ നിന്ന് കിട്ടിയ വിവരം കൌമാരപ്രായക്കാരിൽ 56%ത്തിലധികം പേരും ദിവസത്തിൽ മൂന്ന് മണിക്കൂറിൽ അധികം സോഷ്യൽ മീഡിയകളിൽ ചെലവഴിക്കുന്നു എന്നാണ്.

             ഇവിടെ നാം ചിന്തിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. സോഷ്യൽ മീഡിയകളിലേക്ക് ഇയ്യാം പാറ്റ കണക്കെ യുവത്വം പറന്ന് ചെല്ലുന്നത് ഗുണകരമോ അതല്ല ദോഷമോ ? ഗുണവും ദോഷവും ഉണ്ടെങ്കിലും ദോഷഫലങ്ങൾ രണ്ടടി മുന്നിലാണോ എന്ന് സംശയിക്കുന്നു.

                സൌജന്യവും വേഗതയേറിയതുമായ ഒരു വാർത്താ വിതരണ - ആശയ വിനിമയ ഉപാധിയായി സാമൂഹ്യമാധ്യമങ്ങൾ മാറിയിരിക്കുന്നു. രാജ്യത്തിന്റെ ഭാവി തന്നെ മാറ്റി മറിക്കുന്ന രൂപത്തിലുള്ള  സാമൂഹ്യമാധ്യമ കൂട്ടായ്മകൾ തികച്ചും നല്ലൊരു ഫലം തന്നെയാണ്.മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ട ഫേസ്ബുക്ക് കൂട്ടായ്മയും ഇറാഖ് യുദ്ധത്തിന്റെ യഥാർത്ഥ മുഖം ലോകത്തിന്റെ മുമ്പിൽ വരച്ചു കാട്ടിയ സലാം പാക്സിന്റെ ബ്ലോഗും സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകൾ തുറന്ന് കാണിച്ച ചില അനുഭവ സാക്ഷ്യങ്ങളാണ്. ഇന്ന് ലോകത്തെ എല്ലാ നേതാക്കളും രാഷ്ട്രീയ പാർട്ടികളും സ്വന്തം അടിത്തറ ഭദ്രമാക്കാനുപയോഗിക്കുന്നതും സോഷ്യൽ മീഡിയ തന്നെ.

              എന്നാല്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ കാണാതിരിക്കാന്‍ വയ്യ. ഫേസ്‌ബുക്കില്‍ അയ്യായിരം സുഹൃത്തുക്കള്‍ ഉള്ള ഒരാള്‍ക്ക് നാട്ടില്‍ അപകടമോ വിപത്തോ സംഭവിക്കുമ്പോള്‍ സഹായിക്കാന്‍ അഞ്ചില്‍ താഴെ പോലും സുഹൃത്തുക്കള്‍ ഇല്ലാതായത് യുവത്വം ഈ മീഡിയയില്‍ മുങ്ങിപ്പോയത് കൊണ്ട് തന്നെയാണ്.മനുഷ്യത്വം മരവിച്ച് ക്രൂരത കൂടിവരുന്ന ആധുനിക യുഗത്തിന് കാരണവും സാമൂഹിക മാധ്യമങ്ങള്‍ തന്നെയാണ്.അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തിര ശുശ്രൂഷ നല്‍കുന്നതിന് പകരം സെല്‍ഫി എടുക്കുന്ന സ്വഭാവവൈകൃതം വരാന്‍ കാരണം സാമൂഹ്യ മാധ്യമങ്ങള്‍ മാത്രമാണ്.പ്രവര്‍ത്തന സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് കാരണം കമ്പനികളുടെ ഉല്പാദന ക്ഷമത കുറഞ്ഞ് പോകുന്നതായി ഈ അടുത്ത കാലത്തെ റിപ്പോര്‍ട്ടുകളും പറയുന്നു.സ്വകാര്യത എന്നത് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷവുമായി. ഈ അടുത്ത് ഒരു ഹര്‍ത്താല്‍ പോലും കേരളത്തില്‍ അരങ്ങേറിയത് വാട്‌സ് ആപ്പിലൂടെ ആഹ്വാനം ചെയ്തായിരുന്നു.

                ഫേസ്‌ബുക്ക്, ട്വിറ്റര്‍,വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ലിങ്ക്‍ഡ് ഇന്‍, ഗൂഗിള്‍ പ്ലസ്,ബ്ലോഗര്‍ തുടങ്ങീ നിരവധി സാമൂഹ്യ മാധ്യമങ്ങള്‍ നിലവിലുണ്ട്. കയ്യില്‍ കിട്ടുന്ന ഈ പൂമാലകള്‍ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ മനസ്സിലാകും, ഇതുവരെ ജീവിച്ചത് മനുഷ്യനായിട്ടോ അതോ കുരങ്ങനായിട്ടോ എന്ന്.ദൈവം തന്ന എല്ലാ അനുഗ്രഹങ്ങളും വിവേക പൂര്‍വ്വം ഉപയോഗിച്ച് ഭൂമിയിലെ ഈ ജീവിതയാത്ര സന്തോഷപൂര്‍ണ്ണമാക്കുക. അതിന് സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

(എന്‍.എസ്.എസ് കയ്യെഴുത്ത് ത്രൈമാസികക്കായി എഴുതിയ മുഖപ്രസംഗം)

ബേഗൂരും ഞാനും

               2016ല്‍ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന് അനുവദിച്ച പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് ബേഗൂര്‍ എന്ന സ്ഥലവുമായും അവിടത്തെ ഫോറസ്റ്റ് ഓഫീസുമായും പരിചയമാവുന്നത്.ആ ക്യാമ്പിലൂടെ അന്നത്തെ അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസര്‍ ബൈജുനാഥ് സാറുമായുണ്ടായ ആത്മബന്ധം അതേ വര്‍ഷത്തെ ഒരു പെരുമഴക്കാലത്ത് ഞങ്ങളെ വീണ്ടും ബേഗൂര്‍ കാട്ടിലെത്തിച്ചു. അന്ന് 1000ത്തോളം മുളം‌തൈകള്‍ നട്ടുപിടിപ്പിച്ചാണ് ഞങ്ങള്‍ കാടിനോട് വിടപറഞ്ഞത്.
             പ്രകൃതിയോടും കാടിനോടും ഉണ്ടാക്കിയ ഈ ആത്മബന്ധം 2017 ആഗസ്തില്‍ ഞങ്ങളെ ഒരിക്കല്‍ കൂടി ബേഗൂരിലെത്തിച്ചു. ഒരു ഏകദിന പ്രകൃതി പഠന ക്യാമ്പും വൃക്ഷത്തൈ നടലും ആയിരുന്നു അന്നത്തെ പരിപാടി. സംഭവ ബഹുലമായ ഒരു ക്യാമ്പ് ആയി അത് മാറിയത് പെട്ടെന്നായിരുന്നു. കടന്നല്‍ കുത്തേറ്റ് പത്തോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത് എന്റെ 20 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിലെ തന്നെ ആദ്യ അനുഭവമായിരുന്നു.
              2018 ജുലൈ മാസത്തില്‍ ബേഗൂര്‍ ഞങ്ങളെ വീണ്ടും ക്ഷണിച്ചു. ഇത്തവണ അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി ഒരു ട്രെക്കിംഗും അധിനിവേശ സസ്യ നശീകരണവും ആയിരുന്നു പ്രോഗ്രാം. 2017ലെ ഭീതിദമായ ഓര്‍മ്മകളും ശക്തമായ മഴയും ഉണ്ടായിട്ട് പോലും കാട്ടിലേക്ക് പോകാനുള അവസരം കുട്ടികള്‍ വെറുതെ കളഞ്ഞില്ല. വയനാട്ടില്‍ നിന്നും സ്ഥലം മാറിപ്പോയ ഞാനും ആ ടീമിനൊപ്പം ചേര്‍ന്നു.
നന്നായി മഴ ലഭിച്ചതിനാല്‍ ചെളി നിറഞ്ഞതായിരുന്നു കാട്. ക്യാമ്പിന് വന്ന 99 ശതമാനം പേര്‍ക്കും അട്ട കടിയും ഏറ്റു. മാന്‍ ഒഴികെ ഒരു വന്യ ജീവിയും മുന്നില്‍ വന്നില്ല. പക്ഷെ പതിവിന് വിപരീതമായി പാമ്പുകള്‍ ശ്രദ്ധയില്‍ പെട്ടു.വീണ്ടും അപകടം മണത്തതിനാല്‍ അധികം ഉള്‍ക്കാട്ടിലേക്ക് കയറാതെ ഞങ്ങള്‍ വര്‍ക്ക് നിര്‍ത്തി.പതിവിന് വിപരീതമായി ഇത്തവണ പുഴയിലും ഇറങ്ങി ആര്‍മാദിച്ചു.
നാഷണല്‍ സര്‍വീസ് സ്കീമിന്റെ കൂടെയുള നാലാമത്തെ ബേഗൂര്‍ ക്യാമ്പും കഴിഞ്ഞ് ഞാന്‍ മടങ്ങാന്‍ ഇരിക്കുമ്പോള്‍ എന്റെ ഒരു പെന്‍സില്‍ ഡ്രോയിംഗ് സമ്മാനിച്ചു കൊണ്ട് കുട്ടികള്‍ എന്നെ വീണ്ടും ഞെട്ടിപ്പിച്ചു. കോഴിക്കോട് നടന്ന ക്യാമ്പില്‍ പങ്കെടുത്ത കൊല്ലത്ത് കാരനായ ഒരു പയ്യന്‍ വരച്ചതായിരുന്നു അത്.നന്ദിയോടെ അതും സ്വീകരിച്ച് ഞാന്‍ ബേഗൂരിനോട് താല്‍കാലികമായി വിട പറഞ്ഞു.

Saturday, August 11, 2018

കോങ്ങം ബള്ളം

“കോങ്ങം ബള്ളം കേറീണ്...അന്‍‌ക്ക് ന്ന് ഇസ്കൂള്‍ ണ്ടാവൂല ഏബ്യേ...”

ചാലിയാറിന് അക്കരെയുള്ള മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തെ മഴക്കാലദിനങ്ങളില്‍ എന്റെ വല്യുമ്മയില്‍ നിന്നും ഞാന്‍ കേട്ടു കൊണ്ടിരുന്ന വാക്കുകളാണ് ഇത്. അന്ന്, പുഴക്ക് വീതിയും ആഴവും കുറവായതിനാല്‍ നിലമ്പൂര്‍ ഭാഗത്ത് ശക്തമായ മഴ പെയ്താല്‍ അരീക്കോട് ഭാഗത്ത് പുഴയില്‍ വെള്ളം കയറും. പുഴ കവിഞ്ഞ് പാടവും പറമ്പും പിന്നിട്ട് വെള്ളം റോട്ടിലും എത്തും. ഈ വെള്ളപ്പൊക്കത്തെയാണ് ഞങ്ങള്‍ കോങ്ങം ബള്ളം  എന്നും മറ്റു ചിലര്‍ കൊങ്ങന്‍ വെള്ളം എന്നും വിളിക്കുന്നത്.

മഴ തിമര്‍ത്തു പെയ്താല്‍ വല്യുമ്മ താമസിക്കുന്ന തറവാട് വീടിന്റെ മുന്നില്‍ മെയിന്‍ റോഡിലുള്ള (ഇന്നത്തെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ അരീക്കോട് കെ.എസ്.ഇ.ബി ഓഫീസ് നില്‍ക്കുന്ന സ്ഥലം) ഓവുചാലില്‍ വെള്ളം കയറിയിട്ടുണ്ടോ എന്നാണ് ആദ്യം നോക്കുക. അവിടെ വെള്ളം എത്തിയാല്‍ ചാലിയാറില്‍ ജലനിരപ്പ് വളരെ ഉയര്‍ന്നിരിക്കും.കടത്തു തോണിയില്‍ ചാലിയാര്‍ കടക്കുന്നത് അപകടമായിരിക്കും.മാത്രമല്ല സ്കൂളിന്റെ പിന്‍ഭാഗത്തെ ചുമരില്‍ വരെ വെള്ളം എത്തിയിട്ടും ഉണ്ടാകും. അതിനാല്‍ കളക്ടര്‍ പ്രഖ്യാപിക്കാതെ തന്നെ  അന്ന് സ്കൂളിന് അവധിയായിരിക്കും !

തറവാട് വീടിന്റെ ചുമരില്‍ 1961ലെ വെള്ളപ്പൊക്കം എന്ന് രേഖപ്പെടുത്തിയ ഒരു വര ഉണ്ടായിരുന്നു. വീട് പൊളിച്ചതോടെ ആ സ്മാരകം എന്നെന്നേക്കുമായി ഇല്ലാതായി. സ്കൂള്‍ കാലത്തിന് ശേഷവും പലപ്പോഴും റോട്ടില്‍ വെള്ളം കയറിയതായി ഞാന്‍ ഓര്‍ക്കുന്നു. കെ.എസ്.ഇ.ബി ഓഫീസിന്റെ ഗേറ്റിന്റെ പകുതി വരെ വെള്ളം കയറിയതും കൈപ്പക്കുളത്ത് സെറായി ടൂറിസ്റ്റ് ഹോമിന്റെ (പിന്നീട് ജനറല്‍ ആശുപത്രി ആയി) സ്റ്റെപ് വരെ വെള്ളം എത്തിയതും മുക്കം റോഡില്‍ എന്‍.വി.അബ്ദുറഹ്മാന്‍ സാഹിബിന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ വെള്ളം എത്തിയതും എല്ലാം എന്റെ ഓര്‍മ്മയിലുണ്ട്.

മണല്‍ വാരല്‍ കാരണം പുഴയുടെ ആഴവും കരയിടിയല്‍ കാരണം പുഴയുടെ വീതിയും കൂടിയതിനാല്‍ ഈ അടുത്ത കാലത്തൊന്നും മേല്പറഞ്ഞ സ്ഥലങ്ങളില്‍ വെള്ളം കയറിയതായി ഞാന്‍ ഓര്‍ക്കുന്നില്ല.എന്നാല്‍ സമീപ പഞ്ചായത്തുകളില്‍ വര്‍ഷം തോറും റോഡ് വെള്ളത്തിലാകാറും ഉണ്ട്. എന്നാല്‍ ഇത്തവണത്തെ പേമാരി സൃഷ്ടിച്ച വെള്ളപ്പൊക്കം എന്നെ പഴയ ആ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാട്ടുതായി മൈതാനം, മുക്കം റോഡ്,എടവണ്ണപ്പാറ റോഡ് എന്നിവ വെള്ളത്തിനടിയിലായി.ഒരടി കൂടി പൊങ്ങിയിരുന്നെങ്കില്‍ മുക്കം റോഡിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുമായിരുന്നു.
പഞ്ചായത്ത് സ്റ്റേഡിയം
അരീക്കൊട് - മുക്കം റോഡ്
                                            ‘പമ്പ്‌കിന്‍’ റെസ്റ്റൊറന്റിന്റെ  മുന്നില്‍
കുടിവെള്ള പദ്ധതി പമ്പ് ഹൌസ്
 അതിലേറെ ഭയാനകമായ ഒരു സംഭവം കൂടി ഈ പേമാരിയില്‍ ഉണ്ടായി. 2009ല്‍ ഉണ്ടായ ഒരു തോണിയപകടത്തെ തുടര്‍ന്ന് നിര്‍മ്മിച്ച അരീക്കോട് - മൂര്‍ക്കനാട് ഇരുമ്പ് പാലത്തിന്റെ മധ്യഭാഗം പൂര്‍ണ്ണമായും ഒലിച്ചുപോയി. ഇക്കഴിഞ്ഞ ശനിയാഴ്ച അതിലൂടെ നടന്നു പോകുമ്പോള്‍ ആ പാലത്തിലൂടെയുള്ള അവസാന യാത്രയായിരിക്കും അത് എന്ന് ഞാന്‍ നിനച്ചില്ല.മൂന്ന് കൊല്ലം തോണിയില്‍ കയറി ചാലിയാര്‍ കടന്ന് സ്കൂളില്‍ പോയ എനിക്ക് ഇന്ന് അതിന്റെ കുത്തൊഴുക്ക് കാണുമ്പോള്‍ ദൂരെ നിന്ന് നോക്കി നില്‍ക്കാന്‍ പോലും പേടി തോന്നുന്നു.
അരീക്കോട് - മൂര്‍ക്കനാട് ഇരുമ്പ് പാലം
 ഇന്നത്തെ തലമുറക്ക് ‘കോങ്ങന്‍ ബള്ളം‘ എന്താണെന്ന് കാണിച്ച് കൊടുക്കാനും ഇതിലൂടെ സാധിച്ചു. അതിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നവരെ ഓര്‍മ്മിക്കുന്നതിലുപരി ഇതിനെയും ഒരു ആഘോഷമാക്കാനാണ് പല നാട്ടിലും ‘ന്യൂ ജെന്‍’ ഇതിനെ ഉപയോഗിച്ചത് എന്നത് ദു:ഖകരം തന്നെ.
 26 വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നത് തന്നെ ഭാവിയില്‍ നാം സ്വീകരിക്കേണ്ട ചില മുന്‍‌കരുതലിലേക്കുള്ള സൂചനകളാണ്. ഇന്നത്തെ ‘ന്യൂജെന്‍’ അന്നത്തേക്ക് ‘പഴംജെന്‍’ ആകും എങ്കിലും സ്വഭാവം മാറുമോ എന്ന് ദൈവത്തിനറിയാം.

Tuesday, August 07, 2018

കുട നന്നാക്കുന്ന ചോയി

            ശ്രീ.എം.മുകുന്ദന്റെ ഏറ്റവും പുതിയ രചനകളില്‍ ഒന്നാണ് ‘കുട നന്നാക്കുന്ന ചോയി‘ എന്ന നോവല്‍. മയ്യഴിയിലെ കുട നന്നാക്കുന്ന ഏക വ്യക്തി ചോയി ഫ്രാന്‍സിലേക്ക് പോകുന്നതും, തന്റെ മരണാനന്തരം മാത്രമേ തുറക്കാവൂ എന്നും പറഞ്ഞേല്‍പ്പിക്കുന്ന ഒരു ലക്കോട്ടും ആണ് കഥാതന്തു.ഈ ലക്കോട്ട് നാട്ടുകാരിലുണ്ടാക്കുന്ന ആകാംക്ഷ വായനക്കാരിലേക്കും പകര്‍ന്ന് നല്‍കി നോവല്‍ പുരോഗമിക്കുന്നു.ലക്കോട്ട് സൂക്ഷിക്കാന്‍ ഏല്പിക്കപ്പെട്ട മാധവനെന്ന പയ്യന്റെ മന:സംഘര്‍ഷവും എഴുത്തിലൂടെ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു.  മയ്യഴിയിലെ സാധാരണക്കാരായ കമ്പി ശിപായിയും കാപ്പിക്കാരനും കൊപ്പരക്കാരനും നൂറ് കുമാരനും എല്ലാം കഥാപാത്രങ്ങളായി വരുന്നതോടെ നോവലിന് ഒരു സാമൂഹികാന്തരീക്ഷവും ഗ്രാമീണ പശ്ചാതലവും കൈ വരുന്നു.

               നാട്ടുകാരുടെ മുമ്പില്‍ വച്ച് ഏല്പിക്കപ്പെട്ട ഒരു ലക്കോട്ടിന്റെ ഉള്ളടക്കം അറിയാന്‍ ആ നാട്ടിലെ എല്ലാവരും പ്രകടിപ്പിക്കുന്ന ആകാംക്ഷ വളരെ മനോഹരമായി പറയുന്ന ഒരു രംഗമാണ് നാട്ടിലൂടെ കടന്നു പോകുന്ന ഒരു ജാഥയിലെ മുദ്രാവാക്യം. ജാഥ നോക്കി നില്‍ക്കുന്ന ലക്കോട്ട് സൂക്ഷിപ്പുകാരന്‍ മാധവനെ കണ്ടമാത്രയില്‍ മുദ്രാവാക്യം വിളിക്കുന്ന മുച്ചിറിയന്‍ കോരന്‍ ‘ഇങ്കിലാബ് സിന്ദാബാദ്, ലക്കോട്ടില്‍ എന്തുണ്ട്...’ എന്ന് അറിയാതെ വിളിക്കുന്നതും പിന്നിലുള്ളവര്‍ മുഴുവന്‍ അതേറ്റ് വിളിക്കുന്നതും നാട്ടുകാരുടെ മനസ്സില്‍ ചക്കപ്പശ പോലെ ഒട്ടിക്കിടക്കുന്ന ഒരു പ്രശ്നത്തെ വെളിപ്പെടുത്തുന്നു. ജനപ്രതിനിധിയും നാട്ടിലെ ദുര്‍നടപ്പുകാരിയും സ്വന്തം പെങ്ങളും എല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും ലക്കോട്ട് സൂക്ഷിച്ച സ്ഥലവും അതിന്റെ ഉള്ളടക്കവും വെളിപ്പെടുത്താത്ത മാധവന്‍ വായനക്കാരെയും ശരിക്കും അങ്കലാപ്പിലാക്കും.

                 ഗ്രാമത്തിന്റെ തനിമയും നിഷ്കളങ്കതയും വിളിച്ചോതുന്ന രംഗങ്ങളായി കാപ്പിക്കാരന്റെ കടയും കമ്പി ശിപായിക്ക് പിന്നാലെ കൂടുന്ന നാട്ടുകാരും അതിഥിക്ക് നല്‍കുന്ന ഉപ്പിട്ട കഞ്ഞിവെള്ളവും മറ്റും വായനക്കാരിലെത്തുന്നു. അതിലേറെ ഹൃദ്യമായി തോന്നിയത് ചോയിയുടെ സഹോദരി കമലയുടെ കല്യാണമാണ്. നാട്ടിന്‍പുറത്തെ കല്യാണത്തില്‍ ആ നാട്ടുകാര്‍ മുഴുവന്‍ ഒത്തൊരുമിച്ച് ഓരോ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അത് നാടിന്റെ ഒരു ഉത്സവമാക്കി മാറ്റുന്ന വരികള്‍ വായിച്ചപ്പോള്‍ എന്റെ കുട്ടിക്കാലത്തെ ചില കല്യാണങ്ങളും അതിന്റെ ഒരുക്കങ്ങളും എല്ലാം അറിയാതെ ഓര്‍മ്മയിലേക്കോടിയെത്തി.

               ‘ഉമ്മാച്ചു’ വിലെ പൊന്നാനി ദേശത്തെ സംസാര ഭാഷ പോലെ ഈ നോവലിലെ മാഹി - വടകര ഭാഗത്തെ സംഭാഷണ രീതിയും എനിക്കിഷ്ടപ്പെട്ടു. വളരെ ആസ്വാദ്യകരമായി മുന്നോട്ട് നീങ്ങി വായനക്കാരനെ സങ്കടക്കടലില്‍ ഉപേക്ഷിക്കുന്ന തരത്തിലാണ് നോവല്‍ അവസാനിക്കുന്നത് എന്നത് മാത്രമാണ് ഒരു പോരായ്മയായി തോന്നിയത്. ശുഭപര്യവസാനിയായി മാറിയാലും കഥക്ക് പ്രത്യേകിച്ച് കോട്ടം ഒന്നും സംഭവിക്കില്ലായിരുന്നു എന്നാണ് എന്റെ പക്ഷം.


പുസ്തകം  : കുട നന്നാക്കുന്ന ചോയി
രചയിതാവ് : എം.മുകുന്ദ
പ്രസാധകർ : ഡി സി ബുക്സ്
വില  : 225 രൂപ
പേജ്  : 224