Pages

Monday, August 17, 2020

സൌഹൃദം പൂക്കുന്ന വഴികൾ - 8

1999 മുതൽ ആഗസ്ത് മാസം എൻ്റെ വീട്ടിൽ വിശേഷപ്പെട്ടതാണ്. ഞാൻ ജനിച്ചതും എൻ്റെ മൂത്ത മോൾ ജനിച്ചതും ഈ മാസത്തിലാണ് എന്നതാണതിന് കാരണം. ജന്മദിനം ആഘോഷമായി നടത്താറില്ല എന്നതിനാൽ ദിനങ്ങൾ പതിവ് പോലെ കടന്നു പോകും എന്ന് മാത്രം.

എൻ്റെ മുറ്റവും പറമ്പും ഒക്കെ നിറഞ്ഞെങ്കിലും , ജന്മദിനത്തിൽ തൈ വയ്ക്കുന്ന പരിപാടി നിർത്താൻ മനസ്സ് വന്നില്ല. ഉള്ള സ്ഥലത്ത് ഒരു തൈ വയ്ക്കണം എന്ന് പ്ലാൻ ചെയ്ത് നിൽക്കുമ്പോഴാണ് പഴയ പത്താം ക്ലാസ് സഹപാഠി അഷ്റഫ് ഒതായി അവൻ്റെ വീട്ടിൽ വയ്ക്കാൻ ഫലവൃക്ഷത്തൈകൾ ആവശ്യപ്പെട്ടത്. അങ്ങനെ എൻ്റെയും മോളുടെയും ജന്മദിന മരങ്ങളായി പനിനീർ ചാമ്പ, നാരങ്ങ, റെഡ് ചാമ്പ എന്നിവയുടെ തൈകൾ അഷ്റഫിന് കൈമാറി.
കൂടകൾ ഒരുക്കി വിവിധ തരം വിത്ത് പാകി തൈകൾ റെഡി ആക്കി വയ്ക്കുന്ന സ്വഭാവം ഉള്ളതിനാൽ മുള്ളാത്ത, പീനട്ട് ബട്ടർ, ലുബിക്ക എന്നിവയുടെ വിത്ത് ഞാൻ  നട്ടിരുന്നു. അവയിൽ പലതും മുളച്ച് വരുകയും ചെയ്തു. തൈ പരിപാലിച്ച് നട്ടുവളർത്തും എന്ന് ഉറപ്പ് പറയുന്നവർക്ക് നൽകാനും പിന്നെ എന്നെപ്പോലെ വിശേഷ ദിനങ്ങളിൽ തൈ വയ്ക്കുന്നവർക്കും വേണ്ടിയാണ് ഇത് ഒരുക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം പഴയ PGDCA സഹപാഠി ശബീർ പെരിന്തൽമണ്ണ, വീട്ടിൽ വന്നു. യാദൃശ്ചികമായി അനിയൻ്റെ മുറ്റത്തെ പീനട്ട് ബട്ടറിലെ കായ അവൻ്റെ ശ്രദ്ധയിൽ പെട്ടു . ദിവസങ്ങൾക്ക് മുമ്പ് അവൻ ഇതിൻ്റെ തൈ വാങ്ങി നട്ടത് പങ്ക് വച്ചപ്പോൾ എൻ്റെ ഒരു കൂടയിലെ തൈയും ഉമ്മയുടെ വക മൂന്ന് തൈകളും അവന് നൽകി.
മോളുടെ ജന്മദിന സമ്മാന മരമായി ഒരു സ്റ്റാർ ഫ്രൂട്ട് തൈ ശബീർ തിരിച്ച് എനിക്കും തന്നു. മുമ്പെപ്പഴോ ഞാൻ ചോദിച്ച പ്രകാരം എനിക്ക് വേണ്ടി അവൻ പരിപാലിച്ച് ,എൻ്റെ വീട്ടിൽ വന്ന് എന്നെ അതേല്പിക്കമ്പോൾ സൗഹൃദത്തിൻ്റെ വലക്കണ്ണികളുടെ മുറുക്കം ഞാൻ തിരിച്ചറിയുന്നു. ഓഫ് ലൈൻ സൗഹൃദങ്ങളുടെ മാധുര്യം ഒരിക്കൽ കൂടി നൽകിയ ദൈവത്തിന് സ്തുതി.

മറ്റൊരു PGDCA സൗഹൃദം ഇവിടെ CLICK...

Sunday, August 09, 2020

ചെലോൽത് റെഡ്യാവും...ചെലോൽത് റെഡ്യാവൂല

ചെലോൽത് റെഡ്യാവും
ചെലോൽത് റെഡ്യാവൂല
ഇൻറത് റെഡ്യായിട്ടില്ല
അയ്‌നൊരു കൊയപ്പുല്യ ....

സോഷ്യൽ മീഡിയയും മലയാളി സമൂഹവും ആഘോഷിക്കുകയും ആശീർവദിക്കുകയും തലയിലേറ്റുകയും ചെയ്ത ,10 വയസ്സുകാരനായ ഒരു സാധാരണ പയ്യന്റെ , പരസ്യവാചകം പോലെയുള്ള വാക്കുകളാണിത്.
ഫായിസ് എന്ന കുട്ടിയുടെ ഈ വാക്കുകളിലേക്ക് എല്ലാവരുടെയും ശ്രദ്ധ
എത്തിയത് എങ്ങനെ എന്ന് ഒന്ന് ചിന്തിച്ചു നോക്കേണ്ടതുണ്ട്.

ഫായിസിന്റെ നിഷ്കളങ്കമായ ഗ്രാമീണ ഭാഷയാണ് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ഒരു പ്രധാന കാരണം.നാട്യങ്ങളില്ലാതെ, അവനത് കൂളായി അവതരിപ്പിച്ചതാണ് ആ വീഡിയോയുടെ മുഖ്യ ആകർഷണം . അഭിനയമോ ജാടയോ ഇല്ലാതെ നാം നാമായി ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അതിനെ അംഗീകരിക്കാനും ഏറ്റെടുക്കാനും സമൂഹം തയ്യാറാകും.

മറ്റൊരു കാരണം അവൻ മൂന്നാമത് പറഞ്ഞ വാചകമാണ് . 'ഇൻറത് റെഡ്യായിട്ടില്ല'  എന്ന് ഫായിസ് പറയുമ്പോൾ ലോകത്തിന് അത് വലിയൊരു സന്ദേശം നൽകുന്നു.തന്റേത് ശരിയായില്ല എന്ന് മനസ് തുറന്ന് സമ്മതിക്കാൻ അവൻ കാണിച്ച ആർജ്ജവം അഭിനന്ദനം അർഹിക്കുന്നു.ഫായിസ് സ്വയം തോൽവി അംഗീകരിക്കുന്നു എന്നത് ഇന്നത്തെ സമൂഹത്തിന് വലിയൊരു പാഠമാണ് .

'അയ്‌നൊരു കൊയപ്പുല്യ' എന്ന അവസാന വാചകവും ഏറെ ഏറെ ചിന്തനാർഹമാണ്. നാം ചെയ്യുന്ന ഒരു കാര്യം അതിന്റെ ഫലപ്രാപ്തിയിൽ എത്തിയില്ലെങ്കിലും ഒരു കുഴപ്പവുമില്ല. മറ്റൊരാളെ ബാധിക്കാതെ , ചെയ്യുന്ന ആൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ ആർക്കാണ് കുഴപ്പം. എല്ലാവരും നോക്കി
നിൽക്കെ പരാജയപ്പെടുമ്പോഴും ഒരു കുഴപ്പവുമില്ല എന്ന പോസിറ്റീവ് ‌സമീപനം, അതാണ് ആ പയ്യൻ നൽകുന്ന മറ്റൊരു വലിയ പാഠം.

Child is the father of man എന്ന് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരൻ വില്യം വേഡ്സ് വർത്ത് പറഞ്ഞിട്ടുണ്ട് - കുട്ടിയാണ് മനുഷ്യന്റെ പിതാവ് എന്ന് വാക്കർത്ഥം പറയുമെങ്കിലും കുട്ടികൾ മുതിർന്നവരെ നിരവധി കാര്യങ്ങൾ പഠിപ്പിക്കുന്നു എന്നാണിതിന്റെ സാരാംശം. കേരള സമൂഹത്തിന്  നിരവധി പാഠങ്ങൾ നൽകുന്നതാണ് ഫായിസിന്റെ ആ വീഡിയോ.

പോസിറ്റീവ് സമീപനത്തോടെ, നാം നമ്മളായി ഒരു കാര്യം ചെയ്യുമ്പോൾ
സമൂഹം നമ്മളെ അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യും എന്ന് തീർച്ചയാണ് . അങ്ങനെ മുന്നേറാൻ എല്ലാവർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.

( വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) 118/316

Thursday, August 06, 2020

ഒരു ബർത്ഡേ അബദ്ധം

"ഇന്ന് എൻ്റെ ബർത്ഡേ ആണ് ട്ടോ.." ഞാൻ ഭാര്യയെ ഓർമ്മിപ്പിച്ചു.

"അതിനെന്താ? വൃക്ഷത്തൈ നട്ടില്ലേ?" ഭാര്യയുടെ മറു ചോദ്യം

" അത് നട്ടു ...ബട്ട് ..?."

"വേറെ എന്ത് വട്ടാ ഇനി ?" എല്ലാ ജന്മദിനത്തിലും ഒരു വൃക്ഷത്തൈ വയ്ക്കുന്ന എൻ്റെ പ്രത്യേകതരം പിരാന്തിനെ ഭാര്യ അവസരോചിതമായി ഒന്ന് താങ്ങി.

" ഇന്ന് ഉച്ചക്ക് നമുക്ക് ഫ്രൈഡ് റൈസ് ആക്കാം .. ഞാൻ നട്ട ഉളളിയിൽ നിന്നുള്ള തണ്ട് ഉപയോഗിച്ച് ഞാൻ നട്ട മല്ലിയുടെ ഇല കൊണ്ട് ചമ്മന്തി അരച്ച് ഞാൻ.... ''

" ഞാൻ തന്ന ഉള്ളിയും മല്ലിയും നട്ട്, ഞാൻ കത്തിച്ച വിറകിൻ്റെ ചാരവും ഇട്ട്..... " ഭാര്യ ഇടയിൽ കയറി പറയാൻ തുടങ്ങി.

" നിർത്ത് ... നിർത്ത് ... ഞാൻ ഒഴിച്ച വെള്ളം കൊണ്ട് വളർന്ന , ഞാൻ തലോടിയത് കൊണ്ട് പുഷ്ടിപ്പെട്ട..." മോളും രംഗ പ്രവേശനം ചെയ്തു.

" ആ ... ഓകെ... ഓകെ... നമ്മുടെ വീട്ടിലുണ്ടായ ഉള്ളിത്തണ്ടും മല്ലിയിലയും ഉപയോഗിച്ച് നാം ഉണ്ടാക്കുന്ന ഫ്രൈഡ് റൈസ്...'' ഞാൻ വേഗം കോമ്പ്രമൈസാക്കി.


* * * * *


"ഇത് എന്തിൻ്റെ ഇലയാ?" അടുക്കളയിൽ നിന്നുള്ള ചോദ്യം കേട്ട് ഞാൻ ഞെട്ടി. 'മുറ്റത്ത് നിന്ന് വെട്ടിയ ഉള്ളിത്തണ്ടും മല്ലി ഇലയും മാത്രമേ ഞാൻ അവിടെ കൊണ്ടു വച്ചിട്ടുള്ളൂ ... പിന്നെ എന്താ ഈ ചോദ്യം?'

"അത്.... ഒന്ന് ഉള്ളിത്തണ്ട്..."

"അത് മനസ്സിലായി.. "

" മറ്റേത്... മല്ലിച്ചെപ്പ് എന്ന് നീ വിളിക്കുന്ന മല്ലിയില ...."

"ഇത് കാരറ്റിൻ്റെ ഇലയാ മനുഷ്യാ... "

" ങേ ! മല്ലി നട്ടാൽ കാരറ്റ് മുളക്കുമോ? "

"മല്ലിയില അടുക്കളപ്പടി കടന്നാൽ അയൽവാസി വരെ അറിയും... ഇത് ഒരു വാസനയും ഇല്ലല്ലോ .. "

"ങേ ! ഇനി ഞാൻ പറിച്ച് വച്ചത് വെണ്ടയുടെ ഇലയെങ്ങാനുമാണോ?" ഞാൻ വേഗം അടുക്കളയിലേക്കോടി.

എന്നോ കൊണ്ടു വച്ച മല്ലിച്ചെപ്പിൻ്റെ അവശിഷ്ടം ഫ്രിഡ്ജിൽ നിന്നെടുത്ത് ഭാര്യ എൻ്റെ മൂക്കിനോടടുപ്പിച്ചു. അതിൻ്റെ വാസന എൻ്റെ ആന്തരികാവയവങ്ങളെ മുഴുവൻ ഉണർത്തി. ശേഷം ഞാൻ കൊണ്ടു വച്ച ഇല ഒന്ന് പിച്ചി കയ്യിലിട്ട് ഞെരിച്ച് അതും എൻ്റെ മൂക്കിൻ തുമ്പത്ത് കാണിച്ച് തന്നു. രൂക്ഷഗന്ധം കാരണം എനിക്ക് ഓക്കാനം വന്നു.

" എടീ ... അല്ലെങ്കിലും മല്ലിയില കൊണ്ടുള്ള ചമ്മന്തി ചെലോൽക്ക് ഇഷ്ടാവും ചെലോൽക്ക് ഇഷ്ടാവൂല... അയ്നൊരു കൊയപ്പുല്ല... ഞമ്മക്ക് തേങ്ങ ചമ്മന്തി ആക്കാം .. "

'മല്ലിയില ' യും എടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി.നാലഞ്ച് ചട്ടികളിൽ വളർന്ന് വരുന്ന സോ കാൾഡ് മല്ലിച്ചെടിയുടെയും ഇലയുടെയും ക്ലോസപ്പും കാൻറിഡും ഒക്കെ പകർത്തി നേരെ ഫേസ്ബുക്ക് തുറന്നു.

" Happy Birthday " സൂക്കറണ്ണൻ എൻ്റെ ബർത്ഡേ കൃത്യമായി ഓർമ്മിച്ച് വച്ചതിൽ അഭിമാനം തോന്നി.

എൻ്റെ പ്രശ്നം പരിഹരിക്കാൻ അണ്ണനെ തന്നെ ഏൽപിച്ചു. ഞാനംഗമായ എല്ലാ കൃഷി ഗ്രൂപ്പിലും പ്രതിയുടെ ഫോട്ടോ പതിച്ചു. അടുക്കളയിൽ തോറ്റതിന് ഫേസ് ബുക്കിൽ എന്നല്ലേ ? അവിടെ ഇപ്പോൾ ഗൾഫ് യുദ്ധത്തിൽ ഇറാഖ്‌ - കുവൈത്ത് അതിർത്തിയിൽ മിസൈൽ പാഞ്ഞിരുന്ന പോലെ അഭിപ്രായങ്ങൾ പായുകയാണ് ....

ബർത്ഡേക്ക് ഇനി ഒരു വെടിക്കെട്ട് വേറെ വേണ്ട.

                                                              ഇതാണ് ആ പ്രതി

Tuesday, August 04, 2020

കുട്ട്യേടത്തി

             കുട്ട്യേടത്തി എന്ന പുസ്തകത്തിന്റെ മുഖചിത്രം കണ്ട ഞാൻ അതൊരു പ്രിന്റിംഗ് മിസ്റ്റേക് ആണെന്നായിരുന്നു ധരിച്ചിരുന്നത്.പക്ഷെ കുട്ട്യേടത്തി എന്ന ദു:ഖ കഥാപാത്രത്തെ വരക്കേണ്ട രീതിയിൽ വരച്ചതാണത് എന്ന് കഥ വായിച്ച് കഴിഞ്ഞാൽ മനസ്സിലാകും. മനസ്സിൽ ഒരു നൊമ്പരം ഉണ്ടാക്കിയാണ് കുട്ട്യേടത്തി ഈ ലോകത്തെ വാസം അവസാനിപ്പിക്കുന്നത്.കുട്ട്യേടത്തി ,അന്തിവെളിച്ചം , കടലാസുതോണികൾ , കരിയിലകൾ മൂടിയ വഴിത്താരകൾ , സ്നേഹത്തിന്റെ മുഖങ്ങൾ എന്നീ അഞ്ചു കഥകളുടെ സമാഹാരമാണ് ഈ കൃതി.

              ആദ്യ കഥ പ്രതീക്ഷിച്ച പോലെ അവസാനിക്കുമ്പോൾ രണ്ടാമത്തെ കഥയാ അന്തി വെളിച്ചം ഒരു അപ്രതീക്ഷിത സംഭവത്തിലൂടെ വഴി മാറുന്നു. കടലാസു തോണികൾ എന്ന മൂന്നാമത്തെ കഥയാണ് ഞാൻ ആദ്യം വായിച്ചത്. കഥയുടെ പുരോഗമനം രസകരമായ ഒരു രീതിയായി അനുഭവപ്പെട്ടു. കരിയിലകൾ മൂടിയ വഴിത്താരകൾ എന്ന കഥ പഴയ കാലത്ത് സംഭവിച്ചിരിക്കാൻ സാധ്യതയുള്ള ഒന്ന് തന്നെയാണ്.ഇതിലെ അച്ഛനും മകനും തമ്മിൽ നടക്കുന്ന സംസാരത്തിനിടയിൽ വായനക്കാരന്റെ ഹൃദയം പെരുമ്പറ കൊട്ടും . സ്നേഹത്തിന്റെ മുഖങ്ങൾ എന്ന അവസാന കഥയും  നൊമ്പരം പടർത്തിയാണ് അവസാനിക്കുന്നത്.

               രണ്ട് കാലഘട്ടങ്ങളിൽ എഴുതിയതാണെങ്കിലും, ഞാൻ ഇതിന് തൊട്ടു മുമ്പ് വായിച്ച ടാഗോറിൻ്റെ കാബൂളിവാലയും എം.ടി യുടെ കുട്ട്യേടത്തിയും വായനക്കാരന് നൽകുന്നത് ഒരേ അനുഭവമാണോ എന്നൊരു സംശയം ഉദിക്കുന്നു. രണ്ടും വായിച്ചവർ അവരുടെ അനുഭവം പങ്ക് വയ്ക്കുമല്ലോ.
മനുഷ്യജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച് മലയാള ഭാവനയിൽ ഉണ്ടായ ഏറ്റവും നല്ല കഥകളിൽ ചിലത് എന്ന പുറം കുറിപ്പ് അർത്‌ഥപൂർണ്ണമാക്കിയ കൃതിയാണ് കുട്ട്യേടത്തി.

പുസ്തകം : കുട്ട്യേടത്തി
രചയിതാവ് : എം ടി വാസുദേവൻ നായർ
പ്രസാധകർ : കറന്റ് ബുക്‌സ് 
പേജ് : 69
വില : 70 രൂപ

Friday, July 31, 2020

ബെല്യര്ന്നാളും ബെള്ള്യായ്ച്ചിം...

വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒന്നിച്ച ദിവസമായിരുന്നു 2020ലെ ബലിപെരുന്നാൾ സുദിനം. " ബെല്യര്ന്നാളും ബെള്ള്യായ്ച്ചിം ആയിട്ടും ബാപ്പ പള്ളിപ്പോയ്ട്ട്ല്ല " എന്നൊരു ചൊല്ല് ഞങളുടെ നാട്ടിൽ പ്രസിദ്ധമാണ്. അതായത് അത്രയും പ്രാധാന്യവും പുണ്യവും ഉള്ള ഒരു കാര്യം ഒഴിവാക്കുന്നതിനെപ്പറ്റിയാണ് അങ്ങനെ പറയാറ്. ദേശങ്ങൾക്കനുസരിച്ച് ചൊല്ല്ൽ മാറ്റങ്ങൾ ഉണ്ടായിരിക്കും.

ഇന്ന് ആ ചൊല്ല് അർത്ഥവത്തായി. കോവിഡ് - 19 പ്രോട്ടോകാൾ പ്രകാരം ഒത്തുചേരുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതിനാൽ പല സ്ഥലത്തും പെരുന്നാൾ നമസ്കാരങ്ങൾ വീട്ടിൽ തന്നെയായിരുന്നു. വെള്ളിയാഴ്ചയിലെ ജുമുഅ വളരെ നിയന്ത്രിതമായതിനാൽ അതും പലർക്കും വീട്ടിൽ വച്ച് ളുഹർ നമസ്ക്കാരമായി നിർവഹിക്കേണ്ടി വന്നു.

ബലിപെരുന്നാൾ എന്നത് ചരിത്രത്തിലെ ഒരു വലിയ ത്യാഗത്തിൻ്റെ ഓർമ്മ പുതുക്കലാണ്. ഇബ്രാഹിം നബി (സ) തൻ്റെ മകൻ ഇസ്മായിലിനെ ദൈവകൽപന പ്രകാരം ബലിയർപ്പിക്കാൻ തീരുമാനിച്ചതിൻ്റെ ഓർമ്മ പുതുക്കൽ. വാർദ്ധക്യകാലത്ത് ലഭിച്ച ഏക മകൻ കളിച്ച് രസിച്ച് നടക്കുന്ന സമയത്ത് കിട്ടിയ ദൈവകൽപനക്ക് മുമ്പിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടതിനെ തന്നെ ത്യജിച്ച ആ ചരിത്രത്തിൻ്റെ പുനരാഖ്യാനമാണ് ബലിപെരുന്നാൾ.

വിശ്വാസി സമൂഹം നിരവധി ത്യാഗങ്ങൾ സഹിച്ചാണ് ഇന്ന് ഈ പെരുന്നാൾ ആഘോഷിച്ചത്. പ്രധാന കർമ്മങ്ങളിൽ പെട്ട പെരുന്നാൾ സമ്മേളനം, ബന്ധു ഗൃഹ സന്ദർശനം, പരസ്പരം കൈ കൊടുത്തും കെട്ടിപ്പിടിച്ചുമുള്ള ആശംസാ കൈമാറ്റം എന്നിവക്ക് ഒക്കെ കടിഞ്ഞാണിട്ടു. അതിലുപരി ,ജീവിതത്തിൽ ഒരിക്കൽ മാത്രം അവസരം ലഭിക്കുന്ന, ഹജ്ജ് എന്ന ഇസ്ലാമിലെ ഏറ്റവും പുണ്യകരമായ കർമ്മത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടും പോകാൻ കഴിയാതെ വന്ന നിസ്സഹായതയും പലരും നേരിട്ടു. ഇസ്ലാമിക വിശ്വാസ പ്രകാരം ഹജ്ജിലൂടെ ഒരു മനഷ്യൻ, അമ്മ പെറ്റിട്ട നിമിഷത്തിലെ കുട്ടിയെപ്പോലെ പാപമുക്തനായിത്തീരും. ആ അവസരമാണ് ജീവിത സായാഹ്നത്തിൽ എത്തിയവരടക്കം പലർക്കും നഷ്ടമായത്. പക്ഷേ, എല്ലാ വിധികളും ദൈവനിശ്ചയമാണ് എന്നതിനാൽ യഥാർത്ഥ വിശ്വാസി നിരാശപ്പെടില്ല. ഈ ബലിപെരുന്നാൾ നൽകുന്ന ഏറ്റവും വലിയ സന്ദേശവും ഇതൊക്കെ തന്നെയാണ്.

എല്ലാവർക്കും എൻ്റെയും കുടുംബത്തിൻ്റെയും ബലിപെരുന്നാൾ ആശംസകൾ.