Pages

Wednesday, January 31, 2024

ഷബോനിയുടെ സാമ്രാജ്യം

പുതുവർഷത്തിൽ ആദ്യമായി ലഭിച്ച പുസ്തകമായിരുന്നു 'ഷബോനിയുടെ സാമ്രാജ്യം'. ബ്ലോഗിന്റെ പുഷ്കല  കാലത്ത് സഹബ്ലോഗറായിരുന്ന ഷബ്‌ന പൊന്നാടിന്റെ കുട്ടികൾക്കുള്ള നോവലാണ് ഇത്. കുട്ടികൾക്കുള്ളതായതിനാൽ ഒറ്റ ഇരിപ്പിന് തന്നെ ഞാനത് വായിച്ചു തീർത്തു.

അരുവിക്കാട്ടിലെ രാജാവാണ്  അജിബൻ എന്ന പഞ്ചവർണ്ണക്കിളി. കാട്ടിലെ നിയമമനുസരിച്ച് രാജാവാകാൻ കഠിനമായ മൂന്ന് പരീക്ഷണങ്ങൾ തരണം ചെയ്യേണ്ടതുണ്ട്. അടുത്ത രാജാവാകാൻ കൊതിക്കുന്ന ചുകൻ ചെമ്പോത്ത്, രാജാവാകാൻ സാധ്യതയുള്ള അജിബന്റെ മകൻ ഷബോനിയെ ചതിച്ച് പരീക്ഷണത്തിൻ്റെ മൂന്നാമത്തെ ഘട്ടത്തിൽ 'പരാജയപ്പെടുത്തി. ശേഷം ഈ പരീക്ഷണങ്ങൾക്ക്.ഒന്നും വിധേയമാകാതെ തന്നെ ചുകൻ രാജാവായി സ്വയം അവരോധിച്ചു.

പരീക്ഷണത്തിൽ പരാജയപ്പെട്ട അജിബനും കുടുംബവും അരുവിക്കാടിൻ്റെ നിയമമനുസരിച്ച് കാട് വിട്ട് മറ്റൊരു സ്ഥലത്ത് താമസമാക്കി. മുൻ ധാരണക്ക് വിരുദ്ധമായി  ചെമ്പൻ വനത്തിലെ വലിയ മൃഗങ്ങൾ അരുവിക്കാട്ടിലേക്ക് കയറി അതിക്രമങ്ങൾ ചെയ്തിട്ടും ചുകന് ഒന്നും ചെയ്യാൻ സാധിക്കാതെ വന്നു. അങ്ങനെ അരുവിക്കാട്ടുകാർ  ബുദ്ധിമുട്ടുമ്പോഴാണ് ചുകൻ ചെമ്പോത്ത് ചെയ്ത ചതി മനസ്സിലാക്കി, മൂന്നാമത്തെ പരീക്ഷണമായ തുടർച്ചയായി പാട്ട് പാടാനുള്ള കഴിവ് വീണ്ടെടുത്ത് ഷബോണി തിരിച്ചെത്തുന്നതും യുവരാജാവായി സ്ഥാനമേൽക്കുന്നതും.

വലിയ മൃഗങ്ങൾ താമസിക്കുന്ന ചെമ്പൻ വനത്തിന്റെയും ചെറിയ മൃഗങ്ങൾ താമസിക്കുന്ന അരുവിക്കാടിന്റെയും പരസ്പര സഹകരണത്തിന്റെയും യുവരാജാവിന്റെ സ്ഥാനാരോഹണത്തിന്റെയും കഥയാണ് നോവലിന്റെ ഇതിവൃത്തം.കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ തന്നെ ഷബ്‌ന അത് പറഞ്ഞുപോകുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരുകളും വളരെ ഹൃദ്യമായി തോന്നി. നൗഷാദ് വെള്ളലശ്ശേരിയുടെ ചിത്രീകരണവും വളരെ ഹൃദ്യമായി.ജില്ലി മുയലിനെ ഒരു കൈ കൊണ്ട് വാരിയെടുത്ത് മിഥുക്കുരങ്ങൻ അത്തിയിൽ കയറി എന്ന് പറയുന്നിടത്തെ (പേജ് 16) ചിത്രം തെറ്റിപ്പോയോ എന്നൊരു സംശയം. കുട്ടികൾക്ക് ഈ നോവൽ ഹൃദ്യമാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

പുസ്തകം : ഷബോനിയുടെ സാമ്രാജ്യം
രചയിതാവ് : ഷബ്‌ന പൊന്നാട് 
പ്രസാധകർ : പേരക്ക ബുക്സ്
പേജ് : 112 
വില: 130 രൂപ

Monday, January 29, 2024

2023 ഒരു കണക്കെടുപ്പ്

ആയുർദൈർഘ്യത്തിൽ നിന്ന് ഒരു വർഷം കൂടി ചോർന്ന് പോയിരിക്കുന്നു. പോയ വർഷം തന്ന സന്തോഷവും സന്താപവും ആണ് പുതുവർഷത്തിലെ പ്രതീക്ഷകൾക്ക് നിറം പകരുന്നത്. ആയതിനാൽ, പുതുവർഷാദ്യത്തിൽ ചെയ്യുന്ന മുൻ വർഷത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും കണക്കെടുപ്പും ഈ വർഷവും തുടരുകയാണ്. 

വിവിധ രംഗങ്ങളിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും തിളങ്ങിയ വർഷം കൂടിയായിരുന്നു 2023.ഭാര്യ ആദ്യ ചാൻസിൽ തന്നെ LMV ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി. ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ പുരസ്കാരത്തിന് ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. മൂത്ത മകൾ ലുലു ജമ്മു സെൻട്രൽ യൂണി:സിറ്റിയിൽ നിന്ന് മാത്മാറ്റിക്സിൽ പി.ജി.ബിരുദം കരസ്ഥമാക്കി. രണ്ടാമത്തെ മകൾ ലുഅക്ക് KSCSTE. KSHED, INSPIRE എന്നീ സ്കോളർഷിപ്പുകൾ ലഭിച്ചു.പിന്നാലെ ലൂന മോൾ യു.എസ്.എസ്. സ്കോളർഷിപ്പിനും അർഹയായി. 

യൂണി: സിറ്റി കൾച്ചറൽ ഫെസ്റ്റിൽ ഹിന്ദി ഗാനത്തിന് ഒന്നാം സ്ഥാനം നേടി ലുലു മോൾ കലാരംഗത്തും തിളങ്ങി. ബാലഭൂമിയുടെ വിജ്ഞാന മത്സരത്തിൽ വിജയിയായി ലൂന മോൾ നോർത്ത് കേരള സമ്മർ ക്യാമ്പിൽ പങ്കെടുത്തു. ഇന്ത്യൻ റൈറ്റേഴസ് ഫോറത്തിൻ്റെ പുസ്തകാസ്വാദനക്കുറിപ്പിനുള്ള ഒ.വി.വിജയൻ പുരസ്കാരവും ലൂനമോളെ തേടിയെത്തി.  ലിദുമോന് അരീക്കോട് കൃഷിഭവൻ്റെ കുട്ടിക്കർഷകനുള്ള പ്രോത്സാഹന സമ്മാനവും ലഭിച്ചതോടെ മക്കളെല്ലാവരും ഈ വർഷം അവിസ്മരണീയമാക്കി.

ഫേസ്ബുക്ക്, ബ്ലോഗ്,വ്ലോഗ് തുടങ്ങീ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാനും ഈ വർഷം സാധിച്ചു. പതിവ് പോലെ ബ്ലോഗിൽ ഈ വർഷവും നൂറ് പോസ്റ്റ് തികച്ചു. എഫ് ബി യിൽ ആദ്യമായി ഉണ്ടാക്കിയ റീൽ അഞ്ഞുറിലധികം പേരും രണ്ടാമത്തെയും മൂന്നാമത്തെയും റീലുകൾ ആയിരത്തിലധികം പേരും കണ്ട് കഴിഞ്ഞു. ചില വ്യക്തിഗത കാരണങ്ങളാൽ വ്ലോഗിനെ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിലും സബ്സ്ക്രൈബർമാരുടെ എണ്ണം മുപ്പത്തയ്യായിരം കടന്നു. ടെലഗ്രാമിലും ഫോളോവേഴ്സിൻ്റെ എണ്ണം 800 കടന്നു. പുതിയ വർഷത്തിൽ ഇത് യഥാക്രമം 50000ഉം 1000ഉം ആയി ഉയർത്തണം.

2021ലെ വൈഗ കാർഷിക മേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ അഗ്രി ഹാക്കത്തോണിൻ്റെ ജൂറി മെമ്പറായി ഞാൻ പങ്കെടുത്തിരുന്നു. 2023ലും അഗ്രിഹാക്കിൻ്റെ  ജൂറി മെമ്പറാവാനുള്ള അവസരം ലഭിച്ചു. കൃഷിയിൽ പൂർവ്വാധികം ശ്രദ്ധ പതിപ്പിച്ചു കൊണ്ട് ഒരു വെർട്ടിക്കൽ ഗാർഡനും ഓട്ടോമേറ്റഡ് തുള്ളിനന സംവിധാനവും വീട്ടിൽ സെറ്റ് ചെയ്തു. ആപ്പിൾ,അരിനെല്ലി, സ്ട്രോബറി പേര,മിറാക്കിൾ ഫ്രൂട്ട്,തായ് മൾബറി തുടങ്ങിയവ വീട്ടുമുറ്റത്ത് വളരാൻ തുടങ്ങി. നൂറിലധികം ഫലവൃക്ഷത്തെകൾ സൗജന്യമായി വിതരണം ചെയ്യാനും ഈ വർഷം സാധിച്ചു.

ഹോം ലൈബ്രറിയും ബ്ലോഗ് എഴുത്തും വായനയും എല്ലാം പരിപോഷിപ്പിക്കാൻ ഈ വർഷവും ലക്ഷ്യമിട്ടിരുന്നു. വാങ്ങിയ പുസ്തകങ്ങൾ രണ്ടും മൂന്നും അല്ലെങ്കിൽ അതിലും കൂടുതൽ വർഷങ്ങൾ കഴിഞ്ഞാണ് സാധാരണയായി ഞാൻ വായനക്കെടുക്കാറുള്ളത്. ഇത്തവണ പേരക്കാ ബുക്സ് കുടുംബ സംഗമത്തിൽ വെച്ച് വാങ്ങിയ മുഴുവൻ പുസ്തകങ്ങളും ഈ വർഷം തന്നെ വായിച്ചു തീർത്തു.  ഈ വർഷം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. പേരിൽ ക്ലിക്ക് ചെയ്താൽ ആ പുസ്തകത്തെപ്പറ്റിയുള്ള എന്റെ വായനാനുഭവം കൂടി വായിക്കാം.

1. മഹാത്മജിയുടെ പാരിസ്ഥിതിക ദർശനങ്ങൾ.
2. പ്രവാചക കഥകൾ
5. കാലത്തിന്റെ കാലൊച്ച - ശബ്ന പൊന്നാട് 
7. വഴി വിളക്ക്
9. വിശുദ്ധിയുടെ മാർഗ്ഗങ്ങൾ
10. കായംകുളം സൂപ്പർഫാസ്റ്റ്
11.കത്തിത്തീരാതെ ഒരാത്മാവ് (കവിത - മുംതാസ് മുഹമ്മദ്)
12. നക്ഷത്രങ്ങൾക്കിടയിൽ മിന്നാമിനുങ്ങ്
13. സ്ത്രീകളുടെ അവകാശങ്ങൾ
14. ഓർമ്മകളുടെ പെരുന്നാൾ
15. ഒറ്റക്ക് മരിച്ച പുഴ
16. കുട്ടികളെ അതിശയിപ്പിക്കുന്ന കഥകൾ
20. മയ്യിത്ത് സംസ്കരണ നിയമങ്ങൾ
21. ഇത് കഥയല്ല, ജീവിതം
22. ഉപ്പ്മാവ്
23. നബി(സ) യുടെ വിവാഹങ്ങൾ
24. ഓർമ്മയുടെ ചിത്രശാലകൾ
26. ഉറക്കം - മര്യാദകൾ വിധികൾ
27. അടരുന്ന മഞ്ഞുതുള്ളി
28. കോയ & കോ
29.  TKTM ഹാജി കമ്പനി
30. അല്ലാഹുവിൻ്റെ ഏകത്വം

2022 ലെ ബാലൻസ് അടക്കം 2023 ൽ 25 പുസ്തകങ്ങളെങ്കിലും വായിക്കണം എന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അത് 30 വരെ എത്തിക്കാൻ സാധിച്ചു. പുതിയ ലക്ഷ്യം 36 പുസ്തകം എന്നതാണ്. അതിൽ പത്ത് ശതമാനം ഇംഗ്ലീഷ് പുസ്തകം ആക്കാനും തീരുമാനിച്ചു. ഞാൻ എഡിറ്ററായിക്കൊണ്ട് ഒരു പുസ്തകവും മറ്റൊരു പുസ്തകവും കൂടി പ്രസിദ്ധീകരിച്ച് സാഹിത്യ മണ്ഡലത്തിൽ സ്ഥിര സാന്നിദ്ധ്യമാകാനും  പുതിയ വർഷത്തിൽ ലക്ഷ്യമിടുന്നു.
 
കുടുംബസമേതവും ചങ്ങാതിമാർക്കൊപ്പവും ഒക്കെയായി പത്തോളം യാത്രകൾ ഈ വർഷം നടത്തി. ഈ വർഷവും പ്രധാനപ്പെട്ട യാത്ര കശ്‍മീരിലേക്കുള്ളത് തന്നെയായിരുന്നു(യാത്രാ വിവരണം വായിക്കാൻ സ്ഥലങ്ങളുടെ മുകളിൽ ക്ലിക്ക് ചെയ്യുക).
10. പടിഞ്ഞാറേക്കര - ഫാമിലി

അക്കാദമിക് ക്ലാസുകൾ അല്ലാത്ത പലതരം ക്ലാസുകളും എടുക്കാൻ എല്ലാ വർഷവും എനിക്ക് അവസരം ലഭിക്കാറുണ്ട്. 'കാവുസംരക്ഷണവും പ്രാധാന്യവും ' എന്ന വിഷയത്തിൽ ചേലക്കര പോളിടെക്നിക്കിലെ ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓൺലൈൻ ക്ലാസായിരുന്നു ആദ്യത്തേത്. 'ഉന്നതപഠനം എങ്ങനെ ?' എന്ന വിഷയത്തിൽ SSLC , +2 വിദ്യാർത്ഥികൾക്കായി GEC പാലക്കാട് NSS യൂണിറ്റ് സംഘടിപ്പിച്ചതായിരുന്നു രണ്ടാമത്തെ ക്ലാസ്. 'വ്യക്തിത്വ വികസനം' എന്ന വിഷയത്തിൽ സുല്ലമുസ്സലാം ടി ടി സി വിദ്യാർത്ഥികൾക്കുള്ളതായിരുന്നു മൂന്നാമത്തേത്. നാലാമത്തേത് IHRD ടെക്നിക്കൽ സ്കൂൾ കുട്ടികൾക്കുള്ള NSS ക്യാമ്പ് ഓറിയൻ്റേഷൻ ക്ലാസും.

നിരവധി സാഹിത്യ മത്സരങ്ങളിൽ ഈ വർഷം ഞാൻ പങ്കെടുത്തു. പ്രഥമ പുസ്തകത്തിന് ലഭിച്ച അവാർഡ് രണ്ട് പുസ്തകങ്ങളുടെയും വില്പന വർദ്ധിപ്പിച്ചു. ഫാറൂഖ് കോളേജിലെ പൂർവ്വ കലാകാരന്മാരുടെ കൂട്ടായ്മയായ കലാ സാഹിതിയിലൂടെ സാഹിത്യാഭിരുചി അരക്കിട്ടുറപ്പിച്ചു. ഈ വർഷത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും കുടുംബസമേതം സന്ദർശിച്ചു. വർഷങ്ങളായി വായിച്ചിരുന്ന മാതൃഭൂമി ദിനപത്രം മാറ്റി മാധ്യമം ദിനപത്രത്തിന്റെ വരിക്കാരനായി.

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു വർഷം കൂടിയാണ് കടന്നു പോയത്. സ്റ്റാഫ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി എന്നെയും തിരഞ്ഞെടുത്തു. അവാർഡ് ലഭിച്ചതിൻ്റെ സന്തോഷ സൂചകമായി കോളേജിലെ മുഴുവൻ സ്റ്റാഫിനും ലഡു വിതരണം ചെയ്യാനും ട്രാൻസ്ഫർ കിട്ടിയതിൻ്റെ സന്തോഷം പങ്കിടാൻ 
കോളേജിൻ്റെ ചരിത്രത്തിലാദ്യമായി മുഴുവൻ സ്റ്റാഫിനും ഒരുമിച്ച് ചായ സൽക്കാരം നടത്താനും സാധിച്ചു. പാലക്കാടിനോട് വിട പറഞ്ഞ് ഞാൻ വീണ്ടും കോഴിക്കോടെത്തി.

ഈ തിരിഞ്ഞുനോട്ടം വെറുതെയല്ല, പുതുവർഷത്തെ കൂടുതൽ കാര്യക്ഷമമാക്കാനും മധുരമുള്ളതാക്കാനും വേണ്ടിയാണ്. പ്രതീക്ഷകളോടെ കാത്തിരിക്കുന്നു.


Wednesday, January 24, 2024

മഞ്ഞ് താഴ് വരയിലേക്ക് (വിൻ്റർ ഇൻ കാശ്മീർ - 10)

 Part 9:  ദാൽ തടാക തീരത്തെ പ്രഭാത നടത്തം

കാശ്മീരിലെ ഞങ്ങളുടെ മൂന്നാം ദിനമാണിന്ന്. ഇന്ന് കാഴ്ചകൾ കാണാൻ പോകുന്നത് ഗുൽമാർഗിലേക്കാണ്. ഇന്ന് എനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട്. 2022 മെയ് മാസത്തിൽ കാശ്മീരിൽ വന്നപ്പോൾ ഞാനും കുടുംബവും താമസിച്ചിരുന്നത് എൻ്റെ സ്റ്റുഡൻ്റ് കൂടിയായ ഇഷ്ഫാഖിൻ്റെ വീട്ടിൽ ആയിരുന്നു. ശ്രീനഗറിൽ നിന്ന് ഗുൽമാർഗ്ഗിലേക്ക് പോകുന്ന വഴി ധ്രുരുവിൽ ആണ് അവൻ്റെ വീട്. ആ വീട്ടിൽ ഒരിക്കൽ കൂടി പോകാനും പ്രായമേറിയ അവൻ്റെ വല്യുമ്മയെയും മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും ഒരിക്കൽ കൂടി കാണാനും സാധിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ.

നേരത്തെ അറിയിച്ച പ്രകാരം വഴിയിൽ വെച്ച് ഇഷ്ഫാഖ് ഞങ്ങളുടെ ബസ്സിൽ കയറി. ഒന്നര വർഷത്തിന് ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അൽപം കൂടി സുമുഖനായി മാറിയിട്ടുണ്ട്. നിഷ്കളങ്കമായ ആ ചിരിയും നാണവും ഇപ്പോഴും വിട്ടു പോയിട്ടില്ല. അന്ന് ബാച്ചിലർ ആയിരുന്നവൻ ഇന്ന് വിവാഹിതനാണ് എന്നതാണ് പ്രധാന മാറ്റം. ബാപ്പയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയും അവനിൽ നിന്ന് അറിഞ്ഞു.

വിൻ്റർ സീസൺ ആയതിനാൽ ജാക്കറ്റ് വാടക കൂടും എന്നായിരുന്നു എൻ്റെ ധാരണ. പക്ഷെ 200 രൂപക്ക് ഇഷ്ഫാഖ് അത് സെറ്റാക്കി. ബട്ട്, ബസ് ജീവനക്കാർക്ക് മറ്റൊരു കടയോടായിരുന്നു താല്പര്യം. 250 രൂപ വാടക നൽകി, ഏകദേശം എല്ലാവരും അവനവന് യോജിച്ച ജാക്കറ്റുകൾ അവിടെ നിന്ന് സ്വന്തമാക്കി. മണ്ണും ചെളിയും പറ്റിപ്പിടിച്ച ജാക്കറ്റുകൾ ധരിച്ചതോടെ പലരും കോഴിക്കോട് കോർപ്പറേഷനിലെ ക്ലീനിംഗ് സ്റ്റാഫിനെ ഓർമ്മിപ്പിച്ചു. മഞ്ഞ് മലയിലേക്ക് ചെന്നിറങ്ങുന്ന, കേബിൾ കാറിൻ്റെ രണ്ടാം ഫേസിലേക്ക് ടിക്കറ്റെടുത്ത പാലാക്കാരൻ സണ്ണിച്ചായൻ, ധരിച്ച അതേ ഡ്രസ്സിൽ തന്നെ തുടർന്നത് ആശ്ചര്യമുളവാക്കി.

നാട്ടിൽ നിന്നും ഇഷ്ഫാഖിനായി കൊണ്ടുവന്ന സാധനങ്ങൾ ഞാൻ അവന് കൈമാറി. വൈകിട്ട് കാണാം എന്ന പ്രതീക്ഷയോടെ ഇഷ്ഫാഖിനോട് യാത്ര പറഞ്ഞ് ഞങ്ങൾ ഗുൽമാർഗ്ഗ് ലക്ഷ്യമാക്കി നീങ്ങി. വഴിയിൽ നിന്നും ചിലർ ബസ്സിൻ്റെ ഡോറിൽ കുരങ്ങൻമാരെപ്പോലെ അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഗൈഡുകളാണ് അത് എന്ന് നിഖിൽ പറഞ്ഞു. ഗത്യന്തരമില്ലാതെ, 200 രൂപക്ക് ഫുൾ ടീമിനെ ഗൈഡ് ചെയ്യാൻ ഒരുത്തന് ഞങ്ങൾ അനുവാദം നൽകി. പാർക്കിംഗ് ഏരിയയിൽ എവിടെയോ അയാൾ ഞങ്ങളെ കൈവിടുകയും ചെയ്തു. കാശ് നൽകിയിരുന്നില്ല.

മുമ്പ് ഇവിടെ വന്നപ്പോൾ പൂക്കൾ പരവതാനി വിരിച്ച ഗുൽമാർഗ്ഗ് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. പക്ഷെ, അന്ന് മഞ്ഞ് കാണാനും മഞ്ഞിൽ കളിക്കാനും  ആയിരുന്നു ഏറെ കൊതിച്ചിരുന്നത്. കേബിൾ കാറിൽ കയറി മുകളിൽ എത്തിയാൽ മഞ്ഞ് കാണും എന്ന പ്രതീക്ഷയിൽ ജാക്കറ്റും ബൂട്ടും എല്ലാം അണിഞ്ഞായിരുന്നു അന്ന് ഫസ്റ്റ് ഫേസ് ആയ കൊങ്ങ്ദുരിയിൽ എത്തിയത്. പക്ഷെ മഞ്ഞ് കണ്ടില്ല. പകരം, ഗുൽമാർഗ്ഗിൻ്റെ Meadow of Flowers എന്ന അപരനാമം അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതായിരുന്നു കാഴ്ചകൾ. ഇത്തവണ കേബിൾ കാറിൽ കയറാതെ തന്നെ മഞ്ഞ് കാണാം എന്നായിരുന്നു ഇഷ്ഫാഖ് പറഞ്ഞിരുന്നത്.

പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കേബിൾ കാർ സ്റ്റേഷൻ വരെ ഞങ്ങൾ പല സംഘങ്ങളായി നീങ്ങി. ടൂർ മാനേജർമാരെ ഞങ്ങളുടെ കൂടെ നടക്കാൻ സൊ കാൾഡ് ഗൈഡുകൾ സമ്മതിച്ചില്ല.  വഴിയുടെ ഇരുവശങ്ങളിലും നിർമ്മിച്ച ഹട്ടുകളും പ്രകൃതി വാരിയെറിഞ്ഞ മഞ്ഞും ഗുൽമാർഗ്ഗിനെ കൂടുതൽ സുന്ദരിയാക്കി. പച്ചനിറത്തിലുള്ള ഹട്ടുകൾക്ക് മുന്നിൽ ചിതറിക്കിടക്കുന്ന തൂവെള്ള മഞ്ഞിൻ്റെ പശ്ചാത്തലത്തിലുള്ള മഞ്ഞക്കസേര വളരെ ഭംഗിയുള്ള ഒരു കാൻവാസ് ആയിരുന്നു. അതിൽ ഗം ബൂട്ടും ധരിച്ച് ഞാനിരുന്നതോടെ കസേര ജന്മസാഫല്യത്താൽ ധൃതംഗപുളകിതയായി.

സമയം നാട്ടിലെ നട്ടുച്ചയായി. റോട്ടിൽ വീണ മഞ്ഞ് അൽപാൽപമായി വെള്ളമായിത്തുടങ്ങിയിട്ടുണ്ട്. നടക്കുമ്പോൾ അപ്രതീക്ഷിതമായി വഴുതിപ്പോകുന്നതിൻ്റെ കാരണം അപ്പോഴാണ് പിടി കിട്ടിയത്. മഞ്ഞ് വീഴ്ചയുടെ ദൃശ്യഭംഗികൾ ആസ്വദിച്ച് ഞങ്ങൾ കേബിൾ കാർ ഓപ്പറേറ്റിംഗ് സെൻ്ററിൽ എത്തി. ഫസ്റ്റ് ഫേസിന് 800 രൂപയും സെക്കൻ്റ് ഫേസും കൂടി ഉണ്ടെങ്കിൽ 1800 രൂപയും ആയിരുന്നു ടിക്കറ്റ് നിരക്ക്. വിൻ്റർ സീസൺ ആയതിനാൽ ധാരാളം ടിക്കറ്റും ലഭ്യമായിരുന്നു. യാത്ര പുറപ്പെടുന്നതിന്ന് മുമ്പേ തന്നെ ഞാൻ ഓൺലൈനിൽ ടിക്കറ്റ് എടുത്തിരുന്നു.

തിരക്ക് കുറവായതിനാൽ ടിക്കറ്റ് സ്കാനിംഗ് പെട്ടെന്ന് കഴിഞ്ഞു.ഏഴ് വയസ്സ്കാരനായ ഒരു കുട്ടിക്ക് ടിക്കറ്റ് എടുത്തില്ല എന്ന കാരണത്താൽ ഞങ്ങളുടെ സംഘത്തിലെ ഒരാൾക്ക് പ്രവേശനം നിഷേധിച്ചു. ഓൺലൈനിൽ ടിക്കറ്റ് എടുക്കുമ്പോൾ, (പ്രത്യേകിച്ചും പീക്ക് സീസണിൽ ) പ്രായപരിധി കൃത്യമായി പാലിച്ചില്ലെങ്കിൽ യാത്ര മുടങ്ങിപ്പോകാൻ ഏറെ സാദ്ധ്യതയുണ്ട് എന്ന് ആ അനുഭവം ഞങ്ങളെ പഠിപ്പിച്ചു. 

മുന്നിൽ വന്ന് നിന്ന ഒന്ന് രണ്ട് കാറുകൾ ഒഴിവാക്കിയ ശേഷം ഞാനും സത്യൻമാഷും ഒരു കാറിലേക്ക് ചാടിക്കയറി. പെട്ടെന്ന് കറൻ്റ് നിലക്കുകയും ചെയ്തു. 

"ഞാനപ്പഴേ പറഞ്ഞതാ, വലതുകാൽ വച്ച് കയറണം ന്ന് ... " ഞാൻ സത്യൻ മാഷെ ഓർമ്മപ്പെടുത്തി.

"അത് ...... ചാടിക്കയറിയപ്പോൾ ഇടതും വലതും മാറിപ്പോയി.." 

"സാരമില്ല... ഇപ്പം ശരിയാക്കി തരാം..... ആ വലിയ സ്പാൻ്റർ..... " ഞാൻ പറഞ്ഞ് തുടങ്ങിയതും കേബിൾ കാർ നീങ്ങാൻ തുടങ്ങി.

Part 11: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

Saturday, January 20, 2024

ദാൽ തടാക തീരത്തെ പ്രഭാത സവാരി (വിൻ്റർ ഇൻ കാശ്മീർ - 9 )

 പാർട്ട് 8: ലിഡർ നദിയുടെ തീരത്ത്

പഹൽഗാമിൽ നിന്നും തിരിച്ച് ഞങ്ങൾ ശ്രീനഗറിൽ എത്തുമ്പോൾ സമയം പത്ത് മണിയോടടുത്തിരുന്നു.റൂമിൽ പോയി തിരിച്ച് വന്ന് ഭക്ഷണം കഴിക്കാൻ തണുപ്പ് ഞങ്ങൾക്ക് തടസ്സമാകും എന്ന തിരിച്ചറിവിൽ ഞങ്ങൾ നേരെ ഒരു പഞ്ചാബി ധാബയിൽ കയറി. ഉച്ചക്കും വൈകിട്ടും ഭക്ഷണം കിട്ടാത്തതിൻ്റെ ക്ഷീണം ആമാശയം നിർദ്ദാക്ഷിണ്യം തീർത്തു.    "അരെ ബായ് ... "   പത്തായ വയറുമായി ഹഖ് പിന്നെയും സപ്ലയറെ വിളിച്ചപ്പോൾ ഞാനും സത്യൻ മാഷും പരസ്പരം നോക്കി.

"ജൽദീ ബിൽ ലാവോ....." ഹഖ് പറഞ്ഞു.

"ഹാവൂ..." ഞാനും സത്യൻ മാഷും നെടുവീർപ്പിട്ടു. കൂടുതൽ തിന്ന ഹഖ് തന്നെ ടോട്ടൽ ബില്ലും അടച്ചു.

"നാളെ ദാൽ തീരത്ത് കൂടെ ഒരു മോണിംഗ് വാക്ക് നടത്തിയാലോ?" ഭക്ഷണത്തിൻ്റെ ഉൻമേഷത്തിൽ ഞാൻ ചോദിച്ചു.

" ഞാൻ റെഡി... എപ്പഴാ ?" ഹഖ് ചോദിച്ചു.

" മോണിംഗ് വാക്ക് സാധാരണ എപ്പഴാ നടത്താറ്?" ഞാൻ ചോദിച്ചു.

"ആ... പണ്ട് ഞാൻ ഗൾഫിലായിരുന്നപ്പോൾ .... " ഹഖ് പറയാൻ തുടങ്ങി.

" നിക്കട്ടെ... നിക്കട്ടെ....." സത്യൻ മാഷ് നീണ്ടൊരു കഥക്ക് പെട്ടെന്ന് ചെക്ക് പറഞ്ഞു.

"തണുപ്പ് മാത്രമാണ് ഒരു പ്രശ്നം...." ഹഖ് പറഞ്ഞു.

2023 ൻ്റെ തുടക്കത്തിൽ, ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന ബീച്ചിലൂടെയുള്ള ഒരു പ്രഭാത നടത്തം കോവളം ബീച്ചിൽ വച്ച് അപ്രതീക്ഷിതമായി സഫലീകരിച്ചിരുന്നു. ദാൽ തീരത്ത് കൂടിയുള്ള പ്രഭാത സവാരി എൻ്റെ ബക്കറ്റ് ലിസ്റ്റിൽ ഇല്ലായിരുന്നുവെങ്കിലും അതിൻ്റെ ഒരു വൈബും ഇനി ഒരവസരം ലഭിക്കാനുള്ള സാദ്ധ്യതക്കുറവും ആലോചിച്ചപ്പോൾ എങ്ങനെയെങ്കിലും സാധിപ്പിക്കണം എന്ന് മനസ്സിൽ കരുതി. തിരിച്ച് റൂമിലെത്തിയ ഞങ്ങൾ പിറ്റേന്ന് അതിരാവിലെ നടക്കാനുള്ള പ്ലാനും തയ്യാറാക്കി ഉറങ്ങി.

"അല്ലാഹു അക്ബറല്ലാഹു അക്ബർ .... " ശ്രവണമധുരമായ സുബഹ് ബാങ്ക് വിളി കേട്ടാണ് പിറ്റേന്ന് ഞാൻ ഉണർന്നത്. ഉണർന്ന ഉടനെ നെറ്റിൽ ടെമ്പറേച്ചർ സർച്ച് ചെയ്തു.

'ങേ! ഇന്നലത്തെക്കാളും ഒരു ഡിഗ്രി കൂടി താഴ്ന്ന് മൈനസ് രണ്ട് !! ' 

എന്ത് തന്നെയായാലും പ്രഭാത സവാരിയിൽ നിന്ന് പിന്മാറ്റമില്ല എന്ന് തീരുമാനിച്ചു. സുബഹ് നമസ്കാര ശേഷം ഹഖിനെയും സത്യൻ മാഷെയും ഞാൻ തട്ടിയുണർത്തി.

"അതേയ്... മോണിംഗ് വാക്ക് മറക്കണ്ട ...." ഞാൻ രണ്ടു പേരെയും ഓർമ്മിപ്പിച്ചു.

"അതൊരു ആവേശത്തിന് പറഞ്ഞതായിരുന്നു ..." 

"ഞാൻ എന്നും രാവിലെ അര മണിക്കൂർ നടക്കാറുണ്ട് ... So ഞാൻ പോകാണ്..." എൻ്റെ തീരുമാനം ഞാൻ പറഞ്ഞു. പിന്നെ അവർ രണ്ട് പേരും അമാന്തിച്ച് നിന്നില്ല.

ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകൾ പ്രകാശമഴ ചൊരിഞ്ഞ് അനങ്ങാതെ കിടന്നു. തടാകത്തിൽ എവിടെയോ ചില വള്ളങ്ങൾ ചലിക്കുന്നത് ഇരുട്ടിൽ കണ്ടില്ലെങ്കിലും ഉപരിതലത്തിലെ ഓളങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞു. യാത്രക്കാർ ആരും ഇല്ല എങ്കിലും ശ്രീനഗർ സിറ്റി സർവ്വീസിൻ്റെ റെഡ് ബസുകൾ ഇടക്കിടെ പൊയിക്കൊണ്ടിരുന്നു. 


ഗാട്ട് നമ്പർ 2 ൽ നിന്ന് തുടങ്ങി ഗാട്ട് നമ്പർ 10 വരെ ഞങ്ങൾ നടന്നു. അതിനപ്പുറം പോകുന്നത് സമയം അപഹരിക്കും എന്നതിനാൽ ഗാട്ട് നമ്പർ 10 -ലെ ജെട്ടിയിൽ അൽപനേരം ഞങ്ങളിരുന്നു. ദാൽ തടാകത്തിലെ കുഞ്ഞ് മൽസ്യങ്ങൾ അപരിചിതരായ ഞങ്ങളെ എത്തിനോക്കി മുങ്ങാം കുഴിയിട്ട് മടങ്ങി.ചാർ ചിനാറിൽ നിന്നുള്ള മന്ദമാരുതൻ ഞങ്ങളെ തഴുകിക്കടന്നു പോയി. ഡൽഹി രസോയിയിൽ നിന്ന് ഉയർന്ന കബാബിൻ്റെ ഗന്ധം ഹഖിൻ്റെ നാസാരന്ധ്രങ്ങളെ ത്രസിപ്പിച്ചു.

"യെ രാതേൻ യെ മൗസം നദി

ക കിനാര യെ ചഞ്ചൽ ഹവാ.." 

എൻ്റെ മൂത്തമോളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നായ ദില്ലി ക തഗ് എന്ന സിനിമയിലെ ആശാ ഭോസ്‌ലെ പാടിയ പാട്ട് എൻ്റെ നാവിൽ തത്തിക്കളിച്ചു  

" തിരിച്ച് പോകണ്ടെ? " ക്യാമറ കൈകാര്യം ചെയ്തിരുന്ന സത്യൻ മാഷുടെ ചോദ്യമാണ് ആ മാസ്മരിക ലോകത്ത് നിന്ന് ഞങ്ങളെ എഴുന്നേൽപിച്ചത്. വന്ന വഴിയെ തന്നെ ഞങ്ങൾ തിരിച്ച് നടന്നു.

"സാർ... ഒരു മിനുട്ട് .. ഇതിൻ്റെ ഒരു ഫോട്ടോ എടുക്കൂ..." റോഡിൻ്റെ മറുഭാഗത്ത് കുറെ സൈക്കിളുകൾ ചങ്ങലക്കിട്ടത് നോക്കിക്കൊണ്ട് സത്യൻ മാഷ് പറഞ്ഞു.തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ എഴുതിയത് വായിക്കാനായി ഞാൻ കണ്ണട തപ്പി. പാൻ്റിൻ്റെയും ഷർട്ടിൻ്റെയും ജാക്കറ്റിൻ്റെയും പോക്കറ്റുകൾ തുടർച്ചയായി തപ്പുന്നത് കണ്ട സത്യൻ മാഷ് ചോദിച്ചു.

"എന്ത് പറ്റി?"

"കണ്ണട കാണാനില്ല .."

"റൂമിൽ നിന്ന് എടുത്തിരുന്നോ?"

"അതെ.. എൻ്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു .... "

"എങ്കിൽ ഗാട്ട് നമ്പർ 10 വരെ ഒന്ന് കൂടി പോയി നോക്കാം.."

ഞങ്ങൾ ഗാട്ട് നമ്പർ 10 വരെ വീണ്ടും നടന്നും ഓടിയും പോയി നോക്കി. പക്ഷെ കണ്ണട കണ്ട് കിട്ടിയില്ല.

'ഇന്നലെ 250 രൂപയുടെ തൊപ്പി , ഇന്ന് 2500 രൂപയുടെ കണ്ണട, അപ്പോൾ നാളെ 25000 രൂപയുടെ മൊബൈൽ പോകാനാണ് സാദ്ധ്യത' എന്നതിനാൽ ഞാൻ മൊബൈലിൻ്റെ സുരക്ഷ ശക്തമാക്കി.


Part 10: മഞ്ഞ് താഴ് വരയിലേക്ക് 



Tuesday, January 16, 2024

ലിഡർ നദിയുടെ തീരത്ത് ... (വിൻ്റർ ഇൻ കാശ്മീർ - 8)


ബൈസരൺ വാലിയിൽ നിന്നും ഞങ്ങൾ തിരിച്ചിറങ്ങിയത് മറ്റൊരു വഴിയേ ആയിരുന്നു. മിക്ക ഘോഡാവാലകളും അത് വഴി തന്നെയാണ് താഴെ എത്തുന്നത്. താഴെ എത്തുന്നതിൻ്റെ അൽപം മുമ്പായി ഒരു കുടിൽ  എൻ്റെ ശ്രദ്ധയിൽ പെട്ടു. കഴിഞ്ഞ വർഷം എൻ്റെ ഭാര്യയും മൂത്ത മക്കളും ബൈസരൺ വാലിയിൽ നിന്ന് തിരിച്ച് ഇറങ്ങിയപ്പോൾ ഒരു മൺകുടിലിൽ കയറിയിരുന്നതായി പറഞ്ഞിരുന്നു. ആ വീടിൻ്റെ ദയനീയാവസ്ഥയും അവർ പങ്ക് വച്ചിരുന്നു. ഭൂമിയിലെ സ്വർഗ്ഗത്തിൽ, നിരവധി വിനോദ സഞ്ചാരികൾ വന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് പെൺകുട്ടികൾ അടങ്ങുന്ന ഒരു കുടുംബം ഇത്തരം ഒരു വീട്ടിൽ താമസിക്കുന്നു എന്നത് മനസ്സിനെ വേദനിപ്പിച്ചു. 

പഹൽഗാം ടൗണിൽ ഞങ്ങൾ തിരിച്ചെത്തുമ്പോൾ സമയം മൂന്ന് മണിയേ ആയിട്ടുണ്ടായിരുനുള്ളൂ. സിറ്റി കാണേണ്ടവർക്ക് അത് കാണാനും ഷോപ്പിംഗ് നടത്തേണ്ടവർക്ക് അതിന് പോകാനും ഭക്ഷണ പ്രിയർക്ക് ആ ആഗ്രഹം നിറവേറ്റാനും എല്ലാം സമയമുള്ളതായി നിഖിൽ അറിയിച്ചു. പലരും പല വഴിക്കും തിരിഞ്ഞപ്പോൾ ഞാൻ സമീപത്തുള്ള പള്ളിയിൽ പോയി നമസ്കാരം നിർവ്വഹിക്കാൻ കയറി. മുൻ അനുഭവത്തിൽ നിന്നും വ്യത്യസ്തമായി പള്ളികളിൽ യുവാക്കളുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടു. 

പഹൽഗാം ടൗണിൻ്റെ പാതയോരങ്ങളിൽ അങ്ങിങ്ങായി തടിയിൽ നിർമ്മിച്ച ഇരിപ്പിടങ്ങൾ സ്ഥാപിച്ചിരുന്നു. പദയാത്രികർക്ക് ഇരിക്കാനും സഞ്ചാരികൾക്ക് ഫോട്ടോ എടുക്കാനും എല്ലാം ഇവ ഉപയോഗിക്കാം. ഇലപൊഴിച്ച്, ഉണങ്ങിയ പോലെ നിൽക്കുന്ന മരവും മഞ്ഞ നിറത്തിലുള്ള  വേലിയും ഇരിപ്പിടവും അതിലിരിക്കുന്ന സത്യൻ മാഷെയും കൂടി ഒറ്റ ഫ്രെയിമിൽ പകർത്തിയപ്പോൾ പഹൽഗാമിൻ്റെ മനോഹരമായ ഒരു ചിത്രം കൂടി കിട്ടി.
പാർക്കിംഗ് ഏരിയയും അതിന് പിന്നിലെ പൈൻ മരങ്ങളും മഞ്ഞ് പുതച്ച മലനിരകളും പിന്നെ ഞാനും ചേർന്നപ്പോൾ എന്നെന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു ചിത്രം കൂടി കിട്ടി.
"മാഷേ, ബെരി ബെരി..." എവിടെ നിന്നോ പരിചിതമായ ഒരു ശബ്ദം കേട്ട് ഞാനും സത്യൻ മാഷും ചുറ്റും നോക്കി.

"ആവോ... പിയോ കേസർ ദൂധ് .." ഒരു കടക്കാരൻ ഞങ്ങളെ മാടി വിളിച്ചു, കടക്കുള്ളിലേക്ക് നോക്കിയ ഞങ്ങളെ കൊണ്ടോട്ടിക്കൂട്ടം സ്വാഗതം ചെയ്തു.

"മാഷേ... കുങ്കുമപ്പാല് കുടിച്ചിട്ടാണ് കാശ്മീരികൾക്ക് ഇജ്ജാതി കളർ എന്നാണ് ഇവർ പറയുന്നത്..... " ഹനീഫാക്ക പറഞ്ഞു.

"എന്നിട്ട് എത്ര ഗ്ലാസ് കുടിച്ചു?"

"നാല് ഗ്ലാസ് "

" ൻ്റെ റബ്ബേ .... നാല് ഗ്ലാസോ?" ഞാൻ ഹനീഫാക്കയെ നോക്കി.

"ഒറ്റക്കല്ല ...ഞങ്ങള് നാലാളും കൂടി ... മാഷമ്മാര് രണ്ടാളും ഇരിക്കി...... നമ്മളെ വക ഇങ്ങളും കുടിക്കി കുങ്കുമപ്പാല് ... ഒന്ന് ചൊർക്ക് ബെക്കട്ടെ..." 

അങ്ങനെ കുങ്കുമപ്പൂവ് പൊടിച്ച് ചേർത്തത് എന്ന് പറയപ്പെടുന്ന ചൂടുള്ള ഒരു പാല് ഞങ്ങളും കുടിച്ചു. നാട്ടിലെ ബദാം മിൽക്ക് മഞ്ഞ നിറത്തിലായത് പോലെയാണ് എനിക്ക് തോന്നിയത്.

"റോഡിൻ്റെ മറുവശത്ത് ഒരു പൊയ ണ്ട് ... ലീഡർ പൊയ എന്നാണ് അതിൻ്റെ പേര്.." എൻ്റെ നാട്ടുകാരൻ കൂടിയായ ടൂർ മാനേജർ ഹബീൽ പറഞ്ഞു.

" ലീഡർ അല്ല... ലിഡർ റിവർ ആണ്.. " ഞാൻ തിരുത്തി.

"ആ... എന്നാ മാഷ് പറഞ്ഞ മാതിരി ... റീൽസിനും ഫോട്ടോഷൂട്ടിനും പറ്റിയ സ്പോട്ടുകൾ ഉണ്ടാകും. വീഴുമ്പോൾ പാറ ഒഴിവാക്കി വീഴാൻ ശ്രദ്ധിക്കുക "

ഞങ്ങളെല്ലാവരും പുഴയിലേക്ക് ഇറങ്ങാൻ തുടങ്ങി. വെള്ളത്തിൽ തൊട്ടപ്പോൾ പലരും കരയിലേക്ക് തന്നെ തിരിച്ച് കയറി. മഞ്ഞ് അലിഞ്ഞ് ചേർന്ന വെള്ളത്തിന് അത്രയും തണുപ്പായിരുന്നു.

"ബ്ലും " ആദ്യത്തെ വീഴ്ച സംഭവിച്ചു, സത്യൻ മാഷാണ് പാറയിൽ തെന്നി വെള്ളത്തിൽ കാല് കുത്തിയത്. മാഷ് വേഗം അടുത്ത പാറയിലേക്ക് കയറി.

"ബ്ലും.." വീണ്ടും ശബ്ദം കേട്ടു. കയറി നിന്ന പാറയിൽ നിന്ന് സത്യൻ മാഷ് വീണ്ടും വെള്ളത്തിൽ !

"ദേ ... ഇങ്ങോട്ട് കയറ്....." ഞാൻ നിൽക്കുന്ന പാറയിലേക്ക് കയറ്റാനായി ഞാൻ കൈ നീട്ടി.
സത്യൻ മാഷ് അങ്ങോട്ട് കയറിയതോടെ എൻ്റെ ബാലൻസ് തെറ്റി കൈ വിട്ടുപോയി.

"ബ്ലും" ദേ സത്യൻ മാഷ് വീണ്ടും വെള്ളത്തിൽ !! കിലുക്കം സിനിമയിലെ ജഗതിയെയാണ് പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത്. ഇതിനിടയിൽ, തണുത്ത് മരവിച്ച കഷണ്ടിയിൽ നിന്ന് എൻ്റെ തൊപ്പി എവിടെയോ ഊർന്ന് വീണ് പോയിരുന്നു.

ഇനി അധിക സമയം അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയതിനാൽ, ഞങ്ങളുടെ സംഘത്തിലെ യുവ മിഥുനങ്ങളെ അവരറിയാതെ ക്യാമറയിൽ പകർത്തി ഞങ്ങൾ തിരിച്ചു കയറി. അഞ്ചര മണിയോടെ ഞങ്ങൾ പഹൽഗാമിനോട് വിട പറഞ്ഞു.

Part 9: ദാൽ തീരത്തെ പ്രഭാത സവാരി