ആയുർദൈർഘ്യത്തിൽ നിന്ന് ഒരു വർഷം കൂടി ചോർന്ന് പോയിരിക്കുന്നു. പോയ വർഷം തന്ന സന്തോഷവും സന്താപവും ആണ് പുതുവർഷത്തിലെ പ്രതീക്ഷകൾക്ക് നിറം പകരുന്നത്. ആയതിനാൽ, പുതുവർഷാദ്യത്തിൽ ചെയ്യുന്ന മുൻ വർഷത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും കണക്കെടുപ്പും ഈ വർഷവും തുടരുകയാണ്.
വിവിധ രംഗങ്ങളിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും തിളങ്ങിയ വർഷം കൂടിയായിരുന്നു 2023.ഭാര്യ ആദ്യ ചാൻസിൽ തന്നെ LMV ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി. ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ പുരസ്കാരത്തിന് ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. മൂത്ത മകൾ ലുലു ജമ്മു സെൻട്രൽ യൂണി:സിറ്റിയിൽ നിന്ന് മാത്മാറ്റിക്സിൽ പി.ജി.ബിരുദം കരസ്ഥമാക്കി. രണ്ടാമത്തെ മകൾ ലുഅക്ക് KSCSTE. KSHED, INSPIRE എന്നീ സ്കോളർഷിപ്പുകൾ ലഭിച്ചു.പിന്നാലെ ലൂന മോൾ യു.എസ്.എസ്. സ്കോളർഷിപ്പിനും അർഹയായി.
യൂണി: സിറ്റി കൾച്ചറൽ ഫെസ്റ്റിൽ ഹിന്ദി ഗാനത്തിന് ഒന്നാം സ്ഥാനം നേടി ലുലു മോൾ കലാരംഗത്തും തിളങ്ങി. ബാലഭൂമിയുടെ വിജ്ഞാന മത്സരത്തിൽ വിജയിയായി ലൂന മോൾ നോർത്ത് കേരള സമ്മർ ക്യാമ്പിൽ പങ്കെടുത്തു. ഇന്ത്യൻ റൈറ്റേഴസ് ഫോറത്തിൻ്റെ പുസ്തകാസ്വാദനക്കുറിപ്പിനുള്ള ഒ.വി.വിജയൻ പുരസ്കാരവും ലൂനമോളെ തേടിയെത്തി. ലിദുമോന് അരീക്കോട് കൃഷിഭവൻ്റെ കുട്ടിക്കർഷകനുള്ള പ്രോത്സാഹന സമ്മാനവും ലഭിച്ചതോടെ മക്കളെല്ലാവരും ഈ വർഷം അവിസ്മരണീയമാക്കി.
ഫേസ്ബുക്ക്, ബ്ലോഗ്,വ്ലോഗ് തുടങ്ങീ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാനും ഈ വർഷം സാധിച്ചു. പതിവ് പോലെ ബ്ലോഗിൽ ഈ വർഷവും നൂറ് പോസ്റ്റ് തികച്ചു. എഫ് ബി യിൽ ആദ്യമായി ഉണ്ടാക്കിയ റീൽ അഞ്ഞുറിലധികം പേരും രണ്ടാമത്തെയും മൂന്നാമത്തെയും റീലുകൾ ആയിരത്തിലധികം പേരും കണ്ട് കഴിഞ്ഞു. ചില വ്യക്തിഗത കാരണങ്ങളാൽ വ്ലോഗിനെ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിലും സബ്സ്ക്രൈബർമാരുടെ എണ്ണം മുപ്പത്തയ്യായിരം കടന്നു. ടെലഗ്രാമിലും ഫോളോവേഴ്സിൻ്റെ എണ്ണം 800 കടന്നു. പുതിയ വർഷത്തിൽ ഇത് യഥാക്രമം 50000ഉം 1000ഉം ആയി ഉയർത്തണം.
2021ലെ വൈഗ കാർഷിക മേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ അഗ്രി ഹാക്കത്തോണിൻ്റെ ജൂറി മെമ്പറായി ഞാൻ പങ്കെടുത്തിരുന്നു. 2023ലും അഗ്രിഹാക്കിൻ്റെ ജൂറി മെമ്പറാവാനുള്ള അവസരം ലഭിച്ചു. കൃഷിയിൽ പൂർവ്വാധികം ശ്രദ്ധ പതിപ്പിച്ചു കൊണ്ട് ഒരു വെർട്ടിക്കൽ ഗാർഡനും ഓട്ടോമേറ്റഡ് തുള്ളിനന സംവിധാനവും വീട്ടിൽ സെറ്റ് ചെയ്തു. ആപ്പിൾ,അരിനെല്ലി, സ്ട്രോബറി പേര,മിറാക്കിൾ ഫ്രൂട്ട്,തായ് മൾബറി തുടങ്ങിയവ വീട്ടുമുറ്റത്ത് വളരാൻ തുടങ്ങി. നൂറിലധികം ഫലവൃക്ഷത്തെകൾ സൗജന്യമായി വിതരണം ചെയ്യാനും ഈ വർഷം സാധിച്ചു.
ഹോം ലൈബ്രറിയും ബ്ലോഗ് എഴുത്തും വായനയും എല്ലാം പരിപോഷിപ്പിക്കാൻ ഈ വർഷവും ലക്ഷ്യമിട്ടിരുന്നു. വാങ്ങിയ പുസ്തകങ്ങൾ രണ്ടും മൂന്നും അല്ലെങ്കിൽ അതിലും കൂടുതൽ വർഷങ്ങൾ കഴിഞ്ഞാണ് സാധാരണയായി ഞാൻ വായനക്കെടുക്കാറുള്ളത്. ഇത്തവണ പേരക്കാ ബുക്സ് കുടുംബ സംഗമത്തിൽ വെച്ച് വാങ്ങിയ മുഴുവൻ പുസ്തകങ്ങളും ഈ വർഷം തന്നെ വായിച്ചു തീർത്തു. ഈ വർഷം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. പേരിൽ ക്ലിക്ക് ചെയ്താൽ ആ പുസ്തകത്തെപ്പറ്റിയുള്ള എന്റെ വായനാനുഭവം കൂടി വായിക്കാം.
1. മഹാത്മജിയുടെ പാരിസ്ഥിതിക ദർശനങ്ങൾ.
2. പ്രവാചക കഥകൾ
5. കാലത്തിന്റെ കാലൊച്ച - ശബ്ന പൊന്നാട്
7. വഴി വിളക്ക്
9. വിശുദ്ധിയുടെ മാർഗ്ഗങ്ങൾ
10. കായംകുളം സൂപ്പർഫാസ്റ്റ്
11.കത്തിത്തീരാതെ ഒരാത്മാവ് (കവിത - മുംതാസ് മുഹമ്മദ്)
12. നക്ഷത്രങ്ങൾക്കിടയിൽ മിന്നാമിനുങ്ങ്
13. സ്ത്രീകളുടെ അവകാശങ്ങൾ
14. ഓർമ്മകളുടെ പെരുന്നാൾ
15. ഒറ്റക്ക് മരിച്ച പുഴ
16. കുട്ടികളെ അതിശയിപ്പിക്കുന്ന കഥകൾ
20. മയ്യിത്ത് സംസ്കരണ നിയമങ്ങൾ
21. ഇത് കഥയല്ല, ജീവിതം
22. ഉപ്പ്മാവ്
23. നബി(സ) യുടെ വിവാഹങ്ങൾ
24. ഓർമ്മയുടെ ചിത്രശാലകൾ
26. ഉറക്കം - മര്യാദകൾ വിധികൾ
27. അടരുന്ന മഞ്ഞുതുള്ളി
28. കോയ & കോ
29. TKTM ഹാജി കമ്പനി
30. അല്ലാഹുവിൻ്റെ ഏകത്വം
2022 ലെ ബാലൻസ് അടക്കം 2023 ൽ 25 പുസ്തകങ്ങളെങ്കിലും വായിക്കണം എന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അത് 30 വരെ എത്തിക്കാൻ സാധിച്ചു. പുതിയ ലക്ഷ്യം 36 പുസ്തകം എന്നതാണ്. അതിൽ പത്ത് ശതമാനം ഇംഗ്ലീഷ് പുസ്തകം ആക്കാനും തീരുമാനിച്ചു. ഞാൻ എഡിറ്ററായിക്കൊണ്ട് ഒരു പുസ്തകവും മറ്റൊരു പുസ്തകവും കൂടി പ്രസിദ്ധീകരിച്ച് സാഹിത്യ മണ്ഡലത്തിൽ സ്ഥിര സാന്നിദ്ധ്യമാകാനും പുതിയ വർഷത്തിൽ ലക്ഷ്യമിടുന്നു.
കുടുംബസമേതവും ചങ്ങാതിമാർക്കൊപ്പവും ഒക്കെയായി പത്തോളം യാത്രകൾ ഈ വർഷം നടത്തി. ഈ വർഷവും പ്രധാനപ്പെട്ട യാത്ര കശ്‍മീരിലേക്കുള്ളത് തന്നെയായിരുന്നു(യാത്രാ വിവരണം വായിക്കാൻ സ്ഥലങ്ങളുടെ മുകളിൽ ക്ലിക്ക് ചെയ്യുക).
5. കുടക് - ഫാമിലി
6. പൂന്താനം ഇല്ലം - ഫാമിലി
10. പടിഞ്ഞാറേക്കര - ഫാമിലി
അക്കാദമിക് ക്ലാസുകൾ അല്ലാത്ത പലതരം ക്ലാസുകളും എടുക്കാൻ എല്ലാ വർഷവും എനിക്ക് അവസരം ലഭിക്കാറുണ്ട്. 'കാവുസംരക്ഷണവും പ്രാധാന്യവും ' എന്ന വിഷയത്തിൽ ചേലക്കര പോളിടെക്നിക്കിലെ ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓൺലൈൻ ക്ലാസായിരുന്നു ആദ്യത്തേത്. 'ഉന്നതപഠനം എങ്ങനെ ?' എന്ന വിഷയത്തിൽ SSLC , +2 വിദ്യാർത്ഥികൾക്കായി GEC പാലക്കാട് NSS യൂണിറ്റ് സംഘടിപ്പിച്ചതായിരുന്നു രണ്ടാമത്തെ ക്ലാസ്. 'വ്യക്തിത്വ വികസനം' എന്ന വിഷയത്തിൽ സുല്ലമുസ്സലാം ടി ടി സി വിദ്യാർത്ഥികൾക്കുള്ളതായിരുന്നു മൂന്നാമത്തേത്. നാലാമത്തേത് IHRD ടെക്നിക്കൽ സ്കൂൾ കുട്ടികൾക്കുള്ള NSS ക്യാമ്പ് ഓറിയൻ്റേഷൻ ക്ലാസും.
നിരവധി സാഹിത്യ മത്സരങ്ങളിൽ ഈ വർഷം ഞാൻ പങ്കെടുത്തു. പ്രഥമ പുസ്തകത്തിന് ലഭിച്ച അവാർഡ് രണ്ട് പുസ്തകങ്ങളുടെയും വില്പന വർദ്ധിപ്പിച്ചു. ഫാറൂഖ് കോളേജിലെ പൂർവ്വ കലാകാരന്മാരുടെ കൂട്ടായ്മയായ കലാ സാഹിതിയിലൂടെ സാഹിത്യാഭിരുചി അരക്കിട്ടുറപ്പിച്ചു. ഈ വർഷത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും കുടുംബസമേതം സന്ദർശിച്ചു. വർഷങ്ങളായി വായിച്ചിരുന്ന മാതൃഭൂമി ദിനപത്രം മാറ്റി മാധ്യമം ദിനപത്രത്തിന്റെ വരിക്കാരനായി.
പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു വർഷം കൂടിയാണ് കടന്നു പോയത്. സ്റ്റാഫ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി എന്നെയും തിരഞ്ഞെടുത്തു. അവാർഡ് ലഭിച്ചതിൻ്റെ സന്തോഷ സൂചകമായി കോളേജിലെ മുഴുവൻ സ്റ്റാഫിനും ലഡു വിതരണം ചെയ്യാനും ട്രാൻസ്ഫർ കിട്ടിയതിൻ്റെ സന്തോഷം പങ്കിടാൻ
കോളേജിൻ്റെ ചരിത്രത്തിലാദ്യമായി മുഴുവൻ സ്റ്റാഫിനും ഒരുമിച്ച് ചായ സൽക്കാരം നടത്താനും സാധിച്ചു. പാലക്കാടിനോട് വിട പറഞ്ഞ് ഞാൻ വീണ്ടും കോഴിക്കോടെത്തി.
ഈ തിരിഞ്ഞുനോട്ടം വെറുതെയല്ല, പുതുവർഷത്തെ കൂടുതൽ കാര്യക്ഷമമാക്കാനും മധുരമുള്ളതാക്കാനും വേണ്ടിയാണ്. പ്രതീക്ഷകളോടെ കാത്തിരിക്കുന്നു.
1 comments:
മാസാവസാനത്തിലെങ്കിലും ഒരു തിരിഞ്ഞുനോട്ടം
Post a Comment
നന്ദി....വീണ്ടും വരിക