Pages

Monday, March 30, 2026

ഷാലിമാർ ഉദ്യാനം അഥവാ ഗാർഡൻ ഓഫ് ലൗവ് (ടീം 87 SSC @ കാശ്മീർ - 9)

 ടീം 87 SSC @ കാശ്മീർ  - 8

ശ്രീനഗറിൽ ഞാൻ കുടുംബ സമേതം വന്നപ്പോൾ ആകെ കാണാൻ പറ്റിയത് ബൊട്ടാണിക്കൽ ഗാർഡനും ദാൽ തടാകവും മാത്രമായിരുന്നു. കർഫ്യൂ പ്രഖ്യാപിച്ചതിനാൽ അന്ന് ഞങ്ങൾക്ക് വേഗം സ്ഥലം വിടേണ്ടി വന്നു. ശേഷമുള്ള എൻ്റെ രണ്ടും മൂന്നും സന്ദർശനങ്ങൾ പാക്കേജിലായതിനാൽ ഹസ്രത്ത് ബാൽ പള്ളി,നിശാത് ഗാർഡൻ, ദാൽ തടാകം എന്നിവ മാത്രമായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്.

മുഗൾ ഉദ്യാനങ്ങളായ ഷാലിമാർ  ബാഗ്, ചഷ്മേ ഷാഹി, പരിമഹൽ എന്നിവയും ശങ്കരാചാര്യ ക്ഷേത്രവും എല്ലാം കാണാൻ ബാക്കി വെച്ചാണ് ഞാൻ മൂന്ന് കാശ്മീർ സന്ദർശനങ്ങൾ പൂർത്തിയാക്കിയത്. ഇത്തവണ എൻ്റെ സ്വന്തം പാക്കേജൂം പ്ലാനും ആയതിനാൽ ഞാൻ കണ്ടതും കാണാത്തതും ആയ എല്ലാം നിർബന്ധമായും കാണണം എന്ന് തന്നെ തീരുമാനിച്ചിരുന്നു.

ചാറ്റ് ജിപിടി സഹായത്തോടെ ശ്രീനഗറിലെ കാഴ്ച്ചകൾ കാണാനായുള്ള ഒരു ടൈം പ്ലാൻ ഞാൻ യാത്രക്ക് മുമ്പേ തന്നെ റെഡിയാക്കി ഹോട്ടലുടമക്ക് നൽകി അഭിപ്രായം ചോദിച്ചിരുന്നു.വളരെ നല്ല പ്ലാൻ ആണെന്നും പക്ഷേ നടക്കാൻ പ്രയാസമാണെന്നും ആയിരുന്നു വർഷങ്ങളായി ടൂർ ഓപ്പറേറ്റ് ചെയ്യുന്ന അദ്ദേഹത്തിന്റെ മറുപടി.എങ്കിൽ അതൊന്ന് നടത്തി കാണിച്ച് കൊടുക്കണം എന്നൊരു വാശിയും എന്റെ മനസ്സിലുണ്ടായി.ടാക്സി ഡ്രൈവർ ഇർഫാന് പ്ലാൻ കാണിച്ചുകൊടുത്തപ്പോൾ എല്ലാം അത്യാവശ്യം സമയമെടുത്ത് തന്നെ കാണാം എന്ന് പറഞ്ഞത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

രാവിലെ ഏഴര മണിക്ക് ശങ്കരാചാര്യ ക്ഷേത്രത്തിൽ എത്തണം എന്നും അതിനായി ഏഴ് മണിക്ക് വണ്ടി എത്തണം എന്നുമായിരുന്നു ഞാൻ ഇർഫാനോട് പറഞ്ഞത്.വണ്ടി എത്തുമ്പോൾ തന്നെ എട്ടുമണി ആയി. ഇർഫാന് പകരം മറ്റൊരാളായിരുന്നു ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത്.യാത്രാ പ്ലാൻ ഇർഫാൻ ഇദ്ദേഹത്തോട് പറഞ്ഞിരിക്കും എന്ന ധാരണയിൽ ഞങ്ങൾ യാത്ര ആരംഭിച്ചു.ദാൽ തടാകത്തിലെ മന്ദമാരുതന്റെ കുളിരനുഭവിച്ചു കൊണ്ട് ഞങ്ങളുടെ വണ്ടി മുന്നോട്ട് പാഞ്ഞു.

ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് തിരിയേണ്ട റോഡും കഴിഞ്ഞ് വണ്ടി മുന്നോട്ട് പോയി.മറ്റൊരു വഴിയിലൂടെ കയറാനായിരിക്കും എന്ന ധാരണയിൽ ഞാൻ ഒന്നും പറഞ്ഞില്ല.വണ്ടിയിലുള്ള മറ്റുള്ളവർക്ക് എല്ലാം 'ക്യാ ഹേ' ആയതിനാൽ അവരത് ശ്രദ്ധിച്ചതുമില്ല.ഇടക്ക് ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് കണ്ടപ്പോൾ അൽപനേരം അവിടെ നിർത്തി അതിനെപ്പറ്റി ഞാൻ സഹയാത്രികർക്ക് പറഞ്ഞു കൊടുത്തു.

വാഹനം നേരെ പോയത് ബൊട്ടാണിക്കൽ ഗാർഡൻ റോഡിലേക്കായിരുന്നു.അപ്പോഴും എൻ്റെ ധാരണ ക്ഷേത്രത്തിലേക്ക് അതുവഴി പോകാം എന്നായിരുന്നു.ബൊട്ടാണിക്കൽ ഗാർഡനും കഴിഞ്ഞ് ഏതാനും ദൂരം കൂടി പിന്നിട്ടപ്പോൾ റോഡിൽ ഒരു ബാരിക്കേഡും കുറെ തോക്കുധാരികളെയും കണ്ടു.

"പടച്ചോനെ കാത്തോളീ..." ഫാത്തിമകുട്ടി ഉറക്കെ വിളിച്ച്‌ കൊണ്ട് കണ്ണടച്ച് പിടിച്ചു.മാസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ നടന്ന വെടിവെയ്പ്പ് എല്ലാവരുടെയും മനസ്സിലൂടെ കൊള്ളിയാനായി മിന്നി.പക്ഷേ,ഇത് ഗവർണ്ണറുടെ സെക്യൂരിറ്റി സ്റ്റാഫ് ആയിരുന്നു.ഡ്രൈവർ അവരുമായി എന്തൊക്കെയോ സംസാരിച്ചു.

"ആഗേ നഹീം ജായേഗ,ഗവർണ്ണർ ക ഭവൻ യഹാം ഹേ...വഹ് ആതാ ഹേ..." ഡ്രൈവർ എന്നോട് പറഞ്ഞു.

"ഈ റൂട്ടിലുള്ള തൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഗവർണ്ണർ വരുന്നതിനാൽ ടൂറിസ്റ്റുകളെ കടത്തി വിടുന്നില്ല എന്ന്..."  ഡ്രൈവർ പറഞ്ഞത് ഞാൻ കൂട്ടുകാർക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തു.

"ഇന്തസാർ കരേ തോ ഖുലേഖ ?" കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്നറിയാൻ ഞാൻ ചോദിച്ചു.

"നഹീം,കബ് ആയേഗാ ബതായേഗാ നഹീം" 

'ബല്ലാത്ത പഹയൻ തന്നെ... നാലാം തവണയും എനിക്ക് യോഗമില്ല' ഞാൻ മനസ്സിൽ കരുതി.

"ഫിർ ക്യാ കരേഗ അബ് ?" ഞാൻ ഡ്രൈവറോട് ചോദിച്ചു.

"ബൊട്ടാണിക്കൽ ഗാർഡൻ പീച്ചേ ഹേ... വഹ് അഭീ ഹീ ഖുല ഹേ.."

"ഹാം..."

"ആബ്യീ...പള്ള പയിക്ക് ണ് ഹേ... ഓനോട് പറയൂ ഹേ..." നാരായണൻ എന്നോട് പറഞ്ഞു.

വണ്ടി തിരിച്ച് ഞങ്ങൾ ബൊട്ടാണിക്കൽ ഗാർഡനിൽ എത്തി.ഗേറ്റിന് തൊട്ടടുത്ത് തന്നെയുള്ള ധാബയിൽ നിന്ന് ആലൂ പൊറോട്ടയും ചായയും കഴിച്ച ശേഷം, ടിക്കറ്റെടുത്ത് ഞങ്ങൾ ഗാർഡനിലേക്ക് കയറി.ഗാർഡനിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിരുന്നില്ല.അതിനാൽ തന്നെ എല്ലായിടവും കാലിയായിരുന്നു. കഴിയുന്നത്ര റീലുകൾ ചിത്രീകരിക്കണം എന്നായിരുന്നു നുസൈബയുടെ പ്രധാന ഡിമാന്റ്.അങ്ങനെ ഞങ്ങളുടെ കാശ്മീർ റീലുകളുടെ ആരംഭം അവിടെ കുറിക്കപ്പെട്ടു.

വസന്തം ഗ്രീഷ്മത്തിന് വഴിമാറുന്ന സമയമായതിനാൽ ഗാർഡനിലെ പൂക്കളും പച്ചപ്പും പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നില്ല.അധികം ഉള്ളോട്ട് കയറി പോകുന്നതിലും ഭേദം കൂടുതൽ ഭംഗി തോന്നുന്ന സ്ഥലത്ത് വെച്ച് ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്നതാണ് നല്ലത് എന്ന എൻ്റെ അഭിപ്രായം എല്ലാവരും മാനിച്ചു.ഒരു മണിക്കൂർ അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി നേരെ ഷാലിമാർ ബാഗിലേക്ക് നീങ്ങി.

1619ൽ മുഗൾ ചക്രവർത്തി ജഹാൻഗീർ തന്റെ പ്രിയപത്നി നൂർജഹാന് വേണ്ടി നിർമ്മിച്ചതാണ് ഷാലിമാർ ഉദ്യാനം.ഗാർഡൻ ഓഫ് ലൗവ് എന്നാണ് ഇതറിയപ്പെടുന്നത്.ഷാജഹാൻ ചക്രവർത്തി പിന്നീട് ഈ പൂന്തോട്ടം  വിപുലീകരിച്ചു.മൂന്ന് തട്ടുകളായിട്ടാണ് പൂന്തോട്ടം രൂപ കല്പന ചെയ്തിരിക്കുന്നത്.ദിവാനി ആം എന്ന ഔട്ടർ ഗാർഡനും ദിവാനി ഖാസ് എന്ന രാജകീയ സ്വകാര്യ ഗാർഡനും ആണ് അതിൽ പ്രധാനം.


നാൽപത് രൂപയാണ് ഷാലിമാർ ബാഗിലേക്കുള്ള എൻട്രി ഫീ. ഗാർഡൻ  പൂക്കളാൽ സമൃദ്ധമായിരുന്നു.ചിനാറുകൾ അങ്ങിങ്ങായി മഞ്ഞനിറമാകാൻ തുടങ്ങിയിരുന്നു.റീൽ ചിത്രീകരണത്തിന് പറ്റിയ അടിപൊളി സ്പോട്ടുകൾ നുസൈബയെയും നിഷീധിനിയെയും പ്രലോഭിപ്പിച്ചു.ഇതിനിടെ ഗോവിന്ദനെ ഒരു റീലിൻ്റെ ആദ്യസ്റ്റെപ്പ് പഠിപ്പിക്കാൻ ശ്രമിച്ച നുസൈബ അവസാനം തോറ്റ് സുല്ലിട്ട് പിൻമാറി.

കാശ്മീരി ഡ്രെസ്സിലുള്ള ഫോട്ടോ എടുക്കണം എന്ന എല്ലാവരുടെയും ആവശ്യപ്രകാരം ഞാൻ അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫറെ സമീപിച്ചു. രണ്ടായിരം രൂപ പറഞ്ഞതിനാൽ ഞാൻ അയാളുടെ അടുത്ത് നിന്ന് തടിയൂരി.മറ്റൊരു ഫോട്ടോഗ്രാഫറെ സമീപിച്ചപ്പോൾ അയാളും അതേ സംഖ്യ പറഞ്ഞു.അവസാനം ആയിരം രൂപക്ക് ഉറപ്പിച്ച് എല്ലാവരെയും ഗ്രൂപ്പ് ഫോട്ടോക്ക് റെഡിയാക്കി.നിമിഷ നേരം കൊണ്ട് അവർ ഞങ്ങളെ ഓരോരുത്തരെയും അണിയിച്ചൊരുക്കി.ഇതിനിടെ മൊബൈലിൽ ഫോട്ടോ പകർത്താൻ ഒരു ശ്രമം നടത്തിയെങ്കിലും അത് അനുവദിച്ചില്ല.ഗാർഡനിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഫോട്ടോയുടെ പ്രിന്റ് കിട്ടി.അമ്പത് രൂപ അധികം കൊടുത്ത് അതിന്റെ ഡിജിറ്റൽ കോപ്പിയും ഞാൻ കൈക്കലാക്കി.

മുഗൾ വാസ്തു വിദ്യകളോട് കൂടിയ കെട്ടിടങ്ങളും ജലധാരകളും വിവിധ വർണ്ണത്തിലുള്ള പൂക്കളും ചിന്നാർ മരങ്ങളും ഷാലിമാർ ബാഗിനെ മനോഹരമാക്കുന്നു. ഷാലിമാർ ബാഗിലെ ബ്ലാക്ക് പവിലിയനിൽ കൊത്തിവെച്ച Agar Firdaus bar rōy-e zamin ast, hamin ast-o hamin ast-o hamin ast എന്ന പേർഷ്യൻ കാവ്യം വളരെ പ്രശസ്തമാണ്; ജഹാംഗീർ ചക്രവർത്തി നൂർജഹാനോടൊപ്പം പൂന്തോട്ടത്തിലൂടെ ഉലാത്തുമ്പോൾ പറഞ്ഞ ആ വാക്യം - ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഇതാണ് അത് ഇതാണ് അത് ഇതാണ്.അതെ ഷാലിമാറിന്റെ സൗന്ദര്യം കണ്ടാൽ നമ്മളും പാടിപ്പോകും 

Agar Firdaus bar rōy-e zamin ast,
hamin ast-o hamin ast-o hamin ast.



(തുടരും...)

Thursday, March 26, 2026

ബാർബിക്യൂ താഴ് വര (ടീം 87 SSC @ കാശ്മീർ - 8 )

 ടീം 87 SSC @ കാശ്മീർ  - 7

മുനവറാബാദിലെ ഹോട്ടൽ ആയാത്തിൽ (Hotel Aayat) ഞങ്ങളെത്തുമ്പോൾ സമയം രാത്രി ഏഴ് മണി കഴിഞ്ഞിരുന്നു. ഹോട്ടൽ ഏഷ്യൻ പാർക്ക് പോലെയുള്ള വലിയ വലിയ ഹോട്ടലുകൾ പിന്നിട്ടാണ് ഹോട്ടൽ ആയാത്ത് എന്ന കുഞ്ഞു ഹോട്ടലിൽ ഞങ്ങളെത്തിയത്. ഫോട്ടോയിൽ മാത്രം കണ്ട റൂമുകളും ഫോണിൽ കൂടി മാത്രം കേട്ട ശബ്ദവും എനിക്കും കൂട്ടുകാർക്കും മുന്നിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. റൂമിൻ്റെ അവസ്ഥ മോശമായാൽ മുമ്പ് ജയ്പൂരിൽ അനുഭവിച്ച പോലെ ഉറക്കം നഷ്ടപ്പെടും. അന്ന് എൻ്റെ സ്വന്തം ഫാമിലിയായിരുന്നെങ്കിൽ ഇന്ന് പല സ്വഭാവക്കാരായ കൂട്ടുകാരാണ് ഒപ്പം എന്നത് എൻ്റെ ഹൃദയ മിടിപ്പേറ്റി.

പിറ്റേദിവസം ഓട്ടോയിലും ബസ്സിലുമായി ശ്രീനഗറിൽ കറങ്ങാം എന്നായിരുന്നു ഞങ്ങളുടെ പദ്ധതി.എന്നാൽ വണ്ടി തെരഞ്ഞ് നടന്നാൽ സമയം നഷ്ടമാകും എന്ന് തിരിച്ചറിഞ്ഞതിനാൽ ഇർഫാൻ്റെ ടാക്സി തന്നെ 2500 രൂപക്ക് ശ്രീനഗർ കറക്കത്തിനായി ഏർപ്പാടാക്കി. അന്നത്തെ വാടക കൊടുത്ത് ഇർഫാനെ പറഞ്ഞ് വിടുകയും ചെയ്തു.

ലഗേജുമായി ഞങ്ങൾ നേരെ ഹോട്ടലിൻ്റെ റിസപ്ഷനിലേക്ക് കയറി. പ്രതീക്ഷകൾക്ക് വിപരീതമായി മലയാളിക്ക് പകരം ഒരു ബംഗാളിയായിരുന്നു റിസപ്ഷനിൽ ഉണ്ടായിരുന്നത്. ഒരാൾക്ക് നിന്ന് തിരിയാൻ പോലും ഇടമില്ലാത്ത റിസപ്ഷൻ വീണ്ടും എൻ്റെ ഉള്ളത്തിൽ ഭയമേറ്റി.

മൂന്ന് ലേഡീസിന് ഗ്രൗണ്ട് ഫ്ലോറിലെ ഒരു റൂമും നാല് പേർക്ക് തൊട്ടടുത്ത റൂമും ഞാനടക്കം ബാക്കി മൂന്ന് പേർക്ക് ഫസ്റ്റ് ഫ്ലോറിലെ ഒരു റൂമും ആയിരുന്നു ബുക്ക് ചെയ്തു വച്ചിരുന്നത്. റൂമിൽ കയറി ബെഡും ചുവരും വൈഫൈ ഹീറ്റർ എന്നിവയടക്കമുള്ള മറ്റ് സംവിധാനങ്ങളും ടോയ്ലറ്റും പരിശോധിച്ച് കഴിഞ്ഞപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണത്. കൂട്ടുകാർക്കും താമസ സ്ഥലത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായില്ല എന്നത് ഞങ്ങളുടെ മനസ്സുകളുടെ പൊരുത്തം വിളിച്ചോതി. അൽപ സമയത്തിനകം തന്നെ മലയാളി മുതലാളി മാമൻ റയീസ് കൂടി എത്തിയതോടെ എല്ലാം ശുഭമായി.

തണുപ്പ് ശരീരത്തെ പൊതിയാൻ തുടങ്ങി എങ്കിലും ഭക്ഷണം കഴിക്കാൻ പുറത്ത് പോകൽ നിർബന്ധമായിരുന്നു. ഈ ഗല്ലിയിലേക്ക് തിരിഞ്ഞ സ്ഥലത്ത് നിന്നും ലെഫ്റ്റ് തിരിഞ്ഞ് അല്പം മുന്നോട്ട് നടന്നാൽ ഒരു ജംഗ്ഷൻ എത്തുമെന്നും അവിടെ നിന്ന് വലത് വശത്തേക്ക് പോകുന്ന റോഡിൽ കയറിയാൽ ഇഷ്ടം പോലെ കടകൾ കാണാമെന്നും റയീസ് പറഞ്ഞു. പെട്ടെന്ന് തന്നെ എല്ലാവരും ഫ്രഷായി ജാക്കറ്റും കോട്ടും തൊപ്പിയും ധരിച്ച് പുറത്തിറങ്ങി. റയീസ് പറഞ്ഞ ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക്ക് തിരിഞ്ഞപ്പോഴേക്കും എനിക്കവിടെ ഒരു മുൻ പരിചയം തോന്നി.

മുന്നോട്ട് നടക്കുന്തോറും കബാബിൻ്റെയും ബാർബിക്യുവിൻ്റെയും മറ്റ് പല തരം ഭക്ഷണവിഭവങ്ങളുടെയും സുഗന്ധം ദാൽ തടാകത്തിലെ കാറ്റിനൊപ്പം ഞങ്ങളുടെ നാസികകളെ തഴുകി. മൂന്നാം കാശ്മീർ സന്ദർശന വേളയിൽ, ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ മനം കവർന്ന ശ്രീനഗറിലെ ബാർബിക്യൂ താഴ് വര എന്നറിയപ്പെടുന്ന പ്രസിദ്ധ ഫുഡ് സ്ട്രീറ്റായ ഖയാം ചൗക്കിലാണ് ഞങ്ങളെത്തിയത് എന്നത് എന്നെ ഏറെ സന്തോഷഭരിതനാക്കി. രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന കാശ്മീരി വിഭവങ്ങൾ കഴിയുന്നത്രയും ആസ്വദിക്കാൻ സൗകര്യം വേണം എന്ന് നേരത്തെ പറഞ്ഞിരുന്ന ഫൈസലിനും നാരായണനും ഇനി നാലഞ്ച് ദിവസം കുശാലായി. സ്ട്രീറ്റ് ഫുഡുകളിലൂടെ കാശ്മീരിൻ്റെ തനത് രുചികൾ തിരിച്ചറിയണം എന്ന് ഞങ്ങൾക്ക് എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. അതിനാൽ അന്ന് തന്നെ ഇമ്രാൻ കഫെയിലെ (#Imrancafe) കശ്മീർ മട്ടൻ വിഭവങ്ങൾ ആസ്വദിച്ചു കൊണ്ട് ഞങ്ങളതിന് ഹരിശ്രീയും കുറിച്ചു.

ഭക്ഷണം കഴിച്ച് സ്ട്രീറ്റ് ഒന്ന് കൂടി ചുറ്റിക്കണ്ട് തിരിച്ച് ഞങ്ങളുടെ ഹോട്ടലിനടുത്ത് എത്തിയപ്പോഴാണ് ഒരു ബാൻ്റ് മേളം ശ്രദ്ധയിൽ പെട്ടത്. തൊട്ടടുത്ത് തന്നെയുള്ള ദീപാലംകൃതമായ ഒരു വീട്ടിൽ നിന്നായിരുന്നു ആ മേളം. അന്വേഷിച്ചപ്പോൾ വരൻ വധുവിൻ്റെ വീട്ടിലേക്ക് പുറപ്പെടുന്ന ചടങ്ങാണ് എന്നറിഞ്ഞു.പെട്ടെന്ന്, അറബിക്കഥകളിലെപ്പോലെയുള്ള ഒരു കുതിര വണ്ടി അണിഞ്ഞൊരുങ്ങി ആൾക്കൂട്ടത്തിനിടയിൽ എത്തി.

വാദ്യങ്ങളുടെയും പാട്ടുകളുടെയും അകമ്പടിയോടെ വരൻ കുതിര വണ്ടിയിൽ കയറി.കേരളത്തിൽ കാറിലാണ് വരന്റെ പുറപ്പാട് എന്ന് ഞങ്ങൾ പറഞ്ഞു.വധുവിന്റെ വീട് അടുത്തായതിനാലാണ് കുതിര വണ്ടിയിൽ പോകുന്നത് പോലും.വലിയ കല്യാണമാണെങ്കിൽ ഇരുനൂറ്റമ്പതോളം പേർ വരനെ അനുഗമിക്കും എന്നും പറഞ്ഞു. ആശംസകൾ നേരാനും വീഡിയോയും ഫോട്ടോയും എടുക്കാനും കാശ്മീരി പെൺകുട്ടികൾ തിക്കിത്തിരക്കി. അവരെ ക്യാമറയിൽ പകർത്താൻ ഞങ്ങളിൽ ചിലരും മത്സരിച്ചു. അങ്ങനെ ഒരു കാശ്മീർ കല്യാണവും നന്നായി ആസ്വദിച്ചു.

പിറ്റേന്ന് ഏഴ് മണിക്ക് കാഴ്ചകൾ കാണാൻ ഇറങ്ങാനുള്ളതിനാൽ ഹോട്ടലിലെത്തിയ ഉടൻ എല്ലാവരും കിടന്നു. കാശ്മീർ കല്യാണക്കാഴ്ചകൾ പലരെയും ഉറക്കത്തിലും പിന്തുടർന്നു.

Next : ഷാലിമാർ ഗാർഡൻ

Wednesday, March 25, 2026

ഒരു ഫേസ്ബുക്ക് ജുദ്ധം

രണ്ടാഴ്ച മുമ്പ് ഭാര്യയുടെ കുടുംബത്തിൽ ഒരു നോമ്പു തുറ സത്കാരം ഉണ്ടായിരുന്നു. ബാങ്ക് വിളി സമയത്തിൻ്റെ പതിനഞ്ച് മിനിറ്റ് മുമ്പ് ആണ് ഞാൻ സ്ഥലത്ത് എത്തിയത്.

"ആ... അളിയാ..." ഭാര്യയുടെ അമ്മാവൻമാരുടെ മക്കളും മൂത്തുമ്മമാരുടെ മക്കളും ബന്ധുക്കളും എല്ലാം ഹായ് പറഞ്ഞു. കൂട്ടത്തിൽ പലരും ഇതും കൂടി കൂട്ടിച്ചേർത്തു.

"ഫേസ്ബുക്കിൽ എന്നും കാണുന്നുണ്ട് ട്ടോ..." ഒരു ചിരി സമ്മാനിച്ച് ഞാൻ അടുത്ത ആൾക്ക് കൈ കൊടുത്ത് വീണ്ടും വീണ്ടും ഇത് കേട്ടു കൊണ്ടിരുന്നു.

ദിവസങ്ങൾക്ക് ശേഷം നാട്ടിലെ വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ഓട്ടോഗ്രാഫ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ പോയി.

"ഹ... എന്നെത്തി?" ദീർഘകാലമായി കണ്ടു മുട്ടാത്ത മിക്കവരും എന്നോട് ചോദിച്ചു.

"ദേ... ഇപ്പോ..." എവിടെ നിന്ന് എത്തിയ കാര്യമാണ് ഇവർ ചോദിക്കുന്നത് എന്നറിയാതെ ഞാൻ മറുപടി പറഞ്ഞു.

"ഫേസ്ബുക്കിൽ നിന്ന് എല്ലാം അറിയുന്നുണ്ട്..."  അവരിൽ പലരും പറഞ്ഞു.

കഴിഞ്ഞ ആഴ്ച പെരുന്നാൾ നമസ്കാരത്തിന് ഞാൻ ഈദ് ഗാഹിൽ പോയി. എന്നും ജോലിക്കായി രാവിലെ കോഴിക്കോട്ടേക്ക് പോന്ന് രാത്രിയാകുമ്പോൾ തിരിച്ച് വീടണയുന്ന എന്നെ നാട്ടുകാർ പലപ്പോഴും കാണുന്നത് ഇങ്ങനെയുള്ള വിശേഷ ദിവസങ്ങളിൽ ആണ്. പരിചയക്കാരെയും അല്ലാത്തവരെയും കണ്ട് ഞാൻ ഈദ് ആശംസകൾ നേർന്നു.

" റിട്ടയർ ചെയ്ത ശേഷം സ്ഥിരം യാത്രയിലാണല്ലേ ?" പലരുടെയും സംശയം അവർ അടക്കി വച്ചില്ല. റിട്ടയർ ചെയ്യാൻ ഇനിയും രണ്ട് വർഷം കൂടി ബാക്കിയുള്ള ഞാൻ ഒരു സംശയത്തോടെ നോക്കുമ്പഴേക്കും അടുത്ത വർത്തമാനം വന്നു.

"ഫേസ്ബുക്കിൽ വായിക്കുന്നുണ്ട്.."

ഇന്നലെ കോളേജിലെ മൂന്ന് സഹപ്രവർത്തകർ അവരുടെ റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട് ഒരു സൗഹൃദ വിരുന്ന് ഒരുക്കിയിരുന്നു. മുൻ കാലത്ത് ഒപ്പം വർക്ക് ചെയ്തവരെയും സ്ഥലം മാറിപ്പോയവരെയും എല്ലാം വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. പഴയ ആൾക്കാരെ കണ്ട് ഞാനും സൗഹൃദം പുതുക്കി.

"സാറ് പിന്നെ ഫേസ്ബുക്കിൽ നിറഞ്ഞാടുകയല്ലേ?" കണ്ടവനും കാണാത്തവനും ഒക്കെ തട്ടി വിട്ടു. 

സത്യത്തിൽ ഞാനിപ്പോ ജീവിച്ചിരിപ്പില്ലേ? ഫേസ്ബുക്കിൽ മാത്രമാണോ ജീവിച്ചിരിക്കുന്നത്? ഇന്നലെ മുഴുവൻ ഞാൻ ആലോചിച്ചു. അപ്പോഴേക്കും അതാ എൻ്റെ ഫേസ്ബുക്ക് വിളയാട്ടം മനസ്സിലാക്കിയ സുക്കർബർഗ് ചേട്ടൻ്റെ റെഡ് കാർഡ് ! 

"സൈബർ സെക്യൂരിറ്റിയിലുള്ള ഞങ്ങളുടെ കമ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരായി നിങ്ങൾ പ്രവർത്തിച്ചതിനാൽ നിങ്ങളുടെ പ്രൊഫൈൽ എന്തിനോ റെക്കമെൻഡ് ചെയ്യില്ല" എന്നാണ് കുറ്റപത്രം വായിച്ച എനിക്ക് മനസ്സിലായത്.

നഷ്ടപ്പെടാൻ പോകുന്നത് നോബൽ സമ്മാനത്തിനുള്ള റെക്കമെൻഡേഷൻ ഒന്നുമല്ലാത്തതിനാൽ ഞാനും നല്ല ഒരു മറുപടിയങ്ങ് കൊടുത്തു. ഇറാനിൽ യുദ്ധം തുടങ്ങിയ ട്രമ്പ് അണ്ണൻ തന്നെ ഇത് ഒന്ന് നിർത്തി തരുമോ എന്ന് ഇറാനോട് പറയാതെ പറഞ്ഞ പോലെ, സൂക്കർ ചേട്ടൻ ഒരു മണിക്കൂറിനകം തന്നെ "നല്ല കുട്ടി" സർട്ടിഫിക്കറ്റ് തന്ന് എൻ്റെ അക്കൗണ്ട് പൂർവ്വ സ്ഥിതിയിലാക്കി!! (സത്യമായും എൻ്റെ മറുപടിയിൽ ഞാൻ അദ്ദേഹത്തിൻ്റെ അച്ഛനെയോ അമ്മയെയോ പരാമർശിച്ചിട്ടില്ല). അങ്ങനെ ആ ഫേസ്ബുക്ക് ജുദ്ധം സമാധാന പരമായി അവസാനിച്ചതിനാൽ Abid Areacode (https://www.facebook.com/share/1b6iiMyC11/) എന്ന പ്രൊഫൈലിൽ ഞാൻ വിളയാട്ടം തുടരും.

Saturday, March 21, 2026

ഹോട്ടൽ ആയാത്തിൽ...(ടീം 87 SSC @ കാശ്മീർ - 7)

ടീം 87 SSC @ കാശ്മീർ  - 6

കാശ്മീരിൽ കാല്  കുത്തിയതോടെ എല്ലാവരുടെയും സന്തോഷം പതിന്മടങ്ങ് വർദ്ധിച്ചു.ഭൂമിയിൽ ജീവിതം ആരംഭിച്ച് അമ്പതിലധികം വർഷം കഴിഞ്ഞ ശേഷമാണ് സ്വന്തം രാജ്യത്തിന്റെ വടക്കേ അറ്റം ഒന്ന് കാണാൻ പറ്റുന്നത് എന്നതാകാം അതിന്റെ കാരണം.അസ്ഥിയിലേക്ക് തണുപ്പ് സാവധാനം അരിച്ചിറങ്ങിയെങ്കിലും ആ സന്ധ്യ ഞങ്ങൾ എല്ലാവരും ആർമാദിച്ച് തന്നെ ആസ്വദിച്ചു.വണ്ടിയിൽ നിന്നിറങ്ങിയിട്ട് ഒരു മണിക്കൂർ ആവാറായിട്ടും ആർക്കും സ്റ്റേഷൻ പരിസരം വിടാൻ തോന്നിയില്ല.മറ്റു യാത്രികരെല്ലാം സ്ഥലം വിട്ടതിനാൽ റോഡും ടാക്സി സ്റ്റാൻഡും എല്ലാം ഏകദേശം വിജനമായി കഴിഞ്ഞിരുന്നു.അവസാനം, സമയം ഏറെ വൈകുന്നു എന്ന് കണ്ടതോടെ ഞാൻ ഞങ്ങളുടെ പത്താം ക്ലാസ് ടൂറിലെ കരീം മാസ്റ്ററായി.ആ പേര് കേട്ടതും എല്ലാവരും എൻ്റെ പിന്നാലെ ടാക്സി സ്റ്റാൻഡിലേക്ക് നീങ്ങി.

ശ്രീനഗറിലെ മുനവ്വറാബാദിൽ, ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തുകാരൻ നടത്തുന്ന ഹോട്ടൽ ആയാത്തിൽ ആയിരുന്നു ഞാൻ റൂം ബുക്ക് ചെയ്തിരുന്നത് (ഉടമ ഞങ്ങളുടെ ഒരു സഹപാഠിയുടെ അനിയൻ കൂടിയായിരുന്നു എന്ന് ഈയിടെയാണ് അറിഞ്ഞത്).എൻ്റെ ഏറ്റവും ചെറിയ അനിയൻ കാശ്‍മീരിൽ പോയപ്പോൾ യാദൃശ്ചികമായി ഇയാളുമായി കണ്ടുമുട്ടിയപ്പോൾ സംഘടിപ്പിച്ച നമ്പറിലൂടെയാണ് ഞാൻ ബുക്കിംഗ് നടത്തിയത്.മൂന്ന് പേർക്ക് കിടക്കാവുന്ന ഒരു റൂമിന് 1200 രൂപയായിരുന്നു വാടക.ഭക്ഷണം വേണമെങ്കിൽ അതിന് എക്സ്ട്രാ സംഖ്യ കൊടുക്കണം.അത്രയും കുറഞ്ഞ നിരക്കിൽ റൂം നൽകാനുള്ള കാരണം ടൂറിസ്റ്റുകൾ ഇല്ലാത്തത് തന്നെയായിരുന്നു.മറ്റൊരു അനിയനും സംഘവും കഴിഞ്ഞ മാസം കാശ്മീരിൽ പോയപ്പോൾ താമസിച്ചതും ഇവിടെ തന്നെയായിരുന്നു

ശ്രീനഗർ സ്റ്റേഷനിൽ നിന്നും ടാക്സിക്ക് ആയിരം രൂപയേ മാക്സിമം ആകൂ എന്ന് ഹോട്ടൽ റിസപ്‌ഷനിൽ നിന്നും ഞാൻ ആദ്യമേ  അറിഞ്ഞ് വച്ചിരുന്നു.ടാക്സി വിളിക്കാൻ എല്ലാവരും കൂടി വരരുത് എന്ന് ഞാൻ കൂട്ടുകാർക്ക് പച്ചമലയാളത്തിൽ  നിർദ്ദേശവും നൽകിയിരുന്നു.പക്ഷെ ശ്രീനഗർ കണ്ട സന്തോഷത്തിൽ അവരത് മറന്നു.എല്ലാവരും കൂടി എൻ്റെ കൂടെ  ടാക്സിക്കാരന്റെ മുന്നിലെത്തി.അയാൾ 2500 രൂപ പറയുകയും ചെയ്തു!മെയിൻ റോഡിലേക്കിറങ്ങിയാൽ ടാക്സി കിട്ടും എന്നുള്ള വിവരവും കിട്ടിയിരുന്നതിനാൽ ഞാൻ ആ ടാക്സിക്കാരനെ ഒഴിവാക്കി മുന്നോട്ട് നടക്കാൻ ഭാവിച്ചു.

"അരേ സാബ്.... മുനവ്വറാബാദ് ഹേ ന .... പന്ത്രഹ് സൗ ദോ ...."

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി. മറ്റൊരു ടാക്സിയുടെ മുകളിൽ ലഗേജുകൾ കെട്ടിക്കൊണ്ടിരിക്കുന്നയാളാണ്.

"ദസ് സവാടി ഔർ സാമാൻ ഭീ ഹെ..." ആ ടവേരയുടെ മുകളിൽ ബാഗുകൾ നിറഞ്ഞ് കഴിഞ്ഞതിനാൽ ഞാൻ പറഞ്ഞു.

"മുശ്കിൽ നഹിം... ഗാഡി വഹ് ഹെ..." മറ്റൊരു വണ്ടി കാണിച്ചു തന്നു കൊണ്ട് അയാൾ പറഞ്ഞു. സമയം വൈകിയതിനാൽ മറ്റൊരു ടാക്സി തേടിപ്പോകണ്ട എന്ന് എൻ്റെ മനസ്സ് പറഞ്ഞു. പന്ത്രഹ് സൗ എന്നാൽ ആയിരത്തി അഞ്ഞൂറ് ആണെന്ന് തലച്ചോറും പെട്ടെന്ന് കണക്ക് കൂട്ടി പറഞ്ഞ് തന്നു. 

"ആപ് ക നാം ?" മറ്റേ ടാക്സിയുടെ മുകളിൽ നിന്ന് ചാടിയിറങ്ങിയ അയാളോട് ഞാൻ ചോദിച്ചു.

"ഇർഫാൻ ..... പത്താൻ നഹിം..." 

ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. ശേഷം ആദ്യം ട്രോളി ബാഗുകൾ, പിന്നെ വലിയ ബാഗുകൾ അവസാനം ചെറിയ ബാഗുകൾ എന്ന ക്രമത്തിൽ മുഴുവൻ ലഗേജുകളും ടവേരക്ക് മുകളിൽ അടുക്കി വെച്ച് ഭദ്രമായി കെട്ടി. പിന്നാലെ ഞങ്ങൾ പത്ത് പേരും വണ്ടിയിൽ കയറി.

ഗ്രാമീണ കാഴ്ചകൾ പിന്നിലേക്കോടിച്ച് കൊണ്ട്  ശ്രീനഗർ ലക്ഷ്യമാക്കി ടാക്സി നീങ്ങിത്തുടങ്ങി. പിറ്റേ ദിവസം മുതൽ കറങ്ങാനുള്ള വണ്ടി ഏല്പിച്ചിട്ടുണ്ടോ എന്ന് യാത്രക്കിടയിൽ ഇർഫാൻ ചോദിച്ചു. ആദ്യ ദിവസം ശ്രീനഗർ ആണ് കാണാൻ ഉദ്ദേശിക്കുന്നത് എന്നും അതിന് ബസും ഓട്ടോയും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എന്നും പഹൽഗാം , സോനാമാർഗ് , ഗുൽമാർഗ് എന്നിവിടങ്ങളിലേക്ക് ഹോട്ടലുകാർ തന്നെ ഏർപ്പാടാക്കിയ ട്രാവലർ ഉണ്ട് എന്നും ഞാൻ  പറഞ്ഞപ്പോൾ ഇർഫാൻ മ്ലാനനായി. റേറ്റ് കുറച്ച് തൻ്റെ അടുത്ത് വിവിധ തരം വണ്ടികൾ ഉണ്ട് എന്ന് ഇർഫാൻ പറഞ്ഞതിനാൽ  അയാളുടെ നമ്പർ വാങ്ങി വെയ്ക്കാൻ ഞാൻ മുജീബിനോട് പറഞ്ഞു.

"ദേ .... ദാൽ ലേക്ക് ... !!" വണ്ടി ദാൽ ഗേറ്റിൽ എത്തിയപ്പോൾ സന്തോഷം കൊണ്ട് ഞാൻ പറഞ്ഞു. ഹോട്ടൽ ലൊക്കേഷൻ അറിയാത്തതിനാൽ ഇർഫാൻ വണ്ടി അവിടെ നിർത്തി.

"@*?v > !21 $&?* ആയാത് ഹോട്ടൽ?" വഴിയരികിൽ നിന്ന ആളോട് കാശ്മീരിയിലുള്ള ചോദ്യത്തിലെ ഹോട്ടലിൻ്റെ പേര് മാത്രം എനിക്ക് മനസ്സിലായി.

"ഗ്രാൻ്റ് ഹയാത്ത് ? പീച്ചെ ധാ.." ആ മറുപടി എനിക്ക് മനസ്സിലായി.

"നഹീം... ഹോട്ടൽ ആയാത്ത് ... മുനവ്വറാബാദ്.. " ഉടൻ ഞാൻ തിരുത്തി.

"മുനവ്വറാബാദ് ആഗെ ഹെ..." ഇർഫാൻ വീണ്ടും വണ്ടി മുന്നോട്ട് എടുത്തു. ഞങ്ങൾ പാസ് ചെയ്ത് പോന്ന ഒരു ജംഗ്ഷനിൽ വീണ്ടും എത്തി. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് അമ്പത് മീറ്റർ മുന്നോട്ട് പോയപ്പോൾ ഇടത് ഭാഗത്തേക്ക് ഒരു ഗല്ലി റോഡ് കണ്ടു. റോഡ് തുടങ്ങുന്നിടത്തെ പുരാതന കെട്ടിടത്തിൻ്റെ നരച്ച ചുമരിൽ മങ്ങിയ ഒരെഴുത്ത് കണ്ടു - ഹോട്ടൽ ആയാത്ത് ! എല്ലാം കൂടി എൻ്റെ മനസ്സിലേക്ക് ഒരു ടോർപിഡോ മിസ്സൈൽ തുളഞ്ഞ് കയറി.


Next: ബാർബിക്യൂ താഴ്‌വര

Sunday, March 15, 2026

ഈഫൽ ടവറിൻ്റെയും ഉയരത്തിൽ ഒരു യാത്ര... ( ടീം 87 SSC @ കാശ്മീർ - 6 )

ടീം 87 SSC @ കാശ്മീർ  - 5

കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് റോഡ് വഴി ഏകദേശം 270 കിലോമീറ്റർ ദൂരമുണ്ട്.ടാക്സി അല്ലെങ്കിൽ ബസ്സിൽ പട്നിടോപ്പ്, ജവഹർ തുരങ്കം വഴി ഈ ദൂരം സഞ്ചരിക്കാം. അതിമനോഹരവും സാഹസികവുമായ ഒരു യാത്രയാണിത്. ഏഴ്-എട്ട് മണിക്കൂറാണ് സാധാരണ യാത്ര സമയം.ബ്ലോക്കും സൈന്യത്തിന്റെ കോൺവോയ് സഞ്ചാരവും കാരണം അത് പത്ത് മണിക്കൂർ വരെയാകാം. വന്ദേ ഭാരത് ട്രെയിൻ മൂന്ന് മണിക്കൂർ കൊണ്ട് ഈ ദൂരം താണ്ടും.

കൃത്യം 2.55 ന് ഞങ്ങൾ കത്രയില്‍ നിന്ന് യാത്ര ആരംഭിച്ചു. കത്ര മുതല്‍ ബനിഹാൾ വരെയുള്ള 119 കിലോമീറ്ററില്‍ 98 കിലോമീറ്ററും ടണലുകളിലൂടെയും പാലങ്ങളിലൂടെയുമാണ് വന്ദേഭാരത് കടന്നു പോകുന്നത്.36 പ്രധാന ടണലുകളും 943 പാലങ്ങളും ആണ് ഈ പാതയിലുള്ളത്. യാത്ര തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ആദ്യ തുരങ്കമായ ടി33-ലേക്ക് ട്രെയിൻ പ്രവേശിച്ചു. കത്രയ്ക്കും റിയാസിക്കും ഇടയിലുള്ള ഈ തുരങ്കത്തിന്റെ നീളം ഏതാണ്ട് മൂന്ന് കിലോമീറ്ററോളമാണ്. 

നിരവധി എഞ്ചിനീയറിംഗ് വിസ്മയങ്ങളാണ് ഈ പാതയിൽ നമ്മെ കാത്ത് നിൽക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം ആണ് അതിൽ ആദ്യത്തേത്.എൻ്റെ ആദ്യ കശ്മീർ യാത്രയിൽ, ഏഷ്യയിലെ ഏറ്റവും വലിയതെന്ന് അന്നത്തെ ടാക്സി ഡ്രൈവർ നസീർഖാൻ പറഞ്ഞ ശ്യാമപ്രസാദ് മുഖർജി തുരങ്കത്തിലൂടെ കടന്നു പോയിരുന്നു.9.87 കിലോമീറ്റർ ആയിരുന്നു അതിന്റെ നീളം.എന്നാൽ ഖാരിക്കും സുംബരിനും ഇടയിലുള്ള ടി-50 തുരങ്കമാണ് ഇപ്പോൾ രാജ്യത്തെ നിലവിലുള്ള ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം. 12.77 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം.പത്ത് കിലോമീറ്ററിലധികം നീളമുള്ള മൂന്ന് തുരങ്കങ്ങൾ വേറെയും ഈ റൂട്ടിലുണ്ട്. 

ഏതാണ്ട് പതിനഞ്ച് മിനിറ്റ് യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു അനൗണ്‍സ്മെന്റ് കേട്ടു. 'നിങ്ങള്‍  ജീവിതത്തില്‍ ആദ്യമായി ഇന്ത്യയിലെ ഒരു കേബിള്‍ റെയില്‍ പാളത്തിലൂടെ സഞ്ചരിക്കാന്‍ പോകുന്നു. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നമ്മള്‍ അന്‍ജി ഖഡ് പാലത്തിലൂടെ സഞ്ചരിക്കും. പാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ പുറത്തേക്ക് നോക്കിയിരിക്കുക' എന്ന് ഹിന്ദിയിൽ പറഞ്ഞത് ഞങ്ങളിൽ പലർക്കും മനസ്സിലായില്ല.എല്ലാവരും പുറത്തേക്ക് നോക്കാൻ തുടങ്ങിയതിനാൽ ഞങ്ങളും അവരുടെ പിന്നാലെ നോക്കി. ഏതാനും മിനുട്ടുകൾ കഴിഞ്ഞ്  വണ്ടി അന്‍ജി ഖഡ് പാലത്തിലെത്തി. ട്രെയിനിന്റെ വേഗത അല്‍പ്പമൊന്ന്  കുറഞ്ഞു. 

                                  കടപ്പാട് : വിക്കിപീഡിയ

അന്‍ജി നദിയില്‍ നിന്ന് 331 മീറ്റര്‍ ഉയരത്തിലുള്ള കേബിള്‍ റെയില്‍ പാലത്തിലൂടെ ട്രെയിന്‍ പതുക്കെ കടന്നുപോയി.കാഴ്ചകള്‍ കാണാന്‍ യാത്രക്കാർ ഗ്ലാസ് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.193 മീറ്ററാണ് ഈ പാലത്തിന്റെ ഉയരം എന്നും വേഗതയാർന്ന കാറ്റിനെ വരെ  പ്രതിരോധിക്കാനുള്ള ശേഷി പാലത്തിനുണ്ട് എന്നും അനൗൺസ്മെന്റുകാരി പറഞ്ഞുകൊണ്ടിരുന്നു. വലിച്ചു കെട്ടിയ കേബിളുകൾ അല്ലാതെ മറ്റൊന്നും ട്രെയിനിന് അകത്തിരിക്കുന്നവർക്ക് കാണാൻ സാധിക്കില്ല എന്നതാണ് സത്യം.

അല്പം കഴിഞ്ഞ് അടുത്ത അനൗൺസ്‌മെന്റ് കേട്ടു.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ് പാലത്തിലൂടെ ട്രെയിൻ കടന്നു പോകുകയാണെന്നും ഈഫൽ ടവറിനെക്കാളും മുപ്പത്തഞ്ച് മീറ്റർ അധികം ഉയരം ഈ പാലത്തിനുണ്ടെന്നും വിളംബരം കേട്ടു.റിയാസി ജില്ലയിലെ കൗരി, ബക്കല്‍ ഗ്രാമങ്ങള്‍ക്ക് ഇടയില്‍ ചെനാബ് നദിക്ക് കുറുകെയുള്ള ഈ പാലത്തിന്  നദീതടത്തിൽ നിന്ന് 359 മീറ്റർ ആണ് ഉയരം.അഞ്ച് കുത്തബ്മിനാറുകളുടെ ഉയരം എന്ന് പറഞ്ഞാൽ ഇന്ത്യക്കാർക്ക് പെട്ടെന്ന് മനസ്സിലാകും. ചിത്രത്തിൽ കാണുന്നപോലെ, ഈ പാലവും യാത്രക്കാർക്ക് കാണാൻ സാധിക്കില്ല.

                                        കടപ്പാട് : വിക്കിപീഡിയ

കത്രക്കും ശ്രീനഗറിനുമിടയിൽ പതിനഞ്ചോളം സ്റ്റേഷനുകൾ ഉണ്ടെങ്കിലും ബാനിഹാളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.രാവിലെയും ഉച്ചയ്ക്കും ഓരോ ട്രെയിൻ വീതമാണ് അപ് & ഡൌൺ സർവീസ് നടത്തുന്നത്.കത്രയിൽ നിന്നും ശ്രീനഗറിലേക്ക് സാധാരണ ചെയർകാറിന് 815 രൂപയാണ് ചാർജ്ജ്.ആഴ്ചയിൽ അഞ്ചു ദിവസം മാത്രമേ സർവീസ് ഉള്ളൂ.വൈകിട്ട് കൃത്യം 5.55ന് ഞങ്ങൾ ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ കാലുകുത്തിയതോടെ പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്ന് പൂവണിഞ്ഞു.മൂന്ന് വർഷത്തിനുള്ളിൽ ഞാൻ നാലാമതും ശ്രീനഗറിൽ എത്തി എന്നത് എനിക്കും ഒരു അത്ഭുതമായി.


Next : ഹോട്ടൽ ആയാത്തിൽ

Thursday, March 12, 2026

വന്ദേഭാരതിലെ കന്നി യാത്ര ( ടീം 87 SSC @ കാശ്മീർ - 5 )

 ടീം 87 SSC @ കാശ്മീർ  - 4

കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഞങ്ങളുടെ യാത്ര വന്ദേഭാരത് എക്സ്പ്രെസ്സിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഉച്ച കഴിഞ്ഞ് 2.55 നായിരുന്നു അത് യാത്ര പുറപ്പെടുന്നത്.2019 ഫെബ്രുവരി 15 ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കാണ് ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചത്.2023 ഏപ്രിൽ 26 ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കായിരുന്നു കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തിയത്. വീണ്ടും രണ്ടര വർഷത്തിന് ശേഷം 2025 ഒക്ടോബർ നാലിനാണ് കേരളീയരായ ഞങ്ങൾ പത്ത് പേർക്കും ആദ്യമായി വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം ഒത്ത് കിട്ടിയത്.അതും ഇന്ത്യയുടെ വടക്കേ അറ്റത്ത് സർവീസ് നടത്തുന്ന വന്ദേഭാരതിൽ.

ഏകദേശം രണ്ടര മണിയോടെ ഞങ്ങൾ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് നീങ്ങി.വന്ദേഭാരതിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഉള്ളവരെ മാത്രമാണ് പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിട്ടിരുന്നത്. കുങ്കുമ നിറത്തിലുള്ള ട്രെയിൻ പ്ലാറ്റ് ഫോമിൽ കിടക്കുന്നുണ്ടായിരുന്നു.യാത്രക്കാർ വെയിലത്ത് പുറത്ത് കാത്ത് നിൽക്കുന്നതും കണ്ടു. സമയമാകുമ്പോൾ മാത്രമേ ട്രെയിനിന്റെ വാതിൽ തുറക്കുകയുള്ളൂ എന്ന് ആരോ പറഞ്ഞു.നേരത്തേ കയറി സീറ്റിൽ ഇരിക്കാൻ പറ്റില്ല എന്ന് സാരം. പുറപ്പെടുന്നതിന് പത്ത് മിനുട്ട് മുമ്പ് വാതിലുകൾ എല്ലാം ഓപ്പൺ ആയി.വലതുകാൽ വെച്ച് ഞാൻ ട്രെയിനിലേക്ക് കയറി.പിന്നാലെ മറ്റുള്ളവരും കയറി.

കയറിയത് ട്രെയിനിലോ അതോ വിമാനത്തിലോ എന്നൊരു സംശയം ആദ്യ നോട്ടത്തിൽ പലർക്കും ഉണ്ടായി. വിമാനത്തിലെ സീറ്റുകളുടെ അതേ രീതിയിലായിരുന്നു സീറ്റ് അറേഞ്ച്മെന്റ്. സീറ്റ് ബെൽറ്റുകൾ ഇല്ല എന്ന് മാത്രം.മുകളിൽ ഇരുവശത്തുമായുള്ള ലഗേജ് റാക്കുകളും വിമാനത്തിലേതുപോലെ തന്നെ.വിമാനത്തിൽ എയർ ഹോസ്റ്റസുമാർ ഡ്രിങ്ക്‌സും സ്നാക്‌സും കൊണ്ട് വരുന്നത് പോലെ ഇവിടെയും പ്രത്യേക യൂണിഫോം ധാരികൾ ഉണ്ട്. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തവർക്ക് അതും അല്ലാത്തവർക്ക് സ്പോട്ട് ഓർഡറുകളും നൽകാം.ഞങ്ങളും കാപ്പി ഓർഡർ ചെയ്തു. വിമാനത്തിലെ പോലെ കൊല്ലുന്ന വില പൊള്ളുന്ന കാപ്പിക്ക് ഇല്ല! ചിപ്സും ബിസ്ക്കറ്റും മറ്റുമായി പലതരം സ്നാക്സുകൾ കൈവശം ഉണ്ടായിരുന്നതിനാൽ അത് ഞങ്ങൾ ഓർഡർ ചെയ്തില്ല.

അപ്പോഴാണ് 'ഓലവട' എന്ന വയനാടൻ സ്‌പെഷ്യൽ സാധനം കൊണ്ടുവന്നതായി സിദ്ധീക്ക് പറഞ്ഞത്. പേരുകേട്ടപ്പോൾ തന്നെ ഫൈസലിനും നാരായണനും ആവേശം കൂടി.ഗോവിന്ദനും മുജീബും വൻ പ്രതീക്ഷയോടെ ഇരുന്നു. നുസൈബ,നിശീഥിനി,ഫാത്തിമ എന്നിവർ ടി.ടി.ആറിനെ തിക്കിത്തിരക്കി മുന്നോട്ട് വന്നു. ഞാനും മഹബൂബും വായിൽ വെള്ളമിറക്കി. കവർ പൊട്ടിച്ച് ആറാം നമ്പറുപോലെ എരിവുള്ള ഒരു സാധനം സിദ്ധീക്ക് എല്ലാവർക്കും വാരിക്കൊടുത്തു.

"പ്ർ.. ഇതാപ്പം ഓലവട... ഞങ്ങളിതിനെ *&^% എന്നാ പറയല്.." കണ്ട ഉടനെ നുസൈബ പറഞ്ഞു.

"ഞാനും ഇലയട പോലെ ഒരു സാധനം പ്രതീക്ഷിച്ചു" ഞാൻ പറഞ്ഞു.

ഉഴുന്നിന്റെ കുത്തുന്ന രുചിയും എരിവും കാരണം 'ഓലവട' പെട്ടെന്ന് തന്നെ വന്ന മടയിലേക്ക് തിരിച്ചു കയറി.

മറ്റു ട്രെയിനുകളിൽ നിന്ന് വ്യത്യസ്‍തമായി ട്രെയിനിനകത്ത് കണ്ട ഒരു പ്രധാന മാറ്റം തോക്കേന്തിയ കമാൻ്റോകളുടെ സാന്നിദ്ധ്യമായിരുന്നു. പഹൽഗാം ഭീകരാക്രമണം ആയിരിക്കാം അതിന്റെ പിന്നിലുള്ള ഒരു കാരണം. ഇന്ത്യയിൽ ഏറ്റവും സുരക്ഷാ സന്നാഹങ്ങളോടെ ഓടുന്ന ട്രെയിനാണ് കത്ര ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ്. കിടയറ്റ പരിശീലനം ലഭിച്ച, റെയിൽവെ സുരക്ഷാ സേനയുടെ കോറസ് (CORAS) വിഭാഗത്തിനാണ് ഇതിൻ്റെ ചുമതല. ഇത്രയും കാലത്തെ യാത്രക്കിടയിൽ ഒരു വനിതാ ടി.ടി.ആറിനെ ഞാൻ ആദ്യമായി കണ്ടതും ഈ ട്രെയിനിലാണ്.

മുന്നോട്ട് പോകുന്ന വണ്ടിക്ക് പുറം തിരിഞ്ഞായിരുന്നു ഞങ്ങൾക്ക് സീറ്റ് കിട്ടിയത്. വണ്ടി നിങ്ങിത്തുടങ്ങി അൽപം കഴിഞ്ഞപ്പഴേക്കും മുജീബ് സീറ്റിൽ നിന്നും എഴുന്നേറ്റു നിന്നു.

"എന്താ ..... ഓലവട വയറ്റിൽ പടക്കം പൊട്ടിക്കാൻ തുടങ്ങിയോ?" ഞാൻ ചോദിച്ചു.

"ങൂ ങും ... എനിക്ക് ഈ സീറ്റ് പറ്റില്ല ..."

"ങേ! അതെന്താ?"

"അങ്ങോട്ട് പോകുന്ന വണ്ടിയിൽ ഇങ്ങോട്ട് തിരിഞ്ഞിരുന്നാൽ ഞാൻ ചർദ്ദിക്കും .."

"ആഹാ... അപ്പോ നീ എങ്ങനയാ വണ്ടി റിവേഴ്സ് എടുക്കുക?" നാരായണൻ്റെ ബുദ്ധി തക്ക സമയത്ത് ഓളം വെട്ടി.

"ഇനിയിപ്പോ എന്താ ചെയ്യാ... ? ടി.ടി.ആർ വരുമ്പോ പറഞ്ഞ് നോക്കാം..." ഞാൻ മുജീബിനെ സമാധാനിപ്പിച്ചു.

നേരത്തെ കണ്ട ലേഡി ടി.ടി.ആർ വീണ്ടും വന്നപ്പോൾ ഞാൻ പ്രശ്നം അവതരിപ്പിച്ചു. മറ്റൊരു സീറ്റ് നൽകി അവരാ പ്രശ്നം ഭംഗിയായി പരിഹരിച്ചു തന്നു.

വണ്ടി ടണലുകളിലൂടെ കുതിച്ച് പായാൻ തുടങ്ങി.

Next : ഈഫൽ ടവറിൻ്റെ ഉയരത്തിൽ


Monday, March 09, 2026

ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ് എന്നാൽ കയ്യൊപ്പ് എന്നാണ് മലയാള വാക്കർത്ഥം.പത്താം ക്ലാസിൻ്റെ അവസാന നാളുകളിൽ ഒരു കുഞ്ഞു പുസ്തകവും കുറെ മിഠായികളും കൊണ്ട് പലരുടെയും പിന്നാലെ നടന്നതാണ് (അല്ലെങ്കിൽ നടക്കുന്നതാണ്) പലർക്കും ഈ വാക്ക് കേൾക്കുമ്പോൾ ഓർമ്മ വരിക. സഹപാഠികളെയും അദ്ധ്യാപകരെയും കൊണ്ട് ആ കുഞ്ഞു പുസ്തകത്തിൽ എന്തെങ്കിലും കുത്തിക്കുറിപ്പിച്ച് ഒപ്പ് വാങ്ങി സാധ്യമെങ്കിൽ ഭാവി ബന്ധങ്ങൾക്കായി മേൽവിലാസം കൂടി സംഘടിപ്പിക്കുക എന്നതാണ് ഇതിലെ ടാസ്ക്. ആണും പെണ്ണും തമ്മിൽ മിണ്ടുന്നത് തന്നെ മറ്റൊരു കണ്ണിലൂടെ കണ്ടിരുന്ന 1980 കളിൽ , പെൺകുട്ടികളോട് ഓട്ടോഗ്രാഫിൽ എഴുതിക്കാൻ ഒരു തരം തൊലിക്കട്ടി തന്നെ അനിവാര്യമായിരുന്നു. അതിനു ഞാൻ കണ്ട പരിഹാരം മിക്ക പെൺകുട്ടികളും എഴുതുന്ന "നീ എന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല'' എന്നെഴുതി അവളുടെ പേരും ഒപ്പും സ്വയം ചാർത്തുക എന്നതായിരുന്നു. പെൺകുട്ടികൾ ഈ ദശാസന്ധി എങ്ങനെ മറികടന്നു എന്ന് എനിക്കറിയില്ല.

ഇന്ന് ഇതൊക്കെ ഓർമ്മ വരാൻ കാരണം അരീക്കോട് പെരുമ്പറമ്പ് സ്ഥിതി ചെയ്യുന്ന ദേശസേവിനി വായനശാല സംഘടിപ്പിച്ച 'ഓട്ടോഗ്രാഫ്' എന്ന ഒരു പരിപാടിയാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പാലക്കീഴ് പുരസ്കാരം നേടിയതിലൂടെ ലഭിച്ച തുക ഉപയോഗിച്ച് തദ്ദേശീയരായ എഴുത്ത് കാരുടെ കയ്യൊപ്പോട് കൂടിയ കൃതികൾക്ക് മാത്രമായി ഒരു ഷെൽഫ് ഒരുക്കുന്നതായിരുന്നു ഈ പ്രോഗാം. നാട്ടിലെ വിവിധതരം എഴുത്തുകാരെ ഒരു കുടക്കീഴിൽ അണി നിരത്തി ലൈബ്രറി ശാക്തീകരിക്കുന്ന പ്രസ്തുത പരിപാടി തികച്ചും വ്യത്യസ്തമായി.

നാട്ടിലെ എഴുത്തുകാർ തമ്മിൽ പരസ്പരം തിരിച്ചറിയാൻ ഈ പരിപാടി ഉപകാരപ്പെട്ടു. ഗ്രന്ഥശാലയിലൂടെ സ്വന്തം കൃതികൾ കൂടുതൽ വായനക്കാരിലേക്ക് എത്താനും ഈ ഉദ്യമം ഉപകരിക്കും എന്നത് എഴുത്ത്കാരനും ആവേശമാണ്. കുട്ടികൾക്ക് ഒരു പ്രചോദനം ആകും എന്ന് തോന്നിയതിനാൽ ഞാൻ എൻ്റെ ചെറിയ മകനെയും ഒപ്പം കൂട്ടിയിരുന്നു. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോൾ 'ഞാനും ഒരു പുസ്തകം എഴുതും" എന്ന് നാലാം ക്ലാസുകാരനായ അവൻ പറഞ്ഞതിലൂടെ എൻ്റെ ഉദ്ദേശം സഫലമായി.

എല്ലാ എഴുത്തുകാർക്കും ദേശസേവിനിയുടെ ഒരു ഉപഹാരവും നൽകി. മാസത്തിലൊരിക്കൽ ഒരു എഴുത്തുകാരനുമായി സംവദിക്കുക എന്ന ഒരു ഭാവി പരിപാടിയും ഉദ്ദേശിക്കുന്നതായി സംഘാടകർ പറഞ്ഞു. പരിപാടിക്ക് സമാപനം കുറിച്ച് നടന്ന സമൂഹ നോമ്പ് തുറയും നാടിൻ്റെ ഐക്യം വിളിച്ചോതുന്നതായി.

ഇനിയും ഇത്തരം വ്യത്യസ്ത പരിപാടികൾക്കായി കാതോർക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Thursday, March 05, 2026

ടീം 87 SSC @ കാശ്മീർ - 4

ടീം 87 SSC @ കാശ്മീർ  - 3

അന്ന് രാത്രി പത്തരക്ക് ഞങ്ങൾക്ക് ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള പോകേണ്ട ട്രെയിൻ റദ്ദാക്കിയിരിക്കുന്നു എന്നും റീഫണ്ട് കിട്ടാനായി കൗണ്ടറിൽ അപേക്ഷ നൽകണമെന്നും അറിയിച്ചുകൊണ്ടുള്ള മെസേജ് ആയിരുന്നു അത്.ബാക്കിയുള്ളവരെ അവിടെത്തന്നെ നിർത്തി ഞാനും ഗോവിന്ദനും കൗണ്ടറിലേക്ക് ഓടി.ഒരു ട്രെയിൻ റദ്ദാക്കിയാൽ അതിൽ സീറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് റെയിൽവേ തന്നെ മറ്റെന്തെങ്കിലും സൗകര്യം ചെയ്തു കൊടുക്കും എന്നായിരുന്നു എൻ്റെ ധാരണ.കാരണം അതാണല്ലോ സാമാന്യ മര്യാദ.

കൗണ്ടറിൽ എത്തിയപ്പോൾ ഈ പ്രശ്‍നം പരിഹരിക്കേണ്ട കൗണ്ടർ അതേ ബിൽഡിംഗിന്റെ മറ്റേതോ ഭാഗത്താണെന്ന് പറഞ്ഞു.അതനുസരിച്ചു ഞങ്ങൾ അപ്പറഞ്ഞ കൗണ്ടറിൽ എത്തി.മെസേജ് കാണിച്ചപ്പോൾ ടിക്കറ്റ് കാൻസൽ ചെയ്യണമെന്നും മുഴുവൻ സംഖ്യയും റീഫണ്ട് ചെയ്യുമെന്നും കൗണ്ടർവാല പറഞ്ഞു.കാൻസൽ ചെയ്യാതെ അടുത്ത ട്രെയിനിലേക്ക് മാറ്റാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോ എന്ന് ഞാൻ വെറുതെ ചോദിച്ചു.ട്രെയിൻ മൂന്ന് ദിവസം മുമ്പ് തന്നെ റദ്ദാക്കിയതാണെന്നും, അതിനാൽ കയ്യിലുള്ള ടിക്കറ്റ് കാൻസൽ ചെയ്ത ശേഷം ജനറൽ ടിക്കറ്റ് എടുത്ത് രാത്രി എട്ടരക്കുള്ള ട്രെയിനിൽ പോകാനുമായിരുന്നു അയാളുടെ നിർദ്ദേശം.

ഇയാൾ പറഞ്ഞത് സത്യമാണോ എന്നറിയാൻ എനിക്ക് ഒരാകാംക്ഷ തോന്നി.കാരണം ടിക്കറ്റ് കാൻസൽ ചെയ്ത് കഴിഞ്ഞാൽ പിന്നെ നമുക്ക് ഒരു അവകാശവാദവും ഉന്നയിക്കാൻ സാധ്യമല്ല.അതിനാൽ റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക് കം ടി.ടി.ആറും എൻ്റെ പഴയ എൻ.എസ്.എസ് വളണ്ടിയറും ആയ അമലിനെ വിളിച്ചു. അപ്പോഴാണ് നാട്ടിൽ നിന്നും പോസ്റ്റ് പെയ്‌ഡ്‌ ആക്കി പോന്ന ജിയോ കണക്ഷൻ വർക്ക് ചെയ്യുന്നില്ല എന്ന സത്യവും കൂടി മനസ്സിലാക്കിയത്.BSNL കണക്ഷൻ കൂടി ഉണ്ടായിരുന്നതിനാൽ അതിന്റെ പേരിലുള്ള ടെൻഷൻ തല്ക്കാലം ഒഴിവായെങ്കിലും അമലിനെ കിട്ടിയില്ല.അങ്ങനെ ആ ടിക്കറ്റ് മുഴുവൻ കാൻസൽ ചെയ്തു. റീഫണ്ട് നേരിട്ട് അക്കൗണ്ടിലേക്ക് വരും എന്ന മെസേജിൽ ഞങ്ങൾ തൃപ്തരായി.

ഈ വട്ടം കറക്കങ്ങൾ ഒന്നും അറിയാതെ ഞങ്ങളുടെ കൂടെയുള്ള ബാക്കി എട്ടു പേരും, നേരത്തെ തീരുമാനിച്ചിരുന്ന ഡൽഹിയിലെ ഒരു ചെറിയ കറക്കത്തിന് റെഡിയായി നിൽക്കുകയായിരുന്നു.പുതിയ ടിക്കറ്റ് എടുക്കാൻ മറ്റൊരു കൗണ്ടറിലേക്ക് നീങ്ങവേ റിസർവ്വ് ടിക്കറ്റ് തരാമെന്ന് പറഞ്ഞ് ചിലർ ഞങ്ങളെ സമീപിച്ചു.ഓഫർ എന്നെ കൊതിപ്പിച്ചെങ്കിലും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് പ്രിൻറ് ചെയ്ത തരാനുള്ള സാദ്ധ്യത ഞാൻ മണത്തു.കൃത്യ സമയത്ത് തന്നെ അമലിന്റെ വിളി വന്നതിനാൽ ആ അപകടത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടു. ടൂറിസ്റ്റു ബസ്സുകാരും പിന്നാലെ കൂടിയെങ്കിലും രണ്ടും കല്പിച്ച്  ഞങ്ങൾ ജനറൽ ടിക്കറ്റ് തന്നെ എടുത്തു.

മേൽ പൊല്ലാപ്പുകൾ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം വൈകിയതിനാൽ ഇനി കറങ്ങാൻ പോകേണ്ട എന്ന് തീരുമാനമായി. ജമ്മുവിലേക്കുള്ള ട്രെയിൻ സെറായി റോഹില്ല സ്റ്റേഷനിൽ നിന്നായതിനാൽ ക്ളോക്ക് റൂമിൽ ഏൽപ്പിച്ച ലഗേജുകൾ എല്ലാം ഞങ്ങൾ തിരിച്ചെടുത്തു.ഏതാനും മണിക്കൂറുകൾക്ക്  മൊത്തം 510 രൂപ നൽകി.ഒരാൾക്ക് പത്ത് രൂപ നിരക്കിൽ നിസാമുദ്ദീനിൽ നിന്നും റോഹില്ലയിലേക്ക് കയറിയ ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ യാത്രക്കാരായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വരാനിരിക്കുന്ന ഒരു തിരക്കിൻറെ മുന്നോടിയായുള്ള ശൂന്യതയായിരുന്നു അത് എന്ന് അപ്പോൾ മനസ്സിലായില്ല.

സെറായി റോഹില്ല സ്റ്റേഷനിൽ ട്രെയിൻ വരാനായി കാത്തിരിക്കെ കയ്യിൽ ഒരു വടിയും ചുണ്ടിൽ ഒരു വിസിലുമായി ഒരാൾ എന്നെ സമീപിച്ചു.ജമ്മുവിലേക്കാണ് എന്നറിഞ്ഞതോടെ സീറ്റ് റെഡിയാക്കി തരാം എന്നയാൾ പറഞ്ഞു.ഞങ്ങൾ പത്ത് പേര് ഉണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടായിരം രൂപ അയാൾ ആവശ്യപ്പെട്ടു. സ്ലീപ്പർ തരമാകുമോ എന്ന ചോദ്യത്തിന് മറുപടി അയാൾ ഒരു ചിരിയിൽ ഒതുക്കി.ജനറൽ കമ്പാർട്ട്മെന്റിൽ ഞങ്ങൾ പത്ത് പേർക്കും സീറ്റ് ഒപ്പിച്ച് തരാം എന്നും സീറ്റിൽ ഇരുന്ന ശേഷം മാത്രം കാശ് നൽകിയാൽ മതി എന്നും പറഞ്ഞപ്പോൾ എനിക്ക് അതിഷ്ടപ്പെട്ടു.ആയിരം രൂപക്ക് അത് ഉറപ്പിക്കുക കൂടി ചെയ്തതോടെ അയാൾ ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് ആനയിച്ചു.

ജനറൽ കമ്പാർട്ട്മെന്റ് കോച്ചിന്റെ പൊസിഷനിൽ ആയിരുന്നു ഞങ്ങൾ നിന്നിരുന്നത്.അങ്ങോട്ട് വരുന്ന മറ്റുള്ളവരെയും മുന്നോട്ട് കയറാൻ ശ്രമിക്കുന്നവരെയും മുഴുവൻ അയാൾ വിസിലടിച്ചും വടി കൊണ്ട് തെളിച്ചും അകറ്റി നിർത്തി.ഒരു ഐഡന്റിറ്റി കാർഡും ഇല്ലാത്ത അയാൾ, അത് വഴി കടന്നുപോയ പോലീസുകാരനോട് കുശലം പറഞ്ഞതും ഞാൻ ശ്രദ്ധിച്ചു. പതിയെ വന്ന വണ്ടിയിലേക്ക് യാത്രക്കാർ ഓടിക്കയറാൻ തുടങ്ങി.

പെട്ടെന്ന്,ആരും ശ്രദ്ധിക്കാത്ത ഒരു കോച്ചിന്റെ വാതിൽ തുറന്ന് അദ്ദേഹം അതിലേക്ക് ഓടിക്കയറി.അതൊരു പോലീസുകാരൻ തുറന്നു കൊടുത്തതാണോ എന്ന് എനിക്ക് സംശയമുണ്ട്.തൊട്ടടുത്തുള്ള കാബിൻ മുഴുവനായും കൈ വിരിച്ച് നിന്ന് അങ്ങോട്ട് വന്നവരെ തിരിച്ചുവിട്ട് ഞങ്ങളോട് വേഗം കയറി വരാൻ അയാൾ  ആവശ്യപ്പെട്ടു.ഇതിനിടയിൽ ലഗ്ഗേജ് റാക്കിൽ കയറിപ്പറ്റിയ രണ്ടു പേരെ അയാൾ എണീപ്പിച്ച് വിടുകയും ചെയ്തു.അങ്ങനെ പത്ത് പേരെയും ഒരു കാബിനിലെ പത്ത് സീറ്റിൽ ഇരുത്തി റാക്കിൽ ഞങ്ങളുടെ ലഗേജുകളും വച്ച ശേഷം അയാൾ എന്നെ നോക്കി.ആയിരം രൂപ ഞാൻ അയാൾക്ക് നൽകി.സീറ്റ് കിട്ടിയതോടെ ദുരിതം പ്രതീക്ഷിച്ച ആ യാത്ര സമാധാനപൂർണ്ണമായി.

അല്പം കഴിഞ്ഞ് തിരക്ക് ക്രമാതീതമാകാൻ തുടങ്ങി.ഞങ്ങളുടെ ലഗേജുകൾ മാറ്റണം എന്ന് ചിലർ വാദിച്ചു. അവസാനം ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന രൂപത്തിൽ അട്ടിയിട്ട് ലഗ്ഗേജ് റാക്കിൽ പലരും സ്ഥാനമുറപ്പിച്ചു. നാല് പേർ ഇരിക്കുന്ന സീറ്റിലും ചിലർ മെല്ലെ മെല്ലെ തിരുകിക്കയറി.സീറ്റുകൾക്കിടയിലെ സ്ഥലവും നടക്കാനുള്ള സ്ഥലവും വാതിൽപടികളും ടോയ്‌ലെറ്റിന്റെ ഭാഗവും എല്ലാം ക്രമേണ ഇരിപ്പിടമായി മാറിയതോടെ ഇരുന്നിടത്ത് നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയായി. അപ്പോഴാണ് നല്ല നിലയിൽ വേഷം ധരിച്ച സുന്ദരിയായ ഒരു യുവതി ഗോവിന്ദന്റെ അടുത്തേക്ക് വന്നത്.

"ഭയ്യാ...ധോടാ സീറ്റ് ...." 

പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവിടെ ഇരിക്കാനുള്ള അപേക്ഷയാണെന്ന ധാരണയിൽ ബാക്കിയുള്ളവരെ ഒന്ന് തള്ളി ഗോവിന്ദൻ അവിടെ സ്ഥലമുണ്ടാക്കി.അപ്പുറം മാറി നിന്നിരുന്ന കറുത്ത് മെലിഞ്ഞ ഒരു വൃദ്ധയെ ആ യുവതി അവിടെ കൊണ്ടുപോയി ഇരുത്തി.ഗോവിന്ദന്റെ മനസ്സിലെ ലഡു ചിന്നഭിന്നമാകുന്നത് കണ്ട് ഞങ്ങളെല്ലാവരും ഊറിച്ചിരിച്ചു.വണ്ടി ഏതോ സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി ഇറങ്ങിപ്പോയി,വൃദ്ധ ഗോവിന്ദനെ ചാരി ഉറങ്ങുകയും ചെയ്തു.നാരായണൻ അപ്പോൾ രണ്ട് പെൺ 'തലയിണ'കൾക്കിടയിൽ കുടുങ്ങി വീർപ്പുമുട്ടി.

ഇതിനിടയിൽ,വിൻഡോ സീറ്റിലിരുന്ന എൻറെയും ഫൈസലിന്റെയും ഇടയിലെ സ്ഥലത്ത് ഒരു പെൺകുട്ടി സ്ഥലം പിടിച്ചിരുന്നു.ഉറക്കം വന്നതോടെ അവൾ എന്റെ മടിയിലേക്ക് തല ചായ്ച്ചു.പിന്നീട് കുറെ നേരം ഫൈസലിന്റെ മടിയിലേക്കും തല ചായ്ച്ചുറങ്ങി.ഇടക്ക് അങ്ങോട്ടും ഇടക്ക് ഇങ്ങോട്ടും മാറി മാറി അവൾ ഉറങ്ങി.ഞങ്ങളുടെ കൂടെയുള്ള മറ്റുള്ളവർക്ക് അതോടെ ഉറക്കവും പോയി. 

ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള അതൊരു യാത്ര തന്നെയായിരുന്നു. ജനറൽ കമ്പാർട്ട്മെൻ്റിലെ ഇരുന്നുള്ള യാത്ര ആണെങ്കിലും ഞാൻ അത്യാവശ്യം നന്നായി തന്നെ ഉറങ്ങി. പുറം കാഴ്ചകൾ ഒന്നും തന്നെ കാണാൻ സാധിക്കാത്തതും ഉറക്കത്തിന് ആക്കം കൂട്ടി. രാവിലെ എട്ടര മണിയോടെ ഞങ്ങൾ കത്രയിൽ എത്തി. വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ശബ്ദകോലാഹലങ്ങൾ കൊണ്ട് മുഖരിതമായിരുന്നു റെയിൽവേ സ്റ്റേഷൻ. കുളിയും ഭക്ഷണവും കഴിഞ്ഞ ശേഷം അടുത്ത ട്രെയിനും കാത്ത് ഞങ്ങളും അതിൽ അലിഞ്ഞു ചേർന്നു.

Next : വന്ദേഭാരതിലെ കന്നിയാത്ര 


Saturday, February 28, 2026

ടീം 87 SSC @ കാശ്മീർ - 3

ടീം 87 SSC @ കാശ്മീർ  - 2

പുറത്ത് വെയില് മുറുകും തോറും ട്രെയിനിനകത്ത് ഞങ്ങളുടെ ചർച്ചകളും മുറുകി. ജീവിതത്തിരക്കുകൾ മാറ്റിവെച്ച് ഓരോരുത്തരും ഈ ടൂറിന് ഇറങ്ങിപ്പുറപ്പെട്ട സാഹചര്യങ്ങൾ വിശദീകരിച്ചു. സർവ്വതന്ത്ര സ്വതന്ത്രനായി ഒരുങ്ങിപ്പുറപ്പെട്ടത് ഞാൻ മാത്രമേ ഉള്ളൂ എന്ന് ചർച്ചയിൽ നിന്നും മനസ്സിലായി. പന്ത്രണ്ട് ദിവസം കഴിയട്ടെ, ഇവർ ഇല്ലാത്തതോണ്ട് അവരുടെയൊക്കെ നാട്ടിലോ വീട്ടിലോ ഭൂമി കുലുക്കം ഉണ്ടായോ എന്ന് ചെക്ക് ചെയ്യാൻ ഞാനും തീരുമാനിച്ചു (ഒരു ചുക്കും സംഭവിച്ചില്ല).

പെട്ടെന്നാണ് അടുത്ത കാബിനിലെ രാമചന്ദ്രൻ മാസ്റ്റർ ഞങ്ങളുടെ ചർച്ചയിലേക്ക് കയറി വന്നത്. ഭാര്യയും റിട്ടയേർഡ് അധ്യാപികയുമായ മല്ലിക ടീച്ചറോടൊപ്പം കാശിയിലേക്കുള്ള യാത്രയിലായിരുന്നു രാമചന്ദ്രൻ മാസ്റ്റർ. ടീച്ചർ സ്വന്തം കാബിനിൽ വിശ്രമത്തിലായിരുന്നു.

"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....'' മാഷ് പറഞ്ഞു തുടങ്ങി. ഞങ്ങൾ "പത്താം ക്ലാസ് കുട്ടികൾ" ആയതിനാൽ ശ്രദ്ധിച്ചിരുന്നു. നിന്ന് സംസാരിച്ചിരുന്ന മാഷിന് ആരോ ഒരു ചന്തി സ്ഥലം കൊടുത്തു.ചർച്ച ആവേശം കയറിയപ്പോൾ മാഷ് ഫുൾ സീറ്റിംഗായി .മെഹ്ബൂബ് സീറ്റിൻ്റെ അറ്റത്ത് നിന്നും തെറിച്ചു പോയത് ആരും കണ്ടതുമില്ല.

ചർച്ചക്കിടയിൽ ഏതോ ഒരു പാട്ട് എഴുതിയ ആളുടെ പേര് നുസൈബ പരാമർശിച്ചു. ഉടനെ രാമചന്ദ്രൻ മാഷ് പറഞ്ഞു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....''

'ഈ ലോകം ഉണ്ടായതും ഇയാൾ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം ആണെന്ന് ഇയാൾ പറയും' നാരായണൻ ആത്മഗതം ചെയ്തു.

ഞങ്ങൾ വീണ്ടും മറ്റൊരു വിഷയമെടുത്ത് ചർച്ച ആരംഭിച്ചു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....'' രാമചന്ദ്രൻ മാഷ് ആ ചർച്ചയിലേക്കും കയറാൻ തുടങ്ങി.

"ആബ്യേ... നമ്മളെ ഒരു ടീച്ചറുണ്ടായിരുന്നല്ലോ ..... ?" മാസ്റ്റർക്ക് ഒരു ബ്രേക്കിടാനായി നാരായണൻ ചോദിച്ചു.

"ആനി ടീച്ചർ... നുള്ളി നുള്ളി എൻ്റെ കയ്പലയിൽ  രണ്ടാം വസൂരിക്കല ഉണ്ടാക്കിയ ടീച്ചർ " നുസൈബ ചാടിക്കയറി പറഞ്ഞു.

"അതല്ല... ഫൂമിയുടെ ഫാരം ഫൂഗുരുത്വത്തെ.... എന്ന് പറഞ്ഞിരുന്ന.... ഒരു പൂവിൻ്റെ പേരുള്ള ....."

"ലിസി ടീച്ചർ..."
നിശീധിനിയും ഫാത്തിമ കുട്ടിയും ഒരുമിച്ച് പറഞ്ഞു.

"പൂവിൻ്റെ പേരുള്ളത് എൻ്റെ ഭാര്യ.... മല്ലിക ടീച്ചർ ....." രാമചന്ദ്രൻ മാഷ് അവിടെയും ഇടപെട്ടു.

"ആഹ..... എന്നിട്ടെവിടെ.... മല്ലിക ടീച്ചറെ വിളിക്കൂ മാഷേ ...."  മാഷെ എണീപ്പിക്കാനായി നാരായണൻ ഒരു തന്ത്രം പയറ്റി. ടീച്ചറെ വിളിക്കാനായി മാഷ് എണീറ്റു. മാഷ് പോയ ഉടൻ നാരായണൻ മുജീബിനെ പിടിച്ച് അവിടെ ഇരുത്തി. മാഷ് ടീച്ചറെയും വിളിച്ച് തിരിച്ചു വന്ന് സീറ്റിനടുത്ത് നിന്നു..

"നിനക്കറിയോ.... ഞാൻ ഹെഡ്മാസ്റ്ററായ ...." രാമചന്ദ്രൻ മാഷ് മല്ലിക ടീച്ചർക്ക് ഞങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി.

"1987 ലെ SSC ബാച്ചിലെ സഹപാഠികളാണ് ഞങ്ങൾ..." നാരായണൻ ഇടക്ക് കയറി പറഞ്ഞു.

"ആ... ഞാൻ ഇന്നലെ മുതൽ നിങ്ങളെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു... എന്താ ഒരു പോസിറ്റീവ് എനർജി...." ടീച്ചർ മനസ്സിലുള്ളത് തുറന്നു പറഞ്ഞു.

"വാഹ് ... ടീച്ചറുടെ വീട് എവിടെയാ ? " ഞങ്ങൾക്കും ആവേശമായി.

"ഷൊർണ്ണൂർ ... ഞങ്ങൾ കാശിയിലേക്കാണ്.... ഉച്ചയോടെ നാസിക്കിൽ ഇറങ്ങും. തുടർ യാത്ര അവിടെ നിന്നുള്ളവരുടെ കൂടെയാണ് ... "

'ഹാവൂ.... "ഞാൻ ഹെഡ്മാസ്റ്ററായ സമയത്ത് " അപ്പോൾ ഉച്ചവരെ കേട്ടാൽ മതി' നാരായണൻ വീണ്ടും  ആത്മഗതം ചെയ്തു.

"മുപ്പത്തിയേഴ് വർഷം മുമ്പുള്ള സൗഹൃദം ഇത്രയും നന്നായി നിലനിർത്തുന്ന നിങ്ങളുടെ ബാച്ച് ഒരു അത്ഭുതം തന്നെ...... " സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത ടീച്ചർ പറഞ്ഞു. ശേഷം ഞങ്ങളുടെ കൂടെ ഏതാനും ചിയറിംഗ് ഫോട്ടോകൾ കൂടി എടുത്തു. ഉച്ചയോടെ അവർ ഞങ്ങളോട് വിട പറഞ്ഞു.

ചിരിച്ചും കളിച്ചും ഞങ്ങൾ യാത്ര തുടർന്നു. രാത്രിയായതോടെ കമ്പാർട്ട്മെൻ്റ് വീണ്ടും 'മോർച്ചറി' ആകാൻ തുടങ്ങി. മഹ്ബൂബ് കിടക്കുന്ന ബെർത്ത് ഞാൻ ഒന്ന് കൂടി ഉറപ്പ് വരുത്തി. ഒരു കാരണവശാലും മാറിക്കിടക്കരുത് എന്ന് ഞാൻ നിർദ്ദേശവും നൽകി. പാതിരാക്ക് മുജീബ് നിർബാധം മീൻ കച്ചവടം തുടർന്നു. ഗോവിയുടെ ഫാർഗോ ലോറിയുടെ കൂർക്കം വലിക്കൊപ്പം ഫൈസലിൻ്റെ ഡോൾബി ഡിജിറ്റൽ സൗണ്ട് ചുമയും കൂടി ആയപ്പോൾ എൻ്റെ ഉറക്കം ഇടതടവില്ലാതെ മുറിഞ്ഞു കൊണ്ടിരുന്നു.

മൂന്നാം ദിവസം പുലർന്നത് സിദ്ദീഖ് ഗ്രൂപ്പിൽ ഇട്ട ഫോട്ടോയുടെ "ഗ്ലും" ശബ്ദത്തോടെയാണ്. കോഴിക്കോട് നിന്നും വിമാനം കയറി ഡൽഹിയിൽ എത്തി പുലർച്ചെയോടെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതിൻ്റെ ഫോട്ടോ ആയിരുന്നു അത്. അടുത്തെവിടെയോ റൂമെടുത്ത് അവൻ സുഖമായുറങ്ങി.
ഉച്ചയോടെ ഞങ്ങളുടെ വണ്ടിയും ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി.

സിദ്ദീഖിൻ്റെ റൂമിൽ പോയി ഫ്രഷ് ആയ ശേഷം രാത്രി ഏഴ് മണി വരെ ഡൽഹിയിൽ കറങ്ങാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. ഡൽഹിയിലുള്ള എൻ്റെ മകൾക്ക് ചില സാധനങ്ങൾ കൈമാറാനുള്ളതിനാൽ, ഞങ്ങളെ അവിടെ നിർത്തി സംഘത്തിലെ സ്ത്രീകളെയും കൂട്ടി സിദ്ദീഖ് റൂമിലേക്ക് പോയി. പതിനഞ്ച് കിലോയോളം വരുന്ന ഈറ്റബിൾസ് പെട്ടി  സ്റ്റേഷനിൽ എത്തിയ മോൾക്ക് ഞാൻ കൈമാറി. 

ലഗേജുമായി മൂന്നാം നിലയിലുള്ള സിദ്ദീഖിൻ്റെ റൂമിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ് എന്ന് സിദ്ദീഖിൻ്റെ കൂടെ പോയവർ അറിയിച്ചതിനാൽ ഞങ്ങൾ എ സി വെയ്റ്റിംഗ് ഹാളിൽ കയറി ഫ്രഷാകാൻ തീരുമാനിച്ചു.രണ്ട് മണിക്കൂറിന് നാല്പത് രൂപയായിരുന്നു ചാർജ്ജ്.

നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാവരും ഫ്രഷായി വസ്ത്രങ്ങൾ മാറി. റൂമിൽ പോയവരും പറഞ്ഞ സമയത്ത് തന്നെ സ്റ്റേഷനിൽ തിരിച്ചെത്തി. 

ലഗേജുകൾ എല്ലാം ക്ലോക്ക് റൂമിൽ ഏൽപ്പിച്ച ശേഷം ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗയും ഹുമയൂൺ ടോംബും സന്ദർശിക്കാനായി ഞങ്ങളിറങ്ങുമ്പോൾ ഗോവിന്ദൻ്റെ ഫോണിലേക്ക് ഒരു എസ്.എം.എസ് വന്നു. സാധാരണ ഗതിയിൽ മെസേജ് നോക്കാത്ത അവൻ, അറിയാതെ അത് ഓപ്പൺ ചെയ്തു.

"ആബ്യേ.... ഇതാ അടുത്ത ട്രെയിനിനെപ്പറ്റിയുള്ള മെസേജ്... " വായിച്ചിട്ട് ഒന്നും തിരിയാത്തതിനാൽ  ഫോൺ എൻ്റെ നേരെ നീട്ടി ഗോവിന്ദൻ പറഞ്ഞു. 

മെസേജ് വായിച്ചതും ഞാൻ ഒന്ന് ഞെട്ടി. ഉറപ്പ് വരുത്താനായി ഞാൻ വീണ്ടും അത് വായിച്ചു. സംഗതി സത്യമാണ്!!


Next : ടീം 87 SSC @ കാശ്മീർ  - 4


Wednesday, February 25, 2026

ടീം 87 SSC @ കാശ്മീർ - 2

 ടീം 87 SSC @ കാശ്മീർ  - 1

ബൾക്ക് ബുക്കിംഗ് ചെയ്തിട്ടും ഏഴ് പേർക്ക് ഒരേ ക്യാബിനിലും മൂന്ന് പേർക്ക് അതേ കമ്പാർട്ട്മെൻ്റിൽ മറ്റൊരു ക്യാബിനിലും ആയിരുന്നു സീറ്റ് കിട്ടിയത്. ഇതിൽ തന്നെ സിദ്ദീഖ് വരാത്തതിനാൽ ആ സീറ്റ് ഒഴിവായിരുന്നു. ഞങ്ങളുടെ ക്യാബിനിലെ എട്ടാമൻ ആർ.എ.സി ടിക്കറ്റുള്ള രണ്ട് പേരായിരുന്നു. അവർക്ക് രണ്ടു പേർക്കും ബെർത്ത് നൽകി മറ്റേ ക്യാബിനിലേക്ക് മാറ്റി ഞങ്ങളിൽ ഒരാൾ കൂടി ഈ കാബിനിലെത്തി. മെഹ്ബൂബ് മാത്രം ആ കാബിനിൽ ഒറ്റക്കായി. അവനത് പ്രശ്നമില്ല എന്ന് പറഞ്ഞതിനാൽ ഞാനും പിന്നീട് അതിലേക്ക് ശ്രദ്ധ കൊടുത്തില്ല. എങ്കിലും മെഹബൂബിന് ട്രെയിൻ യാത്ര പരിചയമില്ലാത്തതിനാലും ഡോറിൻ്റെ തൊട്ടടുത്തായതിനാലും എനിക്ക് ഉള്ളിൻ്റെയുള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു.

സമയം രാത്രിയായി. മെഹ്ബൂബ് തയ്യാറാക്കി കൊണ്ടുവന്ന ബിരിയാണി കഴിച്ച് എല്ലാവരും വീണ്ടും ചാർജ്ഡ് ആയി. ഞങ്ങളുടെ അന്താക്ഷരിയും പാട്ടും ട്രെയിനിനെ മൊത്തം മറ്റൊരു വൈബിലേക്ക് എത്തിക്കുന്നത് മറ്റു ക്യാബിനിലെ യാത്രക്കാർ കൂടി പാട്ട് മൂളുന്നതിലൂടെയും ഞങ്ങളോടൊപ്പം ചേരുന്നതിലൂടെയും ഞങ്ങൾ തിരിച്ചറിഞ്ഞു. മെഹ്ബൂബ് ഇതിനിടക്ക് എപ്പഴോ ഉറങ്ങാൻ പോയി. ലോവർ ബെർത്തിലായിരുന്നു അവൻ കിടന്നിരുന്നത്.

പതിനൊന്ന് മണിയായതോടെ ഓരോരുത്തരായി അവനവൻ്റെ ബെർത്തിലേക്ക് കയറിക്കൂടി ഉറക്കം തുടങ്ങി. മെഹ്ബൂബ് അവിടെ തന്നെ ഉണ്ടെന്ന് കിടക്കുന്നതിന് മുമ്പ് ഞാൻ ഒരിക്കൽ കൂടി ഉറപ്പ് വരുത്തി. കേരളം വിട്ടു കഴിഞ്ഞതിനാൽ ട്രെയിൻ അതിൻ്റെ വിശ്വരൂപം പുറത്തെടുക്കാനും തുടങ്ങി.

അൽപ സമയം കഴിഞ്ഞപ്പോഴേക്കും പഴയ ഫാർഗോ ലോറി കയറ്റം കയറി വരുന്ന പോലെ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി.

"ങ്ർർർ......ങ്ർർർർ......ങ്ർർർർർ...... " 

കൂട്ടത്തിലെ ഫാർഗോ ആയ ഗോവിന്ദനാണ്. അൽപം വിക്സ് പഞ്ഞിയിലാക്കി മൂക്കിൽ വച്ചതോടെ അവൻ ഞെട്ടി എഴുന്നേറ്റു.

"ജലദോഷം ഉണ്ടാകുമ്പോഴുള്ള പ്രശ്നമാ..." ക്ഷമാപണം നടത്തി ഗോവിന്ദൻ തിരിഞ്ഞു കിടന്നു.

"അയല പൊരിച്ചതുണ്ട്...." പെട്ടെന്നുള്ള ഒരു പാട്ടു കേട്ട് ഞാൻ ഞെട്ടിയുണർന്ന് വീണ്ടും ഗോവിന്ദനെ നോക്കി. അന്താക്ഷരിയിൽ അവൻ്റെ വായിൽ നിന്ന് വന്നതെല്ലാം 1960 മോഡൽ പാട്ടുകൾ ആയിരുന്നതിനാലാണ് ഇത്തവണ അവനെ നോക്കിയത്. ബട്ട്, അപ്പോഴേക്കും പാട്ട് നിന്നു. ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങി.

"അയല പൊരിച്ചതുണ്ട്.... കരിമീൻ വറുത്തതുണ്ട്......" പാട്ട് കേട്ട് ഞാൻ വീണ്ടും ഞെട്ടിയുണർന്നു. അപ്പോഴേയ്ക്കും മുജീബ് ഫോൺ എടുത്തു.

"ഹലോ...നിയാസ് അഞ്ച് അയല ... രണ്ട് മത്തി .... കുഞ്ഞാപ്പു മൂന്ന് കാതറ..... അളിയന് അഞ്ച് കിലോ മാന്തള് .." മുജീബ് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

'എൻ്റമ്മേ... അഞ്ച് കിലോ മാന്തളടിക്കുന്ന അളിയനോ.... ബല്ലാത്ത അളിയൻ തന്നെ ...' ഉറക്കത്തിൽ ഫൈസൽ ആത്മഗതം ചെയ്തു.

"ഒന്ന് മുണ്ടാതെ കടക്ക് പൊട്ടാ.." താഴെ ബർത്തിൽ നിന്നും നുസൈബയുടെ ശബ്ദമുയർന്നു. ഞാനും ഒന്ന് തിരിഞ്ഞ് കിടന്ന് വീണ്ടും ഉറങ്ങാൻ തുടങ്ങി.

"അയല പൊരിച്ചതുണ്ട്...." കൂടുതൽ പാടുന്നതിന് മുമ്പേ മുജീബ് വേഗം ഫോൺ എടുത്തു.
വിവിധ തരം മീനുകളുടെ കണക്ക് വീണ്ടും ഒഴുകി. ഞാൻ മെല്ലെ എണീറ്റ് ടോയ്ലെറ്റിലേക്ക് നീങ്ങി. 

എ.സിയുടെ തണുപ്പ് കാരണം മിക്ക ബെർത്തുകളിലും വെള്ള പുതപ്പ് കൊണ്ട് തലയടക്കം മൂടിപ്പുതച്ച് കിടക്കുന്നവരായിരുന്നു. അതിനാൽ തന്നെ മോർച്ചറിയിലൂടെ നടക്കുന്ന പോലെയായിരുന്നു എനിക്ക് മനസ്സിൽ തോന്നിയത്.പോകുന്ന സമയത്ത് മെഹ്ബൂബ് കിടന്ന ബെർത്തിലേക്ക് വെറുതെ ഒന്ന് ഞാൻ നോക്കി.ബെർത്ത് കാലിയായതിനാൽ എന്നെപ്പോലെ അവനും ടോയ്ലെറ്റിലേക്ക് പോയിട്ടുണ്ടാകും എന്ന് ഞാൻ കരുതി. ഞാൻ ടോയ്ലറ്റിൽ നിന്ന് തിരിച്ച് വരുമ്പോഴും ബെർത്ത് കാലിയായിരുന്നു. മറ്റു ബെർത്തുകളിൽ ഉള്ളവർ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് എൻ്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ എൻ്റെ സീറ്റിൽ പോയി ഇരുന്നു. ഉറക്കം എന്നെ വീണ്ടും തഴുകാൻ തുടങ്ങിയതോടെ വീണ്ടും ബെർത്തിൽ കയറിക്കിടന്നു.

സുബഹ് നമസ്കരിക്കാനായി എണീറ്റപ്പോൾ ഞാൻ വീണ്ടും മെഹ്ബൂബിനെ പോയി നോക്കി. ബെർത്ത് അപ്പോഴും കാലിയായിരുന്നു. മെഹ്ബൂബിൻ്റെ അതേ കാബിനിൽ ഞങ്ങൾ ബെർത്ത് അഡ്ജസ്റ്റ് ചെയ്തു കൊടുത്തവരോട് ചോദിച്ചപ്പോൾ, അവരും ഒരുറക്കം കഴിഞ്ഞ് എണീറ്റപ്പോൾ കണ്ടിട്ടില്ല എന്നറിയിച്ചു. പല ബെർത്തുകളിലും ലേഡീസ് ആയിരുന്നതിനാൽ പുതപ്പ് പൊക്കി നോക്കാൻ ധൈര്യവും തോന്നിയില്ല. ഞാൻ വീണ്ടും ഞങ്ങളുടെ കാബിനിലേക്ക് നീങ്ങി. സുബഹ് നമസ്കാര കഴിഞ്ഞപ്പഴേക്കും നാരായണൻ എണീറ്റു. നാരായണനോട് ഞാൻ വിവരം പറഞ്ഞു. മെഹ്ബൂബ് കിടന്നതൊഴികെ ബാക്കി എല്ലാ ബെർത്തുകളിലും ആളുണ്ട് എന്ന് അവനും  പറഞ്ഞു.

എൻ്റെ ചിന്തകൾ പല റെയിൽവെ സ്റ്റേഷനുകളിയുടെയും കൂകിപ്പായാൻ തുടങ്ങി. മെഹ്ബൂബിന് ഹിന്ദി സംസാരിക്കാൻ അറിയും എന്നുള്ളത് മാത്രമായിരുന്നു എൻ്റെ ഏക ആശ്വാസം. ഇത്രയും കാലത്തെ യാത്രയിലൊന്നും നേരിടാത്ത ഒരു പ്രശ്നമായതിനാൽ അടുത്ത സ്റ്റേഷൻ എത്തുന്നത് വരെയോ ടി.ടി.ആർ വരുന്നത് വരെയോ കാത്തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചു. മറ്റെന്തോ തീരുമാനമെടുത്ത് നാരായണനും പോയി. മറ്റുള്ളവരെല്ലാം സുഖ സുഷുപ്തി തുടർന്നു.

"ആബ്യേ.... ആളെ കണ്ടെത്തി ട്ടോ..." അൽപ സമയത്തിന് ശേഷം, മെഹ്ബൂബിനെ എൻ്റെ മുന്നിൽ ഹാജരാക്കിക്കൊണ്ട് നാരായണൻ പറഞ്ഞു.

"എവിടെയായിരുന്നു..?" ഞാൻ ചോദിച്ചു.

"അതാ സ്ത്രീ കിടന്ന ബെർത്തിൽ, പുതപ്പിനുള്ളിലൂടെ കഷണ്ടിയിൽ വച്ച നിലയിൽ ഒരു കണ്ണട കണ്ടപ്പോൾ ഞാൻ പുതപ്പ് പൊക്കി നോക്കി..."

"എന്താ മെഹ്ബു....? സീറ്റ് മാറി കിടക്കുമ്പോൾ നിനക്ക് ഒന്ന് പറഞ്ഞൂടെ?" ഞാൻ മെഹ്ബൂബിനോടായി പറഞ്ഞു.

"ങേ! അതും ചെയർമാനോട് പറയണോ?"

"അങ്ങനെയല്ല... ട്രെയിൻ യാത്ര അധികം പരിചയമില്ലാത്തത് കൊണ്ട് പറഞ്ഞതാ.."

"അത്.... ആ സ്ത്രീ ഇറങ്ങിപ്പോയപ്പോ ഞാനങ്ങോട്ട് മാറിക്കിടന്നതാ ..."

"ആ... നിന്നെ കാണാത്തതോണ്ട് എൻ്റെ ഉറക്കവും പോയിക്കിട്ടി.. ഏതായാലും ഇനി ശ്രദ്ധിച്ചാൽ മതി"

അരുണൻ്റെ കിരണങ്ങൾ മെല്ലെ മെല്ലെ മുഖപടം നീക്കിത്തുടങ്ങി. 'മോർച്ചറി' ക്രമേണ ജനറൽ വാർഡായി മാറി.


Next :  ടീം 87 SSC @ കാശ്മീർ  - 3



Monday, February 23, 2026

ടീം 87 SSC @ കാശ്മീർ - 1

ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ എൻ്റെ മൂന്നാം കാശ്മീർ യാത്രയുടെ ചിത്രങ്ങളും വിവരണങ്ങളും (Click & Read) സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോഴാണ്, പത്താം ക്ലാസ് ബാച്ച് മേറ്റായിരുന്ന നാരായണൻ കാശ്‌മീർ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.എന്നെങ്കിലും പോകാം എന്ന ഉദ്ദേശ്യത്തിൽ ഞാനത് ഓ.കെ യും പറഞ്ഞു.മെയ് അവസാനത്തിൽ കുടുംബ സമേതം നടത്തിയ എൻ്റെ മണാലി യാത്രയുടെ ഫോട്ടോകൾ (Click & Read) കണ്ടതോടെ നാരായണൻ വീണ്ടും അവൻ്റെ കാശ്മീർ യാത്രാ സ്വപ്നം ഓർമ്മിപ്പിച്ചു.അപ്പോഴും ഞാൻ ഒരു അഴകൊഴമ്പൻ യെസ് മൂളി.ഇനി ഒരു കാശ്‌മീർ യാത്ര ആപ്പിൾ സീസണിൽ മാത്രം എന്ന് തീരുമാനിച്ചതിനാലും ഈ വർഷം രണ്ട് ദീർഘദൂര യാത്രകൾ കഴിഞ്ഞതിനാലും ആയിരുന്നു ഞാൻ അങ്ങനെ മറുപടി കൊടുത്തത്. ബട്ട്,എൻ്റെ 'യെസ്' നാരായണൻറെ പ്രതീക്ഷകളിൽ വസന്തം വിരിയിക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല.

പത്താം ക്ലാസ്സിലെ സഹപാഠികളുടെ ഒരു ടൂർ എന്ന ആശയം വളരെ നല്ലതായിരുന്നെങ്കിലും ചെറിയ ടൂറുകൾക്ക് പോലും ശുഷ്കമായ പ്രതികരണങ്ങളായതിനാൽ ഗ്രൂപ്പ് ചെയർമാൻ എന്ന നിലയിൽ ഞാനതിൽ വലിയ താല്പര്യം കാണിച്ചില്ല.മാത്രമല്ല ലോക്കൽ ടൂറുകളെപ്പോലെ ഒന്നോ രണ്ടോ ദിവസം കൊണ്ട് തീർക്കാൻ പറ്റുന്നതുമല്ല ഇത്.അത്യാവശ്യം നല്ല പണച്ചിലവും വരും എന്നതിനാൽ ഗ്രൂപ്പിൽ നിന്ന് അഞ്ചിലേറെ പ്രതികരണം പ്രതീക്ഷിക്കുകയും വേണ്ട എന്നായിരുന്നു എൻ്റെ മനസ്സിന്റെ മന്ത്രണം. 

മണാലിയിൽ നിന്നും ഞാൻ തിരിച്ചെത്തിയ ശേഷം ഏതോ ഒരു ചർച്ചാ വേളയിൽ, നാരായണൻ വീണ്ടും കാശ്‌മീർ യാത്ര എടുത്തിട്ടപ്പോഴാണ് ആ മോഹത്തിന്റെ വേരോട്ടം ഞാൻ മനസ്സിലാക്കിയത്.എങ്കിൽ ഗ്രൂപ്പിൽ തന്നെ ടൂർ പ്രഖ്യാപിച്ച് താൽപര്യമുള്ളവരെ സംഘടിപ്പിക്കാം എന്ന് തീരുമാനിച്ചു.പിന്നീട് ഓരോ ദിവസവും കാശ്‌മീരിലെ  കാഴ്ചകളുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകൾ തയ്യാറാക്കിക്കൊണ്ട് ഗ്രൂപ്പിൽ നിരന്തരം അറിയിപ്പ് ഇട്ടു.സ്ത്രീകൾ ചിലർ താല്പര്യം പ്രകടിപ്പിച്ചെങ്കിലും കൂട്ടിനൊരാളെങ്കിലും ഇല്ലാതെ പറ്റില്ല എന്നതിനാൽ ഫാമിലിയെ കൂട്ടാം എന്നാക്കി.അത് മറ്റു ചിലർക്ക് ഇഷ്ടപ്പെടാത്തതിനാൽ ഉടൻ തന്നെ തീരുമാനം മാറ്റുകയും ചെയ്തു.

ഞാനടക്കമുള്ള ചിലർക്ക് ലീവ് ഒരു പ്രശ്നമായതിനാൽ തിരുവോണ ദിവസത്തിലോ പൂജാ അവധിയോടനുബന്ധിച്ചോ പോകാം എന്നായിരുന്നു ഉദ്ദേശം.കാശ്മീർ യാത്ര, നാരായണൻറെ ആഗ്രഹമായതിനാൽ തീയ്യതി തീരുമാനവും നാരായണന് തന്നെ ഞാൻ വിട്ടു കൊടുത്തു.അങ്ങനെ ഒക്ടോബർ ഒന്നിന് പുറപ്പെടാൻ തീരുമാനമായി.ജൂലൈ മുഴുവൻ വീണ്ടും പരസ്യം തുടർന്നെങ്കിലും വലിയ പ്രതികരണം അപ്പോഴും ലഭിച്ചില്ല. അവസാനം, ആഗസ്ത് രണ്ടിന് അത് വരെ പേര് തന്ന പത്ത് പേരെ വെച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ തീരുമാനിച്ചു. രണ്ട് തവണയായി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നേരിട്ട് പോയി അപ് & ഡൗൺ തേർഡ് എ.സി ടിക്കറ്റുകൾ ബുക്ക് ചെയ്തതോടെ യാത്ര ഉറപ്പായി.

കെ.എസ്.ഇ.ബി.യിൽ നിന്നും റിട്ടയർ ചെയ്ത ഞങ്ങളുടെ എല്ലാം കാരണവർ ഗോവിന്ദൻ ഇട്ടപ്പാടൻ,പള്ളിക്കമ്മിറ്റി സെക്രട്ടറി സിദ്ധീക്ക്, ഓട്ടോറിക്ഷാ തൊഴിലാളി നാരായണൻ, മൽസ്യവില്പനക്കാരൻ മുജീബ്, പലചരക്ക് കച്ചവടക്കാരൻ മെഹബൂബ്, പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്ത ഫൈസൽ, സ്കൂൾ ടീച്ചറായ നിശീഥിനി, സഹകരണ സംഘം ജീവനക്കാരിയായിരുന്ന ഫാത്തിമക്കുട്ടി,ടൂർ ഒരു ഹോബിയാക്കിയ നുസൈബ എന്നിവരായിരുന്നു ഈ ടൂറിലെ എൻ്റെ സഹയാത്രികർ.ഞാനൊഴികെ ഒമ്പത് പേരും കാശ്മീരിലേക്ക് പോകുന്നത് ആദ്യമായിട്ടായിരുന്നു. ചിലർ സംസ്ഥാനത്തിന് പുറത്തേക്ക് വിനോദ യാത്ര നടത്തുന്നതും ആദ്യമായിട്ടായിരുന്നു.

അങ്ങനെ ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എൻ്റെ വീട്ടിൽ നിന്ന് സംഭവ ബഹുലമായ ആ യാത്രയുടെ പച്ചക്കൊടി ഉയർന്നു.

ഞങ്ങളെയും ഞങ്ങളെക്കാളധികമുള്ള ഞങ്ങളുടെ ലഗേജുകളും റെയിൽവെ സ്റ്റേഷനിൽ എത്തിക്കാനായി വണ്ടി ഏർപ്പാടാക്കിയിരുന്നു. വണ്ടിയിൽ കയറിയതും, കൊറോണക്കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നുസൈബ മൂക്കും വായും മൂടിക്കെട്ടി! റേഡിയോ ജോക്കികളെപ്പോലെ കലപിലാ ന്ന് സംസാരിക്കുന്ന നുസൈബ ഒരക്ഷരം ഉരിയാടാതായി. എല്ലാവരെയും പൊട്ടൻ എന്ന് വിളിച്ചവൾ പെട്ടെന്ന് ആംഗ്യം കാണിച്ചു കൊണ്ട് പൊട്ടൻ കളി തുടങ്ങി.

"ആഹാ... ഇത് നമ്മളെ മാനു ആണല്ലോ ഡ്രൈവർ ... നുസൈബാ,അനക്കറീലെ മാനൂനെ ?"

മെഹ്ബൂബിൻ്റെ ചോദ്യം കേട്ട് നുസൈബ കണ്ണുരുട്ടി.ഡ്രൈവർ അവളുടെ തറവാട് വീടിൻ്റെ അയൽവാസിയാണെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് വായ മൂടിക്കെട്ടിയത് എന്നും നുസൈബ മന്ത്രിച്ചു.

"നുസു ഇല്ലേ വണ്ടീല്..?" വണ്ടിക്കകത്തെ നിശബ്ദത കണ്ട് വഴിയിൽ നിന്ന് കയറിയ നാരായണൻ ചോദിച്ചു.

'മുണ്ടല്ലെട പൊട്ടാ..." പറഞ്ഞത് നാരായണനോടാണെങ്കിലും കേട്ടത് ഞാനായിരുന്നു.

ഒന്നരയോടെ ഞങ്ങൾ റെയിൽവെ സ്റ്റേഷനിൽ എത്തി. കോച്ച് പൊസിഷൻ നോക്കി ഞാൻ എല്ലാവരെയും അങ്ങോട്ട് നയിച്ചു.

"13 ഇതാ ഇവിടെയാ...'' പിന്നിൽ നിന്നും പെട്ടെന്ന് മെഹബൂബ് വിളിച്ചു പറഞ്ഞു.

"ങാ... നമ്മുടെ 13 ഇവിടെയാ.... ഇങ്ങോട്ട് വാ.." ഞാൻ മെഹ്ബൂബിനോട് പറഞ്ഞു.

"ങേ!! കുറച്ച് പേർക്ക് ഇവിടെയും... കുറച്ച് പേർക്ക് അവിടെയും...?? ഇതെന്ത് ടെക്നോളജിയാ?" മെഹ്ബുവിന് സംശയമായി.

"ആ 13 ന് താഴെയുള്ളത് വായിച്ചിരുന്നോ?" ഞാൻ ചോദിച്ചു.

"ഷൊർണ്ണൂർ ഭാഗത്തേക്ക്..."

"ങാ...ഇനി ഇത് വായിച്ചു നോക്കൂ...."

"മംഗലാപുരം ഭാഗത്തേക്ക് ..."

"അപ്പോൾ മനസ്സിലായില്ലേ?"

"ഇല്ല....നമ്മുടെ വണ്ടി ന്യൂഡൽഹി ഭാഗത്തേക്കല്ലേ? അത് എങ്ങോട്ടാ?" 

ഞാൻ തൽക്കാലം മൗനം പാലിച്ചു.

"യാത്രികോം, കൃപയാ ധ്യാൻ ദീജിയെ.... ഗാഡി സംഖ്യ എക് ചെഹ് ശൂന്യ ശൂന്യ് ആട്ട് എറണാകുളം സെ ഹസ്രത്ത് നിസാമുദ്ദീൻ തക് ജാനെ വാല മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ചാർ പർ ആനെ  ക സംഭാവന ഹേ.." വണ്ടി വരുന്നതിൻ്റെ അനൗൺസ്മെൻ്റ് മുഴങ്ങി.

"ആബ്യേ... ലക്ഷദ്വീപിലേക്ക് ട്രെയിൻ പോകുമോ?" അറിയിപ്പ് കേട്ട മെഹ്ബൂബ് വീണ്ടും സംശയവുമായി എണീറ്റു.

'ഹും... ഇവനെ വേഗം എവിടേലും പിടിച്ചിരുത്തേണ്ടി വരും ... ഇല്ലെങ്കിൽ ഉത്തരം പറഞ്ഞു പറഞ്ഞ് എൻ്റെ കിളി പോകും..' ഞാൻ മനസ്സിൽ കരുതി.

കൃത്യ സമയത്ത് തന്നെ വണ്ടി എത്തി. ഓരോരുത്തരും അവനവൻ്റെ ലഗേജും കൊണ്ട് വണ്ടിയിൽ കയറി സീറ്റ് കണ്ടെത്തി. വണ്ടി കോഴിക്കോട് സ്റ്റേഷൻ വിട്ടതോടെ ഞങ്ങളുടെ കാശ്മീർ യാത്ര ഔദ്യോഗികമായി ആരംഭിച്ചു.


Next : ടീം 87 SSC @ കാശ്മീർ  - 2


Thursday, February 19, 2026

റംസാൻ ഹദിയ

എൻ്റെ പ്രിയപ്പെട്ട പിതാവ് മരിച്ചിട്ട് പതിനെട്ട് വർഷമായി (പടച്ചവൻ അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകട്ടെ, ആമീൻ). ബാപ്പ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ സ്വന്തം കസ്റ്റഡിയിൽ ഉണ്ടായിരുന്ന തിന്നാൻ പറ്റുന്ന ചില സാധനങ്ങൾ ആയിരുന്നു കൽക്കണ്ടവും കാരക്കയും കൊപ്രയും. വീട്ടിൽ വരുന്ന കുട്ടികൾക്ക് നൽകാനായിരുന്നു കൽക്കണ്ടം (Click & Read). കാരക്ക ബാപ്പാക്ക് തിന്നാനും. അത് മക്കളായ ഞങ്ങൾക്കും തരും. 

പരസ്പരം ഒട്ടിപ്പിടിച്ച് മണലും മറ്റും പറ്റിയ ഒരു തരം കാരക്കയായിരുന്നു അന്ന് മാർക്കറ്റിൽ കിട്ടിയിരുന്നത്. ബാപ്പ അത് വാങ്ങി നന്നായി കഴുകി ഉണക്കി എടുത്ത് പാത്രത്തിൽ സൂക്ഷിച്ച് വെയ്ക്കും. കാരക്ക തിന്നാൻ തരുമ്പോൾ ഒരു കൊപ്രാക്കഷ്ണം കൂടി തരും. ആ കോമ്പിനേഷൻ്റെ രുചി അന്നാണ് ഞാൻ ആദ്യമായി അറിഞ്ഞത്.

കാലമേറെ കഴിഞ്ഞു. ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നിങ്ങനെ ചില പദങ്ങൾ കേൾക്കാൻ തുടങ്ങി. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും പഴം വിൽക്കുന്ന കടകളിൽ നേന്ത്രപ്പഴത്തിനും മുന്തിരിക്കും കൈതച്ചക്കക്കും പുറമെ പല തരത്തിലുള്ള ആപ്പിളും മുസമ്പിയും പേരക്കയും സ്ഥാനം പിടിച്ചു. ഒട്ടിച്ചേർന്ന ഈത്തപ്പഴം മാറി കറുത്തതും വൈവിധ്യമാർന്ന രുചികളോടും കൂടിയവ വിപണിയിൽ ലഭ്യമായി.

പരമ്പരാഗത ഈത്തപ്പഴം രുചി പോര എന്ന് തോന്നിയതിനാൽ ഞാനും പുതിയ ഈത്തപ്പഴത്തിലേക്ക് മാറി. നാട്ടിലെ വിവിധ കടകളിൽ നിന്ന് വിവിധ തരത്തിലുള്ള ഈത്തപ്പഴങ്ങൾ പല സമയങ്ങളിലായി  ഞാനും കുടുബാംഗങ്ങളും  വാങ്ങിക്കഴിച്ച് കൊണ്ടിരുന്നു.ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ടു വരുന്ന ഈത്തപ്പഴങ്ങൾ രുചിയിൽ ഏറെ മുന്നിലാണ് എന്നും ഞാൻ മനസ്സിലാക്കി. നാട്ടിൽ അവ വിലയിലും ഏറെ മുന്നിലാണെന്ന് തിരിച്ചറിയുകയും ചെയ്തു.

ഇതിനിടെയാണ് കോളേജിലെ ചില സഹപ്രവർത്തകർ ശമ്പളം കിട്ടുന്ന ദിവസത്തിലോ പിറ്റേന്നോ ആയി ഡ്രൈഫ്രൂട്സ് വാങ്ങാൻ കോഴിക്കോട് വലിയങ്ങാടി പോകാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ ഡിസംബർ മുതൽ ഞാനും അവർ വഴി ഈത്തപ്പഴവും മറ്റും വാങ്ങാൻ തുടങ്ങി. ഫെബ്രുവരിയിൽ റംസാൻ നോമ്പ് ആരംഭിക്കുന്നതിനാൽ കൂടുതൽ ആവശ്യം വരും എന്നതിനാലും മധുരം കുറഞ്ഞതും എന്നാൽ രുചി കൂടിയതുമായ ഇനം വേണം എന്നതിനാലും ഞാൻ ഓർഡർ നൽകിയില്ല. യഥാർത്ഥത്തിൽ അത് ഒരു ഉൾവിളി ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ഒരാഴ്ച മുമ്പ് ഉച്ച സമയത്ത്, അറിയാത്ത ഒരു നമ്പറിൽ നിന്ന് എനിക്കൊരു ഫോൺ കോൾ വന്നു. സൗദിയിൽ നിന്നുള്ള ഒരു ഗിഫ്റ്റ് ഉണ്ടെന്നും വീട് എവിടെയാണെന്ന് അന്വേഷിച്ചുമായിരുന്നു ആ വിളി. സൗദിയിൽ നിലവിൽ ജോലി ചെയ്യുന്ന ബന്ധു, ഭാര്യാ സഹോദരൻ മാത്രമാണ്. അവൻ അങ്ങനെ ഒരു ഗിഫ്റ്റ് അയക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്തതിനാൽ ഞാൻ ആകെ അങ്കലാപ്പിലായി. അതിനാൽ തന്നെ ഫോൺ വിളിച്ചയാൾ ലൊക്കേഷൻ ഇടാൻ പറഞ്ഞപ്പോൾ ഞാൻ നൽകിയില്ല. അരീക്കോട് എത്തിയിട്ട് വിളിച്ചാൽ പറഞ്ഞു തരാം എന്ന് പറഞ്ഞു കൊണ്ട് കട്ട് ചെയ്തു.

വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും ഗിഫ്റ്റുകാരൻ വിളിക്കാത്തതിനാൽ എൻ്റെ ധാരണ തെറ്റിദ്ധാരണയല്ല എന്ന് എനിക്ക് തോന്നി. തൊട്ടടുത്ത പള്ളിയിൽ നിന്നും മഅ്രിബ് ബാങ്ക് വിളി ഉയരുമ്പോഴാണ് പിന്നീട് അയാൾ വിളിച്ചത്. വഴി പറഞ്ഞു കൊടുത്തു അല്പ സമയത്തിനകം തന്നെ ഒരു കാർ എൻ്റെ ഗേറ്റിലെത്തി. കാറിൽ നിന്നും അത്യാവശ്യം കനമുള്ള ഒരു കിറ്റ് എടുത്ത് എന്നെ ഏല്പിച്ചു. തിരിച്ച് പോകാൻ ഒരുങ്ങുമ്പോൾ, ആള് മാറി തന്നതല്ല എന്ന് ഉറപ്പു വരുത്താൻ വേണ്ടി ഞാൻ ഗിഫ്റ്റ് അയച്ച ആളുടെ പേര് ചോദിച്ചു. കയ്യിലുള്ള ലിസ്റ്റ് നോക്കി അയാൾ പേര് പറഞ്ഞു തന്നു.എൻ്റെ ഒരു മുൻ എൻ.എസ്.എസ് വളണ്ടിയർ ആയിരുന്നു അതയച്ചത് (പേര് തൽക്കാലം രഹസ്യമായി നിൽക്കട്ടെ).


ഓരോ കിലോ തൂക്കം വരുന്ന സഫാവി, സെഗായി, മബ്റൂം എന്നീ തരം ഈത്തപ്പഴങ്ങളും അരക്കിലോ തൂക്കമുള്ള മറ്റൊരു തരം ഈത്തപ്പഴവും (സുക്കരി) ആയിരുന്നു പ്രസ്തുത കിറ്റിൽ ഉണ്ടായിരുന്നത്. റംസാൻ അനുബന്ധിച്ചുള്ള  ഈത്തപ്പഴ ചലഞ്ചിൻ്റെ ഭാഗമായിട്ടാണ് എനിക്കുള്ള അവൻ്റെ റംസാൻ ഹദിയയായി (സമ്മാനമായി) ഇതയച്ചത്. 

എല്ലാ റംസാനിലും ചെറിയ ഒരു പാക്കറ്റ് ഈത്തപ്പഴം ആരെങ്കിലുമായി ഹദിയ തരാറുണ്ടെങ്കിലും റംസാൻ മാസം മുഴുവൻ നോമ്പെടുക്കാനും (ഞാനും ഭാര്യയും ഈത്തപ്പഴവും വെള്ളവും ആണ് പുലർച്ചെ കഴിക്കാറ്) നോമ്പ് തുറക്കാനുമുള്ള അത്രയും ഈത്തപ്പഴം ലഭിക്കുന്നത് ആദ്യമായിട്ടാണ്. സർവ്വശക്തൻ അവന് അർഹമായ പ്രതിഫലം നല്കട്ടെ, ആമീൻ.

മൂന്ന് ദിവസം കഴിഞ്ഞ് എൻ്റെ സുഹൃത്ത് കൊണ്ടോട്ടി നൗഷാദ് (Click & Read) എന്നെ വിളിച്ചു കൊണ്ട് അവൻ്റെ ചില ആവശ്യങ്ങൾക്കായി രാത്രി എന്നെ കാണാൻ വരാൻ അനുവാദം ചോദിച്ചു. മുൻ പിൻ ആലോചിക്കാതെ ഞാൻ യെസ് മൂളി. രാത്രി വൈകി എത്തിയ അവൻ ചില പ്രവൃത്തികൾ എന്നെ ഏല്പിച്ചു.ഭക്ഷണം കഴിച്ച് തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ, അന്ന് വലിച്ച ഒരു പഴുത്ത വിയറ്റ്നാം ഏർളി ചക്ക അവന് നൽകാം എന്ന് എനിക്ക് തോന്നി.ചെറിയ ചക്ക ആയതിനാൽ അവന് കൊണ്ടു പോകാനും സൗകര്യമായിരുന്നു. അത് വയ്ക്കാനായി സ്കൂട്ടറിൻ്റെ സീറ്റ് ഉയർത്തിയപ്പോഴാണ് എനിക്ക് തരാൻ അവൻ കൊണ്ടു വന്ന സാധനത്തെപ്പറ്റി അവന് ഓർമ്മ വന്നത്. നോമ്പ് തുറക്കാനുള്ള ഒരു കിലോ മുന്തിയ ഇനം ഈത്തപ്പഴം ആയിരുന്നു അവൻ തന്ന റംസാൻ ഹദിയ. പടച്ച റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ.

ദാനധർമ്മങ്ങൾ അധികരിപ്പിക്കുക, നിൻ്റെ നാഥൻ നിനക്കത് ഇരട്ടിയായി തിരിച്ചു നൽകും എന്ന ദൈവിക വചനം എൻ്റെ ജീവിതത്തിൽ പലപ്പോഴും പുലർന്ന് കൊണ്ടിരിക്കുന്നു. നാഥാ, സൽകർമ്മങ്ങൾ തുടരാൻ ഇനിയും തൗഫീഖ് നൽകണേ, ആമീൻ.

Monday, February 16, 2026

കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ

ന്യൂഇയർ ഫ്രണ്ട് എന്ന ഒരു പരിപാടി സ്കൂളുകളിലും ഓഫീസുകളിലും എല്ലാം ഇപ്പോൾ സർവ്വ സാധാരണമാണ്. പുതു വർഷത്തോടനുബന്ധിച്ച് നമ്മുടെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് ഓരോരുത്തരും നറുക്കെടുത്ത് അവർക്ക് കിട്ടുന്ന ആൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൈമാറുന്നതാണ് പരിപാടി. പുതുവർഷത്തിൻ്റെ ആദ്യ നാളുകളിൽ തന്നെ ഒരു സമ്മാനം ലഭിക്കുന്നത് ആ വർഷത്തിൽ പ്രതീക്ഷയോടെ മുന്നേറാൻ പ്രചോദനം നൽകും എന്നതായിരിക്കാം ഇത്തരം ഒരു പരിപാടിക്ക് പിന്നിലെ ഉദ്ദേശ്യം.

2026 ൽ ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റിൽ എനിക്ക്  ന്യൂയർ ഫ്രണ്ടായി കിട്ടിയത് അസിസ്റ്റൻ്റ് പ്രൊഫസറായ മുനീറ ടീച്ചറെയാണ്. പുതുതായി വന്ന ടീച്ചർ ആയതിനാൽ എനിക്കവരെപ്പറ്റി വലിയ ധാരണയില്ലായിരുന്നു. അതിനാൽ ഒരു കോമൺ പ്രാക്ടീസ് എന്ന നിലയിൽ  വീട്ടിൽ അതിഥി സൽക്കാരത്തിന് ഉപയോഗിക്കാവുന്ന ഒരു ഗ്ലാസ് സെറ്റ് ഞാൻ അവർക്ക് സമ്മാനമായി നൽകി.

എന്നെ ന്യൂയർ ഫ്രണ്ടായി കിട്ടിയത് വിനോദൻ മാഷിനായിരുന്നു.എൻ്റെ എഴുത്തിനെയും വായനയെയും പറ്റി മുൻധാരണയുള്ളതിനാൽ വിനോദൻ മാഷ് എനിക്ക് തന്നത് "കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ" എന്ന പുസ്തകമായിരുന്നു. 2025 ഏപ്രിലിൽ ഇറങ്ങിയ പുസ്തകത്തിൻ്റെ 41-ാം പതിപ്പാണ് എനിക്ക് കിട്ടിയത് എന്നത് തന്നെ വായനക്കാർ ആ പുസ്തകത്തെ എത്രത്തോളം നെഞ്ചേറ്റി എന്നതിൻ്റെ തെളിവാണ്.

കമ്പിളിക്കണ്ടത്തിൽ നിന്ന് തുടങ്ങി പാരീസ് വരെ എത്തുന്ന തൻ്റെ കുട്ടിക്കാലം മുതൽ ഇന്ന് വരെയുള്ള അനുഭവങ്ങളാണ് ബാബു അബ്രഹാം ഈ പുസ്തകത്തിൽ കുറിച്ച് വയ്ക്കുന്നത്. പക്ഷേ, ഈ രേഖപ്പെടുത്തലിൽ വായനക്കാരുടെ ഹൃദയത്തിൽ കയറുന്നത് മൂന്ന് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ജീവിത പരീക്ഷണങ്ങൾ എങ്ങനെ നേരിടണം എന്ന് പ്രായോഗികമാക്കി കാണിച്ചു കൊടുത്ത മേരി എന്ന അമ്മയാണ്.

"എന്നെയോ എന്റെ മക്കളെയോ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മേലില്‍ എന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ഒറ്റയെണ്ണം ഈ വഴിക്കു വന്നുപോകരുത്. അറത്തുകളയും ഞാന്‍''. നാട്ടിലെ പ്രമാണിമാരെന്ന് നടിക്കുന്നവരോട് ഇതുപോലെ അറുത്ത് മുറിച്ച് പറയാൻ ഒരു സ്ത്രീക്ക് സാധിച്ചെങ്കിൽ അവരുടെ  ധൈര്യവും വീര്യവും നിർണ്ണയാതീതമാണ്. 

ഒരായുസ്സിൽ നേരിടേണ്ട മുഴുവൻ പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മക്കൾക്ക് അവർ നേടിക്കൊടുത്തത് യഥാർത്ഥ ജീവിതമായിരുന്നു .തന്റെ കുഞ്ഞുമകള്‍ക്ക് നേരെ മോഷണാരോപണം വന്നപ്പോള്‍ ആ പിഞ്ചുകൈ പാറയിൽ വെച്ച് കൊയ്ത്തരിവാളിൻ്റെ മടകൊണ്ട് തള്ളവിരലിനിട്ട് അടിച്ച ആ അമ്മ, സത്യത്തിൻ്റെ മൂല്യം മക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു.

വിശപ്പിൻ്റെ കാഠിന്യം ഈ പുസ്തകം വായിക്കുന്ന ഓരോരുത്തർക്കും ശരിക്കും മനസ്സിലാകും.നന്നായി പണിയെടുത്താൽ മാറുന്നതാണ് ദാരിദ്ര്യമെന്ന      അമ്മയുടെ വാക്കുകളെ ആ മകൻ പിന്‍തുടർന്നു . പ്രതിസന്ധികൾ ഓരോന്നും നേരിടുമ്പോൾ അയാളെ നയിച്ച ഉള്‍വാഞ്ഛകളെ വായനക്കാർ മനസ്സിലാക്കി തന്നെ പഠിക്കേണ്ടതുണ്ട്. ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം എന്ന് ഈ കൃതിയെപ്പറ്റി പറയുന്നത് അക്ഷരം പ്രതി ശരിയാണ് എന്നാണ് എൻ്റെ വായനാനുഭവം. മക്കളെ കൂടി ഈ പുസ്തകം വായിപ്പിക്കാന്‍ ഓരോ രക്ഷിതാവും മുൻകൈ എടുക്കുകയും വേണം.

പുസ്തകം: കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ
രചയിതാവ്: ബാബു അബ്രഹാം
പ്രസാധകർ: മാതൃഭൂമി ബുക്സ്
പേജ് : 207
വില: 300 രൂപ

Tuesday, February 10, 2026

ബാസ്റ്റ്യൻ ബംഗ്ലാവ് (എസ്‌കർസാവോ എ കൊച്ചി - 5)

 എസ്‌കർസാവോ എ കൊച്ചി - 4 

നടന്നു വന്ന അതേ വഴിയിലൂടെ തന്നെ ഞങ്ങൾ തിരിച്ചു നടന്നു.നേരത്തെ കണ്ട വാസ്കോ ഡ ഗാമ സ്‌ക്വയറും കടന്ന് ഞങ്ങൾ മുന്നോട്ട് പോയി.ബിനാലെയുടെ ഭാഗമായി ഒരു പന്തലിൽ ഒരു വർക്‌ഷോപ് നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.ആ കോമ്പൗണ്ടിലേക്ക് കയറിയപ്പോഴാണ് അത് ബാസ്റ്റിൻ ബംഗ്ലാവ് എന്ന മ്യൂസിയം ആണെന്ന് മനസ്സിലായത്.ഇന്തോ-യൂറോപ്യൻ ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഒരു ഉദാഹരണമാണ് 1667 ൽ നിർമ്മിച്ച ബാസ്റ്റിയൻ ബംഗ്ലാവ്. 

ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയായ മാനുവൽ കോട്ട പോർട്ടുഗീസുകാരാണ് ഫോർട്ട് കൊച്ചിയിൽ സ്ഥാപിച്ചത്.ഈ കോട്ടയുടെ എല്ലാ മൂലകളിലും കൊത്തളങ്ങൾ ഉണ്ടായിരുന്നു.പിന്നീട് ഡച്ചുകാർ കൊച്ചി കീഴടക്കി ഈ കോട്ട നവീകരിച്ചു.അറബിക്കടലിലേക്ക് ഉയരക്കാഴ്ച നൽകുന്ന സ്‌ട്രോംബെർഗ് കൊത്തളം (Stromberg Bastion)  ഈ കോട്ടയിലെ തന്ത്രപ്രധാന കേന്ദ്രമായിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ കോട്ട തകർക്കുകയും  സ്‌ട്രോംബെർഗ് ബാസ്റ്റിയൻ നിലനിന്നിരുന്ന സ്ഥാനത്ത് ഒരു ബംഗ്ലാവ് നിർമ്മിക്കുകയും ചെയ്തു.അത് ബാസ്റ്റിൻ ബംഗ്ലാവ് എന്നറിയപ്പെട്ടു.

നിലവിൽ കേരള സർക്കാരിന്റെ കീഴിലെ പൈതൃക മ്യൂസിയമാണ് ബാസ്റ്റിൻ ബംഗ്ലാവ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാലര വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് മുപ്പത് രൂപയും കുട്ടികൾക്ക് പത്ത് രൂപയുമാണ് പ്രവേശന ചാർജ്ജ്.കൊച്ചിയുടെ ചരിത്രം അന്വേഷിക്കുന്നവർ ബാസ്റ്റിൻ ബംഗ്ലാവ് തീർച്ചയായും സന്ദർശിക്കണം.

ബാസ്റ്റ്യൻ ബംഗ്ലാവിൽ നിന്ന് ഏതാനും വാരകൾ മാത്രം മുന്നോട്ട് നടന്നപ്പോൾ ഞങ്ങൾ വീണ്ടും ഒരു പഴയ ചർച്ചിൻ്റെ മുന്നിലെത്തി.1503 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച സെൻ്റ് ഫ്രാൻസിസ് ചർച്ച് ആയിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ചർച്ചുകളിൽ ഒന്നാണിത്. സഞ്ചാരികളുടെ തിരക്ക് കാരണം ഞാൻ പള്ളിയുടെ ചരിത്രം ഒന്ന് ഗൂഗിളിൽ തിരഞ്ഞു. അപ്പോഴാണ് ഈ ചർച്ചിൻ്റെ മറ്റു വിവരങ്ങൾ അറിഞ്ഞത്.

വാസ്കോഡഗാമയുടെ ഇന്ത്യയിലേക്കുള്ള മൂന്നാം വരവിൽ മലേറിയ ബാധിച്ച് അദ്ദേഹം മരിച്ചു (ആ യാത്രയിലെ അയാളുടെ ക്രൂരകൃത്യങ്ങളുടെ ഒരു വിവരണം ഈ യാത്രക്ക് ശേഷം ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു). അന്ന് അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം അടക്കം ചെയ്തത് ഈ പള്ളിയിലാണ്. പള്ളിക്കകത്ത് പ്രത്യേകം വേർതിരിച്ച ചെറിയ ഒരു കുഴിമാടം കാണാം. പതിനാല് വർഷങ്ങൾക്ക് ശേഷം ഭൗതികാവശിഷ്ടങ്ങൾ ഇവിടെ നിന്നും പോർച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റി എന്ന് ചരിത്രം പറയുന്നു.ചർച്ചിൻ്റെ ഗേറ്റിന് സമീപം ഒരു കരിങ്കൽ സ്തൂപം കാണാം. ഒന്നാം ലോകമഹാ യുദ്ധത്തിൽ മരിച്ചവരുടെ ഓർമ്മക്കായി സ്ഥാപിച്ചതാണ് അതെന്ന് പറയപ്പെടുന്നു.

ചർച്ചിൽ നിന്നും പുറത്തിറങ്ങി അല്പം കൂടി നടന്നപ്പോൾ പഴയ ഒരു ഇരുനില കെട്ടിടം കണ്ടു. അതിൻ്റെ മട്ടുപ്പാവിൽ ഒരു പോർച്ചുഗീസ് നാവികൻ കടലിലേക്ക് കണ്ണും നട്ടിരിക്കുന്നതായി വെറുതെ എനിക്ക് തോന്നി. താഴെ നിലയിലുള്ള കച്ചവടക്കാരോട് ചോദിച്ചപ്പോൾ വാസ്കോഡഗാമ താമസിച്ചതായി പറയപ്പെടുന്ന വീടാണ് അതെന്ന് മനസ്സിലായി. നിലവിൽ അതൊരു ഹോം സ്റ്റേ ആയതിനാൽ സഞ്ചാരികൾക്ക് പ്രവേശനമില്ല.

കൂടുതൽ സമയം ഇല്ലാത്തതിനാൽ ഞങ്ങൾ വീണ്ടും ആസ്പിൻ വാളിലേക്ക് നടന്നു. ടിക്കറ്റെടുത്ത് ബിനാലെ കണ്ട ശേഷം മട്ടാഞ്ചേരിയിലേക്ക് നടക്കാൻ തുടങ്ങി. ഇടക്ക് ഒരു പള്ളി കണ്ടതോടെ അവിടെ കയറി നമസ്കാരം നിർവ്വഹിച്ചു. പള്ളിയിൽ ധാരാളം യൂത്തൻമാർ ഉണ്ടായിരുന്നു. ഫോർട്ട് കൊച്ചിയിൽ ന്യൂ ഇയർ ആഘോഷിക്കാൻ വന്ന അവരിൽ ഭൂരിഭാഗവും മലപ്പുറത്ത് നിന്നുള്ളവരായിരുന്നു. 

നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ മട്ടാഞ്ചേരിയിലേക്ക് ഒരു ഓട്ടോ കിട്ടി . അങ്ങനെ എൺപത് രൂപക്ക് ഞങ്ങൾ ഡച്ച് പാലസിന് മുന്നിലെത്തി. മുമ്പ് കണ്ടതാണെങ്കിലും ലൂന മോൾക്കും ലിദു മോനും വേണ്ടി ഡച്ച് പാലസും ജൂതത്തെരുവും സിനഗോഗും വീണ്ടും സന്ദർശിച്ചു. നേരത്തെ ഓട്ടോക്കാർ എണ്ണൂറ് രൂപ പറഞ്ഞ സ്ഥലങ്ങളിൽ മിക്കതും ഞങ്ങൾ കണ്ടു.

വീണ്ടും വാട്ടർ മെട്രോയിൽ കയറി ഞങ്ങൾ മറൈൻ ഡ്രൈവിലെത്തി. ഇന്നലെ തിരക്ക് കാരണം ഒഴിവാക്കിയ ബിരിയാണിയുടെ രുചി ഇന്നറിഞ്ഞു. റൂം രാവിലെ വെക്കേറ്റ് ചെയ്തിരുന്നെങ്കിലും ഫ്രഷ് ആവാനുള്ള സൗകര്യങ്ങൾ  നിസാർക്ക ചെയ്ത് തന്നിരുന്നു.

നമസ്കാരവും ഫ്രഷ് അപ്പും കഴിഞ്ഞ് ബില്ലടക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് താമസവും ഭക്ഷണവും എല്ലാം സൗജന്യമായിരുന്നു എന്നറിഞ്ഞത്. യാത്ര പറയാനായി നിസാർക്കയെ അന്വേഷിച്ചപ്പോൾ മറൈൻ ഡ്രൈവ് വാക് വേയിലെ ടീ ഷോപ്പിൽ ഉണ്ടാകും എന്ന് പറഞ്ഞു. നിസാർക്കയെ തേടിപ്പിടിച്ച് നല്ലൊരു ടിപ്പും നൽകി ഞങ്ങൾ കൊച്ചിയോട് വിട പറഞ്ഞു. മെട്രോ ട്രെയിൻ വഴി ആലുവയിലും അവിടെ നിന്ന് അങ്കമാലിയിലും എത്തി. നേരത്തെ റിസർവ് ചെയ്ത കെ.എസ്.ആർ.ടി.സി വഴി പുതുവർഷപ്പുലർച്ചെ നാട്ടിലെത്തിയതോടെ 2025 ലെ അവസാന യാത്രയും വിജയകരമായി സമാപിച്ചു.


(അവസാനിച്ചു)


Thursday, February 05, 2026

ഫോർട്ട് കൊച്ചിയിൽ ( എസ്‌കർസാവോ എ കൊച്ചി - 4 )

 എസ്‌കർസാവോ എ കൊച്ചി - 3 

2012 ലെ പ്രഥമ കൊച്ചി മുസ്‌രിസ് ബിനാലെയും 2016-ലെ മൂന്നാമത് കൊച്ചി മുസ്‌രിസ് ബിനാലെയും കാണാൻ കുടുംബ സമേതം ഫോർട്ട് കൊച്ചിയിൽ പോയത് എൻ്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്. അതിന് മുമ്പും ഫോർട്ട് കൊച്ചിയിൽ ഞാൻ പോയിരിക്കും എന്നാണ് എൻ്റെ ധാരണ. കാരണം ഫോർട്ട് കൊച്ചിക്ക് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിൽ ഞാൻ ഇതിന് മുമ്പേ സന്ദർശനം നടത്തിയതാണ്. എൻ്റെ സ്വഭാവമനുസരിച്ച്, ആ സമയത്ത് ഫോർട്ട് കൊച്ചിയും സന്ദർശിക്കാതെ തിരിച്ചു പോകാൻ സാദ്ധ്യതയില്ല.

ആറാമത് കൊച്ചി മുസ്‌രിസ് ബിനാലെ കാണാൻ ഫോർട്ട് കൊച്ചിയിൽ എത്തുമ്പോഴും ബിനാലെക്ക് പുറമെ അവിടെ കാണാനുള്ളതിനെപ്പറ്റി എനിക്ക് ഒരു ധാരണ ഇല്ലായിരുന്നു. സഞ്ചാരികളുടെ പിന്നാലെ, ഒരു ഫോട്ടോ ഷീറ്റ് കാണിച്ചു കൊണ്ട് ഓട്ടോക്കാർ സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.  ചോദിച്ചപ്പോൾ ഫോർട്ട് കൊച്ചിയിൽ കാണാനുള്ള കാഴ്ചകൾ ആണ് അവയെന്ന് ഒരു ഓട്ടോക്കാരൻ പറഞ്ഞു.

ഞങ്ങളെത്തിയത് വാസ്കോ ഡ ഗാമ സ്ക്വയറിൽ ആണെന്ന് അപ്പോഴാണ് മനസ്സിലായത്. ബാസ്റ്റ്യൺ ബംഗ്ലാവ്, സെൻ്റ് ഫ്രാൻസിസ് ചർച്ച്, സെൻ്റ് പീറ്റേർസ് ചർച്ച്, ഗാമയുടെ വീട്, ചൈനീസ് വലകൾ, നേവൽ മ്യൂസിയം, ബീച്ച് തുടങ്ങി നിരവധി കാഴ്ചകൾ ഫോർട്ട് കൊച്ചിയിൽ കാണാനുണ്ട്. ഇതിന് പുറമെ മട്ടാഞ്ചേരിയിലെ കാഴ്ചകൾ കൂടി ഉൾപ്പെടുത്തി രണ്ട് - രണ്ടര മണിക്കൂർ നീളുന്ന യാത്രക്ക് എണ്ണൂറ് രൂപയാണ് ഓട്ടോക്കാർ ഈടാക്കുന്നത്. ബിനാലെ കാണാനുള്ളതിനാലും ചുരുങ്ങിയ ദൂരത്തിന് ഈ ചാർജ്ജ് വളരെ കൂടുതലാണ് എന്നതിനാലും ഞാൻ ഓട്ടോ യാത്ര ഒഴിവാക്കി.

ആദ്യം ബിനാലെ പിന്നെ കറക്കം എന്നതായിരുന്നു എൻ്റെ പ്രഥമ പ്ലാൻ. അതു പ്രകാരം ബോട്ടിറങ്ങി വാക്ക് വേയിലൂടെ ഞങ്ങൾ ബീച്ച് സൈഡിലേക്ക് അൽപം നടന്നു. വാക്ക് വേയുടെ ഓരത്ത് വിവിധതരം മത്സ്യങ്ങൾ കണ്ടപ്പോൾ വായിൽ വെള്ളമൂറിയെങ്കിലും പരിസരത്തൊന്നും അത് ഫ്രൈ ആക്കുന്നത് കണ്ടില്ല. 

പ്രാചീന ഇന്ത്യയുടെ വ്യാപാര പങ്കാളിയായിരുന്ന ചൈനക്കാർ ഇന്ത്യക്ക് സമ്മാനിച്ച സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ചീന വലകൾ ഫോർട്ട് കൊച്ചിയുടെ പ്രത്യേകതയാണ്. കായലിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന ചീന വലകൾ ഞങ്ങൾക്ക്  ഹൃദ്യമായ കാഴ്ചയായി. റോഡിലേക്ക് എത്താനായി വാക്ക് വേയിൽ നിന്നും മാറി നടന്നപ്പോഴാണ് വാസ്കോഡ ഗാമ സ്ക്വയർ എന്ന ബോർഡ് കണ്ടത്. അപ്പോഴാണ് കോഴിക്കോട്ട് ആദ്യമായി കപ്പലിറങ്ങിയ വാസ്കോഡ ഗാമയും ഫോർട്ട് കൊച്ചിയും തമ്മിലുള്ള അഗാധ ബന്ധം  ഞാൻ അറിഞ്ഞത്.

റോട്ടിലൂടെ ഞങ്ങൾ ബിനാലെ വേദിയായ ആസ്പിൻ വാൾ ലക്ഷ്യമാക്കി നടന്നു. ഫോർട്ട് കൊച്ചിയിലെ ബിൽഡിംഗുകൾ മിക്കവയും പോർച്ചുഗീസ് - ഡച്ച് ശൈലിയിലുള്ളതാണ്. അതിൻ്റെ പഴമയും നിർമ്മാണ രീതിയും നിറങ്ങളും ഏതൊരു മനുഷ്യനെയും ആകർഷിക്കും. തെരുവിലെ ചുമർചിത്രപ്പണികളും തലയുയർത്തി നിൽക്കുന്ന പൈതൃക കെട്ടിടങ്ങളും നമ്മെ ഒരു പക്ഷേ പോർച്ചുഗലിലെയോ നെതർലൻ്റിലെയോ ഒരു തെരുവിൽ കൊണ്ടെത്തിച്ചേക്കും. 

ഓൾഡ് ഹാർബർ ഹോട്ടലും പിന്നിട്ട് മനോഹരമായ ഒരു ചർച്ചിന് സമീപം ഞങ്ങളെത്തി. 1857ൽ സ്ഥാപിച്ച സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ ചർച്ചായിരുന്നു അത്. അഞ്ച് മിനുട്ടിനകം ആസ്പിൻ വാളിലെ ബിനാലെ മെയിൻ വേദിയിൽ എത്തുമായിരുന്ന ഞങ്ങൾ അവിടെ വെച്ച് വൃദ്ധനായ ഒരു ഐസ്ക്രീം കച്ചവടക്കാരനെ കണ്ടുമുട്ടി. 

ഐസ്ക്രീം വാങ്ങി കഴിക്കുന്നതിനിടയിൽ ഞാൻ എൻ്റെ യാത്രാ പ്ലാൻ അദ്ദേഹത്തെ അറിയിച്ചു. കാഴ്ചകൾ കണ്ട ശേഷം ബിനാലെക്ക് കയറുന്നതാണ് നല്ലത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഉപദേശം.  ബിനാലെയുടെ ഒരു വേദി മട്ടാഞ്ചേരിയിലേക്ക് പോകുന്ന വഴിയായതിനാൽ അത് കണ്ട് തിരിച്ച് വന്ന് ഫോർട്ട് കൊച്ചി കാണൽ ബുദ്ധിമുട്ടായിരുന്നു. അതിനാൽ ആ വൃദ്ധോപദേശം സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരായി. അതോടെ, നടന്ന് വന്ന വഴിയേ തന്നെ ഞങ്ങൾ തിരിച്ചു നടന്നു. മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നാണല്ലോ? അത് ഞങ്ങൾക്ക് ശരിക്കും ബോധ്യമായി.

എസ്‌കർസാവോ എ കൊച്ചി - 5


Tuesday, February 03, 2026

സാഗര റാണിയിൽ ..... ( എസ്‌കർസാവോ എ കൊച്ചി - 3 )

എസ്‌കർസാവോ എ കൊച്ചി - 2  ( Click & Read )

കൊച്ചി യാത്ര ആസൂത്രണം ചെയ്യാൻ തുടങ്ങിയപ്പോഴേ, കൊച്ചിയിൽ താമസിക്കുന്ന എൻ്റെ സുഹൃത്ത് ഖൈസുമായി ഞാൻ ബന്ധപ്പെട്ടിരുന്നു.എൻ്റെ സന്ദർശന സമയക്രമമനുസരിച്ച് കാണാൻ പറ്റുന്ന കാഴ്ചകൾ ഏതെല്ലാമാണെന്ന് അവനോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു. അപ്പോൾ, കേരള സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള സാഗര റാണി എന്ന ബോട്ടിൽ കടലിലേക്ക് ഒരു യാത്ര ഉണ്ടെന്നും ഒരാൾക്ക് അറുന്നൂറ് രൂപയാകുമെന്നും മനസ്സില്ലാ മനസ്സോടെ ഖൈസ് സൂചിപ്പിച്ചു. കുടുംബ സമേതം ലക്ഷദ്വീപിലേക്ക് ഒരു കപ്പൽ യാത്രക്ക് ശ്രമിച്ചിട്ട് നടക്കാത്തതിനാൽ കടലിലൂടെയുള്ള ഈ യാത്ര ഒരു താല്കാലിക ആശ്വാസമാകും എന്ന് ഞാൻ കണക്കു കൂട്ടി.

സാഗര റാണിയിൽ യാത്ര ചെയ്യാൻ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യണം. മറൈൻ ഡ്രൈവിലെ ഹൈകോർട്ട് ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. രാവിലെ മുതൽ തുടങ്ങുന്ന വിവിധതരം പാക്കേജുകൾ ലഭ്യമാണ്. ഞാൻ തെരഞ്ഞെടുത്തത് വൈകിട്ട് 5.30 മുതൽ 7.30 വരെ നീളുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സൺസെറ്റ് പാക്കേജാണ്. കടലിൽ വീഴുന്ന സൂര്യനെ കടലിൽ പോയി കാണാം എന്നതാണ് ഇതിൻ്റെ പ്രത്യേകത (അത് കരയിൽ നിന്ന് കണ്ടാലും കടലിൽ നിന്ന് കണ്ടാലും പ്രത്യേകിച്ച് ഒരു വ്യത്യാസവും ഇല്ല). 

പത്ത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും അറുനൂറ് രൂപയും കുട്ടികൾക്ക് മുന്നൂറ് രൂപയും ആണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനും റിസർവ് ചെയ്ത ടിക്കറ്റിൽ തന്നെ തെറ്റ് തിരുത്തുന്നതിനും ഫോണിലുടെ ഒരു ഒഫീഷ്യൽ എന്നെ വളരെയധികം സഹായിച്ചു.

അഞ്ചര മണിക്ക് തുടങ്ങുന്ന യാത്രക്ക് അഞ്ച് മണിക്ക് റിപ്പോർട്ട് ചെയ്യണം. ഓൺലൈനിൽ എടുത്ത ടിക്കറ്റ് ,ജെട്ടിയുടെ തൊട്ടടുത്തുള്ള  കേരള സ്റ്റേറ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡ് ൻ്റെ കൗണ്ടറിൽ കാണിച്ച് ബോർഡിംഗ് പാസ് എടുക്കണം. ഒരു ബോട്ടിൽ നൂറോളം പേർക്ക് ടിക്കറ്റ് നൽകും. അപ്പർ ഡക്കിലാണ് യാത്ര. 

ആദ്യമാദ്യം ബോർഡിംഗ് പാസ് എടുക്കുന്നവർക്ക് അരികിലെ സീറ്റ് പിടിക്കാം. എവിടെയെങ്കിലുമൊക്കെ ഇരിക്കാനുള്ള സൗകര്യം എല്ലാവർക്കും കിട്ടും. ഏറ്റവും മുന്നിൽ വശങ്ങളിലായി ഇട്ട സീറ്റ് ആർക്ക് വേണ്ടി ഒഴിച്ചിട്ടതാണെന്ന് എനിക്ക് മനസ്സിലായില്ല. മക്കളോട് അവിടെ പോയിരിക്കാൻ ഞാൻ പറഞ്ഞു. യാത്രാവസാനം വരെ ആരും ആ സീറ്റിലേക്ക് വന്നില്ല എന്ന് മാത്രമല്ല കാഴ്ചകൾ വ്യക്തമായി കാണാനും ക്യാമറയിൽ പകർത്താനും അത് വഴി അവർക്ക് സാധിച്ചു.

കൃത്യം അഞ്ചരക്ക് തന്നെ യാത്ര ആരംഭിച്ചു. ഒരു അവതാരകനും സഹായിയും രണ്ട് ഡാൻസർമാരും ആയിരുന്നു ക്രൂ അംഗങ്ങൾ. ബോട്ടും കപ്പലും അല്ലാത്ത, കൊച്ചിൻ ഷിപ്പ് യാർഡിൽ തന്നെ നിർമ്മിച്ച ഒരു ജലയാനമാണ് സാഗര റാണി.കൊച്ചി കായലിൻ്റെ ഇരു തീരങ്ങളിലുമുള്ള വിവിധ കെട്ടിടങ്ങളും നിർമ്മിതികളും പരിചയപ്പെടുത്തിക്കൊണ്ടാണ് യാത്ര തുടങ്ങിയത്. വെല്ലിംഗ്ടൻ ഐലൻ്റ്, ഫോർട്ട് കൊച്ചി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കൊച്ചിൻ ഷിപ്പ് യാർഡ് അങ്ങനെ നിരവധി സ്ഥലങ്ങൾ ബോട്ടിലിരുന്ന് ഞങ്ങൾ വീക്ഷിച്ചു. അതിനിടയിൽ, ഞാൻ ആദ്യമായി യാത്ര ചെയ്ത കപ്പലായ എം.വി. അറേബ്യൻ സീ ഞങ്ങളുടെ തൊട്ടടുത്ത് കൂടി കടന്നു പോയത് എൻ്റെയുള്ളിൽ ഓർമ്മകളുടെ ഒരു സുനാമി തന്നെ സൃഷ്ടിച്ചു.


താമസിയാതെ തന്നെ ഒരു ഫ്രൂട്ടിയും ചെറിയ ഒരു പെട്ടിയും എല്ലാവർക്കും കിട്ടി. KSINC വകയായുള്ള സ്നാക്സ് ആയിരുന്നു അത്. കട്ലറ്റും കേക്കും മറ്റും ആയിരുന്നു പെട്ടിയിൽ. 


കായൽ വിട്ട് മൂന്നാല് കിലോമീറ്ററോളം കടലിനകത്തേക്ക് ബോട്ട് പോയി. കടലിൻ്റെ തിരയനക്കം ബോട്ടിൽ ഞങ്ങൾ അനുഭവിച്ചു. വിവിധതരം വിനോദ പരിപാടികളുമായി കാബിൻ ക്രൂ അംഗങ്ങൾ സഞ്ചാരികളെ രസിപ്പിച്ചു കൊണ്ടിരുന്നു. ലുലു മോളും ഒരു പാട്ട് പാടിക്കൊണ്ട് നല്ല കയ്യടി നേടി. DJ ഫ്ലോറിലെ എല്ലാവരും ചേർന്നുള്ള തുള്ളിക്കളി വിട പറയുന്ന വർഷത്തിലെ അവസാന കലാപരിപാടിയുമായി.

കൃത്യം ഏഴര മണിക്ക് ഞങ്ങൾ ഹൈകോർട്ട് ജെട്ടിയിൽ തിരിച്ചെത്തി. പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു യാത്ര എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. കടലിനെ പേടിയില്ലാത്ത, കാതടപ്പിക്കുന്ന ശബ്ദങ്ങൾ അലോസരം സൃഷ്ടിക്കാത്ത, അല്പസ്വല്പം കൂട്ടത്തിൽ തുള്ളാൻ മനസ്സുള്ള സഞ്ചാരികൾക്ക് സാഗര റാണി യാത്ര ഇഷ്ടപ്പെടും.


എസ്‌കർസാവോ എ കൊച്ചി - 4 (Click & Read)


Thursday, January 29, 2026

മറൈൻ ഡ്രൈവ്, കൊച്ചി ( എസ്‌കർസാവോ എ കൊച്ചി - 2 )

എസ്‌കർസാവോ എ കൊച്ചി - 1 (Click & Read)

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞാൻ കൊച്ചി ആദ്യമായി കണ്ടത് എന്നാണ് എൻ്റെ ഓർമ്മ. മറൈൻ ഡ്രൈവ് എന്ന് കേട്ടിരുന്നു എന്നല്ലാതെ എന്താണ് അത് എന്നോ ആ പേര് എങ്ങിനെ വന്നു എന്നോ എന്നൊന്നും ചിന്തിച്ചിരുന്നേ ഇല്ല. നാവിക സേനാ ഉദ്യോഗസ്ഥന്മാരുടെ ക്വാർട്ടേഴ്സ് എന്ന് പറയപ്പെടുന്ന രണ്ട് പടുകൂറ്റൻ കെട്ടിട സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നത് കൊണ്ടായിരിക്കും മറൈൻ ഡ്രൈവ് എന്ന പേര് വന്നത് എന്ന് പിന്നീടെപ്പോഴോ ഞാൻ സ്വയമങ്ങ് തീരുമാനിച്ചു. പക്ഷേ, ആരോടും ആ  വിവരം വിളമ്പാൻ പോയില്ല.

പിൽക്കാലത്ത് മത്സര പരീക്ഷ എഴുതാനും ഇൻ്റർവ്യൂവിൽ പങ്കെടുക്കാനും സഞ്ചാരിയായും എല്ലാം ഞാൻ കൊച്ചിയിൽ എത്തി. കൊച്ചിയിൽ വന്നാൽ മറൈൻ ഡ്രൈവിൽ പോവുക എന്നത് ഒരു പതിവായി. കാരണം പല രാജ്യങ്ങളുടെയും സ്റ്റാമ്പുകൾ (ഒറിജിനൽ ആയിരുന്നോ എന്നറിയില്ല) അവിടെ നിന്നും വാങ്ങാൻ കിട്ടുമായിരുന്നു. സ്റ്റാമ്പ് ശേഖരണം ഒരു ഹോബിയായി അന്നും ഇന്നും കൂടെയുള്ളതിനാൽ അത് വാങ്ങിയേ ഞാൻ വീട്ടിലേക്ക് തിരിക്കാറുള്ളൂ.

കല്യാണം കഴിഞ്ഞ് കുട്ടികളായ ശേഷവും കൊച്ചി കാണാനായും ബിനാലെ കാണാനായും എല്ലാം ഞാൻ കൊച്ചിയിൽ എത്തി. പക്ഷെ,മറൈൻ ഡ്രൈവിൽ സമയം ചെലവഴിക്കാൻ അധിക സമയം കണ്ടെത്തിയിരുന്നില്ല. ഇത്തവണ ബിനാലെ കാണാൻ പോകുമ്പോൾ ആ നഷ്ടം കൂടി നികത്തണം എന്ന് മനസ്സിൽ കരുതിയിരുന്നു. ഭാഗ്യവശാൽ ഞങ്ങൾക്കായി എൻ്റെ സുഹൃത്ത് ഖൈസ് ബുക്ക് ചെയ്ത ആസ്‌ട്രോ മറൈൻ ഹോട്ടൽ, മറൈൻ ഡ്രൈവിൽ തന്നെയായിരുന്നു. റൂമിലെത്തി ഫ്രഷായ ശേഷം ഞങ്ങൾ പുറത്തിറങ്ങി.

"ആദ്യം പോയി വള്ളം കളി കണ്ടോളൂ.." ഖൈസ് പരിചയപ്പെടുത്തിത്തന്ന ഹോട്ടലിലെ സ്റ്റാഫ് നിസാർക്ക ഞങ്ങളോട് പറഞ്ഞു.

"ങാ.." താല്പര്യമില്ലെങ്കിലും ഞാൻ സമ്മതം മൂളി. 

"പല തവണ മാറ്റി വച്ച് അവസാനം ഇന്ന് രണ്ടര മണിക്കാണ് അത് തുടങ്ങുന്നത്. ഇപ്പോ സമയമെത്രയായി?" നിസാർക്ക പിന്നെയും തുടർന്നു.

"മൂന്നര മണി...." ഞാൻ പറഞ്ഞു.

"അഞ്ച് മണിക്ക് തീരും.... വേഗം പൊയ്ക്കോ..''
ഞങ്ങളെ വള്ളംകളി കാണിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച പോലെ നിസാർക്ക പറഞ്ഞു.

ബ്രോഡ് വേയിലൂടെ ചുറ്റി നടന്ന് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ മറൈൻ ഡ്രൈവിലേക്ക് നീങ്ങി.

മുംബൈ മറൈൻ ഡ്രൈവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1980 കളിൽ ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെൻ്റ് അതോറിറ്റി രൂപകല്പന ചെയ്തതാണ് മറൈൻ ഡ്രൈവ് പ്രൊജക്ട്. വേമ്പനാട്ട് കായലിൻ്റെ തീരത്ത് ഹൈകോർട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രാജേന്ദ്ര മൈതാനം വരെ നീളുന്ന മൂന്ന് കിലോമീറ്റർ ദൂരമാണ് മറൈൻ ഡ്രൈവ് എന്നറിയപ്പെടുന്നത്. വേമ്പനാട്ട് കായലിലൂടെയുള്ള ഉല്ലാസ യാത്രയും വാട്ടർ മെട്രോയും ഫെറി സർവീസും വിവിധതരം ഭക്ഷണശാലകളും ഷോപ്പിംഗ് കോംപ്ലക്സുകളും അടയ്ക്കം മറൈൻ ഡ്രൈവ് രാവിലെ മുതൽ രാത്രി ഏറെ വൈകും വരെ സജീവമായിരിക്കും.

കായൽ തീരത്ത് കൂടിയുള്ള നടപ്പാത ഇപ്പോൾ അറിയപ്പെടുന്നത് എ.പി.ജെ അബ്ദുൽ കലാം മാർഗ്ഗ് എന്നാണ്. എ.പി.ജെയുടെ വചനങ്ങൾ വിവിധ സ്ഥലങ്ങളിൽ പലകയിൽ എഴുതിവച്ചത് കാണാം. ഈ നടപ്പാതയിൽ മൂന്ന്   പാലങ്ങളുണ്ട്. മഴവിൽ പാലം, ചീനവലപ്പാലം, കെട്ടുവള്ളപ്പാലം എന്നിവയാണവ. രാത്രിയിൽ, മഴവില്ലിലെ ഏഴ് നിറങ്ങൾ വർണ്ണ വിസ്മയം തീർക്കുന്നതിനാലാണ് മഴവിൽപ്പാലം എന്ന പേര് വന്നത്. മറ്റ് രണ്ട് പാലങ്ങൾ പേര് സൂചിപ്പിക്കുന്നത് പോലെ അതാത് ആകൃതിയിലാണ്.

നിസാർക്ക പറഞ്ഞ പോലെ മറൈൻ ഡ്രൈവ് വള്ളം കളിയുടെ ആറാം സീസൺ മത്സരങ്ങളായിരുന്നു വേമ്പനാട്ട് കായലിൽ നടക്കുന്നത്. ആലപ്പുഴ അഷ്ടമുടിക്കായലിലെ പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയിലെ രാജാക്കന്മാരായ ചമ്പക്കുളം ചുണ്ടനും കാരിച്ചാൽ ചുണ്ടനും കൈനകരിയും എല്ലാമാണ് ഇവിടെയും പങ്കെടുക്കുന്നത് എന്ന് മൈക്കിലൂടെയുള്ള അറിയിപ്പിൽ നിന്ന് മനസ്സിലായി. അതോടെ നിസാർക്ക പറഞ്ഞ പോലെ വള്ളം കളി കാണാം എന്ന് തോന്നി.

ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് തുടങ്ങി ഹൈകോർട്ട് ജെട്ടിക്ക് അടുത്ത് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് വള്ളംകളി മത്സര ട്രാക്ക്. കൈനകരി ടീം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അവിടെ എത്തിച്ചേർന്ന ഞാനും മോനും പങ്കായം ഒന്ന് കയ്യിലെടുത്തു നോക്കി. ഒരു ചുണ്ടൻ വള്ളത്തിൽ തൊണ്ണൂറ് പേർ വരെ ഉണ്ടാകും എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. 

ഫിനിഷിംഗ് പോയിൻ്റിന് സമീപമുള്ള പവലിയനിൽ ഞങ്ങളും സ്ഥാനം പിടിച്ചു.  മത്സരം ആരംഭിച്ചതായി അനൗൺസ്മെൻ്റ് വന്നു. കൊട്ടും പാട്ടുമായി ഇഞ്ചോടിഞ്ച് പൊരുതിത്തുഴഞ്ഞ് വരുന്ന കാഴ്ച രോമാഞ്ചജനകമായിരുന്നു. അങ്ങനെ ജീവിതത്തിലാദ്യമായി കണ്ട വള്ളംകളി മത്സരം ഞങ്ങൾക്കെല്ലാവർക്കും ഹൃദ്യമായി.

വൈകിട്ട് അഞ്ചര മണിക്ക് "സാഗരറാണി" യിൽ ഒരു ബോട്ടിംഗ് ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്നു. കുറഞ്ഞ റേറ്റിൽ മറ്റ് പല സ്വകാര്യ ബോട്ടുകാരും ഞങ്ങളുടെ പിന്നാലെ കൂടി ഓഫർ ചെയ്തു കൊണ്ടിരുന്നു. അവയിൽ പലതിനും കടലിലേക്ക് പോകാനുള്ള അനുമതി ഇല്ല എന്ന് പിന്നീടാണ് അറിഞ്ഞത്. റേറ്റ് കുറയുന്നതിന് ഒരു കാരണം അത് തന്നെയായിരുന്നു. രണ്ട് മണിക്കൂർ ബോട്ടിംഗ് കഴിഞ്ഞ് ഏഴരക്ക് ഞങ്ങൾ തിരിച്ചെത്തി. 

അന്ന് രാത്രി ഫോർട്ട് കൊച്ചിയിൽ പോകാൻ ശ്രമിച്ചെങ്കിലും വാട്ടർ മെട്രോയിൽ ടിക്കറ്റ് കിട്ടിയില്ല. അതും അനുഗ്രഹമായി എന്ന് രാത്രി കയറിയ ടാക്സി ഡ്രൈവർ പറഞ്ഞപ്പഴാണ് അറിഞ്ഞത്. രാത്രി ഞങ്ങൾ വീണ്ടും മറൈൻ ഡ്രൈവിൻ്റെ വൈബിൽ അലിഞ്ഞു ചേർന്നു. ആതിഥേയനായ ഖൈസും കുടുംബവും ഞങ്ങളെ കാണാനായി മറൈൻ ഡ്രൈവിൽ എത്തി. അര മണിക്കൂറിലധികം അവരുടെ കൂടെ ചെലവഴിച്ച ശേഷം ഞങ്ങൾ മറ്റൊരു സുഹൃത്തായ ജമാലിൻ്റെ ഫ്ലാറ്റിലേക്ക് പോയി. അവൻ്റെ സൽക്കാരവും കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ റൂമിൽ തിരിച്ചെത്തി.

എസ്‌കർസാവോ എ കൊച്ചി - 3 (Click & Read)