Pages

Wednesday, December 30, 2020

ആണ്ടറുതിയിൽ ഒരു സമ്മാനം

            സാധാരണ പുതുവര്ഷത്തിലാണ് സമ്മാനം കിട്ടാറ്‌ . എല്ലാം പതിവ് തെറ്റിച്ച 2020 യിൽ  ആണ്ടറുതി ഒരു സമ്മാനം സ്വീകരിച്ചു കൊണ്ടാണ്. അങ്ങനെ ഏകദേശം ഒരു വർഷത്തോളം നീണ്ട് നിന്ന ഒരു പരിപാടിയായി ഇത് മാറി . സമ്മാനാർഹനായ വിവരം 2020 ആഗസ്ത് മാസത്തിൽ ഞാൻ ഇവിടെ പറഞ്ഞിരുന്നു(ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം - 21 ). 

             ലോക്ക്ഡൗൺ കാലത്ത് ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അരീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച "വിഷ രഹിത അടുക്കളത്തോട്ടം " മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള സമ്മാനമാണ് ഇന്നലെ ഏറ്റുവാങ്ങിയത്.അരീക്കോട് പഞ്ചായത്തിലെ മികച്ച യുവ  കർഷകനും പഞ്ചായത്ത് മെമ്പറുമായ നൗഷർ കല്ലടയിൽ നിന്നും ഫലകം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബിൻ ലാലും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിഅംഗങ്ങളും സന്നിഹിതരായിരുന്നു . കൃഷിയിൽ എനിക്ക് എന്നും പ്രചോദനമായ എൻ്റെ ഉമ്മയുടെ സാന്നിദ്ധ്യത്തിൽ എൻ്റെ വീട്ടിൽ വച്ച് തന്നെയായിരുന്നു സമ്മാന ദാനം.

                കൃഷിയിലുള്ള താല്പര്യത്തിന് പുറമെ  എൻ്റെ വായനാശീലം കൂടി മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല, അഞ്ചു പുസ്തകങ്ങളും സമ്മാനപൊതിയിൽ അടങ്ങിയിരുന്നു. സുഭാഷ് ചന്ദ്രന്റെ സമുദ്രശില , സുഗതകുമാരി ടീച്ചറുടെ ജാഗ്രത,അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര, വി ടി ഭട്ടതിരിപ്പാടിന്റെ സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു എന്നീ പുസ്തകങ്ങൾക്കൊപ്പം, എൻ്റെ യുട്യൂബ് ചാനലിലെ ഇപ്പോഴത്തെ വിഷയത്തിന് സഹായിക്കുന്ന Career Compass എന്ന പുസ്തകവും ആയിരുന്നു അവ. കൃഷിക്ക് സമ്മാനമായി പുസ്തകങ്ങൾ ലഭിച്ചത് നവ്യാനുഭവമായി.

ദുരിതങ്ങൾ ഏറെ അനുഭവിപ്പിച്ച 2020 അതോടെ എൻ്റെ ജീവിതത്തിൽ നിന്ന് സന്തോഷത്തോടെ വിട പറയുകയായി.

Saturday, December 26, 2020

ഓടക്കയം കാഴ്ചകൾ (എന്റെ അരീക്കോട് )

              ലോക്ക്ഡൗണിന്റെ ആലസ്യത്തിൽ നിന്ന് നാടും നഗരവും മെല്ലെ മെല്ലെ ഉയർത്തെണീക്കുകയാണ് . എങ്കിലും കുടുംബ സമേതമുള്ള ദൂരയാത്രകളും വിനോദ യാത്രകളും ഇപ്പോഴും സുരക്ഷിതമല്ല. എന്നാൽ സ്വന്തം വാഹനത്തിൽ സൗകര്യപ്രദമായ സ്ഥലം ഒന്ന് സന്ദർശിച്ച് ഈ കാലത്തിന്റെ വിരസത അകറ്റുന്നവർ നിരവധിയാണ്.മാസങ്ങൾക്ക് മുമ്പ് കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിൽ ഞങ്ങൾ പോയതും മൈൻഡ് റിഫ്രഷ്‌മെന്റിന് വേണ്ടിയായിരുന്നു. വളരെ കാലങ്ങൾക്ക് ശേഷമാണ് ഒരു ഡിസമ്പർ വെക്കേഷൻ മുഴുവനായി എനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കിട്ടിയത്. അതിനാൽ പേരിന് ഒരു യാത്രയെങ്കിലും നടത്തണം എന്ന് എൻ്റെ വെക്കേഷൻ പ്ലാനിൽ ഞാനും തീരുമാനിച്ചിരുന്നു. 

              വയനാടിന്റെ കുളിര് നുകരാനായിരുന്നു എനിക്കിഷ്ടം. പക്ഷെ തിരക്ക് പിടിച്ച് പോയി വരാൻ ആർക്കും താല്പര്യമില്ലാത്തതിനാൽ അതൊഴിവാക്കി. എങ്കിൽ ഒരു ലോക്കൽ ലൊക്കേഷൻ ആകട്ടെ എന്ന് എനിക്ക് തോന്നി. വീട്ടിൽ തേൻ കൊണ്ട് വരാറുള്ള അബ്ദ്വാക്കയുടെ ഒരു ഓഫറും ഉണ്ടായിരുന്നതിനാൽ ഓടക്കയം എന്ന ഓണംകേറാ മൂലയിലേക്ക് തിരിക്കാൻ തീരുമാനമായി.

              സർക്കാർ സർവീസിൽ കയറിയ അന്ന് മുതലേ  ഞാൻ കേൾക്കുന്ന സ്ഥലമാണ് ഓടക്കയം. ഞാൻ ജോലി ചെയ്തിരുന്ന മൃഗാശുപത്രിയുടെ കീഴിൽ വരുന്ന ഈ സ്ഥലം, ആദിവാസി വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണ്. അന്ന് ഞങ്ങളുടെ അധികാര പരിധിയുടെ ഉച്ചിയിൽ എത്തണമെങ്കിൽ കോഴിക്കോട് ജില്ലയിലൂടെ കയറി മറിഞ്ഞ് എത്തണമായിരുന്നു. അതും മുപ്പത് കിലോമീറ്ററോളം യാത്ര ചെയ്തിട്ട്. ഇന്നും ഈ ഭാഗത്തെ പല സ്ഥലങ്ങളിലും എത്തിച്ചേരാൻ നമുക്ക് പ്രയാസമാണ്.

               എൻ്റെ നാട്ടിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഓടക്കയത്തിന്റെ  പ്രകൃതി രമണീയത ഇത്രയും കാലമായി ഞാൻ തിരിച്ചറിഞ്ഞില്ല എന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ട ദിവസമായിരുന്നു ഈ വർഷത്തെ ക്രിസ്മസ് ഈവ്. മഴക്കാലത്ത് നിരവധി വെള്ളച്ചാട്ടങ്ങൾ കാഴ്ച സദ്യ ഒരുക്കുന്ന പ്രദേശങ്ങൾ ഈ മേഖലയിലുണ്ട്. ആദിവാസി മേഖല ആയതിനാലും വനം വകുപ്പിന്റെ ചില കർശന നിബന്ധനകൾ ഉള്ളതിനാലും ഇതിൽ പലതും അടുത്ത് ചെന്നാസ്വദിക്കാൻ സാധ്യമല്ല .എങ്കിലും ദൂരക്കാഴ്ചകളും മനം നിറയ്ക്കും.

               പാറക്കൂട്ടങ്ങൾ നിറഞ്ഞ വറ്റി വരണ്ട ഒരു പുഴയായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. അല്പം മുകളിൽ നീരൊഴുക്കിന്റെ ചിലമ്പൊലി കേൾക്കുന്നുണ്ടെങ്കിലും താഴേക്ക് എത്താതെ അതെവിടെയോ മറയുന്നു. പുഴയിലെ വലിയ പാറകൾ മിക്കതും ഓരോ വർഷങ്ങളിലും ഉണ്ടാകാറുള്ള ഉരുൾ പൊട്ടലിന്റെ ബാക്കി പത്രമാണെന്ന് പറയപ്പെടുന്നു.

            ഗതാഗത യോഗ്യമായ റോഡിന് ശേഷം പിന്നെ ഉരുളൻ കല്ലുകൾ നിറഞ്ഞ വഴിയാണ് . ചെങ്കുത്തായ മലയുടെ താഴ്വാരത്തിലേക്കാണ് ആ പാത നീളുന്നത്. അരക്കിലോമീറ്റർ കൂടി മുന്നോട്ട് നടന്ന ശേഷം ഞങ്ങൾ കാട്ടാറിലേക്കിറങ്ങി.

                 തെളിഞ്ഞ വെള്ളം, വടക്കു കിഴക്കൻ സംസ്ഥാനത്തെ ഒരു ഫോട്ടോയെ ഓർമ്മപ്പെടുത്തി.ജലാശയത്തിന്റെ അടി വരെ കാണുന്ന കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിന് കാടിൻറെ തണുപ്പും ഉണ്ടായിരുന്നു.   ഒരു ഭാഗം വനം അതിർത്തി ഇടുന്നതിനാൽ സന്ധ്യയായാൽ കാട്ടാനയുടെ ശല്യവും ഉണ്ടെന്ന് തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാരി പറഞ്ഞു.

            ഓണം സീസണിലാണ് ആറിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാലമെന്ന് ഞങ്ങൾക്ക് വിവരം കിട്ടി. ഒഴുക്ക് നിലച്ച ചാലിയാറിൽ മുങ്ങിക്കുളിക്കാനും നീന്തിത്തുടിക്കാനും കഴിയാത്തതിന്റെ ദുഃഖം മുഴുവൻ ഞാനും മക്കളും ഇവിടെ തീർത്തു.

             വെള്ളത്തിന്റെ തണുപ്പും ഇരുട്ടിന്റെ പരപ്പും കൂടി വരുന്നത് തിരിച്ചറിഞ്ഞതോടെ ഞങ്ങൾ നീരാട്ട് നിർത്തി തിരിച്ച് കയറി. 

Tuesday, December 22, 2020

സംശയം

"ഉപ്പച്ചീ.... ഉപ്പച്ചീ...." പശുക്കിടാവ് കണക്കെ കുന്തിരി എടുത്ത് ഓടിവരുന്ന എൽ.കെ.ജി ക്കാരൻ, എന്തെങ്കിലും കുന്ത്രാണ്ടവും ഒപ്പിച്ചായിരിക്കും വരവ് എന്ന് ഞാൻ തീർച്ചയാക്കി.

"എന്താ ... നിനക്ക് പതിവില്ലാത്തോരു കുന്തിരി..."

"അത് ഒരു സംശയം ?

"ങാ... നല്ല കുട്ടി... ചോദിച്ചോളൂ ..."

"മലയാളത്തിലെ ഒന്നിനും കൊള്ളാത്ത അക്ഷരമേതാ ?"

"ങേ !!  ഒന്നിനും കൊള്ളാത്ത അക്ഷരമോ ? ചീഞ്ചട്ടി അക്ഷരമായ ഋ ആണോ നീ ഉദ്ദേശിച്ചത് ?" 107

"അല്ല ... അ കുത്ത് കുത്ത് ..."

"ങേ !! അ കുത്ത് കുത്തോ  ..."

"ഇതാ ഈ അക്ഷരം"

"ഇത് അ: അല്ലെ ?"

"ആയിക്കോട്ടെ .... മലയാളത്തിൽ അതുപയോഗിച്ചുള്ള ഒരു വാക്ക് ഉപ്പച്ചി പറഞ്ഞാൽ ഞാൻ എൽ.കെ.ജി പഠനം നിർത്താം ..."

"ഈശ്വരാ ... പറഞ്ഞാലും കുടുങ്ങി , പറഞ്ഞില്ലേലും കുടുങ്ങി"

(അ: ഉപയോഗിച്ചുള്ള ഒരു വാക്ക് ആരെങ്കിലും പറഞ്ഞ് തരണേ ... അവന്റെ എൽ.കെ.ജി കഴിഞ്ഞിട്ട് പറഞ്ഞ് കൊടുക്കാനാ )


Wednesday, December 16, 2020

സ്നേഹമുദ്ര

         തെരഞ്ഞെടുപ്പ് ജോലി ഇപ്രാവശ്യം അനന്തമായ കാത്തിരിപ്പാകാൻ സാധ്യതയുണ്ട് എന്ന് മുൻകൂട്ടി മനസ്സിലാക്കിയതിനാൽ ഒരു മുൻകരുതൽ ഞാൻ എടുത്തിരുന്നു. സമയം ഉപയോഗപ്പെടുത്താനായി ഞാൻ അനുവർത്തിക്കുന്ന സ്ഥിരം പരിപാടികളിൽ ഒന്നായ  വായനക്കായി ഒരു പുസ്തകം. വിതരണ കേന്ദ്രത്തിലെ ബഹളത്തിനിടയിൽ ഗഹനമായ വായന സാധ്യമല്ല എന്നതിനാൽ പെട്ടെന്ന് വായിച്ച് തീർക്കാൻ പറ്റുന്ന ഒരു പുസ്തകമായിരുന്നു ഞാൻ എൻ്റെ ശേഖരത്തിൽ നിന്നും എടുത്തത്. അനിയൻ എൻ്റെ മകൾക്ക് നൽകിയ സ്നേഹമുദ്ര എന്ന കുഞ്ഞുപുസ്തകം.

                ഏഴ് കഥകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. തലമുറ എന്ന ആദ്യകഥയുടെ തുടക്കം വളരെ മികച്ചതായിരുന്നു. പക്ഷെ ഗതി പെട്ടെന്ന് മാറി ഒരു ശോകപര്യവസാനിയായി എന്ന് മാത്രമല്ല, കഥയില്ലാ കഥയായി അനുഭവപ്പെട്ടു.തേൻകൊഞ്ചലിന്റെ മാധുര്യം എന്ന രണ്ടാമത്തെ കഥയും ദു:ഖ സാന്ദ്രമായി തന്നെ അവസാനിച്ചു.മൂന്നാമത്തെ, ഏകാന്തപഥിക എന്ന കഥ എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല. എൻ്റെ കുഴപ്പമോ അതല്ല കഥയുടെ ഗുണമോ എന്നെനിക്കറിയില്ല.ദേശാടന പറവകൾ  എന്ന നാലാമത്തെ കഥയും പ്രതീക്ഷക്കനുസരിച്ച് എത്തുന്നില്ല എന്ന്, വായനക്കിടയിൽ ക്ഷണിക്കാതെ കയറിവന്ന ഉറക്കം ഉണർത്തി.എങ്കിലും പുസ്തകം ഞാൻ  മുഴുവൻ വായിച്ച് തീർത്തു.

                രചയിതാവിന്റെ ബയോഡാറ്റയിൽ നിന്നും ഇത് അവരുടെ മൂന്നാമത്തെ പുസ്തകമാണെന്ന് മനസ്സിലാക്കുന്നു. കാത്തിരിപ്പിന്റെ വിരസത അകറ്റാൻ ഞാൻ തെരഞ്ഞെടുത്ത പുസ്തകം വിരസത കൂട്ടിയതായാണ് എനിക്കനുഭവപ്പെട്ടത്. കുട്ടികൾക്ക് വായിക്കാനായി ഇത് നൽകിയ അനിയന്റെ തീരുമാനവും എന്നെ അത്ഭുതപ്പെടുത്തുന്നു. പുസ്തകത്തിന്റെ തലക്കെട്ടും ഉള്ളടക്കവും തമ്മിലുള്ള ബന്ധവും വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കും എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും പ്രോത്സാഹനം അർഹിക്കുന്ന കഥാകാരിയാണ് സായിപ്രഭ .


പുസ്തകം : സ്നേഹമുദ്ര 

രചയിതാവ്:  സായിപ്രഭ

പ്രസാധകർ:  പൂർണ്ണ പബ്ലിക്കേഷൻസ് 

പേജ്: 56

വില : 60 രൂപ 

Tuesday, December 15, 2020

കാത്തിരുപ്പ് ജോലി

          ഇലക്ഷൻ ഡ്യൂട്ടി കിട്ടുമ്പോൾ തന്നെ പലർക്കും ചങ്കിടിപ്പ് ക്രമാതീതമായി ഉയരും. പക്ഷെ ഇത്തവണ റിസർവ് ആയതിനാൽ എനിക്ക് ചെറിയൊരു സന്തോഷം തോന്നി - പലരും പറഞ്ഞ് മാത്രം അറിഞ്ഞ റിസർവ് അനുഭവങ്ങൾ അറിയാൻ സാധിക്കുന്നതിലുള്ള സന്തോഷം.

           രാവിലെ വീട്ടിൽ നിന്നിറങ്ങിയത് തന്നെ എട്ടു മണിക്കാണ്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ജോലികൾക്കെല്ലാം എട്ടു മണിക്ക് വിതരണ കേന്ദ്രത്തിൽ എത്തണം എന്നായിരുന്നു വാറണ്ട് എങ്കിൽ, ഇത്തവണ സമയത്തിന്റെ നേരെ ശൂന്യമായിരുന്നു കണ്ടത്. അങ്ങനെ ഞാൻ റിപ്പോർട്ട് ചെയ്തത് പത്തര മണിക്കായിരുന്നു.

          റിസർവ്വ് ബെഞ്ചിൽ ഒരു പട തന്നെ ഉണ്ടായിരുന്നതിനാൽ പണി കിട്ടും എന്നുറപ്പില്ലായിരുന്നു.പക്ഷെ അക്ഷരമാലാ ക്രമത്തിൽ എന്റെ പേര് ആദ്യം തന്നെ വരും എന്നതിനാൽ പണി കിട്ടും എന്നുറപ്പിച്ചിരുന്നു.ഡ്യൂട്ടി കാൻസൽ ചെയ്യാൻ മുൻപന്തിയിൽ ഉണ്ടായിരുന്നത് സ്ത്രീകൾ ആയതിനാൽ റിസർവ് ബെഞ്ച് വേഗത്തിൽ കാലിയാകുന്നതും അവിടെ ആയിരുന്നു. പുരുഷ കേസരികൾ പലരും പേര് വിളിച്ചാലും അനങ്ങാതിരിക്കാൻ പരിശീലനം നേടിയവരും ആയിരുന്നു.         

             വിവിധ സമയങ്ങളിലായിട്ടായിരുന്നു ഇത്തവണ പോളിങ് സാമഗ്രികളുടെ വിതരണം. കൗണ്ടർ കാലിയാകുന്നതിനനുസരിച്ച് പിന്നിൽ നിന്നും ദീർഘശ്വാസങ്ങൾ ഉയർന്നു.ഒരു കൗണ്ടറിൽ സാമഗ്രികളടങ്ങിയ  സഞ്ചി  കുറെ നേരം ശേഷിച്ചത് ചിലരുടെ ഹൃദയമിടിപ്പും കൂട്ടി. എങ്കിലും പന്ത്രണ്ടരയോടെ എല്ലാവരും റിപ്പോർട്ട് ചെയ്ത് സാമഗ്രികളുമായി സ്ഥലം വിട്ടു. വൈകിട്ട്  4 മണി വരെ ഞങ്ങൾ എല്ലാവരും അവിടെ തന്നെ കയറില്ലാതെ കെട്ടിയിടപ്പെട്ടു . 

         തൊട്ടപ്പുറത്തെ റിട്ടേണിംഗ് ഓഫീസർ പിറ്റേ ദിവസം വെറും പത്ത് പേര് മാത്രം വന്നാൽ മതി എന്നറിയിച്ച് ബാക്കിയുള്ളവർക്ക് റമ്യൂണറേഷനും നൽകിയത് ഇവിടെ ചില കുശുകുശുക്കലുകൾ ഉണ്ടാക്കിയെങ്കിലും അത്  വില പോയില്ല. പിറ്റേ ദിവസം രാവിലെ ഏഴു മണിക്ക് എല്ലാവരും ഹാജരാകണം എന്ന നിർദ്ദേശത്തോടെ ഞങ്ങളെ അന്നത്തേക്ക് സ്വതന്ത്രരാക്കി.   

           ഇലക്ഷൻ ദിവസമായതിനാൽ ബസ്സുകൾ അപൂർവ്വമായേ സർവീസ് നടത്തിയിരുന്നുള്ളു. തലേ ദിവസം തന്നെ ഞാനത് സൂചിപ്പിച്ചതിനാൽ വൈകി വരാനുള്ള ഒരു മൗനാനുവാദം എനിക്കുണ്ടായിരുന്നു. എങ്കിലും ഞാൻ നേരത്തെ വീട്ടിൽ നിന്നിറങ്ങി. പക്ഷെ കിട്ടിയത് തലേ ദിവസത്തെ സമയത്ത് തന്നെയുള്ള ബസ്സായതിനാൽ വിതരണ കേന്ദ്രത്തിൽ എത്തിയത് പത്ത് മണിക്കായിരുന്നു. ഒപ്പ് ചാർത്തി അവിടെ ഉണ്ടായിരുന്ന കൂട്ടത്തിൽ ഞാനും അലിഞ്ഞ് ചേർന്നു.

              അന്താരാഷ്‌ട്ര നിലവാരത്തിലുള്ള നടക്കാവ് ഗേൾസ് സ്‌കൂളായിരുന്നു ഞങ്ങളുടെ വിതരണ കേന്ദ്രം. മൂന്ന് പോളിങ് ബൂത്തുകളും അവിടെ ഉണ്ടായിരുന്നതിനാൽ സമയം കടന്നു പോകാൻ പ്രയാസം തോന്നിയില്ല. സ്‌കൂളിന്റെ സൗകര്യങ്ങൾ അടുത്തറിയാൻ ഞാനും സഹപ്രവർത്തകരായ സുജിത്ത് സാറും വിനോദ് മാഷും ഒന്ന് കറങ്ങി നോക്കാൻ തീരുമാനിച്ചു. അങ്ങനെ സൊറ പറഞ്ഞിരിക്കുന്നതിനിടെയിൽ 12 മണിക്ക് സുജിത് സാറിന് ഉടൻ റിപ്പോർട്ട് ചെയ്യാനുള്ള വിളി വന്നു. അല്പം വിഷമത്തോടെ സാറ് എണീറ്റു നടന്നപ്പോൾ ഞങ്ങളും വെറുതെ പിന്നാലെ പോയി.

           വന്നവർക്കെല്ലാം കാത്തിരുപ്പ് കൂലി നൽകാനുള്ള വിളിയായിരുന്നു അത് !! ഇലക്ഷൻ ക്ലാസ് , രണ്ട് ദിവസത്തെ ചുമ്മാ ഇരുത്തം എന്നിവക്കായി മൊത്തം 1500 രൂപ തന്ന ശേഷം, അടുത്തുള്ള ഏതാനും പേരൊഴികെ ബാക്കിയുള്ളവരോട് സ്ഥലം കാലിയാക്കാനും നിർദ്ദേശം കിട്ടി. തൊട്ടപ്പുറത്തെ റിട്ടേണിംഗ് ഓഫീസറുടെ കീഴിലുള്ളവർക്ക് വൈകിട്ട് നാല് മണിക്കേ കൂലി നൽകു എന്നറിഞ്ഞപ്പോൾ ഇന്നലെ ഉണ്ടായിരുന്ന നീരസം നീരാവിയായി പോയി.

           അങ്ങനെ ആ ഡ്യൂട്ടിയും വിജയകരമായി അവസാനിച്ചു. രണ്ട് ദിവസം കാത്തിരുപ്പ് ജോലി. ആരെങ്കിലും വീണാൽ , തല കറങ്ങിയാൽ, മറ്റെന്തെങ്കിലും സംഭവിച്ചാൽ പകരക്കാരനായി കയറാൻ ഊഴം കാത്ത് നിന്നെങ്കിലും  അതൊന്നും സംഭവിച്ചില്ല.വൈകിട്ട് നാലര മണിയോടെ ഞാൻ വീട്ടിൽ തിരിച്ചെത്തി.  ഒരു ഇലക്ഷൻ  ഡ്യൂട്ടി മുഴുവനാക്കി പോളിങ് സമയം അവസാനിക്കുന്നതിന് മുന്നേ വീട്ടിലെത്താൻ സാധിച്ചത് എന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമാണ്.

Saturday, December 12, 2020

വീട്ടിൽ വച്ചൊരു വോട്ട്

          ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പുതിയ പ്രതിഷ്ഠകൾ നടത്താനുള്ള അവസാന കർമ്മങ്ങളിലേക്ക് കേരള ഗ്രാമങ്ങളും നഗരങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രസ്തുത കർമ്മത്തിന് കാർമ്മികത്വം വഹിക്കുന്നവരിൽ ഒരാളായി ഞാനും ഉണ്ട്. ഡ്യൂട്ടിയിൽ ആയതിനാൽ ഇത്തവണയും പോസ്റ്റൽ ബാലറ്റിലൂടെയാണ് എന്റെ വോട്ടവകാശം ഞാൻ വിനിയോഗിക്കുന്നത്. 

         1996 ൽ സർവീസിൽ കയറിയ ശേഷം നടന്ന എല്ലാ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും എനിക്ക്  ഇലക്ഷൻ ഡ്യുട്ടി ഉണ്ടായിരുന്നെങ്കിലും പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ചതായി എന്തുകൊണ്ടോ ഓർമ്മയിൽ തെളിയുന്നേ ഇല്ല. അതിനാൽ തന്നെ ഇത്തവണ മൂന്ന് ബാലറ്റ് പേപ്പറുകൾ കയ്യിൽ കിട്ടിയപ്പോൾ എന്തൊക്കെ ചെയ്യണം എന്ന ഒരു അങ്കലാപ്പ് ഉണ്ടായി. വോട്ട് മാർക്ക് ചെയ്യേണ്ട വിധം , എന്ന് വച്ചാൽ ശരി ഇടണോ തെറ്റ് ഇടണോ അതല്ല സ്വാസ്തിക് ചിഹ്നം തന്നെ കുത്തണോ എന്നതിന് വ്യക്തമായ നിർദ്ദേശം ബാലറ്റിനൊപ്പം തന്ന ഒരു പേജ് നിർദ്ദേശങ്ങളിൽ എവിടെയും ഉള്ളതായി കണ്ണിൽപ്പെട്ടില്ല. ആയതിനാൽ എനിക്ക് ശരിയെന്ന് തോന്നിയ ശരി തന്നെ ഞാൻ ഉപയോഗിച്ചു.

            ഞാനടക്കം വോട്ടവകാശമുള്ള മൂന്ന് പേരും വോട്ടവകാശമില്ലാത്ത മൂന്ന് പേരുമാണ് വീട്ടിലുള്ളത്. എല്ലാവർക്കും ബാലറ്റ് പേപ്പർ കാണാൻ എൻ്റെ ഇലക്ഷൻ ഡ്യൂട്ടി സഹായിച്ചു. വോട്ട് ചെയ്തത് ആർക്കെന്ന് രഹസ്യമായി സൂക്ഷിക്കണം എന്നതിനാൽ അതവർക്ക് കാണിച്ച് കൊടുത്തില്ല. പക്ഷെ ഒരു ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിധം എങ്ങനെയെന്ന് എന്റെ മക്കൾക്ക് നേരിട്ട് കാണാൻ സാധിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ 601 ആം നമ്പർ വീട് അങ്ങനെ എന്റെ പോളിങ് ബൂത്തായി.

           ഡിസമ്പർ 14 ന് കോഴിക്കോട് കോർപ്പറേഷനിലെ ഏതെങ്കിലും ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥനായി ഞാൻ വോട്ടർമാരുടെ പേര് വിളിക്കുമ്പോൾ, നാട്ടിൽ ഞാൻ പഠിച്ച് വളർന്ന സ്‌കൂളിന്റെ വരാന്തയിൽ, പോളിങ് ഉദ്യോഗസ്ഥന്റെ വിളിക്ക് കാതോർത്ത് എൻ്റെ ഭാര്യയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കന്നി വോട്ട് രേഖപ്പെടുത്താൻ മൂത്ത മോൾ ലുലുവും ക്യൂ നിൽക്കുകയായിരിക്കും.

വിശ്വവിഖ്യാതമായ MOOCകൾ - 2

 വിശ്വവിഖ്യാതമായ MOOCകൾ  - 1

            Dr . Matthew A. Koschmann എന്ന ഊർജ്ജസ്വലമായ അസിസ്റ്റന്റ് പ്രഫസർ നയിച്ച UNIVERSITY OF COLORADO BOULDER ന്റെ Teamwork Skills: Communicating Effectively in Groups എന്ന കോഴ്സ്  ചെയ്തത് ഞാൻ പരിശീലനം നൽകുന്ന കുട്ടികൾക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകാനായിരുന്നു. ടീം വർക്ക് എന്നത് ഒരു ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണെന്ന സത്യവും അതിനാവശ്യമായ ആശയ വിനിമയ മാർഗ്ഗങ്ങളും പ്രതിപാദിച്ച ഈ കോഴ്സ് ഞാൻ ശരിക്കും ആസ്വദിച്ചു.

              Java is Simple , but powerful എന്ന ഡയലോഗ് കാമ്പസിന്റെ മന്ത്രമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സിനിമ കാണാത്ത എനിക്ക് ഇതിന്റെ പൊരുൾ മനസ്സിലായിരുന്നില്ല. Computer Programmer എന്ന ജോലിപ്പേര് ഉള്ളതിനാൽ ഇപ്പറയുന്നത് Computer Science മായി ബന്ധപ്പെട്ട ജാവ തന്നെയാണെന്ന് ഞാൻ മനസ്സിലാക്കി.പിന്നീടാണ് C language പോലെയുള്ള ഒരു പ്രോഗ്രാമിംഗ് ഭാഷയാണ് ജാവ എന്ന് ഞാൻ മനസ്സിലാക്കിയത്. അന്ന് മുതൽ ജാവ പഠിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല.അതിനാൽ  Coursera ൽ Introduction to Java Programming: Java Fundamental Concepts എന്ന  കോഴ്സ് കണ്ടപ്പോൾ തന്നെ ഞാൻ ചാടിവീണു. COURSERA PROJECT NETWORK ന്റെ ഭാഗമായിട്ടായിരുന്നു ഈ കോഴ്സ്. Cപഠിച്ചിരുന്നതിനാൽ ഈ കോഴ്സ് ഞാൻ അനായാസം പൂർത്തിയാക്കി. 

              ലോക്ക്ഡൗൺ സമയത്ത് ആരംഭിച്ച എന്റെ സ്വന്തം യുട്യൂബ് ചാനലിനെ മുൻ നിരയിൽ കൊണ്ട് വരിക എന്ന ലക്ഷ്യമാണ് UNIVERSITY OF CALIFORNIA യുടെ Introduction to Search Engine Optimization എന്ന കോഴ്‌സിലേക്ക് എന്നെ അടുപ്പിച്ചത്. ഒരു വെബ്സൈറ്റ് സെർച്ച് എഞ്ചിനുകളുടെ കണ്ണിൽ പെടാൻ ആവശ്യമായ കുറുക്ക് വഴികൾ അറിയാൻ സാധിക്കും എന്ന് വെറുതെ ഞാൻ വ്യാമോഹിച്ചു. Mrs.Rebekah May കൈകാര്യം ചെയ്ത കോഴ്സ് കുറെ ചരിത്രം പറയൽ മാത്രമായി ഒതുങ്ങിയോ എന്ന് സംശയം. 

                ഏകദേശം ഇതേ ലക്ഷ്യത്തോടെ തന്നെയാണ് UNIVERSITY OF VIRGINIA യുടെ Introduction to Personal Branding എന്ന കോഴ്‌സിന് ഞാൻ ചേർന്നത്. Personal Branding എന്റെ ചാനലിന് മാത്രമല്ല ബ്ലോഗിനും ഉപകാരപ്പെടും എന്ന എനിക്ക് തോന്നി. കളിയും കാര്യവും ചേർത്ത് Mrs. Kimberley Barker ക്ലാസ് നന്നായി നയിച്ചു. അവതരണം കണ്ടാൽ കുട്ടിക്കളിയാണെന്ന് തോന്നുമെങ്കിലും മനസ്സിൽ വേരൂന്നുന്ന വിധത്തിൽ വിഷയം അവതരിപ്പിക്കുന്നതിൽ Mrs. Kimberley Barker മികച്ചു നിൽക്കുന്നു .

          ഫിസിക്സിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം കുറച്ച് കാലം ട്യൂഷൻ ക്ലാസ് എടുക്കാനും സ്‌കൂളിൽ ക്ലാസ് എടുക്കാനും എനിക്ക് അവസരം ലഭിച്ചിരുന്നു. ഫിസിക്സിനെ ജീവിതവുമായി ബന്ധപ്പെടുത്തി ആയിരുന്നു ഞാൻ ക്ലാസ് എടുക്കാറ്. അതിനാൽ തന്നെ പ്രീഡിഗ്രി/ പ്ലസ് ടു വിദ്യാർത്ഥിയുടെ പേടി സ്വപ്നമായ ഫിസിക്സ്നെ അവൻ്റെ മനസ്സിൽ വേര് പിടിപ്പിക്കാൻ അത് സഹായിച്ചിരുന്നു. Coursera കോഴ്‌സുകൾക്കിടയിൽ മുങ്ങിത്തപ്പുമ്പോൾ എൻ്റെ മുന്നിൽ പെട്ട UNIVERSITY OF VIRGINIA യുടെ How Things Work: An Introduction to Physics ഞാൻ നെഞ്ചോട് ചേർത്തു.

            ആദ്യത്തെ ക്ലാസ് തന്നെ ഒരു കൗമാരക്കാരന്റെ ആവേശത്തോടെ അവതരിപ്പിച്ച പ്രായം കൂടിയ അദ്ധ്യാപകൻ Dr. Louis A. Bloomfield എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. നിത്യജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾ അദ്ദേഹം തന്മയത്ത്വത്തോടെ വിശദീകരിക്കുന്നത് കണ്ടപ്പോൾ ഒരു ഫിസിക്സ് അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് കൂടി ഞാൻ മനസ്സിലാക്കി.  I hope that you'll find this course interesting, informative and enjoyable എന്ന അദ്ദേഹത്തിന്റെ വാക്ക് സത്യം സത്യം സത്യം. മറ്റു ക്ളാസുകളിൽ നിന്ന് വ്യത്യസ്തമായി ഔട്ട്ഡോറിൽ വച്ചുള്ള ഡെമോൺസ്‌ട്രേഷ നുകൾ, ക്ലാസിനെ ഹൃദയത്തിൽ കുടി ഇരുത്തുന്നതോടൊപ്പം UNIVERSITY OF VIRGINIA യുടെ കാമ്പസ് ബ്യൂട്ടി ആസ്വദിക്കാനും സഹായിക്കുന്നു. ഈ MOOCൽ ഞാൻ എന്നെന്നും ഓർക്കുന്ന അധ്യാപകനും  Dr. Louis A. Bloomfield ആയിരിക്കും.

          Last but not least, ഞാൻ പൂർത്തിയാക്കിയത് UNIVERSITY OF TORONTO യുടെ Introduction to Psychology ആയിരുന്നു. 12 ആഴ്ച നീളമുള്ള ഈ കൂട്ടത്തിലെ ഏറ്റവും ദൈർഘ്യമേറിയ കോഴ്സ് എന്ന് മാത്രമല്ല ഓരോ വീഡിയോ സെഷനും 15 മിനുട്ടിലധികം നീളമുള്ളതും ആയിരുന്നു.ആഴ്ചയിൽ അഞ്ചോ ആറോ വീഡിയോയും ഒരു കരുണയും ഇല്ലാത്ത Steve Joordens എന്ന അധ്യാപകനും ആയതോടെ ഞാൻ ഒന്ന് പിന്നോട്ടടിച്ചു. സൈക്കോളജിയിൽ പി ജി  ബിരുദമുള്ള ഞാൻ ക്ലാസ് അറ്റൻഡ് ചെയ്യാതെ പരീക്ഷക്കിരുന്നപ്പോഴല്ലേ കാര്യം മനസ്സിലായത്. ക്ളാസുകളിൽ കയറാതെ ഞാൻ സുന്ദരമായി പരീക്ഷ പാസായി !!

              പതിനഞ്ച്  കോഴ്‌സിന് രെജിസ്റ്റർ ചെയ്‌തെങ്കിലും പതിനൊന്ന് എണ്ണമേ എനിക്ക് പൂർത്തിയാക്കാൻ സാധിച്ചുള്ളൂ. എങ്കിലും ഞാൻ സന്തോഷവാനാണ് , ലോക്ക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചതിലും  വിശ്വവിഖ്യാതമായ MOOCകൾ പൂർത്തിയാക്കാൻ സാധിച്ചതിലും. എന്റെ പല കൂട്ടുകാർക്കും ഞാൻ ഈ കോഴ്‌സുകളെപ്പറ്റി ഷെയർ ചെയ്‌തെങ്കിലും എത്ര പേര് അത് ഉപയോഗപ്പെടുത്തി എന്നറിയില്ല. എന്നെ ഈ വിജ്ഞാന സാഗരത്തിലേക്കെത്തിച്ച  സോണി ടീച്ചർക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി.

Tuesday, December 08, 2020

വിശ്വവിഖ്യാതമായ MOOCകൾ - 1

നാഷണൽ സർവീസ് സ്‌കീമിലൂടെ പരിചയപ്പെട്ട, തൃശൂർ  സി.അച്യുതമേനോൻ ഗവ. ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.സോണിയുടെ ഒരു വാട്സ്ആപ് സന്ദേശം ഇത്രയും പ്രയോജനപ്പെടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.കോവിഡ് പശ്ചാത്തലത്തിൽ Coursera.org  എന്ന  സൈറ്റിലൂടെ ലോകോത്തര യൂണിവേഴ്‌സിറ്റികൾ നൽകുന്ന സൗജന്യ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (MOOC) കളെപ്പറ്റിയായിരുന്നു ആ സന്ദേശം. ഒരു ദിവസം മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന നാലായിരത്തിലധികം കോഴ്‌സുകളുടെ  ഒരു വാതിലായിരുന്നു എനിക്ക് മുമ്പിൽ അന്ന് തുറന്നത്. എത്ര  കോഴ്‌സുകൾക്ക് വേണമെങ്കിലും ജോയിൻ ചെയ്യാമെന്ന് കൂടി പറഞ്ഞതോടെ എനിക്ക് തൃപ്തിയായി.

എൻ്റെ ജോലിയുമായി ബന്ധപ്പെട്ട JOHNS HOPKINS UNIVERSITYയുടെ   HTML കോഴ്സ് ആയിരുന്നു ഞാൻ ആദ്യം രെജിസ്റ്റർ ചെയ്തത്. എൻ്റെ പഠനങ്ങൾ പല വിഭാഗത്തിലും ആയിരുന്നതിനാൽ ഇവിടെയും എനിക്ക് തെരഞ്ഞെടുക്കാൻ നിരവധി കോഴ്‌സുകൾ ഉണ്ടായിരുന്നു.ഒന്നാമതായി രെജിസ്റ്റർ ചെയ്ത കോഴ്‌സ് തുടങ്ങാൻ പോലും എനിക്ക് മടി തോന്നിയെങ്കിലും GEORGIA INSTITUTE OF TECHNOLOGY നടത്തിയ  Writing Professional e-mails in English എന്ന കോഴ്സ് എനിക്ക് ഇഷ്ടപ്പെട്ടു. Gary Landers എന്ന മൊട്ടത്തലയൻ പ്രൊഫസർ വളരെ നന്നായി എടുത്ത പാഠങ്ങൾ മിക്കവയും, ഒരു ഇ-മെയിൽ അയക്കുമ്പോൾ പാലിക്കുന്നതാണെങ്കിലും കൂടുതൽ മെച്ചപ്പെടുത്താൻ ഈ കോഴ്സ് എനിക്ക് ഉപകരിച്ചു.

Yale University ലെ  Dr. Alen E Kazdin നയിച്ച Everyday Parenting എന്ന കോഴ്സ് എനിക്ക് എന്നെപ്പറ്റി തന്നെ പഠിക്കാൻ അവസരം നല്കിയതോടോപ്പം എൻ്റെ നാലും പത്തും വയസ്സായ മക്കളുടെ സ്വഭാവ രൂപീകരണം നടത്താനുള്ള ചില പ്രായോഗിക മാർഗ്ഗങ്ങളും പഠിപ്പിച്ച് തന്നു. കാഴ്ചയിൽ വളരെ പ്രായം തോന്നിക്കുന്ന Dr. Alen E Kazdin വളരെ ആത്മാർത്ഥമായി തന്നെ ക്ലാസ് എടുത്തു. നാല് മാസം പിന്നിട്ടിട്ടും ആ ക്ളാസുകൾ ഇപ്പോഴും എൻ്റെ മുന്നിൽ നടക്കുന്നതായി ഒരു ഫീലിംഗ്. എല്ലാ മാതാപിതാക്കളും കേൾക്കേണ്ട ക്ലാസാണ് ഇത് എന്നതിൽ എനിക്ക് അഭിപ്രായ വ്യത്യാസമില്ല.

സാക്ഷാൽ ഗൂഗിൾ കമ്പനി നടത്തിയ Introduction to Augmented Reality എന്ന കോഴ്‌സിന് ഞാൻ ചേരാൻ കാരണം ആയിടെ പത്രത്തിൽ കണ്ട ഒരു വാർത്തയായിരുന്നു. ആന എന്ന് കുട്ടികളെ പഠിപ്പിക്കുമ്പോൾ സാക്ഷാൽ ആന കുട്ടികളുടെ മുമ്പിൽ തുമ്പിക്കൈ ഉയർത്തി സല്യൂട്ട് അടിക്കുന്ന പ്രതീതി ഉണ്ടാക്കുന്ന AR നേപ്പറ്റിയായിരുന്നു ആ വാർത്ത. അതിനെപ്പറ്റി ഒരു പ്രാഥമിക ജ്ഞാനം നേടാൻ ഈ കോഴ്‌സ് ഉപകാരപ്പെട്ടു.അധ്യാപനം അത്ര ആകർഷകമായി തോന്നിയില്ല .

ഗവേഷണം നടത്തുക എന്ന ഒരഭിലാഷം മനസ്സിൽ കാത്ത് സൂക്ഷിക്കുന്നതിനാൽ അതിനുള്ള മാർഗ്ഗങ്ങളും ഗൈഡ് ലൈനുകളും എല്ലാം ഈയിടെയായി ഞാൻ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു.  പേപ്പർ പ്രെസെന്റേഷനിന്റെ രീതികളും ചിട്ടവട്ടങ്ങളും ഞാൻ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. അതിനിടയ്ക്കാണ് University of London നൽകുന്ന Understanding Research Methods എന്ന കോഴ്സ് കണ്ണിലുടക്കിയത് . ഒന്നിലധികം ഇൻസ്ട്രക്ടർമാർ ഒരു ഇന്റർവ്യൂ രൂപത്തിൽ നടത്തുന്ന രീതി 
ഇഷ്ടപ്പെട്ടില്ലെങ്കിലും ഭാവിയിൽ എനിക്ക് ഉപകാരപ്പെട്ടേക്കും എന്നതിനാൽ ഞാൻ കാതു കൂർപ്പിച്ച് തന്നെ ഇരുന്നു.

സാധാരണ ഗതിയിൽ വിദേശ നാണ്യം എണ്ണി എണ്ണി നൽകിയാൽ മാത്രം നൽകപ്പെടുന്ന വിവിധ കോഴ്‌സുകൾ കോവിഡ് കാരണം സൗജന്യമാക്കിയതാണ് എന്നെപ്പോലെ പലർക്കും ഉപകാരപ്പെട്ടത്. കോഴ്സ് ലിസ്റ്റിൽ ചില Covid -19 അനുബന്ധ കോഴ്‌സുകൾ കണ്ടപ്പോൾ അതിനെപ്പറ്റി കൂടുതൽ അറിയാം എന്ന ധാരണയിൽ ഒരു കോഴ്‌സെങ്കിലും ചെയ്യാം എന്ന്  തീരുമാനിച്ചു. കേരളമടക്കമുള്ള സ്ഥലങ്ങൾ, ഓരോ ദിവസവും രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലായതിനാൽ അതുമായി ബന്ധപ്പെട്ട കോഴ്സ് തന്നെ തെരഞെടുത്തു. JOHNS HOPKINS UNIVERSITYയുടെ Covid - 19 contact Tracing വളരെ വളരെ ഹൃദ്യമായി. കോവിഡ് പോസിറ്റീവ് ആയി എന്നറിയുന്ന ഒരാളുടെ പ്രതികരണവും അയാൾക്ക് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങളുടെ നേർക്കാഴ്ചകളും അതിന്റെ ശരിയായ രൂപവും തെറ്റായ രൂപവും വളരെ തന്മയത്ത്വത്തോടെ അവതരിപ്പിച്ച ആ മുഴുവൻ ടീമിനും ഹൃദയത്തിൽ നിന്നുള്ള ഒരായിരം അഭിനന്ദനങ്ങൾ .

(തുടരും...)

Monday, December 07, 2020

ആനക്കാര്യത്തിനിടയിൽ ഒരു ചേനക്കാര്യം

ലോക്ക്ഡൗൺ കാലത്ത് പലതും ചെയ്യുന്നതിനിടയിൽ, അല്പം അധികം സമയം ചെലവഴിച്ചത് ജൈവ പച്ചക്കറി കൃഷി പരിപാലനത്തിനായിരുന്നു. മുമ്പേ ചെയ്തു വന്ന ഒരു കാര്യത്തിന് അല്പം കൂടി സമയം അധികം ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷം തോന്നി. കൂടുതൽ വിത്തുകളും തൈകളും നട്ട് എൻ്റെ 'O' വട്ടത്തിലുള്ള മുറ്റം ഞാൻ തീർത്തും ഹരിതാഭമാക്കി. അന്നത്തെ മിക്ക ജൈവകൃഷി മത്സരത്തിലും സാന്നിദ്ധ്യം അറിയിക്കാനും നാട്ടിലെ മത്സരത്തിൽ വിജയിയാവാനും ഇതിലൂടെ സാധിച്ചു.

പുതിയ രീതികൾ പരീക്ഷിക്കലായിരുന്നു ഇക്കാലത്ത് എന്റെ മറ്റൊരു പ്രധാന പരിപാടി.അങ്ങനെയാണ് ചിരട്ട കൊണ്ടുള്ള സീഡ് ട്രേയും പൂവെടുത്ത കോളിഫ്ളവറിൽ നിന്നുള്ള തൈ ഉത്പാദനവും വിജയകരമായി പിന്നിട്ടത്. വീട്ടുമുറ്റത്തിന്റെ സംരക്ഷണ ഭിത്തിയുടെ പണിയും ഇതേ കാലത്തായതിനാൽ നിരവധി സിമന്റ് ചാക്കുകൾ ലഭ്യമായത്  ചില ചാക്ക് കൃഷി പരീക്ഷണങ്ങളും നടത്തി നോക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെയാണ് മിക്കവരും ചെയ്യുന്ന ചാക്കിലെ കപ്പ ഞാനും ചെയ്തത്. അവ ഇപ്പോൾ നന്നായി വന്നുകൊണ്ടിരിക്കുന്നു.  കൗതുകത്തിനായി ഒരു ചേനക്കഷ്ണവും എന്റെ കുഞ്ഞു മോനെക്കൊണ്ട് ഞാൻ ചാക്കിൽ വയ്പ്പിച്ചു.

ചാക്കിലെ മിശ്രിതത്തിന്റെ ഗുണമോ വിത്തു കഷ്ണത്തിന്റെ മേന്മയോ അതല്ല പരിപാലനത്തിന്റെ മികവോ എന്നറിയില്ല  ചേന മുളച്ച് ദിവസങ്ങൾക്കകം തന്നെ സൺഷേഡിൽ തൊടും എന്ന അവസ്ഥയിലായി. അതോടെ ചാക്കെടുത്ത് മുറ്റത്തെ പപ്പായ മരത്തിനടുത്തേക്ക് മാറ്റി (ആവശ്യാനുസരണം സ്ഥലം മാറ്റാം എന്നതാണ് ചാക്കിലെ കൃഷിയുടെ സൗകര്യം എന്ന് അന്ന് മനസ്സിലായി).വീട്ടിൽ വന്ന ചിലർ ഇത്രയും വലിയ ചേനയെ ചാക്കിലൊതുക്കിയതിൽ സന്ദേഹം അറിയിച്ചെങ്കിലും ചേന നട്ട കേളൻ കുലുങ്ങിയില്ല.

ഏറെ താമസിയാതെ ചേനത്തണ്ട് വാടാൻ തുടങ്ങിയപ്പോഴാണ് വെയിലിന്റെ ചൂടും നനയുടെ തണുപ്പും തമ്മിലുള്ള ബന്ധം സുഖകരമല്ല എന്ന് തിരിച്ചറിഞ്ഞത്. പിഴയടക്കം ബക്കറ്റു വെള്ളം ദിനേന നൽകിയിട്ടും എന്റെ പ്രതീക്ഷകൾ കെടുത്തി അവൾ മാഞ്ഞുപോയി.ചാക്കിലെ മണ്ണ് അടുത്ത കൃഷിക്ക് ഉപയോഗിക്കാമെന്ന ചിന്തയിൽ അതവിടെത്തന്നെ വച്ചു.പക്ഷെ ചാക്കിന്റെ മദ്ധ്യഭാഗം ഒരു ഗർഭം ഉള്ളിലൊതുക്കുന്നു എന്ന എൻ്റെ നിരീക്ഷണം ചാക്കൊന്ന് കുടയാൻ എന്നെ നിർബന്ധിതനാക്കി.കുടഞ്ഞ മണ്ണ് നീക്കിയപ്പോൾ കിട്ടിയത്, രണ്ട് ദിവസം മുമ്പ് പറമ്പിൽ നിന്നും കിളച്ചെടുത്തതിനെക്കാൾ മുഴുത്ത ഒരു ചേന !!
അപ്പോൾ, കുഴിച്ചിടുന്ന ചാക്കിന്റെ വീതിയും മുളച്ചുണ്ടാകുന്ന ചേനയുടെ വട്ടവും തമ്മിൽ ഒരു അവിഹിത ബന്ധം ഉണ്ടായിരിക്കും എന്ന ആബിദിന്റെ ചാക്ക് ചേന വലിപ്പ സിദ്ധാന്തം ഓർമ്മിച്ചുകൊണ്ട് എല്ലാരും ചാക്കിൽ ചേന നട്ടോളി. വിജയാശംസകൾ 

Saturday, December 05, 2020

ആയുസ്സിന്റെ കണക്ക് - ആയുർ ജാക്ക് അടയാളപ്പെടുത്തുമ്പോൾ

വോട്ട് ചോദിക്കാനായി എത്തിയ സ്ഥാനാർത്ഥിക്ക് എന്റെ അതിർ വരമ്പിൽ പൂത്തുനിൽക്കുന്ന മന്ദാരവും വീട്ടുമുറ്റത്തെയും പരിസരത്തെയും മരങ്ങളും പച്ചപ്പും ഏറെ ഇഷ്ടപ്പെട്ടു. സ്ഥാനാർത്ഥിയും സംഘവും അത് സൂചിപ്പിച്ചതോടെ ഞാൻ , അല്പം ക്ഷീണിച്ച് നിൽക്കുന്ന ആയുർ ജാക്കിന്റെ തൈ ചൂണ്ടിക്കാണിച്ച് പറഞ്ഞു.

"വിവാഹ വാർഷികത്തോടനുബന്ധിച്ച് വച്ച ഏറ്റവും പുതിയ തൈ ആണത്. ഇക്കാണുന്ന മരങ്ങളിൽ മിക്കതും എന്റെയും ഭാര്യയുടെയും മക്കളുടെയും ജന്മദിനം അല്ലെങ്കിൽ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ വച്ചതാണ്. "

"വളരെ നല്ലൊരാശയം ...ജയിച്ച് വന്നാൽ ഇത്തരം ആശയങ്ങൾ നിങ്ങൾ അവതരിപ്പിക്കണം..."

" ആശയങ്ങൾ പങ്കുവയ്ക്കാൻ ഞാൻ എപ്പോഴും തയ്യാറാണ്`, പക്ഷെ അത് നടപ്പിൽ വരുത്താൻ നിങ്ങൾ തന്നെ തീരുമാനിക്കണം.... " മുൻ അനുഭവത്തിൽ നിന്ന് ഞാൻ പറഞ്ഞു. തലകുലുക്കി അവർ അടുത്ത വീട്ടിലേക്ക് കയറി.

വീട്ടുമുറ്റത്തോ തൊടിയിലോ മറ്റെവിടെയെങ്കിലുമോ ഒരു വൃക്ഷത്തൈയോ മറ്റോ നട്ടുകൊണ്ട്, വിശേഷദിനങ്ങൾ ഓർമ്മയിൽ കോറിയിടുന്ന എന്റെ സ്വന്തം ആശയം ഇത്തവണയും മുടക്കിയില്ല.ഭാര്യയുടെ ജന്മദിന മരമായി ഒരു മാങ്കോസ്റ്റിൻ തൈയും ഞങ്ങളുടെ വിവാഹ വാർഷിക മരമായി ഒരു ആയുർ ജാക്കും മുറ്റത്ത് പുതുതായി സ്ഥാനം പിടിച്ചു. കഴിഞ്ഞ വർഷത്തെ മുന്തിരിവള്ളി (Click here) ടെറസിന് മുകളിൽ പന്തലിൽ പടരുന്നു.

Saturday, November 28, 2020

ഇലക്ഷനും ഞാനും

 തെരഞ്ഞെടുപ്പ്  കമ്മീഷന്റെ ഇഷ്ട ഉദ്യോഗസ്ഥനായാൽ കിട്ടുന്ന അപൂർവ്വ 'സൗഭാഗ്യങ്ങളെ'പ്പറ്റി ഞാൻ മുമ്പൊരു തെരഞ്ഞെടുപ്പ് കാലത്ത് ഇവിടെ പറഞ്ഞിരുന്നു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയിൽ അത് പെട്ടതിനാലാവാം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും പൂർണ്ണമായും എന്നെ ഒഴിവാക്കി.അങ്ങനെ വളരെക്കാലത്തിന് ശേഷം ഞാൻ എന്റെ സ്വന്തം ബൂത്തിൽ പോയി ക്യൂ നിന്ന് ആ പ്രക്രിയ ആസ്വദിച്ചു. 


വീണ്ടും ഒരു തെരഞ്ഞെടുപ്പ് മുന്നിൽ വന്ന് വാ പിളർന്നപ്പോൾ ഡ്യൂട്ടി ഉറപ്പിച്ചു. എനിക്കാണോ മറ്റാർക്കെങ്കിലും ആണോ തെറ്റിയത് എന്നറിയില്ല, ഇത്രയും കാലത്തെ സർവീസിനിടക്ക് ആദ്യമായി, നിയമന ഉത്തരവിൽ എന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ഉത്തമാ, അതൊരു തെറ്റല്ല.ഇത്തവണ എന്നെ സൈഡ് ബെഞ്ചിൽ ഇരുത്താനാണ് വരണാധികാരിയുടെ തീരുമാനം. അതായത് റിസർവ് ഗണത്തിൽ. മാത്രമല്ല, കാലങ്ങളായി എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയയിലും പ്രിസൈഡിംഗ് ഓഫീസർ എന്ന ഗമണ്ടൻ അധികാരം വഹിക്കുന്ന എനിക്ക് ഇത്തവണ കിട്ടിയിരിക്കുന്നത് ഗമണ്ടന്റെ തൊട്ടു താഴെയുള്ള ഫസ്റ്റ് പോളിങ് ഓഫീസർ ഡ്യൂട്ടിയും.


ഞാനായിട്ട് കമ്മീഷനോട് ഒരു തെറ്റും ചെയ്തിട്ടില്ല.നിയമസഭാ തെരഞ്ഞ്ഞെടുപ്പിൽ എന്റെ ബൂത്തിലെ വോട്ടിംഗ് യന്ത്രം പണിമുടക്കിയിരുന്നു എന്നത് ശരി തന്നെ.പക്ഷെ , അതിന് ഞാനെന്ത് പിഴച്ചു? അതല്ല , ചെറുപ്പക്കാർക്ക് അവസരം നൽകാനാണെങ്കിൽ എന്നെക്കാളും വയസ്സനായ അഷ്‌റഫ് സാർക്ക് ഡ്യൂട്ടി നൽകിയത് എങ്ങനെ ? മൂപ്പരെ തലയിൽ മുടി ഉണ്ടെന്നേയുള്ളു, സീനിയർ സിറ്റിസൺ ആകാൻ അധിക കാലമൊന്നും മൂപ്പർക്ക് ഇനി ഓടേണ്ടി വരില്ല. 


ഏതായാലും കാത്തിരിപ്പിന്റെ മുഷിപ്പ് ഇല്ലാതെ അന്ന് 'പണി' കിട്ടും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. കാരണം എൻ്റെ പേരിലെ അക്ഷരങ്ങൾ കമ്മീഷന് അത്രക്കും ഇഷ്ടാ... !! ബാക്കി ഇനി 'പണി' കിട്ടീട്ട് ശൊല്ലാം ട്ടോ.

നാഴികക്കല്ലുകൾ പിന്നിടുമ്പോൾ

 ഉപ്പും കർപ്പൂരവും (Salt & Camphor) എന്ന എൻ്റെ യു ട്യൂബ് ചാനൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. 4000 വാച്ച് ഹവർ എന്ന കടമ്പക്ക് ശേഷം 2000 സബ്സ്ക്രൈബർമാർ ആയ സന്തോഷം പങ്കിടുന്നു.

Thursday, November 26, 2020

ഡീഗോ മറഡോണ

 നാട്ടിലൊന്നും ടെലിവിഷനുകൾ പ്രചുരപ്രചാരം നേടാത്ത 1980 കളുടെ മദ്ധ്യകാലം. അന്ന് ഞാൻ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. പത്രം മാത്രമായിരുന്നു അന്ന് ലോക വിവരങ്ങൾ അറിയാനുള്ള ഏക മാർഗ്ഗം. അത്യാവശ്യം വരുമാനമുള്ളവരുടെ വീട്ടിൽ മാത്രമേ പത്രവും ഉണ്ടാകാറുള്ളൂ.

അരീക്കോട്ടുകാരൻ എന്ന നിലക്ക് കാൽപന്തുകളി രക്തത്തിൽ അലിഞ്ഞ് ചേർന്നതിൻ്റെ ഫലമായി പന്ത് കളി എൻ്റെ ഇഷ്ടപ്പെട്ട ഒരു ഗെയിം ആയിരുന്നു. കുട്ടികൾ നടത്തുന്ന ലോക്കൽ ടൂർണ്ണമെൻറുകളിൽ കളിക്കാനും വൈകിട്ട് പുഴയുടെ തീരത്ത് കളിക്കാനും ലോക്കൽ സെവൻസ് മത്സരങ്ങൾ കാണാനും ഫുട്ബാൾ വാർത്തകൾ വായിക്കാനും എല്ലാം ഈ കളിക്കമ്പം ഇടയാക്കിയിട്ടുണ്ട്.

1986-ൽ ഞാൻ പത്താം ക്ലാസിൽ എത്തിയ വർഷമാണ് മെക്സിക്കോ ലോകകപ്പ് അരങ്ങേറുന്നത്. അന്നത്തെ പത്രവായനക്കിടയിൽ ഒരു വാർത്ത എൻ്റെ ശ്രദ്ധയിൽ പെട്ടു . എന്തോ ഒരു പ്രശ്നത്തിൻ്റെ പേരിൽ ആരോടോ ഉടക്കി നിന്നിരുന്ന ( അതെല്ലാം ഓർമയിൽ നിന്ന് മാഞ്ഞു പോയി) അന്നത്തെ സൂപ്പർ താരം അർജൻറീനയുടെ ഡീഗോ മറഡോണ ക്ഷമാപണം നടത്തി എഴുതിയ കത്തായിരുന്നു വാർത്തയിലെ വിഷയം. ഒരു മഹാപ്രതിഭയുടെ ഈ പ്രവർത്തനം എൻ്റെ കുട്ടി മനസ്സിൽ അന്ന് ഒരാരാധന സൃഷ്ടിച്ചു. അന്ന് മുതൽ അറിയാതെ ഞാൻ അർജൻ്റീന ടീമിൻ്റെ ആരാധകനായി (പിന്നീട് ഓരോ ലോക കപ്പിലും എൻ്റെ ടീമുകൾ മാറിമറിഞ്ഞു). ആ വർഷം മറഡോണ എന്ന ഒറ്റയാൻ്റെ മാസ്മരിക പ്രകടനത്തിൻ്റെ പിൻബലത്തിൽ അർജൻ്റീന ചരിത്രത്തിലെ രണ്ടാം ലോകകപ്പ് ഉയർത്തി. 

മെക്സിക്കോ ലോകകപ്പ് കാണാൻ വേണ്ടി എൻ്റെ വലിയ മൂത്താപ്പ ടെലിവിഷൻ വാങ്ങിയതും മറഡോണയുടെ പന്തു കൊണ്ടുള്ള ഇന്ദ്രജാലം ബ്ലാക്ക് & വൈറ്റിൽ കണ്ടതും ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. 

പത്രങ്ങളിൽ ബ്ലാക്ക് & വൈറ്റിൽ വന്നിരുന്ന ഫോട്ടോകൾ ആയിരുന്നു അന്ന് പല ചുമരുകളിലും സ്ഥാനം പിടിച്ചിരുന്നത്. എന്നാൽ ഫുട്ബാൾ എന്നെക്കാളും തലയിൽ കയറിയ എൻ്റെ അനിയൻ വാങ്ങിക്കൊണ്ടു വന്ന സ്പോർട്സ്റ്റാർ ഇംഗ്ലീഷ് മാഗസിനിൽ നിന്ന് കിട്ടിയ കളർ ഫോട്ടോകൾ അവൻ്റെ റൂമിൻ്റെ ചുമരുകളിൽ നിറഞ്ഞ് നിന്നു. അവൻ ഒഴിവാക്കിയത് എൻ്റെ പുസ്തകങ്ങളുടെ ചട്ടകളിലും സ്ഥാനം പിടിച്ചു. 

ഞങ്ങളുടെ കോളനിയിൽ ആദ്യമായി വാങ്ങിയ ടിവിക്ക് മുമ്പിൽ രാത്രി എല്ലാവരും തടിച്ച് കുടിയിരുന്ന് കണ്ട മറഡോണയുടെ ഫുട്ബാളാനന്തര ജീവിതം ദുരന്തമായി മാറിയതും പിന്നീട് പല തവണ പത്രങ്ങളിൽ നിന്ന് വായിച്ചു. എങ്കിലും നീലയും വെള്ളയും കലർന്ന ജഴ്സിയിൽ ആ മാന്ത്രികക്കാലുകൾ ത്രസിപ്പിച്ച മനുഷ്യ ഹൃദയങ്ങൾ നിരവധിയാണ്. അതിനാൽ തന്നെ കാതങ്ങൾ അകലെയാണെങ്കിലും മറഡോണയുടെ വിയോഗ വാർത്ത മനസ്സിൽ നൊമ്പരം ഉണ്ടാക്കുന്നു .

ഫുട്ബാൾ മാന്ത്രികന് ആദരാഞ്ജലികൾ


Tuesday, November 24, 2020

കാൾ നമ്പർ 1

 ഇടക്കിടക്ക് എനിക്കോ മക്കൾക്കോ ലഭിക്കുന്ന പുരസ്കാരങ്ങളെപ്പറ്റിയും ഡിഗ്രികളെപ്പറ്റിയും പറയുമ്പോഴാണ് അൽപമെങ്കിലും ഞാൻ എന്നെപ്പറ്റി ഇവിടെ സൂചിപ്പിക്കാറുള്ളു എന്നാണ് എൻ്റെ വിശ്വാസം. വായനക്കാർക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം. 

ഇന്നത്തെ ഈ പോസ്റ്റ് ഞാൻ എന്നെപ്പറ്റി തന്നെയാണ് എഴുതാൻ ആഗ്രഹിക്കുന്നത്. ഇതൊരു തളളല്ല, ബട്ട് നിങ്ങൾക്ക് വേണമെങ്കിൽ തള്ളാം.

പ്രൊഫഷണൽ കോളേജിലേക്കുള്ള പ്രവേശനത്തിൻ്റെ ഭാഗമായി കുട്ടികൾക്കുണ്ടാകുന്ന വിവിധ സംശയങ്ങൾ ദുരീകരിക്കാനുള്ള ഒപ്ഷൻ ഫെസിലിറ്റി സെൻ്റർ കോർഡിനേറ്ററായതിനാൽ നിരവധി ഫോൺവിളികൾ വരാറുണ്ട്. ഇക്കഴിഞ്ഞ ദിവസം വന്ന വിവിധ വിളികൾ അപഗ്രഥനം ചെയ്തപ്പോഴാണ് ഞാൻ തന്നെ അന്തം വിട്ടത്.

കാൾ നമ്പർ 1 : ( അറിയാത്ത നമ്പർ)

"സാർ, ഞാൻ എഞ്ചിനിയറിംഗ് അഡ്മിഷന് ഫീസടച്ചെങ്കിലും കോളേജിൽ ചേർന്നില്ല. ഇനിയത് റീഫണ്ട് ചെയ്യാൻ എന്ത് ചെയ്യണം?"

ആവശ്യമായ നടപടികൾ പറഞ്ഞു കൊടുത്ത് ഫോൺ വച്ചു.

കാൾ നമ്പർ 2 : (പത്താം ക്ലാസ് സഹപാഠി)

"ആബിദേ... എൻ്റെ അയൽവാസിയുടെ SSLC ബുക്ക് നഷ്ടപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് ബുക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?"

എൻ്റെ ഭാര്യയുടെ ഡിഗ്രി മാർക്ക് ലിസ്റ്റ് നഷ്ടപ്പെട്ട സമയത്ത് ഞാൻ ചെയ്ത കാര്യങ്ങൾ മനസ്സിലോടിയെത്തിയെങ്കിലും ഞാനത് പറഞ്ഞില്ല. എൻ്റെ സുഹൃത്തായ ഒരു ഹെഡ്മാസ്റ്ററെ വിളിച്ച് വിവരങ്ങൾ അറിഞ്ഞ് വച്ചു. സഹപാഠി വീണ്ടും വിളിച്ചപ്പോൾ അവന് പറഞ്ഞു കൊടുക്കുകയും ചെയ്തു.

കാൾ നമ്പർ 3 : (അറിയാത്ത നമ്പർ)

"ഹലോ "

"ഹലോ " ഞാനും ഹലോ മടക്കി.

"Nടട പ്രോഗ്രാം ഓഫീസർ ആബിദ് സാർ ആണോ?"

" ആബിദ് ആണ്. ഇപ്പോൾ Nടട പ്രോഗ്രാം ഓഫീസർ അല്ല..."

"ആ... സർ... നാളെ മെഡിക്കൽ കോളേജിൽ ഒരു ഓപ്പറേഷന് രണ്ട് യൂണിറ്റ് ഒ പോസിറ്റീവ് ബ്ലഡ് വേണമായിരുന്നു "

"ഓകെ... കുട്ടികൾ ആരും കോളേജിൽ ഇല്ല. എങ്കിലും ഞാൻ ഒന്ന് ശ്രമിക്കട്ടെ... നിങ്ങളാ ഡീറ്റെയിൽസ് ഒന്ന് വാട്സാപ്പ് ചെയ്യൂ... "

വാട്സാപ്പ് സന്ദേശം വന്ന ശബ്ദം കേട്ട് ഞാനത് തുറന്ന്‌ NSS വളണ്ടിയർ സെക്രട്ടെറിക്ക് ഫോർവേഡ് ചെയ്തു. വൈകുന്നേരത്തോടെ അവരത് അറേഞ്ച് ചെയ്ത് കൊടുക്കുകയും ചെയ്തു.

ആ സന്ദേശത്തിൻ്റെ തൊട്ടു താഴെയായി വന്ന പഴയ പത്താം ക്ലാസ് കൂട്ടുകാരിയുടെ വോയിസ് മെസേജ് അപ്പോഴാണ് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ഞാനത് കേട്ടു.

"ആബിദേ... പച്ചക്കറിച്ചെടിയിലെ ഈ വെള്ള ജന്തുക്കളെ കളയാൻ എന്താ തളിക്കുക ?"

"ഇത് കുറച്ചധികം ബാധിച്ചിട്ടുണ്ട്. കൂടുതൽ ബാധിച്ച ഇലകൾ പറിച്ചെടുത്ത് ചവിട്ടി അരക്കുക. മറ്റുള്ളവയിൽ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ച് നോക്കുക.. " തിരിച്ച് ശബ്ദ സന്ദേശം നൽകിയപ്പോഴക്കും അടുത്ത കാൾ വന്നു.

കാൾ നമ്പർ 5 : (അറിയാത്ത നമ്പർ)

"ആബിദല്ലേ... " ഒരു പെൺ ശബ്ദം .

"അതേ...''

" എന്നെ മനസ്സിലായോ?"

"ഇല്ല ...''

" ഞാൻ നിൻ്റെ പ്രീഡിഗ്രി ക്ലാസ് മേറ്റ് "

പ്രീഡിഗ്രിക്കാലത്തെ പലരെപ്പറ്റിയും അന്നത്തെ 'സംഭവവികാസ 'ങ്ങളെപ്പറ്റിയും പറഞ്ഞതോടെ അവളെൻ്റെ ക്ലാസ്മേറ്റ് തന്നെയെന്ന് എനിക്കുറപ്പായി.

"പിന്നെ ... എനിക്കൊരു കാര്യം അറിയണായിരുന്നു''

"ങാ.. പറ..." മുപ്പത് വർഷം മുമ്പത്തെ സ്മരണകളിൽ നിന്നും ഞാൻ തിരിച്ച് വർത്തമാന കാലത്തെക്കെത്തി.

" ആലുവ KMEA ആർകിടെക്റ്റ് കോളേജിനെപ്പറ്റി അറിയോ?"

"അറിയില്ല ... അവിടെ ആളുണ്ട് ... ഞാൻ  അന്വേഷിച്ച് പറയാം.. "

"ഓ കെ ... എങ്കിൽ ഇവയെപ്പറ്റി കൂടി ഒന്ന് വിവരം തരണേ..." മറ്റ് രണ്ട് കോളജുകൾ കൂടി അവൾ പറഞ്ഞ് തന്നു.

"ഓ കെ... രണ്ട് ദിവസം വെയിറ്റ് ചെയ്യണം..." രണ്ട് ദിവസം കഴിഞ്ഞ് ആ വിവരവും നൽകി.

ജീവിതത്തിൽ എന്തൊക്കെ  നേടിയാലും , ആവശ്യമുള്ളവർക്ക് ഒരു കൈത്താങ്ങ് നൽകാൻ സാധിക്കുന്നത് തന്നെയാണ് ഏറെ സന്തോഷം നൽകുന്നത് എന്ന് ഒരിക്കൽ കൂടി ഞാൻ അന്ന് തിരിച്ചറിഞ്ഞു.

Friday, November 20, 2020

അമ്മാവന്റെ കൂളിംഗ് എഫക്ട്

 നിരവധി പുസ്തകങ്ങൾ വായിക്കുകയും അവയിൽ പലതിനെയും പറ്റി എന്റെ അഭിപ്രായം തുറന്ന് പറയുകയും ചെയ്ത ശേഷമാണ് ഞാനും ഒരു പുസ്തക രചയിതാവാകുന്നത്. എന്റെ പുസ്തകവും ഒന്ന് പരിചയപ്പെടുത്തുക എന്നതാണ് എൻ്റെ ഉദ്ദേശം.

2006 ൽ ബ്ലോഗ് എഴുതിത്തുടങ്ങിയ ഞാൻ ഒരിക്കലും കാണാത്ത ഒരു സ്വപ്നമായിരുന്നു പുസ്തകപ്രസാധനം. ഔദ്യോഗികമായ ചില പരിമിതികൾ കാരണമാണ്  ഈ സ്വപ്നത്തിന് ചിറക് മുളക്കാതിരിക്കാൻ കാരണം. ബട്ട് , ഏറും മോറും ഒത്തുവരിക എന്ന ഞങ്ങളുടെ നാടൻ ശൈലി അക്ഷരാർത്ഥത്തിൽ പുലർന്നപ്പോൾ എൻ്റെ ആ സ്വപ്നവും തളിരിട്ടു , പൂവിട്ടു ആൻറ് ഫൈനലി കായയായി.

ബ്ലോഗിൽ എഴുതിയ , നിങ്ങളിൽ പലരും കമന്റ് ചെയ്തും കയ്യടിച്ചും പ്രോത്സാഹിപ്പിച്ച 13 കഥകളുടെ സമാഹാരമാണ് അമ്മാവന്റെ കൂളിംഗ് എഫക്ട്. സത്യം പറഞ്ഞാൽ എന്റെയും സുഹൃത്തുക്കളുടെയും അനുഭവങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ പുസ്തകം. സാങ്കല്പികവും യഥാർത്‌ഥവുമായ  നിരവധി കഥാപാത്രങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്..

ഇന്ത്യക്കകത്ത് പുസ്തകം തപാലിൽ ലഭിക്കാൻ 110 രൂപ 9447842699 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്ത് പൂർണ്ണ മേൽവിലാസം പിൻകോഡ് സഹിതം അതേ നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക 

 

പുസ്തകം : അമ്മാവന്റെ കൂളിംഗ് എഫക്ട് 

രചയിതാവ്:  ആബിദ് അരീക്കോട് 

പ്രസാധകർ:  ലിപി പബ്ലിഷേഴ്സ് 

പേജ്: 64

വില : 80 രൂപ

Sunday, November 15, 2020

അപൂർവ്വ ഡബിൾ സെഞ്ച്വറി

 പത്ത് വർഷങ്ങൾക്ക് മുമ്പ്, ഞാൻ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ മെഡിക്കൽ/എഞ്ചിനീയറിംഗ് കോഴ്സ് പ്രവേശന പരീക്ഷയുടെ ഹെൽപ് ഡെസ്കിന്റെ ചാർജ്ജ് ഏറ്റെടുക്കുന്ന ദിവസം. അന്നത്തെ അക്കൗണ്ട്സ് ഓഫീസർ ആയ അയ്യപ്പൻകുട്ടി സാർ, സൈറ്റിൽ നൽകാനായി എന്റെ ഫോൺ നമ്പർ നൽകട്ടെ എന്ന് ചോദിച്ചു.അതത്ര വലിയ ഒരു പ്രശ്നമായി തോന്നാത്തതിനാൽ ഞാൻ ഉടനെ സമ്മതം മൂളി. സാർ നമ്പർ നൽകി ഞാൻ മറ്റെന്തോ സംസാരിക്കുമ്പോഴേക്കും ആദ്യത്തെ വിളി വന്നു.പിന്നാലെ, ഫോൺ ചെവിയിൽ നിന്ന് താഴ്ത്താൻ പറ്റാത്ത വിധത്തിൽ വിളികളുടെ സുനാമി ആയിരുന്നു അടിച്ചത്. അയ്യപ്പൻകുട്ടി സാർ എന്റെ അവസ്ഥ കണ്ട് ചിരിക്കാൻ തുടങ്ങി.മൊബൈൽ ഫോണുകളിൽ  അന്നത്തെ സ്റ്റാർ ആയിരുന്ന നോക്കിയയുടെ കട്ട ഫോൺ ഏതാനും നിമിഷങ്ങൾക്കകം തന്നെ ബാറ്ററി ഡൗൺ ആയി ഓഫായി.

അന്ന് നമ്പർ  നൽകിയതിന്റെ ഗുണമോ ദോഷമോ എന്നറിയില്ല പിന്നീട് എല്ലാ വർഷവും ഞാൻ ഈ ഡെസ്കിന്റെ ഇൻ ചാർജ്ജ് ആയി.ഇടക്ക് വയനാട്ടേക്ക് സ്ഥലം മാറിയപ്പോഴും തൊപ്പി മാറിയില്ല.കോഴിക്കോട്ടേയ്ക്ക് തിരിച്ചെത്തിയപ്പോഴും പ്രസ്തുത സ്ഥാനം ഭദ്രമായി നീക്കി വച്ചിരുന്നു. ഞാൻ സന്തോഷ പൂർവ്വം തന്നെ  അതേറ്റെടുക്കുകയും ചെയ്തു. 

 ഇക്കഴിഞ്ഞ ദിവസം ഞാൻ അതിന്റെ ഏറ്റവും ഭീകരമായ മുഖം നേരിൽ കണ്ടു. അഡ്മിഷൻ സംബന്ധമായ സംശയങ്ങൾ നികത്താനായി യൂട്യൂബിൽ വീഡിയോ കൂടി ചെയ്യുന്ന എന്റെ ഫോൺ രാവിലെ ഏഴു മണിക്ക് തന്നെ റിംഗ് ചെയ്യാൻ തുടങ്ങി.കുട്ടികൾക്ക് ഇത് സംബന്ധമായ പരിചയം വളരെ കുറവായതിനാൽ കാളുകൾക്ക് ഞാൻ മറുപടിയും നൽകി.ഒരു കാളിന് മറുപടി പറയുന്നതിനിടക്ക് നാല് മിസ്‌കാൾ എങ്കിലും വന്നിരിക്കും .രാത്രി 11 മണിക്ക് അവസാനത്തെ കാളിനും മറുപടി പറഞ്ഞ് ഫോൺ  വയ്ക്കുമ്പോൾ ഫോൺ ഐക്കണിന് മേലെ മിന്നി മറയുന്ന സംഖ്യ കണ്ട് ഞാൻ ഒന്ന് കണ്ണ് തിരുമ്മി. ഇല്ല , മാറ്റം ഇല്ല - 118 മിസ്‌ഡ് കാളുകൾ !! എങ്കിൽ അറ്റന്റ് ചെയ്തത് എത്ര എന്ന ഒരു സംശയം  തീർക്കാനായി കാൾ രജിസ്റ്റർ എടുത്ത് എണ്ണി നോക്കി- 137 കാളുകൾ !!അങ്ങനെ ഒരു അപൂർവ്വ ഡബിൾ സെഞ്ച്വറിക്ക് ഞാൻ അർഹനായി.തലക്കകത്തെ മെഡുല മണ്ണാങ്കട്ട ഏത് പരുവത്തിലാന്ന് ദൈവത്തിനറിയാം.

Monday, November 09, 2020

എന്റെ ആദ്യ കഥാസമാഹാരം

 2006 മുതൽ മലയാളം ബ്ലോഗ് എഴുതിത്തുടങ്ങിയപ്പോൾ എഴുത്ത് തുടരും എന്നോ തുടരണം എന്നോ ഒന്നും മുൻധാരണ ഇല്ലായിരുന്നു. സഹ ബ്ലോഗർമാരുടെ നിർലോഭമായ പിന്തുണയോടെ വർഷങ്ങൾ ഓരോന്നായി പിന്നിട്ടു.പല സഹയാത്രികരും പഴയ വഴിയിൽ നിന്ന് പുതിയ വഴിയിലേക്ക് മാറി. എന്തോ ഓമനസ്സ് സമ്മതിക്കാത്തതിനാൽ ഞാൻ ബ്ലോഗുലകത്തിൽ തന്നെ തുടർന്നു.

വർഷം തോറും വിവിധ വിഭാഗങ്ങളിലായി നൂറോളം പോസ്റ്റുകൾ ആയിരുന്നു ഇട്ടിരുന്നത്. ആദ്യകാലത്ത് ഹാസ്യം മാത്രമായിരുന്നു വിഷയമെങ്കിൽ പിന്നീട് അത് പലതിനും വഴിമാറി. എങ്കിലും ഹാസ്യത്തോടും യാത്രാ വിവരണത്തോടും എനിക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. ഹാസ്യകഥകൾ വായിച്ച പല അഭ്യൂദയകാംക്ഷികളും അവ സമാഹരിച്ച് പുസ്തകമാക്കുന്നതിന് നിരന്തരം പ്രേരിപ്പിച്ചെങ്കിലും സമയമായില്ല എന്ന തോന്നൽ എന്നെ പിൻവലിച്ചു. ചില പബ്ലിഷർമാരും മുന്നോട്ട് വന്നെങ്കിലും ഞാൻ സമ്മതം മൂളിയില്ല.

'എല്ലാത്തിനും  അതിന്റേതായ ഒരു സമയമുണ്ട് ദാസാ..' എന്ന ഡയലോഗ് വീണ്ടും എന്റെ മനസ്സിൽ കയറിയത് ഈ കൊറോണ കാലത്താണ്. സമയം ധാരാളമായി കിട്ടിയതോടെ കൂട്ടുകാരുടെ പ്രോത്സാഹനത്തിന് ഒരു മറുപടി നൽകാം എന്ന് തീരുമാനിച്ചു. പല നവാഗതരുടെയും പുസ്തകങ്ങൾ പബ്ലിഷ് ചെയ്ത പേരക്ക ബുക്സുമായി ചർച്ച ചെയ്‌തെങ്കിലും തീരുമാനം വീണ്ടും മാറ്റി.അതിനിടയിൽ യാദൃശ്ചികമായി  ലിപി പബ്ലിക്കേഷന്സിന്റെ എം ഡി അക്ബർക്കയുമായി ഓൺലൈൻ ബന്ധം സ്ഥാപിച്ചു. അങ്ങനെ ബ്ലോഗിൽ പബ്ലിഷ് ചെയ്ത പതിമൂന്ന് കഥകൾ ഉൾപ്പെടുത്തി എന്റെ ആദ്യ കഥാസമാഹാരം  "അമ്മാവന്റെ കൂളിങ്ങ് എഫക്ട് " എന്ന പേരിൽ പുസ്തകമായി.

ഒരു നവാഗതനെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ഒരു പ്രകാശനം തന്നെയാണ് എന്റെ പുസ്തകത്തിന് ലഭിച്ചത്. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആണ് പുസ്തക പ്രകാശനം നടന്നത്.എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഈ ഒരവസരം നൽകിയതിന് ലിപി പബ്ലിക്കേഷന്സിന് ഹൃദ്യമായ നന്ദി അറിയിക്കുന്നു. എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 80 രൂപയാണ് പുസ്തകത്തിന്റെ വില. കയ്യൊപ്പിട്ട കോപ്പികൾ ആവശ്യമുള്ളവർ നേരിട്ട് ബന്ധപ്പെടുക - 9447842699 




Tuesday, November 03, 2020

ഓ എന്ന ഔ

 "ഉപ്പച്ചീ... ഈ മലയാളം അക്ഷരങ്ങൾ ആരാ ഉണ്ടാക്കിയത്?" അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനിടെ മകൻ്റെ അപ്രതീക്ഷിത ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പതറി.

" അത് ..അത് ... ഒരഛൻ "

" അയാൾക്ക് മലയാളം വല്യ പിടിപാടില്ലായിരുന്നോ?"

"ങേ!! അതെന്താ അങ്ങനെ പറയാൻ " മകൻ്റെ ചിന്ത പോകുന്ന വഴിയറിയാതെ ഞാൻ ഞെട്ടി.

"ഇതെന്താ അക്ഷരം ?"  'ഈ ' കാണിച്ചു കൊണ്ട് അവൻ ചോദിച്ചു.

"ഈ "

" ശരി... ഇതോ?''  'ഊ'' കാണിച്ച് കൊണ്ട് അടുത്ത ചോദ്യം

" ഊ "

" സമ്മതിച്ചു .... അപ്പോൾ "ഓ " എന്നെഴുതേണ്ടത് " ഔ " എന്നല്ലേ?''

"ങേ!!'' ഇന്നേ വരെ ഒരു മലയാളം അദ്ധ്യാപകൻ പോലും ചിന്തിച്ചിട്ടുണ്ടാകാൻ സാധ്യതയില്ലാത്ത ചോദ്യത്തിന് മുന്നിൽ ഞാൻ കൈ കൂപ്പി .


Sunday, November 01, 2020

ചരിത്രാവർത്തനം

                ചരിത്രാവർത്തനം എന്ന് പറയുന്നത് ഇങ്ങനെയും സംഭവിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും നിനച്ചതല്ല. 1992 ൽ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് എന്ന അന്തമില്ലാത്ത ചോദ്യം മുന്നിൽ വന്ന് നെഞ്ച് വിടർത്തിയപ്പോഴാണ് അലീഗറിലേക്ക് വണ്ടി കയറിയാലോ എന്ന ആലോചന ഉണ്ടായത്. അലീഗറിലേക്കുള്ള ദൂരവും യാത്രാ രീതിയും ഒന്നും അറിയാത്ത ഞാനും എന്നെക്കാളും മരമണ്ടൂസുകളായ മൂന്ന് പേരും ആയിരുന്നു അലീഗറിലേക്ക് പുറപ്പെട്ടത്. ഇതിലേക്ക് അലീഗറിൽ വച്ച് ഒരുത്തനും കൂടി ചേർന്നതോടെ ഞങ്ങൾ പഞ്ചമണ്ടന്മാർ ആയി. റിസർവേഷൻ ഇല്ലാതെ റിസർവ്ഡ് കംപാർട്മെന്റിൽ കയറി ആഗ്ര വരെയുള്ള യാത്ര അന്ന്  എങ്ങനെ സാധിച്ചു എന്നത് ഇന്നും അജ്ഞാതമാണ്. 

             28 വർഷം പിന്നിട്ട്, ഫാറൂഖ് കോളേജിൽ നിന്നും ബി എസ് സി മാത്‍സ് കഴിഞ്ഞ എന്റെ മകൾ ലുലു ഉന്നതപഠനം എന്ന സമസ്യക്കുത്തരം കിട്ടാൻ  പിതാവിന്റെ വഴിയേ തന്നെ യാത്രയായി!! സഹയാത്രികരായി വേറെ  മൂന്ന് പെൺകുട്ടികളും. അലീഗറിന് പകരം ഡല്ഹിയിലേക്കാണ് യാത്ര. കാലം കൊറോണ വരെ  പുരോഗമിച്ചതിനാൽ എ സി കംപാർട്മെന്റിൽ ആണ് യാത്ര എന്ന വ്യത്യാസവും ഉണ്ട്. 

          പരീക്ഷാഫലം ഒരിക്കലും ചരിത്രാവർത്തനം ആകരുതേ എന്നാണ് ഇപ്പോൾ എന്റെ പ്രാർത്‌ഥന !!!

Thursday, October 29, 2020

പ്രവാചകന്റെ കണ്ണുകൾ

                   ഇന്ന് മീലാദ് - ഇ  ശരീഫ്. യാദൃശ്ചികമാവാം ഞാൻ വായിച്ചുതീർത്ത പുസ്തകത്തിന്റെ പേര് "പ്രവാചകന്റെ കണ്ണുകൾ" എന്നായത്. പക്ഷെ മീലാദ് - ഇ  ശരീഫിലെ പ്രവാചകനും പുസ്തകത്തലക്കെട്ടിലെ പ്രവാചകനും രണ്ടാണ്.

              പലതരം പ്രണയങ്ങളുടെ കഥ പറയുന്ന പുസ്തകമാണ് "പ്രവാചകന്റെ കണ്ണുകൾ" എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. ജെ.എൻ.യു വിലെ പ്രഫസർ ഉമറിന് അമ്പത്തിയഞ്ചാം വയസ്സിൽ റഫ്രഷർ കോഴ്‌സിന് വന്ന  തന്റെ നാട്ടുകാരിയായ ഒരു വിദ്യാർത്ഥിനിയോട് തോന്നുന്ന പ്രണയമാണ് ടൈറ്റിൽ കഥ. 'പ്രാണഗീതം' എന്ന രണ്ടാമത്തെ കഥയും അകാലത്തിൽ മുറിഞ്ഞുപോയ ഒരു പ്രണയഗീതമാണ്. 

                 മരണം പടിവാതിൽക്കൽ എത്തുമ്പോഴും പ്രണയത്തെയും പ്രത്യയശാസ്ത്രത്തെയും നെഞ്ചേറ്റുന്ന കഥയാണ് 'കനൽചിന്തുകൾ' പറയുന്നത്. കാശ്മീരിന്റെ പശ്ചാത്തലത്തിൽ പൊട്ടി വിടരുന്ന ഒരു അനുരാഗ കഥയാണ് 'കുങ്കുമപ്പാടം പൂക്കുമ്പോൾ' എന്ന കഥ.വളരെ മനോഹരമായി പറഞ്ഞുവന്ന കഥ പക്ഷെ അവസാനത്തിൽ പിടി വിടുന്നു.

                മരിച്ചിട്ടും ഭാര്യയോടുള്ള വറ്റാത്ത പ്രണയത്തിന്റെ കഥയാണ് 'കുളിർക്കാറ്റായി' വായനക്കാരനെ തലോടുന്നത്.കുശിനിക്കാരന് യജമാനൻ അറബിയുടെ മകളോട് തോന്നുന്ന പ്രണയം 'മണൽത്തട്ടിലെ കാറ്റാ'യി നമ്മെ തഴുകും. 'ഒറ്റമരച്ചോട്ടിൽ' പറയുന്നതും വ്യത്യസ്തമായ ഒരു പ്രണയ കഥയാണ്. 

               ടൈറ്റാനിക്കിന്റെ പ്രഥമയാത്രയിൽ മൊട്ടിട്ട തീവ്രപ്രണയത്തിന്റെ കഥ  ജെയിംസ് കാമറൂൺ പറഞ്ഞെങ്കിൽ മലേഷ്യൻ വിമാനാപകടത്തിൻറെ പശ്ചാത്തലത്തിൽ വിരിയുന്ന പ്രണയത്തിന്റെ കിസ്സയാണ് 'മൗനം പറഞ്ഞത് ' .പോണ്ടിചേരിയിലെ മാത്രിമന്ദിർ സന്ദർശിച്ചവർ ആണെങ്കിൽ, ഓറോവില്ലിലെ യോഗിയും ദേവിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയായ 'ഓറോവിൽ' ആ വായനക്കാരനെ വല്ലാത്തൊരു അവസ്ഥയിലെത്തിക്കും.

          വാർദ്ധ്ക്യത്തിന്റെ നിസ്സഹായതയിൽ യാദൃശ്ചികമായി കണ്ടുമുട്ടുന്ന രണ്ട് ജന്മങ്ങൾക്കിടയിൽ അറിയാതെ പൂത്ത് തുടങ്ങുന്ന പ്രണയമാണ് 'ഗംഗാതീരം'.  പ്രണയത്തിന് ഉയർന്ന പ്രായ പരിധിയില്ല എന്ന് ഈ വയോജന  പ്രണയകഥ വായനക്കാരനെ ബോധ്യപ്പെടുത്തുന്നു.

             ഇങ്ങനെ, പ്രണയ കഥകളുടെ ഒരു സമാഹാരമാണ് പ്രവാചകന്റെ കണ്ണുകൾ എന്ന് ആര് പറഞ്ഞാലും ഞാൻ അതിന് ലൈക്കടിക്കും .നല്ല വായനാസുഖവും ഈ പുസ്തകം തരുന്നുണ്ട് എന്നാണ് എൻ്റെ അഭിപ്രായം.


പുസ്തകം : പ്രവാചകന്റെ കണ്ണുകൾ 
രചയിതാവ് : നിഗാർ ബീഗം 
പ്രസാധകർ : ലിപി പബ്ലിക്കെഷൻസ് 
പേജ് : 80
വില : 80 രൂപ

Thursday, October 22, 2020

ഉപ്പും കർപ്പൂരവും

 2006-ൽ തുടങ്ങിയതാണ് ബ്ലോഗെഴുത്ത്. എഴുത്തിൻ്റെ പ്രവാഹം നിലക്കാത്തതിനാൽ അതിന്നും തുടരുന്നു. മുന്നൂറു മുതൽ ആയിരത്തി അഞ്ഞൂറ് വരെ ഒക്കെ ആളുകൾ വായിക്കുകയും മുപ്പത് മുതൽ അമ്പത് വരെ ഒക്കെ കമൻറുകൾ ( റിപ്ലെ ഒഴികെ) കിട്ടുകയും ചെയ്തിരുന്ന ഒരു കാലം ബ്ലോഗിനുണ്ടായിരുന്നു. ചില പുപ്പുലികൾക്ക് എല്ലാ പോസ്റ്റിനും നൂറിലധികം കമൻ്റ് കിട്ടിയതും ഓർക്കുന്നു. ഇന്ന് ബ്ലോഗെഴുത്ത് എനിക്ക് ആത്മസംതൃപ്തിക്ക് വേണ്ടി മാത്രമാണ്. മിക്ക പോസ്റ്റുകളും വായിക്കുന്നത് ഇരുപതോ മുപ്പതോ പേര് മാത്രം. കമൻ്റിടാൻ ആർക്കും ധൈര്യവും ഇല്ല ! 

ബ്ലോഗെഴുത്ത് തുടങ്ങുന്നതിന് രണ്ട് വർഷം മുമ്പ് തന്നെ ഞാൻ കമ്പ്യൂട്ടറുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. കമ്പ്യുട്ടർ പ്രോഗ്രാമർ എന്ന ജോലിയിലൂടെ. പക്ഷെ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് , ഇൻസ്റ്റഗ്രാം തുടങ്ങീ സോഷ്യൽ മീഡിയകളിൽ സജീവമാകാൻ ഞാൻ മടിച്ചു. ബ്ലോഗെഴുത്ത് നിലച്ച് പോകും എന്ന ഭയം തന്നെയായിരുന്നു അതിന് പിന്നിൽ. പക്ഷെ ബ്ലോഗ് പോലെ വ്‌ളോഗ്  ചെയ്യുക എന്നൊരാശയം ഇത്ര കാലമായിട്ടും എൻ്റെ തലയിൽ കയറിയിരുന്നില്ല. 

2020 ഏപ്രിൽ മാസത്തിൽ  മലയാളികൾ മുഴുവൻ കൊറോണ ഭീതിയിൽ സ്വന്തം വീടുകളിലേക്ക് ഉൾവലിഞ്ഞപ്പോൾ യൂടൂബിൽ കാറ്റ് നിറയാൻ തുടങ്ങി. അഭൂത പൂർവ്വമായ വളർച്ചയാണ് മലയാളം വ്‌ളോഗ് രംഗത്ത് ലോക് ഡൗൺ സൃഷ്ടിച്ചത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഞാനും ആ വലയിൽ വീണു.

അങ്ങനെ എൻ്റെ വരികൾക്ക് മകൾ ശബ്ദം നൽകി അവൾ തന്നെ ക്യാമറയും എഡിറ്റിംഗും നിർവഹിച്ച് ആദ്യത്തെ വ്ലോഗ് 8.4.2020 ന് ലോകമാകമാനം റിലീസായി. മൈക്രോ ഗ്രീനിനെപ്പറ്റിയുള്ള മൂന്ന് മിനുട്ടിൽ താഴെയുള്ള ആ വീഡിയോ മുവായിരത്തിലധികം ആൾക്കാർ കണ്ടു. സബ്സ്ക്രൈബർമാരും ദിനംപ്രതി കൂടി. ആശയവും ക്യാമറയും എഡിറ്റിംഗും എല്ലാം കൃത്യസമയം പാലിക്കാതെ വന്നതോടെ രണ്ട് മാസം കൊണ്ട് തന്നെ ചാനൽ സംപ്രേഷണം നിലച്ചു.

ഇതങ്ങനെ നിർത്തേണ്ട സംഗതി അല്ല എന്ന തോന്നലും 250 ലധികം വരുന്ന സബ്സ്ക്രൈബർമാരെ പെരുവഴിയിലിട്ട് പോകുന്നതിലെ അനൗചിത്യവും കാരണം വീണ്ടും ഒരു ശ്രമം നടത്താൻ തീരുമാനിച്ചു.അങ്ങനെ പണ്ട് ബ്ലോഗിൽ ചെയ്തിരുന്ന പ്രതിവാരക്കുറിപ്പുകൾ  എന്ന ഇംഗ്ലീഷ് പേരിൽ ഇറക്കി.ഉള്ള പ്രേക്ഷകർ കൂടി പോയിക്കിട്ടാൻ അത് സഹായകമായി. എങ്കിലും ചങ്കൂറ്റം എന്നെ മുന്നോട്ട് നയിച്ചു.ക്രമേണ എണ്ണം കൂടി വന്നെങ്കിലും 250 കടക്കാൻ പലപ്പോഴും പ്രയാസപ്പെട്ടു. സബ്സ്ക്രൈബർമാരുടെ എണ്ണവും സ്ഥിര സംഖ്യയായി.

ഒരു വ്‌ളോഗ് പബ്ലിഷ് ചെയ്‌താൽ ഞാൻ അംഗമായ മുപ്പതോളം വാട്സ്ആപ് ഗ്രൂപ്പിലും സുഹൃത്തുക്കൾക്ക്  പി എം ലും ഇട്ടുകൊടുത്ത് നിരന്തരം ശല്യം ചെയ്ത് അവരെ സബ്സ്ക്രൈബർമാരാക്കി.അങ്ങനെ സബ്സ്ക്രൈബർമാർ അഞ്ഞൂറായെങ്കിലും കാണുന്നത് അതിന്റെ പകുതി പോലും ഇല്ലായിരുന്നു. ടൺ K യും മില്യണുകളും വ്യൂ ഉള്ള വീഡിയോകൾക്കിടക്ക് എൻ്റെ 250 ന്റെ വീഡിയോ കാണുമ്പോൾ എനിക്ക് തന്നെ നാണം തോന്നി.എങ്കിലും ചങ്കൂറ്റം എന്നെ മുന്നോട്ട് നയിച്ചു.

ഏതോ ഒരു സുപ്രഭാതത്തിൽ, കഴിഞ്ഞ 12 വർഷമായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന നടപടി ക്രമങ്ങളിൽ പലരും വരുത്തുന്ന തെറ്റുകളെക്കുറിച്ച് ഒരു അറിയിപ്പ് നൽകാം എന്ന് വെറുതെ തോന്നി. ആദ്യത്തെ വീഡിയോ ശ്രദ്ധ പിടിച്ചില്ലെങ്കിലും രണ്ടാമത്തേത് എന്നെ അത്ഭുതപ്പെടുത്തി. ആയിരത്തിലധികം ആൾക്കാർ അത് കണ്ടു. പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് സംബന്ധമായ വീഡിയോകൾ ഇട്ടു. സബ്സ്ക്രൈബർ എണ്ണം കുതിക്കുന്നത് ഞാൻ നോക്കി നിന്നു. 

പതിനഞ്ച് ദിവസം കൊണ്ട് സബ്സ്ക്രൈബർമാരുടെ എണ്ണം 500 ൽ നിന്ന് 1000 ആയി.2021 ജനുവരിയിൽ അല്ലെങ്കിൽ അതും കഴിഞ്ഞ് ആയിരുന്നു ഈ മാന്ത്രിക സംഖ്യ ഞാൻ പ്രതീക്ഷിച്ചിരുന്നത്. മറ്റൊരു കടമ്പയായ 4000 മണിക്കൂർ വാച്ച് ഹവർ ദിനംപ്രതി പോസ്റ്റിട്ടാൽ മാത്രമേ എത്തൂ എന്നും ഞാൻ കണക്ക് കൂട്ടിയിരുന്നു.അതും ഇപ്പോൾ 2000 ന്റെ അടുത്തെത്തി. 

ഇത്രയും മാരക അഡിക്ഷൻ സംഭവിക്കുന്ന ഒന്നാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. തോട്ടം തൊഴിലാളികൾ മുതൽ  ഡോക്ടർമാർ വരെ വീഡിയോ ശ്രദ്ധിക്കുകയും നല്ല അഭിപ്രായങ്ങൾ ഫോണിലൂടെ അറിയിക്കുകയും ചെയ്യുമ്പോൾ ഈ ചാനലിലൂടെ ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ സാധിച്ചതായി തോന്നുന്നു.തുടക്കത്തിൽ ബ്ലോഗ് ലോകം തന്ന പിന്തുണ മറക്കാനാവാത്തതാണ് . എന്റെ എല്ലാ പ്രേക്ഷകർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

Channel Link : https://www.youtube.com/channel/UC96v87JZXuT6JPGyV_PN7oQ

Sunday, October 18, 2020

വെള്ളിയാഴ്ച

 16.10.2020 വെള്ളിയാഴ്ച . എൻ്റെ ജീവിതത്തിൽ എന്തോ ഒരു റീ സ്റ്റാർട്ട് നടന്നതായി അനുഭവപ്പെട്ട ദിവസമായിരുന്നു അന്ന്. അതെ ,  13.3.2020 ന് ശേഷം ഇന്നാണ് ഞാൻ വെള്ളിയാഴ്ച ജുമുഅ യിൽ സംബന്ധിച്ചത്. അതായത് ഏഴ് മാസത്തിലധികം നീണ്ട ഒരു ഇടവേളക്ക് ശേഷമായിരുന്നു ഈ പളളിപ്രവേശം എന്നർത്ഥം.

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ആഴ്ചയിൽ ഒരിക്കലുള്ള ഈ സാമൂഹ്യ സംഗമം പലതരത്തിലും പ്രാധാന്യമർഹിക്കുന്നതാണ്. മതവിശ്വാസ പ്രകാരമുള്ള ഒരു നിർബന്ധ കർമ്മം എന്നതിലുപരി ഈ സംഗമം പല ധർമ്മങ്ങളും നിർവ്വഹിച്ചിരുന്നു. വാർത്താവിനിമയ മാധ്യമങ്ങൾ ഇന്നത്തെപ്പോലെ സുലഭമല്ലാത്ത ഒരു കാലത്ത് സുഖാന്വേഷണങ്ങൾ നടന്നിരുന്നത് ഈ വാരാന്ത സംഗമത്തിലായിരുന്നു. പലരുടെയും കല്യാണ വിവരങ്ങളും രോഗ - മരണ വാർത്തകളും കൈമാറ്റം ചെയ്തിരുന്നതും പള്ളികളിൽ വച്ചായിരുന്നു. പലരും പലരെയും സാമ്പത്തികമായി സഹായിക്കുന്നതും ഈ സംഗമത്തിൻ്റെ ശേഷമായിരുന്നു.

മേൽ പറഞ്ഞവയെല്ലാം ഇന്ന് അപ്രസക്തമാണെങ്കിലും എൻ്റെ നാട്ടിലൊക്കെ പഴയ തലമുറയിൽ പെട്ടവർ ഇന്നും വെള്ളിയാഴ്ചയെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. വീടിന് പുറത്ത് പോകാൻ ഒരവസരം എന്നതും സമപ്രായക്കാരെ കാണുന്നതിലുള്ള സന്തോഷവും ആണ് ഇതിൻ്റെ പിന്നിലെ രഹസ്യം. എന്നാൽ 65 വയസ്സിന് മുകളിലുള്ളവർ പുറത്തിറങ്ങരുത് എന്ന കോവിഡ്‌ 19 നിർദ്ദേശം ഇവരെയെല്ലാം വീടുകളിൽ പൂട്ടിയിരിക്കുകയാണ്. 

നാട്ടുകാരണവന്മാരുടെ അഭാവം പള്ളിയിൽ  സൃഷ്ടിക്കുന്ന ശൂന്യത ഇന്ന് ശരിക്കും ഞാൻ തിരിച്ചറിഞ്ഞു. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പള്ളിയിലെ ഇരുത്തവും പുതിയ അനുഭവമായി. നൂറിലധികം ആൾക്കാർ തിങ്ങി ഇരുന്ന് ശ്രവിക്കുന്ന ഉത്ബോധന പ്രസംഗം ശ്രവിക്കാനും നമസ്കാരത്തിൽ പങ്കെടുക്കാനും പരമാവധി നാൽപത് പേർക്കേ അനുവാദമുണ്ടായിരുന്നുള്ളൂ. അതും മുസല്ല അഥവാ നമസ്കാരപടം സ്വന്തമായി കൊണ്ടുവരികയും വേണം. തറയിൽ വിരിച്ചിരുന്ന പായ നീക്കം ചെയ്തതിനാൽ നമസ്കാര പടം കൊണ്ടു വരാത്തവർ പേപ്പറെങ്കിലും വിരിച്ചിരിക്കണം. ഇങ്ങനെ നിരവധി മാറ്റങ്ങളുമായി നടന്ന ജുമുഅ ജീവിതത്തിൽ ഒരു അടയാള ദിനമായി എന്നും നിലനിൽക്കും.

Friday, October 16, 2020

ദേ പിന്നിം...

 കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ  റിസോഴ്സ് എൻ.ജി.ഒ. ആയി  കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊസൈറ്റി, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ എമിനൻ്റ് സോഷ്യൽ വർക്കർ അവാർഡിന് എന്നെ തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കുന്നു.


Friday, October 09, 2020

ആയിരത്തൊന്ന് മലബാർ രാവുകൾ

"ഫിക്ഷന്റെ സ്വതസിദ്ധമായ സ്വാതന്ത്ര്യത്തെയും സവിശേഷതകളെയും ഇത്രയും സഫലമായി പരിചരിക്കുന്ന നോവലുകൾ നമ്മുടെ ഭാഷയിൽ അധികമുണ്ടെന്ന് തോന്നുന്നില്ല.കഥകളുടെ അനന്തമായ രാവണൻ കോട്ടയിൽ അലയാൻ പ്രേരിപ്പിക്കുന്ന കഥാപരത തന്നെയാണ് ആയിരത്തൊന്ന് മലബാർ രാവുകളുടെ സവിശേഷത. ഫിക്ഷനുകളെക്കുറിച്ചുള്ള ഫിക്ഷൻ."

താഹ മാടായിയുടെ ഏറ്റവും പുതിയ പുസ്തകമായ ആയിരത്തൊന്ന് മലബാർ രാവുകളുടെ,  ഈ പിൻകുറിപ്പ് വായിച്ചപ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല. പുസ്തകത്തിന്റെ കവറും എന്നെപ്പോലുള്ള അന്തം കമ്മികളെ കുമ്മിയടിപ്പിക്കും. എന്നാൽ കുഞ്ഞുമൊയ്തീൻ,കുഞ്ഞാലി,കുട്യാലി, കുഞ്ഞാമിനു , കുഞ്ഞപ്പ, കുഞ്ഞലിമ , കുഞ്ഞായിൻ മുസ്ല്യാർ എന്നീ "കു" കഥാപാത്രങ്ങളൂം പുസ്തകത്തിന്റെ പേരും ഒരു മലബാറുകാരനെ  ഈ പുസ്തകം കയ്യിലെടുപ്പിക്കും.

പ്രായപൂർത്തിയായ ഒരു സ്ത്രീ ഒരു യുവാവിനോട് ഒരു സഹായം ആവശ്യപ്പെടുന്നതും അതിന്റെ മേൽ തല പുകച്ച് തല പുകഞ്ഞു പോകുന്ന ആ യുവാവിന്റെയും കഥയാണ് ഈ നോവൽ.  ഇതിനിടയിലൂടെ നാട്ടിലെ ചില രഹസ്യങ്ങൾ കൂടി പുറത്ത് വരുന്നുണ്ട്. എം.മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി എന്ന നോവലും ഇതേ പോലെ ഒരു ദുരൂഹതക്ക് പിന്നിലൂടെയാണ് പുരോഗമിക്കുന്നത്.

 ആയിരത്തൊന്ന് രാവുകളിൽ ഷെഹ്റാസാദ പറയുന്ന കഥകൾ പോലെയല്ല ആയിരത്തൊന്ന് മലബാർ രാവുകളിലെ കഥകൾ. അതിന്റെ നാലയലത്ത് പോലും എത്തില്ല എന്ന് ഞാൻ പറയും.എന്നാൽ കഥയുടെ ആഖ്യാന ശൈലി വ്യത്യസ്തമായതിനാലും തുടക്കം വല്ലാത്തൊരു 'പരിചയപ്പെടുത്തൽ' ആയതിനാലും വായന തുടരാൻ പ്രേരിപ്പിക്കും.ഒരു കൗമാര വായനക്കാരൻ കുഞ്ഞാലിയുടെ വഴികളിലൂടെ അപഥ സഞ്ചാരം നടത്താനും ഒരു പക്ഷെ ഈ പുസ്തകം കാരണമായേക്കും എന്ന് ഞാൻ ആശങ്കപ്പെടുന്നു.

മൂസാപ്പി ആയഞ്ചേരിയുടെ കുറിക്ക് കൊള്ളുന്ന വരികളും മീസാൻ കല്ലുകൾ ഇളക്കി കുഞ്ഞായിൻ മുസ്ല്യാർ പ്രത്യക്ഷപ്പെടുന്നതും എല്ലാം രസകരമായ ഒരു വായനാനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. പക്ഷെ പുസ്തകാവസാനം വായിച്ചെത്തുമ്പോൾ ആയിരത്തൊന്ന് രാവുകൾക്കിടയിൽ കണ്ട ഒരു സ്വപ്നം പോലെ അവ്യക്തമായിരിക്കും മനസ്സ് എന്നാണ് എൻ്റെ അനുഭവം. 


പുസ്തകം : ആയിരത്തൊന്ന് മലബാർ രാവുകൾ

രചയിതാവ്:  താഹ മാടായി

പ്രസാധകർ:  DC Books

പേജ്: 120

വില : 120 രൂപ

Sunday, October 04, 2020

തിരിച്ചറിവുകൾ

 ഡിഗ്രി കഴിഞ്ഞ ഉടനെയുള്ള വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു സിവിൽ സർവീസ്  എഴുതുക എന്നത്. പരീക്ഷ പാസാകുക എന്നതല്ല, എഴുതുക എന്നത് തന്നെ. കാരണം അന്ന് ഉത്തര കേരളക്കാർ മുഴുവൻ പരീക്ഷ എഴുതേണ്ടത് കൊച്ചിയിൽ ആയിരുന്നു. അത് എഴുതാൻ പോകുന്നത് തന്നെ വലിയ ഒരു സംഗതി ആയിരുന്നു. 

1992 ലാണാ സംഭവം. എറണാകുളം മഹാരാജാസ് കോളേജ് ആയിരുന്നു എന്റെ പരീക്ഷാ കേന്ദ്രം. മെറ്റൽ ഡിറ്റക്ടർ ഘടിപ്പിച്ച കവാടത്തിലൂടെ അകത്തേക്ക് കടന്നു പോയത് എന്റെ ഓർമ്മയിലുണ്ട്. അന്നത്തെ ചോദ്യങ്ങളും പരീക്ഷയുടെ സ്വഭാവവും ഒന്നും ഇന്ന്  ഓർമ്മയിലില്ല. പരീക്ഷ എഴുതിയാൽ പിന്നെ റിസൾട്ട് വരുമ്പോൾ അതിലൂടെ കണ്ണോടിക്കുന്നത് ഒരു പതിവായതിനാൽ അന്നും അത് തെറ്റിച്ചില്ല. അത്ഭുതം ഒന്നും സംഭവിച്ചില്ല. അന്ന് കൊച്ചി കണ്ടത് മിച്ചം .

ഇന്ന് കാലം 2020 ൽ എത്തി നിൽക്കുന്നു.സിവിൽ സർവീസ് പരീക്ഷയിൽ യു.പി.എസ്.സി നിരവധി പരിഷ്‌കാരങ്ങൾ വരുത്തി. മലബാറുകാർക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രം വന്നു. കുട്ടികളിൽ സിവിൽ സർവീസ് അഭിരുചി കൂടുതലായി.കുഗ്രാമങ്ങളിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നും സിവിൽ സർവീസ് വിജയികൾ ഉണ്ടാകുന്നത് കൂടുതൽ പേർക്ക് പ്രചോദനം നൽകി.

അന്ന് ഞാൻ എഴുതിയ പരീക്ഷയെ ഇന്ന് അനുസ്മരിക്കാൻ കാരണം, ഇന്ന് നടന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ തന്നെ.മെറ്റൽ ഡിറ്റക്ടറിന് പകരം ഗേറ്റിൽ ഉണ്ടായിരുന്നത് തെർമൽ സ്കാനർ ആയിരുന്നു. കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ പുതിയ പ്രാക്ടീസ് ആയിരുന്നു അത്.അന്നത്തെ പോലെ മെറ്റൽ ഡിറ്റക്ടർ എവിടെയും കണ്ടില്ല. പക്ഷെ അന്ന് ഇല്ലാതിരുന്ന മൊബൈൽ ഫോണും അതിന്റെ ദുരുപയോഗവും ക്രമാതീതമായതിനാൽ മൊബൈൽ ജാമറുകൾ സ്ഥാപിച്ചത് കണ്ടു.

പരീക്ഷാർത്ഥി എന്നതിൽ നിന്നും ഉയർന്ന് ഞാൻ ഇൻവിജിലേറ്റർ എന്ന നിലയിലേക്കെത്തി. നാല് മണിക്കൂർ പരീക്ഷക്ക് പത്ത് മണിക്കൂറോളം ഡ്യൂട്ടി ചെയ്യണം എന്നതും തിരിച്ചറിഞ്ഞു. ടെക്‌നോളജി വികസിക്കുമ്പോഴും സമയ ലാഭം പല  മേഖലയിലും ഇന്നും അപ്രാപ്യമാണ് എന്നും മനസ്സിലായി.

 

Wednesday, September 30, 2020

കോവിഡ് മറവികൾ

 കാലങ്ങളായി പലതും ചെയ്യാത്തതിനാൽ അന്ന് (24/09/ 2020 ) ന് കോളേജിൽ പോകുമ്പോൾ ആകെ ഒരു തപ്പലായിരുന്നു 

പാൻറും ഷർട്ടും ഒരാഴ്ചാത്തക്കുള്ളത് ഒരുമിച്ച് ഇസ്തിരിയിട്ട് വയ്ക്കാറായിരുന്നു എൻ്റെ പതിവ്. ഊർജ സംരക്ഷണത്തിൻ്റെ ഭാഗമായി ചെയ്തുവന്ന ഈ പ്രവൃത്തി എൻ്റെ പോക്കറ്റിനെയും നന്നായി സംരക്ഷിച്ചിരുന്നു. അന്ന് ധരിക്കാനായി  എടുത്തപ്പോഴാണ് അവ ഇസ്തിരിയിടേണ്ടത് മനസ്സിൽ കത്തിയത്.


കോളേജിലേക്ക് പോകുമ്പോൾ  ഷൂ ആണ് സാധാരണ ഞാൻ ഇടാറുള്ളത്. ഇറങ്ങാൻ നേരത്താണ് ആറ് മാസമായി കട്ടപ്പുറത്ത് കിടക്കുന്ന ഷുവിൻ്റെ അവസ്ഥ കണ്ടറിഞ്ഞത്. എന്തോ അതുവരെ അതിനെപ്പറ്റി ചിന്ത പോലും വന്നില്ല.


പണ്ടൊക്കെ വാച്ച് രണ്ട് ദിവസത്തിലേറെ  കെട്ടാതിരുന്നാൽ അത് പണിമുടക്കി പ്രതിഷേധിക്കുമായിരുന്നു. ലോഹ പ്രതലത്തിൽ കൊറോണ വൈറസ് കൂടുതൽ ദിവസം നിലനിൽക്കും എന്നതിനാൽ എൻ്റെ CK വാച്ച് ഞാൻ ലോക്ക് ഡൗൺ തുടങ്ങിയ അന്ന് അഴിച്ചു വച്ചതായിരുന്നു. പക്ഷെ ആ പാവം ഷോകേസിൽ കിടന്ന് അതിൻ്റെ ജീവിത ധർമ്മം നിർവഹിച്ചു. കോളേജിൽ പോകുന്നതിനായി സമയം നോക്കിയപ്പോഴാണ് വാച്ച് കെട്ടിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞത്.


കീശയിലെ ടവ്വൽ കോവിഡിന് മുമ്പേ ഞാൻ മാസ്കായി ഉപയോഗിച്ച് വന്നിരുന്നു. എല്ലാവരും സ്റ്റൈലൻ മാസ്കുകൾ ഉപയോഗിക്കുമ്പോൾ ടവ്വൽ ഒഴിവാക്കി നല്ലൊരു മാസ്ക് മുഖത്തിടണമെന്ന് ഞാനും തീർച്ചയാക്കി. പതിവില്ലാത്ത കാര്യമായതിനാൽ ഇറങ്ങാൻ നേരത്ത് അതും മറന്നു.


കോ വിഡ് മറവിയിലേക്ക് കൊണ്ടു പോയത് ഇനിയുമുണ്ട്. പിന്നെ പറയാം.

Friday, September 25, 2020

"മണ്ണിൽ ഇന്ത കാതൽ..."

സിനിമ ഞാൻ കാണാറില്ല. ഇതു വരെയുള്ള കാലത്ത് കണ്ടത് 20 ഓ 25-ഓ എണ്ണം മാത്രം. പക്ഷെ സിനിമാ പാട്ടുകൾ ഞാൻ ആസ്വദിക്കാറുണ്ടായിരുന്നു. 'അതും വീഡിയോ അല്ല ഓഡിയോ ആയിട്ട്. മലയാളവും ഹിന്ദിയും ആയിരുന്നു അതിൽ മുൻപന്തിയിൽ. അവ മിക്കവാറും ലിസ്റ്റ് ചെയ്ത് കാസറ്റ് കടയിൽ കൊടുത്ത് റെക്കോഡ് ചെയ്ത് സൂക്ഷിക്കാറും ഉണ്ടായിരുന്നു.

1993-ൽ PGDCA ക്ക് കോഴിക്കോട് IHRD യിൽ പഠിക്കുന്ന കാലത്ത് അടുത്ത സുഹൃത്തുക്കളായി കിട്ടിയത് നിലമ്പൂർ സ്വദേശി കൃഷ്ണ കുമാറിനെയും പെരിന്തൽമണ്ണ സ്വദേശി ശബീറിനെയും ആയിരുന്നു. കൃഷ്ണ കുമാർ നല്ലൊരു ഗായകൻ കൂടിയായിരുന്നു. അവൻ പഠിച്ചത് ഊട്ടിയിൽ ആയതിനാൽ തമിഴ് ഗാനങ്ങളായിരുന്നു പ്രിയം. അതും SP ബാലസുബ്രമണ്യത്തിൻ്റെ ഗാനങ്ങളോട്. അങ്ങനയാണ് 1990-ൽ പുറത്തിറങ്ങിയ കേളടി കൺമണി എന്ന ചിത്രത്തിലെ "മണ്ണിൽ ഇന്ത കാതൽ..." എന്ന് തുടങ്ങുന്ന ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത്. കേളടി കൺമണിയിലെ മുഴുവൻ ഗാനങ്ങളും റിക്കോർഡ് ചെയ്യുന്നതിലാണ് അത് കലാശിച്ചത്. എൻ്റെ കാസറ്റ് ശേഖരത്തിലേക്ക് തമിഴ് ഗാനങ്ങൾ കയറിയതും അന്ന് മുതലാണ്.


SPB യുടെ മലയാളം ഗാനങ്ങളിൽ അത്ര ഇഷ്ടപ്പെട്ടത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ റേഡിയോയിലൂടെ കേട്ടിരുന്ന ചലചിത്ര ഗാനങ്ങളിൽ ഗായകൻ എസ്.പി. ബാലസുബ്രമണ്യം എന്ന് പറയുമ്പോൾ കേൾക്കാൻ ഒരു ആകാംക്ഷ ഉണ്ടായിരുന്നു.

കോവിഡ് മഹാമാരി, അനുഗ്രഹീതമായ ആ കണ്ഠനാളത്തിലും പിടുത്തമിടുന്നതിന് മുമ്പ് 40000 ത്തിലധികം പാട്ടുകളാണ് വിവിധ ഭാഷകളിലുടെ ലോകം ശ്രവിച്ചത്. അതിൽ "മണ്ണിൽ ഇന്ത കാതൽ..." തന്നെയായിരിക്കും SPB എന്ന പേരിൻ്റെ കൂടെ ഏതൊരു സംഗീത പ്രേമിയുടെയും മനസ്സിലേക്ക് ഓടിക്കയറുന്നത്.

പാടാൻ അറിയുന്നവർക്ക് പാടാൻ ഇതാ ആ വരികൾ....

മണ്ണിൽ ഇന്ത കാതലൻഡ്രി
യാരും വാഴ്തൽ കൂടുമോ
എണ്ണം കണ്ണി പാവൈയിൻഡ്രി
ഏഴു സ്വരംതാൻ പാടുമോ
പെൺമൈ ഇൻട്രി മണ്ണിൽ ഇൻബം ഏതടാ
കന്നൈ മൂടി കനവിൽ
വാഴും മാനിഡാ (2)
വെണ്ണിലാവും പൊണ്ണിനദിയും കണ്ണിയിൻ തുണൈയിൻഡ്രി
എന്ന സുഖം ഇങ്ക് പടയ്ക്കും പെണ്മയിൽ സുഗമൻട്രി
തന്ദനവും സങ്ക തമിഴും
പൊൻകിതും വസന്തവും
സിന്ധിവരും പൊങ്കും അമുതം തന്തിതും കുമുദമും
കണ്ണിമകൾ അറുകെ ഇരുന്താൽ സുവയ്ക്കും
കണ്ണിതുണൈ ഇഴന്താൽ മുഴുതും കശക്കും
വിഴിയിനിൽ മൊഴിയിനിൽ നടയിനിൽ ഉടയിനിൽ
അതിശയ സുഗംതരും അനങ്ങിവൾ പിറപ്പിധുതാൻ
മണ്ണിൽ ഇന്ത കാതലൻഡ്രി
യാരും വാഴ്തൽ കൂടുമോ
എണ്ണം കണ്ണി പാവൈയിൻഡ്രി
ഏഴു സ്വരംതാൻ പാടുമോ
മുത്തുമണി രത്നഇനങ്ങളും കട്ടിയ പവിഴമും
കൊതുമലർ അർപ്പുദങ്ങളും കുവിന്ദ ആധരമും
സിട്രിഡൈയും ചിന്ന വിരലും വില്ലനും പുരുവമും
സുട്രിവര ചെയ്യും വിഴിയും സുന്ദര മൊഴികളും
എന്നിവിട മറന്താൽ ഏതർക്കോ പിറവി
ഇതനൈയും ഇഴന്താൽ അവാന്താൻ തുറവി
മുടിമുതൽ അടിവരയ് മുഴുവതും സുഗംതരും
വിരുന്തുകൾ പടൈത്തിടും അറന്ഗമും അവളല്ലവാ

പ്രിയ ഗായകന് പ്രണാമം .

Wednesday, September 23, 2020

മനസ്സിൻ്റെ ആരോഗ്യം

 മനസ്സ് എന്നത് ഒരു സങ്കൽപമാണ് എന്നാണ് നമ്മളിൽ പലരും പഠിച്ചത്. പലരും അത് ഹൃദയവുമായി ബന്ധിപ്പിക്കാറുണ്ട്. എന്നാൽ നിഗൂഢതയും അത്ഭുതവും നിറഞ്ഞതാണ് ഓരോ മനസും. അത് ഒരു വ്യക്തിയുടെ തന്നെ സൃഷ്ടിയാണ് എന്ന് പറയാം.

എന്നാൽ സാങ്കല്പികമായ മനസിൻ്റെ ആരോഗ്യം റിയലായുള്ള ശരീരത്തിൻ്റെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള മനസുണ്ടെങ്കിലേ ശാരീരികാരോഗ്യം നിലനിർത്താൻ സാധിക്കൂ എന്ന് സാരം. മനസ്സിനെ ഒരുക്കൂട്ടാനും മനസ്സിൻ്റെ ആരോഗ്യം നിലനിർത്താനും നമ്മുടെ മാനസിക വ്യാപാരങ്ങൾ നാം അറിയേണ്ടതുണ്ട്. കോപം, സങ്കടം, സന്തോഷം, മൗനം, മോഹം തുടങ്ങീ നിരവധി ഫീലിംഗ്സ് എങ്ങനെ കൈകാര്യം ചെയ്യണം എന്നറിഞ്ഞില്ലെങ്കിൽ മാനസികാരോഗ്യം തകരാറിലാകും. 

ഫാറൂഖ് കോളേജിൽ ഞാൻ പഠിക്കുന്ന കാലത്ത് അവിടത്തെ അദ്ധ്യാപകൻ കൂടിയായിരുന്ന ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് സർ തൻ്റെ കൗൺസലിംഗ്‌ അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ മനസ്സിൻ്റെ ആരോഗ്യം എന്ന കൊച്ചു പുസ്തകം മാനസികാരോഗ്യം നിലനിർത്താൻ ഉതകുന്ന ഒന്നാണ്. ഞാനും എൻ്റെ മനസ്സും , എൻ്റെ മനസ്സും മറ്റുള്ളവരും എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായി ഒരു മനുഷ്യൻ്റെ നിരവധി മാനസികാവസ്ഥകൾ പരിചയപ്പെടുത്തുന്നതോടൊപ്പം അതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും രക്ഷ നേടാനുള്ള നിർദ്ദേശങ്ങളും നൽകുന്നു. വായിച്ചാൽ നമുക്കും നിരവധി അറിവുകൾ ലഭിക്കും എന്ന് തീർച്ച.


പുസ്തകം : മനസ്സിൻ്റെ ആരോഗ്യം

രചയിതാവ്: ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് 

പ്രസാധകർ: ഒലിവ്

പേജ്: 130

വില : 120 രൂപ

Saturday, September 19, 2020

കൊല്ലംകൊല്ലി വെള്ളച്ചാട്ടം ( എന്റെ അരീക്കോട് )

കൊല്ലം കൊല്ലി എന്ന പേര് ഞാൻ ആദ്യമായി കേട്ടത് കഴിഞ്ഞ വർഷമാണ്. സേവ് ചെക്കുന്ന് എന്ന ഒരു പരിസ്ഥിതി സംരക്ഷണ കൂട്ടയോട്ടത്തിൻ്റെ സ്റ്റാർട്ടിംഗ് പോയിൻ്റ് എന്ന് മാത്രമേ അന്ന് അതിനെപ്പറ്റി എനിക്കറിയാമായിരുന്നുള്ളു... എന്നാൽ മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു വെള്ളച്ചാട്ടം എൻ്റെ വീട്ടിൽ നിന്നും വെറും 12 കി.മീ ദൂരത്തുള്ളത് ഞാനറിഞ്ഞത് ഈ 48-ാം വയസ്സിലാണ്. കോവിഡ് ലോക്ക്ഡൗണിൽ വീട്ടിൽ തളക്കപ്പെട്ട മക്കളോട് വെള്ളച്ചാട്ടം എന്ന് പറഞ്ഞപ്പോഴേക്കും അവർ തുള്ളിച്ചാട്ടം തുടങ്ങി.

പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച സുഹൃത്തും സേവ് ചെക്കുന്ന് മൂവ്മെൻറിൻ്റെ അമരക്കാരനും കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തിനടുത്ത് താമസക്കാരനുമായ ഗോവിന്ദൻ്റെ ക്ഷണപ്രകാരമായിരുന്നു ഞാനും കുടുംബവും സൗഹൃദ സന്ദർശനത്തിന് അവൻ്റെ വീട്ടിൽ എത്തിയത്. ബാച്ച് മേറ്റും ആ നാട്ടുകാരിയുമായ ജ്യോതിയും ഞങ്ങളോടൊപ്പം ചേർന്നു . നല്ല മഴയുള്ള ദിവസമായിരുന്നെങ്കിലും മഴക്ക് ഒരൽപം ശമനം കിട്ടിയതോടെ ഞങ്ങൾ വെള്ളച്ചാട്ടം കാണാൻ പോയി.

ഊർങ്ങാട്ടിരി പഞ്ചായത്തിൽ മുർക്കനാട് - ഒതായി റോഡിൽ ചൂളാട്ടിപ്പാറയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന കാറ്റാടിപ്പൊയിലിലാണ് കൊല്ലംകൊല്ലി തല തല്ലുന്നത്. വർഷത്തിൽ ഒരാളെങ്കിലും ഇവിടെ അപമൃത്യു വരിക്കാറുണ്ട് എന്നതിനാലാണത്രെ ഈ പേര് വീണത്.

പേര് പേടിപ്പെടുത്തുമെങ്കിലും അഴകിന്റെ അലതല്ലിയാണ് കൊല്ലംകൊല്ലി വെള്ളച്ചാട്ടം എന്ന് പറയാതിരിക്കാൻ വയ്യ. ജൈവവൈവിധ്യത്തിന്റെ കലവറയായ ചെക്കുന്ന് മലയുടെ താഴ്വാരത്താണ് കൊല്ലംകൊല്ലി.  പാറക്കെട്ടുകളിൽ തട്ടി ജലം ചിന്നിച്ചിതറി ഒഴുകുന്ന കാഴ്‌ച പഴയ ആ സിനിമാ ഗാനത്തെ മനസ്സിലെത്തിച്ചു.  

വെള്ളിച്ചില്ലും വിതറീ...

തുള്ളി തുള്ളി ഒഴുകും...

പൊരി നുര ചിതറും കാട്ടരുവി

പറയാമോ നീ .... 


മഴക്കാലത്ത് മാത്രമാണ്‌ വെള്ളച്ചാട്ടം ദൃശ്യമാകുക എന്ന് ഗോവിന്ദൻ പറഞ്ഞു. മറ്റ് വെള്ളചാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി വെള്ളം ചാടുന്ന സ്ഥലത്ത് വഴുതുന്ന പാറകൾ ഇല്ല. മാത്രമല്ല വെള്ളത്തിനടിയിൽ മണലാണ്. അരയോളം ഉയരത്തിലേ വെള്ളം ഈ മഴക്കാലത്ത് പോലും ഉള്ളു 'എന്നതിനാൽ കുട്ടികൾക്കടക്കം ധൈര്യമായി ഇറങ്ങാം. 


വൈകുന്നേരങ്ങളിൽ വെള്ളച്ചാട്ടത്തിന് മുകളിലെ പച്ചപ്പുല്ലുകൾക്കും പാറകൾക്കുമിടയിലൂടെ കോട അരിച്ചെത്തുന്നതും നയനാനന്ദകരമാണ്. 

ഏറനാടിന്റെ ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാവുന്ന ഒരു വെള്ളച്ചാട്ടമാണിത്. അധികം അറിയപ്പെടാത്തതിനാൽ സഞ്ചാരികളുടെ ഒഴുക്ക് കുറവാണ്. വെള്ളച്ചാട്ടത്തിൻ്റെ ഇരുഭാഗങ്ങളിലും ഉള്ള പാറകൾ ക്വാറി മുതലാളിമാരുടെ കയ്യിലമർന്ന് കഴിഞ്ഞതിനാൽ കൊല്ലം കൊല്ലിക്ക് ഒരു മരണമണി മുഴങ്ങുന്നത് അവിടെ ചെല്ലുമ്പോൾ നേരിട്ടറിയും.

 വെള്ളച്ചാട്ടത്തിൻ്റെ 200 മീറ്റർ അടുത്ത് വരെ കാറടക്കമുള്ള വാഹനങ്ങൾ എത്തും. നടക്കാനുള്ള 200 മീറ്റർ ദൂരം ക്വാറിയിലേക്കുള്ള റോഡും സ്വകാര്യ തെങ്ങിൻ തോപ്പുമാണ്. അവർ പ്രവേശനം നിഷേധിച്ചാൽ കൊല്ലം കൊല്ലി സഞ്ചാരികൾക്ക് അന്യമാവുകയും ചെയ്യും.സഞ്ചാരികൾ ആരും തന്നെ പ്ലാസ്റ്റിക് കൊണ്ടുപോയി അവിടെ നിക്ഷേപിച്ച് കൊല്ലംകൊല്ലിയെ കൊല്ലരുത് എന്ന്  കൂടി അപേക്ഷിക്കുന്നു. 

Thursday, September 17, 2020

കോവിഡും മാനസിക പിരിമുറുക്കവും

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയപ്പെടുമ്പോൾ അത് നമ്മുടെ വീടിൻ്റെ വാതിലും തട്ടിത്തുറന്ന് കടന്ന് വരും എന്ന് നമ്മിൽ പലരും പ്രതീക്ഷിച്ചിരുന്നില്ല. ചൈനയുടെ വൻമതിലും കടന്ന് ഇറ്റലിയിലും ഇറാനിലും അമേരിക്കയിലും റഷ്യയിലും എല്ലാം കൊറോണ താണ്ഡവമാടിയപ്പോഴും നാമിത് പ്രതീക്ഷിച്ചില്ല. 2020 മാർച്ചിൽ ലോകാരോഗ്യ സംഘടന കോവിഡ്- 19 എന്ന പേരിൽ ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചപ്പോഴും നമ്മുടെ വീട്ടിൽ ഒരു കോവിഡ് രോഗി ഉണ്ടാകുന്നത് നാം സ്വപ്നത്തിൽ പോലും കണ്ടില്ല. 

മാർച്ചിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപ്രതീക്ഷിതമായി അടച്ച് പൂട്ടിയപ്പോഴും ജൂണിൽ പഴയപടി തുറന്ന് പ്രവർത്തിക്കും എന്നായിരുന്നു പലരുടെയും പോലെ എൻ്റെയും പ്രതീക്ഷ. അത് ജൂണും ജൂലായും കടന്നതോടെ നമ്മുടെ കുഗ്രാമങ്ങളും ഓരോന്നോരോന്നായി പോസിറ്റീവ് കേസുകൾ കൊണ്ട് കുപ്രസിദ്ധി നേടാൻ തുടങ്ങി. ഇന്നത്തെ നെഗറ്റീവ് നാളത്തെ പോസിറ്റീവ് എന്നതാണ് കൊറോണയുടെ അനുഭവ പാഠം.

മഹാമാരി ഇങ്ങനെ പടർന്നു പിടിക്കുമ്പോൾ നിരവധി പേർ അവനവൻ്റെ നാട്ടിലോ വീട്ടിലോ കഴിയുകയാണ്. രോഗത്തെ പേടിച്ച് പുറത്ത് പോകാത്തവരും പ്രതിരോധമെന്ന നിലയിൽ പുറത്ത് പോകാത്തവരും ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ക്യാ ഹെ മട്ടിൽ ആവശ്യമില്ലാതെ പല സ്ഥലങ്ങളിലും പോകുന്നവരും മനുഷ്യർക്കിടയിലുണ്ട്. ഇതിൽ വീട്ടിലിരിക്കുന്നവരിൽ പലർക്കും പല മാനസിക പിരിമുറുക്കങ്ങളും വരാൻ സാധ്യത വളരെ കൂടുതലാണ്.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഡ്യൂട്ടിക്ക് പോയി ശനിയും ഞായറും കിട്ടുന്ന അവധി ആസ്വദിക്കലായിരുന്നു എൻ്റെ പതിവ്. യാത്രയും അതിനിടയിലെ കൊച്ചു കൊച്ചു സംഭവങ്ങളും നൽകിയ അനുഭവ പാഠങ്ങൾ എത്ര മഹത്തരമായിരുന്നു എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. വർക്ക് ഫ്രം ഹോം എന്നതും ഓൺലൈൻ വർക്കിംഗ് എന്നതും ഒക്കെ ആദ്യം രസകരവും ആസ്വാദ്യകരവും ആയിരുന്നു. പക്ഷെ ഒരു പരിധി കഴിഞ്ഞാൽ അത് ബോറിംഗ് ആണെന്ന് മാത്രമല്ല , ഒരേ തരം പ്രവൃത്തി ആയതിനാൽ മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി എനിക്ക് തോന്നുന്നു. 

എൻ്റെ അനുഭവത്തിൽ തന്നെ തിങ്കളാഴ്ച ആകുന്നത് ഒരു ആധിയായി മാറുന്നു. പ്രത്യേകിച്ച് ഒരു മാറ്റമില്ലെങ്കിലും ശനിയും ഞായറും അൽപമെങ്കിലും മാനസികോല്ലാസം തരുന്നു. പുറത്ത് എന്നും ജോലിക്ക് പോകുന്നവർക്ക് ഈ വ്യഥ അറിയില്ലായിരിക്കും. ജോലിക്കാരായ മാതാപിതാക്കളെ വീട്ടിൽ കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്ന മക്കൾ, നാമറിയാതെ വിഷാദത്തിലേക്ക് വഴുതി വീഴുന്നുണ്ട്. പ്രത്യേകിച്ചും കൗമാര പ്രായക്കാരായ കുട്ടികൾ. അവരുടെ ചങ്ങാത്തം മുഴുവൻ സ്മാർട്ട് ഫോണിലൂടെ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. 

ഇതിന് ഏറ്റവും പെട്ടെന്ന് ഒരു അന്ത്യം കുറിച്ചില്ലെങ്കിൽ കോവിഡ്- 19 ന് വർഷങ്ങൾക്ക് ശേഷം ഒരു പ്രത്യേക തലമുറയിൽ പെട്ടവർ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നവരായി കണ്ടേക്കും. ആയതിനാൽ കുടുംബസമേതം ചെറിയൊരു മാനസികോല്ലാസ പ്രക്രിയയിൽ ഏർപ്പെടുന്നത് വീട്ടിൽ കഴിയുന്ന എല്ലാവർക്കും നല്ലതായിരിക്കും. 

ഒരുമിച്ചുള്ള ഒരു കുക്കിംഗ് പരീക്ഷണം നടത്തിയാൽ അതിനിടക്ക് സംഭവിക്കുന്ന പലതും തമാശക്ക് വക നൽകും. അത് മാനസിക പിരിമുറുക്കം കുറക്കാൻ സഹായിക്കും.തൊട്ടടുത്ത് പുഴയോ ബീച്ചോ ഉദ്യാനമോ വെള്ളച്ചാട്ടമോ ഉണ്ടെങ്കിൽ സർക്കാർ നിയമങ്ങൾ അനുസരിച്ച് കൊണ്ട് അതാസ്വദിക്കാൻ പറ്റുമെങ്കിൽ അതും മനസ്സിന് ആശ്വാസം നൽകും. 

അതിനാൽ മക്കളെ ശ്രദ്ധിക്കുക. അവരുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ മാതാപിതാക്കൾ കണ്ടെത്തുക.

Friday, September 11, 2020

കുട്ടികളും ആരോഗ്യവും

 ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്നതിൽ തർക്കമില്ല. ഒരു ചെറിയ പനി മതി, പല വലിയ രോഗങ്ങളുടെയും തുടക്കം കുറിക്കാൻ . മഹാമാരി എന്ന് കുട്ടിക്കാലത്ത് നാം കേട്ട കാൻസർ ഇന്ന് സർവ്വസാധാരണമായി. അന്നൊന്നും കേൾക്കാതിരുന്ന , ഒരു കുഞ്ഞൻ വൈറസ് ഉണ്ടാക്കുന്ന കൊറോണ എന്ന രോഗം  ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന സന്ദർഭമാണിത്.

നല്ല ആരോഗ്യശീലങ്ങൾ വളർത്തിയെടുത്താൽ പല രോഗങ്ങളും വരുന്നത് തടയാം. ഇന്ന് നമ്മുടെ ഇടയിൽ കാണുന്ന മിക്ക രോഗങ്ങളും ജീവിത ശൈലിയിൽ നിന്നും ഉടലെടുത്തവയാണ്. ഫാസ്റ്റ്ഫുഡും ജംഗ് ഫുഡും മലയാളിയുടെ ദിനചര്യയുടെ ഭാഗമായതിന് സമാനമാണ്. ക്രമാതീതമായി ഉയർന്ന വൃക്ക രോഗ കേസുകളും കാൻസർ രോഗ നിരക്കും ഇതിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് മാത്രമാണ്.

ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യം ഉറപ്പാക്കി ജീവിതവിജയം നേടാൻ കുട്ടികളെയും രക്ഷിതാക്കളെയും ഉത്ബോധിപ്പിക്കുന്ന ഒരു കൃതിയാണ് കുട്ടികളും ആരോഗ്യവും. കുട്ടിക്കാലത്ത് മിക്കവർക്കും വരുന്ന പനി, ടൈഫോയിഡ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളെപ്പറ്റി കുട്ടികളിൽ ഒരു അവബോധം നൽകാൻ പുസ്തകം സഹായിക്കും. കൂടാതെ വളർച്ചാ വൈകല്യങ്ങളെപ്പറ്റിയും ലഹരിവസ്തുക്കൾ ഉപേക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും നന്നായി പഠിക്കാനുള്ള മാർഗ്ഗത്തെപ്പറ്റിയും ഒക്കെ ഈ പുസ്തകം ബോധനം നൽകുന്നു.

കുട്ടികൾക്ക് ഹൃദ്യമാകും വിധത്തിൽ ചിത്രീകരണം കൂടി ഉള്ളതിനാൽ ഈ പുസ്തകത്തിൻ്റെ വായനാനുഭവം ഒന്ന് വേറെ തന്നെയാണ്. 


പുസ്തകം : കുട്ടികളും ആരോഗ്യവും

കർത്താവ്: ഡോ :ബി. പത്മകുമാർ

പബ്ലിഷേഴ്സ്: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

പേജ് : 88

വില: 80 രൂപ.

Wednesday, September 09, 2020

ചക്രവർത്തിയും റാണിയും

 കാലം ചിലരെ ചക്രവർത്തിമാരാക്കാറുണ്ട്. അത്തരം ചക്രവർത്തിമാർ എക്കാലത്തും ഓർമ്മിക്കപ്പെടും - അലക്സാണ്ടർ ചക്രവർത്തിയെപ്പോലെ . അതു പോലെത്തന്നെ അപൂർവ്വമായി ചില റാണിമാരും ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ട് - ഝാൻസി റാണിയെപ്പോലെ.

എന്നാൽ പേരിനൊപ്പം റാണിയും ചക്രവർത്തിയും ചേർത്ത് ചിലർ കുറുക്ക് വഴിയിലൂടെ ഈ ഗണത്തിലേക്ക് കയറാൻ ശ്രമിക്കാറുണ്ട്. പേരിന് ചേരാത്ത വഴിയിലൂടെയുള്ള അവരുടെ സഞ്ചാരം പലപ്പോഴും പൊതുജനം അറിയാറില്ല. താരറാണിയായും  ചക്രവർത്തിയായും അവർ ജനമനസ്സിലേക്കും പെട്ടെന്ന് കുടിയേറുന്നു..പ്രശസ്തിയുടെ ഉത്തുംഗതയിൽ റാണിയും ചക്രവർത്തിയും ആയി വിലസുമ്പോഴായിരിക്കും ഇടിത്തീ പോലെ ആ കാവ്യനീതി നടപ്പിലാവുക . അതോടെ ദേ കിടക്കുന്നു, മുഖം കുത്തി ഭൂമിയിൽ.

പറഞ്ഞു വരുന്നത് സഞ്ജന ഗൽറാണിയെയും റിയ ചക്രവർത്തിയെയും പറ്റി തന്നെയാണ്. കന്നട സിനിമയിലെ മിന്നും താരം ഗൽ റാണിയും ബോളിവുഡിലെ മിന്നും താരം റിയ ചക്രവർത്തിയും ഒരേ ദിവസം സമാന സ്വഭാവമുള്ള കേസിൽ പിടിയിലാകുമ്പോൾ എൻ്റെ ചിന്ത ഉടക്കിയത് അവരുടെ പേരിലെ സാമ്യതയിലാണ്. മയക്കുമരുന്ന് എന്ന സാമൂഹ്യ തിന്മക്കായിരുന്നു തങ്ങളുടെ പ്രശസ്തി അവർ വളമായി നൽകിയത്. ലഹരിപ്പാർട്ടികൾ എന്ന നിശാപാർട്ടികളുടെ പിന്നാമ്പുറക്കഥകൾ ഇനി ഏതൊക്കെ ചക്രവർത്തികളെയും റാണിമാരെയും സിംഹാസനത്തിൽ നിന്ന് വലിച്ചിടും എന്ന് നിശ്ചയമില്ല.

സിനിമയുടെ മായിക ലോകം എന്ന് ആലങ്കാരികമായിട്ടായിരുന്നു പലപ്പോഴും പറയാറ്.മയക്കു മരുന്ന് മനുഷ്യനെ നിമിഷ നേരത്തേക്ക് എത്തിക്കുന്നതും ഒരു മായിക ലോകത്താണ്. അപ്പോൾ സിനിമയും മയക്ക് മരുന്നും കൂടിച്ചേർന്നാൽ ഡബിൾ സ്ട്രോംഗ് മായിക ലോകത്താണ് എത്തിച്ചേരുക എന്ന് പറയേണ്ടതില്ല. ഇതൊന്നും അറിയാതെ വെള്ളിത്തിരയിലെ പ്രകടനം നോക്കി പൊതു ജനം കയ്യടിക്കുന്നു. 

റാണിമാർക്കും ചക്രവർത്തിമാർക്കും കയ്യടിക്കും മുമ്പ് ഇനിയെങ്കിലും ചിന്തിക്കുക. ഇവരെങ്ങനെ ഇവരായെന്ന്.

Friday, September 04, 2020

പ്രണാമം പ്രണബ് ദാ

രാഷ്ട്രീയ നേതാക്കളുടെ മരണത്തിൽ അല്പമെങ്കിലും മനസിനെ വേദനിപ്പിച്ച മരണം രാജീവ് ഗാന്ധിയുടെ വധമായിരുന്നു. ചെറുപ്പക്കാരനായ ഒരു പ്രധാനമന്ത്രിയുടെ ദാരുണ അന്ത്യം എന്ന നിലക്കായിരുന്നു അത് മനസ്സിനെ വേദനിപ്പിച്ചത്. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുമ്പുണ്ടായ പ്രണബ്‌ജി യുടെ വിയോഗം എന്റെ കുടുംബത്തിൽ തന്നെ ഒരു നോവ് പടർത്തി. " ഉമ്മാ , നിങ്ങളുടെ പ്രസിഡണ്ട് മരിച്ചു " എന്നായിരുന്നു എന്റെ ഭാര്യാ സഹോദരി പുത്രൻ ഉമ്മയോട് പറഞ്ഞത്. വാട്സാപ്പിൽ സന്ദേശം കണ്ട ഉടനെ എന്റെ മോളും എന്റെ അടുത്തേക്ക് തിരക്കിട്ട്  വന്നു വിവരം തന്നു.

2013 ൽ രാജ്യത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം അന്നത്തെ പ്രസിഡണ്ട്  പ്രണബ്‌ മുഖർജിയിൽ നിന്ന് രാഷ്ട്രപതി ഭവനിൽ വച്ച് ഞാൻ ഏറ്റുവാങ്ങുമ്പോൾ എന്റെ കുടുംബം ആ ചടങ്ങ് വീക്ഷിക്കാൻ അവിടെ ഉണ്ടായിരുന്നു എന്നതായിരുന്നു ഈ പ്രതികരണങ്ങളുടെയും വേദനയുടെയും പ്രഥമ കാരണം. 

ഒരു രാഷ്ട്രപതിയെ രാഷ്ട്രപതി ഭവനിൽ വച്ച് കാണാനും അദ്ദേഹത്തിന്റെ ചായ സൽക്കാരത്തിൽ പങ്കെടുക്കാനും ഭാഗ്യം ലഭിക്കുക എന്നത് ഒരു സാധാരണ കുടുംബത്തിന് സ്വപ്നം മാത്രമാണ് . അതിന്റെ സാക്ഷാല്ക്കാരത്തിന് കാരണമായത്  പ്രണബ്‌ജി യുടെ രണ്ട് പ്രധാന തീരുമാനങ്ങളാണ് .

1 . രാജ്യത്തെ മറ്റു പരമോന്നത അവാര്ഡുകളായ ഭാരത രത്ന , പദ്‌മ അവാര്ഡുകളെപ്പോലെ എൻ.എസ്.എസ് ദേശീയ അവാർഡും രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ വച്ച് നൽകാനുള്ള തീരുമാനം.

2 . ഇന്ത്യയിലെ ഏതൊരാൾക്കും രാഷ്ട്രപതി ഭവൻ സന്ദർശിക്കാനും അതിന്റെ ശില്പ ഭംഗിയും ചരിത്രവും അറിയാനും വേണ്ടി രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്ത തീരുമാനം.

ഈ രണ്ട് തീരുമാനങ്ങളും ഇല്ലായിരുന്നെങ്കിൽ ജീവിതത്തിലെ ആ അസുലഭ നിമിഷം ഓർമ്മയിൽ അധിക കാലം നിൽക്കാൻ സാധ്യതയില്ല.മാത്രമല്ല കുടുംബ സമേതം ആ ചടങ്ങ് കാണാൻ കേരളത്തിൽ നിന്നും ഡൽഹി വരെ പോകാനും മുതിരുകയില്ല. ഈ അർത്‌ഥത്തിൽ  പ്രണബ്‌ജിയോട് ഇന്ത്യയിലെ നിരവധി ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള ഒരാൾ നിര്യാതനാകുമ്പോൾ സ്വാഭാവികമായും കുടുംബത്തിലെ ഒരു നഷ്ടമായി തന്നെ അത് അനുഭവപ്പെടും. 

നെഹ്‌റു യുവക് കേന്ദ്രയും തിരുവനന്തപുരത്തെ ആകാശപ്പറവകൾ എന്ന എൻ.ജി.ഓ യും സംയുക്തമായി സംഘടിപ്പിച്ച നെതര്ലാന്റിലെ ഇന്ത്യൻ അംബാസഡരടക്കം പങ്കെടുത്ത ഓൺലൈൻ അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കാനും ഈ പുരസ്‌കാര ലഭ്യത കാരണം എനിക്ക് അവസരം ലഭിച്ചു. സാധാരണ അനുശോചന യോഗങ്ങൾക്കതീതമായി ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ വിയോഗത്തിലുള്ള അനുശോചന യോഗത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതും അപൂർവ്വ അവസരമാണ്. ഇതിനെല്ലാം അവസരമൊരുക്കിയ എൻ.എസ് .എസ് നും അന്ന് നേതൃത്വം നൽകിയ ഡോ. അബ്ദുൽ ജബ്ബാർ അഹമദ് സാറിനും ആകാശപ്പറവകൾക്കും  ഹൃദയം നിറഞ്ഞ നന്ദി. പ്രണാമം പ്രണബ് ദാ 

Monday, August 31, 2020

നോൺ വെജിറ്റേറിയൻ സാമ്പാർ

ഏതൊരു NSS ക്യാമ്പിലെയും പ്രസ്റ്റീജ്യസ് കമ്മറ്റി എന്ന് പറയുന്നത് ഫുഡ് കമ്മിറ്റിയാണ്. നാളിതുവരെയായി അടുക്കളയിൽ കയറാത്ത ആൺകുട്ടികളും പെൺകുട്ടികളും ഒരുക്കുന്ന ക്യാമ്പ്ഫുഡിൽ ഒരു ദൈവീക സ്പർശം ഉണ്ടാകാറുണ്ട് എന്നാണ് എൻ്റെ അനുഭവം. ഇത് വരെ നടത്തിയ ഒരു ക്യാമ്പിലും ഞാൻ പുറത്ത് നിന്നുള്ള ഒരു പാചകക്കാരനെ അടുക്കള ഏല്പിച്ചിരുന്നില്ല. ഒരു ക്യാമ്പിലെയും ഭക്ഷണം മോശമായ ചരിത്രവും ഇല്ല.

ഓണത്തോടനുബന്ധിച്ച് നടന്ന ഒരു ത്രിദിന ക്യാമ്പിലെ ഫുഡ് കമ്മറ്റി ഹെഡ് ശരീഫ് ആയിരുന്നു. പാചക വിദ്യയെക്കാളും വാചകവിദ്യ ശരീഫിന് നന്നായി വഴങ്ങും. കമ്മറ്റി അംഗങ്ങളായി കൂടെയുള്ളത് റിയാസും അനീസും ജുംനയും റാഹിലയും ആയിരുന്നു.രാവിലെ ഉപ്പ് മാവ് ഉണ്ടാക്കിയതിൻ്റെ ക്ഷീണം മാറുന്നതിന് മുമ്പെ സദ്യ ഒരുക്കുന്നതിൻ്റെ തിരക്കിലേക്ക് കമ്മറ്റി അംഗങ്ങൾ ആഴ്ന്നിറങ്ങി.

"നീ ഈ വെണ്ട അരിയുന്നത് സാമ്പാറിൽ ഇടാനോ അതോ അച്ചാറിടാനോ? " ജുംന വെണ്ട കുഞ്ഞ് കുഞ്ഞ് കഷ്ണങ്ങളായി അരിയുന്നത് കണ്ട ശരീഫ് ചോദിച്ചു.

"എടീ ... സാമ്പാറിനുള്ള വെണ്ട ഹൊറിസോണ്ടലായി വച്ച് വെർട്ടിക്കലായി കട്ടണം" സിവിൽ ബ്രാഞ്ച് കാരനായ അനീസ് പറഞ്ഞു.

"എങ്ങനെ കട്ട് ചെയ്താലും വേണ്ടില്ല , കഷ്ണത്തിന് രണ്ടിഞ്ചെങ്കിലും നീളം വേണം...‌ " അടുപ്പിനടുത്ത് നിന്നും ഒരു കറുത്ത മുഖം മൊഴിഞ്ഞു.

"അല്ലടാ ... എന്താ അവിടെ കൊച്ചിൻ റിഫൈനറീസിൻ്റെ പുകക്കുഴലിലേക്ക് നോക്കിയ പോലെ ഫുൾ പൊഹ മാത്രം?"

" ഹെഡ് എന്നും പറഞ്ഞ് വെണ്ട അരിയുന്നിടത്ത് പഞ്ചാരക്ക് നിൽക്കാതെ ഇതൊന്ന് കത്തിക്കാൻ നോക്ക്... ഊതി ഊതി ശ്വാസകോശം കാലിയായി " റിയാസ് ശരീഫിനോട് പറഞ്ഞു.

"റാഹിലാ ... നീ ഫോണെടുത്ത് നിന്റെ ഉമ്മാനെ ഒന്ന് വിളിച്ച് നോക്ക്..." ശരീഫ് റാഹിലയോടായി പറഞ്ഞു.

"വെണ്ട മുറിക്കുന്നത് അനക്കറിയാം.. അതിന് ഉമ്മയെ ഒന്നും വിളിക്കണ്ട..."

"വെണ്ട മുറിക്കുന്നത് ചോദിക്കാനല്ല.. സാമ്പാറിൽ പുളി ഇടുന്നത് എപ്പഴാന്ന് ചോദിക്കാനാ..."

"അതും അനക്കറിയാം ... പതിനൊന്നര മണിയാകുമ്പളാ ഉമ്മ പുളി ഇടാറ്..."

"അൻ്റെ ഇമ്മാതിരി അറിവുകളാ രാവിലത്തെ ഉപ്പ് മാവ് വൈകുന്നേരത്തെ "ഗുൽഗുള " ആക്കാൻ കാരണം. - "

"അത് പിന്നെ ഒരു ചെമ്പ് വെള്ളത്തിലേക്ക് എത്ര ഉപ്പിടണം എന്ന് ചോദിക്കാൻ നീ പറഞ്ഞു... ഒന്നര പാക്കറ്റ് എന്നാ ഉമ്മ പറഞ്ഞത് ... ഞാനത് ഒന്നാക്കി കുറച്ചു ... എന്നിട്ടും.."

" ആ .... ഒന്നര പാക്കറ്റ് ഇട്ടിരുന്നെങ്കി എല്ലാര്ടിം മെഡുല്ല ഒബ്ലാങ്കട്ട ഇന്ന് കലങ്ങിനി..."

"അല്ലെങ്കിലും ചെമ്പിൻ്റെ വലിപ്പം പറയാതെ ഓൺലൈനിൽ പാചകം നടത്തിയാൽ ഇതൊക്കെ സാധാരണയാ.. " റാഹിലയും വിട്ടില്ല.

" അയ്യോ.. ഒര് കാര്യം മറന്നു ... " ബോധോദയം വന്ന പോലെ ജുംന പറഞ്ഞു.

"സാമ്പാറിൽ സാമ്പാർ പൊടി ഇടാനല്ലേ... അത് നീ മറക്കും എന്നത് കൊണ്ട് ഞാനാദ്യമേ വെള്ളത്തിൽ കലക്കി വച്ചിരുന്നു" ശരീഫ് പറഞ്ഞു.

"അല്ല ... ഉപ്പ് ... ഉപ്പ് ഇനി ഒട്ടും ഇല്ല .... "

"അയ്യോ... ആറ്റ് നോറ്റുണ്ടാക്കിയ സാമ്പാർ ഉപ്പില്ലാത്ത കഞ്ഞി പോലെ... " അനീസ് പരിതപിച്ചു.

"ഈ ഉപ്പ് മാവെടുത്ത് സാമ്പാറിൽ കലക്കിയാലോ?'' റിയാസ് ചോദിച്ചു.

"ഐഡിയ ഈസ് ഗുഡ്... നിൻ്റെ തല പുക കൊണ്ടത് മതി ... ഇങ്ങ് പോര്... അല്ലെങ്കി ഇനിയും പലതും ഞങ്ങൾ കേൾക്കണ്ടി വരും.. " ശരീഫ് റിയാസിനെ ഒന്ന് തോണ്ടി.

കമ്മറ്റി അംഗങ്ങൾ എല്ലാരും ഒത്തുകൂടി ഒരു പരിഹാരം തേടി. അവസാനം ശരീഫ് തന്നെ ഒരു പരിഹാരവുമായി എത്തി. അൽപസമയത്തിനകം തന്നെ സാമ്പാർ റെഡിയായി. ഊണും സാമ്പാറും, രാവിലത്തെ ഉപ്പ് കൂടിയ ഉപ്പ്മാവിൻ്റെ പേരുദോഷം മായ്ച്ചു കളഞ്ഞു.

രാത്രി ഡെയിലി  ഇവാല്വേഷൻ സമയത്ത്, സാമ്പാറിൽ ഉപ്പിട്ട കഥ ശരീഫ് അവതരിപ്പിച്ചു.

"പിറ്റേന്ന് ക്യാമ്പ് അവസാനിക്കുന്നതിനാൽ അടുക്കളയിൽ കണ്ട ഒരു പാക്കറ്റ് ഉണക്കചെമ്മീൻ പൊടി വേസ്റ്റാകും എന്ന് ഞാൻ മനസ്സിലാക്കി. ഒരു സാധനവും വേസ്റ്റാക്കരുത് എന്നാ നമ്മുടെ പ്രിയപ്പെട്ട പ്രോഗ്രാം ഓഫീസർ പഠിപ്പിച്ചത്. സാമ്പാറിലെ ഉപ്പിൻ്റെ കമ്മി നികത്താൻ ആ ഒരു പാക്കറ്റ് മതി താനും. പിന്നെ ഒന്നും ആലോചിച്ചില്ല... സാമ്പാറിലേക്ക് ചെമ്മീൻ പൊടിയങ്ങ് തട്ടി "

വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഒക്കെ ഉണ്ടായിരുന്ന ക്യാമ്പിലെ ആ സാമ്പാർ അങ്ങനെ ലോകത്തിലെ തന്നെ ആദ്യ നോൺ വെജിറ്റേറിയൻ സാമ്പാറായി.

Friday, August 28, 2020

സമയത്തെ വരുതിയിലാക്കാൻ

സമയം വളരെ അമൂല്യമാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഓരോ പീരീഡും ഏത് വിഷയം പഠിക്കണം എന്നതിന് ഒരു ടൈംടേബിൾ ഉണ്ടായിരുന്നു. എന്നാൽ പഠനകാലം കഴിഞ്ഞ് നാം ജീവിതത്തിലേക്ക് ഇറങ്ങിയതോടെ ഈ സമയക്രമം എല്ലാം നമുക്ക് നഷ്ടമായോ? കലാലയ ജീവിതത്തിന് ശേഷമുള്ള യഥാർത്ഥ ജീവിതത്തിൽ അല്ലേ സമയത്തിന് വില കൽപ്പിച്ച് കൊണ്ടുള്ള ക്രമീകൃത ജീവിതം നാം നയിക്കേണ്ടത്?

ദൈവം എല്ലാവർക്കും ഒരു ദിവസത്തിൽ 24 മണിക്കൂർ അനുവദിച്ച് തന്നിട്ടുണ്ട്. പലരും അത് പല വിധത്തിലും ഉപയോഗപ്പെടുത്തുന്നു. ഇപ്പോൾ എല്ലാവർക്കും സമയം ധാരാളമുണ്ട്. സമയം കിട്ടുന്നില്ല എന്ന് പരാതി പറഞ്ഞവർ പലരും സമയം എങ്ങനെ തള്ളി നീക്കും എന്ന ചിന്തയിലാണിപ്പോൾ !

നാലഞ്ച് മാസമായി നമ്മിൽ പലരും വീട്ടിൽ തന്നെ ഇരിപ്പാണ്. കഴിഞ്ഞ് പോയ ദിനങ്ങൾ നാം എങ്ങനെ വിനിയോഗിച്ചു എന്ന് ഇപ്പോൾ ഒന്ന് തിരിഞ്ഞ് നോക്കിയാൽ പലർക്കും ഖേദം തോന്നും. ഇനിയും എത്ര കാലം ഈ അവസ്ഥ തുടരേണ്ടി വരും എന്ന് അറിയാത്തതിനാൽ ഇപ്പഴെങ്കിലും ദൈനംദിന കാര്യങ്ങൾക്ക് നാം ഒരു ടൈം ടേബിൾ ഉണ്ടാക്കുകയാണെങ്കിൽ ഈ സമയം നമുക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.

രാവിലെ എണീറ്റത് മുതൽ രാത്രി കിടക്കുന്നത് വരെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ ഉണ്ടാക്കിയാൽ ജീവിതത്തിൽ പല ഫലങ്ങളും ഉണ്ടാക്കാൻ സാധിക്കും. ഒരു ഉദാഹരണം നോക്കൂ. രാവിലെ അഞ്ചരക്ക് ഉണരുന്ന എൻ്റെ ടൈംടേബിൾ ഇപ്രകാരമാണ്.

7.00 - 8.30    പച്ചക്കറി / ചെടി പരിചരണം
8.30 - 9.30    പ്രാതൽ
9.30 - 12.30  ഓൺലൈൻ പഠനം or പഠിപ്പിക്കൽ / സാമൂഹ്യ സേവനം / യൂടൂബ് വീഡിയോ റെക്കാഡിംഗ്
12.30 - 2.30  കുളി, ഉച്ചഭക്ഷണം
2.30 - 3.30   പത്രവായന
3.30 - 4.30   പുസ്തകവായന
4.30 - 5.30  ചായ, വിശ്രമം
5.30 - 7.00  ഷോപ്പിംഗ്, പച്ചക്കറി വിളവെടുപ്പ് , മുറി വൃത്തിയാക്കൽ, ഫോൺ മെമ്മറി ക്ലിയറാക്കൽ, കൃഷി ഒരുക്കം
7.00 - 9.00  വീട്ടുകാരുമൊത്ത്  സമയം പങ്കിടൽ, ക്ലാസ് പരിശീലനം, ഇൻ്റർനെറ്റ് ബ്രൗസിംഗ്, മെയിൽ / fb ചെക്കിംഗ്, ബ്ലോഗിങ്ങ്
9.00 - 9.30   ഭക്ഷണം
9.30 - 10.00  ദിനാവലോകനം

ഓരോ ദിവസവും ഈ ടൈംടേബിൾ പ്രകാരം ചെയ്ത കാര്യങ്ങളും ചെയ്യാൻ കഴിയാത്ത കാര്യങ്ങളും വിശകലനം ചെയ്യണം. ഇത് നാം നമുക്ക് വേണ്ടി ഉണ്ടാക്കിയ ടൈംടേബിൾ ആയതിനാൽ ഇതിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ വന്നാൽ മറ്റാരോടും അതിൻ്റെ കാരണം ബോധിപ്പിക്കണ്ട. സ്വന്തം മന:സാക്ഷിയോട് ബോധിപ്പിച്ച് പരിഹരിച്ചാൽ മതി. ഒരു പ്രവൃത്തിക്ക് അൽപം സമയം കൂടുതൽ എടുത്താലും ടൈംടേബിൾ തെറ്റി എന്ന് ടെൻഷനടിക്കേണ്ടതില്ല. എന്നാൽ ടൈംടേബിൾ ഒരു ദിശയിലും പ്രവർത്തനം മറ്റൊരു ദിശയിലും ആകാൻ പാടില്ല.

മഹാനായ എബ്രഹാം ലിങ്കൺ പറഞ്ഞു " ഒരു മരം വെട്ടാൻ എനിക്ക് ആറ് മണിക്കൂർ അനുവദിച്ചാൽ അതിൽ നാല് മണിക്കൂറും ഞാൻ എൻ്റെ മഴു മൂർച്ച കൂട്ടാൻ ഉപയോഗപ്പെടുത്തും "' . അതായത് ഒരു കാര്യം പൂർത്തിയാക്കാൻ തന്ന മുഴുവൻ സമയത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും അതിനുള്ള മുന്നൊരുക്കത്തിന് ഉപയോഗപ്പെടുത്തും എന്ന് സാരം. നാം ചെയ്യുന്ന പല കാര്യങ്ങൾക്കും എത്രത്തോളം മുന്നൊരുക്കങ്ങൾ നടത്താറുണ്ട് എന്നൊന്ന് വെറുതെ ആലോചിച്ച് നോക്കൂ.

ഈ ലോക്ക് ഡൗൺ കാലം തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ഇങ്ങനെ ഒരു ടൈം ടേബിൾ പ്രകാരം ദിനചര്യകൾ ക്രമീകരിച്ചതിനാൽ നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കാൻ സാധിച്ചു. വായനയും ഓൺലൈൻ പ0നവും പരിസര ശുചീകരണവും പച്ചക്കറി കൃഷിയും എല്ലാം നടത്താൻ കഴിഞ്ഞു.

എല്ലാവരും ഇങ്ങനെ ഒരു ചെറിയ ജീവിത ചിട്ട ഉണ്ടാക്കി പ്രവർത്തിച്ച് നോക്കു... നിങ്ങളുടെ കൺമുമ്പിൽ അത്ഭുതങ്ങൾ വിരിയും, തീർച്ച.


( വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) 77/375

Monday, August 24, 2020

എന്ന് നിൻ്റെ മൊയ്തീൻ

കത്തെഴുത്ത് ഒരു കാലത്ത് ഈ ബ്ലോഗെഴുത്ത് പോലെ ഒരു ഹോബിയായിരുന്നു. അതിൻ്റെ മധുര മനോഞ്ജ ഓർമ്മകൾ പുതുക്കലായിരുന്നു യഥാർത്ഥത്തിൽ "എൻ്റെ മാമാട്ടിക്കുട്ടിയമ്മക്ക് " എന്ന കത്ത്. മൊബൈൽ ഫോണിന് പിന്നാലെ വാട്സാപ്പും കൂടി വന്നതോടെ മഷി  എഴുത്ത് ഇ- എഴുത്തായി മാറി. കലാലയ പടിയിറങ്ങുമ്പോൾ പേടിച്ചും മടിച്ചും അഡ്രസ് ചോദിച്ചിരുന്ന കാലം മാറി. ആർക്കും കിട്ടാവുന്ന തരത്തിൽ വാട്സാപ്പ് നമ്പറും മറ്റും ഷെയർ ചെയ്യുന്ന കാലത്ത് എത്തി നിൽക്കുന്നു .

ശമ്പളമില്ലാത്ത കാലത്ത് ഒരു കത്തെഴുതാൻ ഇൻലൻറ് ഉപയോഗിക്കുന്നത് ദുർവ്യയമായിരുന്നു. എണ്ണിക്കുട്ടി വച്ച തുട്ടുകൾ കൺമുന്നിൽ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്നത് കാണാമായിരുന്നു. 15 പൈസക്ക് ലഭിച്ചിരുന്ന പോസ്റ്റ് കാർഡ് ആയിരുന്നു അക്കാലത്തെ (ഇക്കാലത്തും) ഏക ആശ്വാസം. പക്ഷെ പെൺകുട്ടികൾക്ക് കത്തെഴുതുമ്പോൾ അഭിസംബോധനയിൽ "My Dear ..... " എന്ന് എഴുതണമെങ്കിലും അവസാനം " എന്ന് നിൻ്റെ മൊയ്തീൻ " എന്ന് എഴുതണമെങ്കിലും അൽപം ഒളിയും മറയും ഒക്കെ വേണമായിരുന്നു. മാത്രമല്ല ഈ കത്തുകൾ കിട്ടുന്നത് മിക്കവാറും മാതാപിതാക്കളുടെ കയ്യിലാവും എന്നതിനാൽ പ്രഥമദൃഷ്ട്യാ അവർ ഷോക്കേറ്റ് നിലം പതിക്കരുത് എന്ന മഹാമനസ്കതയും ഉണ്ടായിരുന്നു.

ആൺ കുട്ടികൾക്കാണ് കത്ത് എഴുതുന്നത് എങ്കിൽ പോസ്റ്റ് മാന് സൗകര്യമുണ്ടെങ്കിൽ കൊണ്ടു കൊടുത്താൽ മതി എന്ന രൂപത്തിൽ തന്നെയായിരുന്നു എഴുത്ത്. 15 പൈസ വിലയുള്ള വിസ്തൃതമായ മൈതാനത്ത് നിറക്കാൻ അക്ഷരങ്ങൾക്കൊപ്പം ചിത്രപ്പണികളും നിർബന്ധമായിരുന്നു. ഇന്ന് അതെല്ലാം വെറും ഓർമ്മയായി നിൽക്കുമ്പോഴാണ് കൊണ്ടോട്ടിയിലുള്ള സുഹൃത്ത് നൗഷാദ് അവൻ്റെ ഏതോ ബി നിലവറ തുറന്നത്. പിന്നെ പഴയ ആ ഓർമ്മകളിലേക്കുള്ള ഒരു ഊളിയിടമായിരുന്നു. അന്നത്തെ കൈപ്പടയും എഴുത്തും ഓർമ്മകളും തിരിച്ച് നൽകിയ നൗഷാദിന് ഹൃദയം നിറഞ്ഞ നന്ദി.

Friday, August 21, 2020

യുമ

ലോക്ക് ഡൗൺ തുടങ്ങി രണ്ട് മാസം കഴിഞ്ഞപ്പോഴാണ് ഒരു കെട്ട് പുസ്തകം അട്ടിമറിഞ്ഞ് എൻ്റെ കട്ടിലിൽ വീണത്. 2019 അവസാനത്തിൽ കോഴിക്കോട് നടന്ന ഒരു പുസ്തകമേളയിൽ നിന്ന് വാങ്ങിയവയായിരുന്നു അവ. മുഴുവൻ വായിച്ചിട്ടേ അലമാരിയിലേക്ക് കയറ്റൂ എന്ന തീരുമാനം കാരണം ബെഡ് റൂമിലെ ഷോക്കേസിൽ ലോക്ക്ഡ് ആയി പോയതായിരുന്നു ഈ പുസ്തകങ്ങൾ. എന്നാൽ കൂട്ടത്തിൽ പെടാത്ത ഒരു പുസ്തകം അൽപം മാറി  ക്വാറൻ്റയിനിൽ കിടക്കുന്നത് ശ്രദ്ധയിലേക്ക് പെട്ടെന്ന് ഇടിച്ച് കയറി. പുസ്തകത്തിൻ്റെ അപരിചിതമായ പേരും രചയിതാവിൻ്റെ സുന്ദരി ഫോട്ടോയും മാത്രമായിരുന്നില്ല അതിന് കാരണം. കഥാകൃത്ത് എൻ്റെ നാട്ടുകാരി തന്നെയാണെന്നതാണ്.

പതിനഞ്ച് കഥകളുടെ സമാഹാരമായ ഈ പുസ്തകത്തിലെ ആദ്യ കഥയാണ് യുമ.  " പപ്പാ ... പപ്പ ശരിക്കും ആനിനെ സ്നേഹിച്ചിരുന്നോ?" എന്ന ചോദ്യത്തോടെയുള്ള ആ തുടക്കം തന്നെ വായനക്കാരനെ കഥയിലേക്ക് പിടിച്ച് വലിക്കും. ലണ്ടനിൽ നിന്നും ഡാർജിലിംഗിൽ തിരിച്ചെത്തുന്ന ഒരു സായിപ്പിൻ്റെ കൗമാരക്കാലത്തേക്കുള്ള യാത്രയാണ് കഥയുടെ ഇതിവൃത്തം.

മൂന്നാമത്തെ കഥയായ 'അർവയെ തേടിയ ജനാലകൾ ' വായനക്കാരനിൽ വല്ലാത്തൊരു ആവേശമോ ആകാംക്ഷയോ എന്നറിയില്ല എന്തോ ഒരു അനുഭൂതി കോരി ഇടും. കോളേജിൽ ഒപ്പം പാടിയിരുന്ന വിദേശി സുഹൃത്തിനെ മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രയിൽ കാണാൻ ആഗ്രഹിക്കുന്നതും നടക്കാതെ പോയ സ്വപ്നം അവസാന ദിവസത്തെ കപ്പൽ യാത്രയിൽ അപ്രതീക്ഷിതമായി പുലരുന്നതും കഥാകാരിയുടെ നെഞ്ചിടിപ്പായി വായനക്കാരന് അനുഭവപ്പെടും.

പതിനഞ്ച് കഥകളിലും സ്ത്രീ സാന്നിദ്ധ്യം ശ്രദ്ധേയമാണ് . മിക്ക കഥകളും സ്ത്രീയെപ്പറ്റി തന്നെയാണ്. അതിലേറെ ആകർഷണീയവും എടുത്ത് പറയേണ്ടതുമായ കാര്യം  കഥ ചുരുളഴിക്കുന്ന രചയിതാവിൻ്റെ കഴിവാണ്. യാത്ര പോകുന്ന സ്ഥലങ്ങളെ ബന്ധപ്പെടുത്തി അവിടത്തെ ഒരു പഴയ സംഭവം പൊടി തട്ടി കഥയാക്കി മാറ്റി എടുക്കുന്ന ആ രചനാശൈലി വളരെ ഹൃദ്യമായി തോന്നി. ഇതേ കഥാകാരിയുടെ "പ്രവാചകൻ്റെ കണ്ണുകൾ " എന്ന പുസ്തകവും സ്വന്താനുഭവങ്ങളുടെ ഒരു ഉള്ള് തുറക്കലായിരുന്നു. എല്ലാ കഥകളും ഇഷ്ടമായില്ലെങ്കിലും ഒരു പിടി നല്ല കഥകളുടെ സമാഹാരം തന്നെയാണ് യുമ.

പുസ്തകം : യുമ 
രചയിതാവ് : നിഗാർ ബീഗം 
പ്രസാധകർ : ഹരിതം  ബുക്‌സ് 
പേജ് : 98
വില : 100 രൂപ

Tuesday, August 18, 2020

കോവിഡ് കാല സന്തോഷങ്ങൾ - 2

ഇതേ തലക്കെട്ടിൽ ജൂലായ് അവസാനം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു (ഇവിടെ ക്ലിക്കിയാൽ വായിക്കാം - 39). വീണ്ടും ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ.

ലോക്ക് ഡൗൺ കാലത്തും വീട്ടിലിരിപ്പ് കാലത്തും ഔദ്യോഗിക കർത്തവ്യങ്ങൾ ചെയ്ത ശേഷമുള്ള സമയം ഞാൻ പല വിധത്തിലും വിനിയോഗിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനം ജൈവകൃഷിയും വിവിധ കൃഷി പരീക്ഷണങ്ങളുമായിരുന്നു.

 ജൈവകൃഷി നന്നായി വിളവ് തന്നതിനാൽ ഞാനും കുടുംബവും അത് വളരെയധികം ആസ്വദിച്ചു. ഇതോടൊപ്പം തന്നെ കൃഷി രംഗത്തെ വിവിധ മത്സരങ്ങളിലും ഞാൻ പങ്കെടുത്തു. പലതിൻ്റെയും ഫലപ്രഖ്യാപനം വരുമ്പോൾ എന്നെക്കാൾ കേമൻമാരായവർക്ക് സമ്മാനം കിട്ടി. എങ്കിലും അടുത്തതിൽ നേടി എടുക്കാം എന്ന ആത്മവിശ്വാസം എനിക്ക് വീണ്ടും വീണ്ടും പ്രചോദനം നൽകി.

അങ്ങനെ പരപ്പനാട് ഫാർമേഴ്സ് ക്ലബ് , പരപ്പനങ്ങാടി നടത്തിയ മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിക്കൊണ്ട് എൻ്റെ ജൈവ അടുക്കള തോട്ടത്തിന് ആദ്യ അംഗീകാരം നേടി. മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തേൻവരിക്ക പ്ലാവിൻ തൈ ആയിരുന്നു സമ്മാനം (കൃഷിക്ക് നൽകേണ്ട സമ്മാനങ്ങൾ ഇങ്ങനെ തന്നെയായിരിക്കണം). എനിക്ക് വേണ്ടി എൻ്റെ സുഹൃത്ത് ഗോവിന്ദൻ സമ്മാനം ഏറ്റുവാങ്ങി

നാട്ടിലെ യൂത്ത് കോൺഗ്രസ് കമ്മറ്റി മത്സരം തുടങ്ങിയത് വൈകി ആയിരുന്നു. ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധം ഇല്ല എങ്കിലും ജൈവ കൃഷി ആര് നടത്തിയാലും പ്രോത്സാഹനം അർഹിക്കുന്നതിനാൽ ഈ മത്സരത്തിലും ഞാൻ പങ്കെടുത്തു. ഇതിനായി ഒരു കുഞ്ഞ് അടുക്കളതോട്ടം തന്നെ പുതുതായി വിത്തിട്ട് ഉണ്ടാക്കി. എനിക്കത് വരെ, അധികം വിളവ് ലഭിക്കാതിരുന്ന വെണ്ട നന്നായി ഉണ്ടായതിനാൽ ആ കൃഷി ഞങ്ങൾ ഏറെ ആസ്വദിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം തന്നെ ലഭിച്ചു.
ഇക്കൊല്ലം കോളേജിൽ NSS ൻ്റെ ചുമതല ഇല്ലാത്തതിനാൽ ആ വഴിയുള്ള അവാർഡ് ഉണ്ടാകില്ല എന്ന ധ്വനിയിൽ കുട്ടികൾ, കഴിഞ്ഞ ഏപ്രിൽ മാസം  ഒരു ട്രോൾ ഇറക്കിയിരുന്നു. അത് ഇപ്പോൾ ഏറെക്കുറെ സത്യമായി പുലർന്നു!